Vatican News
 പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം   (AFP or licensors)

എല്ലാ ജനങ്ങളുടെയും സമഗ്രവികസനത്തിന്‍റെ പരിണതഫലമാണ് സമാധാനം

ജപ്പാന്‍ മെത്രാൻ സമിതിയുടെ പ്രസ്താവന

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1981 ൽ ജോണ്‍ പോൾ രണ്ടാമൻ ഹിരോഷിമയിൽ നടത്തിയ സമാധാനത്തിനായുള്ള  ആഹ്വാനത്തെ തുടർന്ന് ഓരോവർഷവും ജപ്പാനിലെ സഭ നടത്തിവരുന്ന 10 ദിവസത്തെ പ്രാർത്ഥനാചരണം ഈ വര്‍ഷവും ആഗസ്റ്റ് 6 മുതല്‍ 15 വരെ ലോകസമാധാനത്തിനായി ആചരിക്കപ്പെടുന്നതിനെ  ഓർമിപ്പിച്ച ജപ്പാനിലെ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും  നാഗസാക്കി അതിരൂപത മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മിത്സുവാക്കി തകാമി,  എല്ലാ ജനങ്ങളുടെയും സമഗ്രവികസനത്തിന്‍റെ പരിണതഫലമാണ് സമാധാനമെന്ന് വിശദീകരിച്ചു. 1981 ൽ ജോണ്‍ പോൾ രണ്ടാമൻ പാപ്പായുടെ ഹിരോഷിമ സമാധാന അപ്പീലിന് 38 വർഷവും 9 മാസവും കഴിഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ ഈ നവംബറിൽ ജപ്പാൻ സന്ദർശിക്കുമെന്നും, അങ്ങനെ ലോകത്തിന് ഒരു പുതിയ സമാധാന സന്ദേശം അയയ്‌ക്കാൻ ജപ്പാനിലെ മെത്രാൻ സമിതി ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി.

മാർപ്പാപ്പയായതിനുശേഷം ഫ്രാൻസിസ് മാർപാപ്പാ കാലാകാലങ്ങളിൽ സമാധാനത്തെക്കുറിച്ചും ആണവായുധങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ചും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ആണവായുധ നിരോധനത്തെക്കുറിച്ചുള്ള ചരിത്രപരമായ ഉടമ്പടി 2017 ജൂലൈ 7 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 23ന് പൊതു സമ്മേളത്തില്‍ ഒരു സന്ദേശം പാപ്പാ നൽകുകയും ചെയ്തു. തീവ്രവാദം, വ്യത്യസ്ഥ സൈനിക ശക്തിയുള്ളവർ തമ്മിലുള്ള സംഘർഷങ്ങൾ, വിവരങ്ങളുടെ സുരക്ഷ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ സങ്കീർണ്ണമായരീതിയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ആധുനിക ലോകത്തിന്‍റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്നും വ്യക്തമാക്കിയതായി ജപ്പാന്‍ മെത്രാൻ സമിതി വെളിപ്പെടുത്തി.

എന്നിരുന്നാലും, ആണവ ഭീഷണികൾക്ക് അത്തരം പ്രശ്നങ്ങളോടു ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്നില്ല. അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയുമെന്നത്  തെറ്റായ സുരക്ഷിതത്വബോധം, പരസ്പരം നാശം വിതയ്ക്കുമെന്ന ഭീഷണിയുയര്‍ത്തുക, പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യുക, അല്ലെങ്കിൽ അധികാര സന്തുലിതാവസ്ഥ നിലനിർത്തുക എന്നിവയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറിച്ച് നീതി, സമഗ്ര മനുഷ്യവികസനം, മൗലിക മനുഷ്യാവകാശങ്ങളെ മാനിക്കല്‍, സൃഷ്ടിയുടെ സംരക്ഷണം, പൊതുജീവിതത്തിൽ എല്ലാവരുടെയും പങ്കാളിത്തം, ജനങ്ങൾ തമ്മിലുള്ള വിശ്വാസം, സമാധാനപരമായ സ്ഥാപനങ്ങളുടെ പിന്തുണ, വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ സമാധാനം കെട്ടിപ്പടുക്കേണ്ടതെന്ന ജപ്പാന്‍ മെത്രാൻ സമിതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബർ 20ല്‍  ʺആരോഗ്യം, സംഭാഷണത്തിലും ഐക്യദാർഢ്യത്തിലും.” എന്ന  ആണവായുധ നിരോധനത്തിനുള്ള ഉടമ്പടി അംഗീകരിച്ച ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് വത്തിക്കാൻ. കൂടാതെ  നവംബറിൽ “ആണവായുധങ്ങളിൽ നിന്ന് വിമുക്തമായ ഒരു ലോകത്തിനായുള്ള കാഴ്ചപ്പാടുകൾ, സമഗ്ര നിരായുധീകരണം” എന്ന സമ്മേളനം വത്തിക്കാൻ സ്പോൺസർ ചെയ്തുവെന്നും സമിതി വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പായുടെ അഭിപ്രായത്തിൽ, “എല്ലാവരുടേയും സമഗ്രവികസനം” എന്നതിനർത്ഥം സാമ്പത്തിക വിടവുകളോ ജനങ്ങൾക്കിടയിലുള്ള പരസ്പര ഒഴിവാക്കലോ അല്ല മറിച്ച്  ആരെയും സമൂഹത്തിൽ നിന്ന് ഒഴിവാക്കാതെ എല്ലാവരെയും സമൂഹത്തില്‍  ഉള്‍പ്പെടുത്തുന്നതാണ്. മനുഷ്യന്‍റെ വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമായ സമ്പദ് വ്യവസ്ഥ, സംസ്കാരം, കുടുംബജീവിതം, മതം തുടങ്ങിയവ സുരക്ഷിതമാണെന്നാണ് ഇത് അർത്ഥമാക്കുന്നത്.  ഓരോ വ്യക്തിയും ദൈവത്തിന്‍റെ കീഴിലുള്ള സമൂഹത്തിൽ സ്വതന്ത്രമായി ഇടപെടുന്ന അംഗമാണ്. അതിനാൽ, ലോകത്ത് സമാധാനവും സുരക്ഷയും കെട്ടിപ്പടുക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും, ആണവായുധങ്ങൾ നിർത്തലാക്കി ന്യൂക്ലിയർ ഭീഷണി ഇല്ലാതാക്കുക മാത്രമല്ല, അതേ സമയം എല്ലാ വ്യക്തികളെയും എല്ലാ വശങ്ങളിലും സമ്പന്നരാക്കുകയും വേണം. ആണവായുധങ്ങൾ നിർത്തലാക്കുന്നത് സാക്ഷാത്കരിക്കുന്നതിനിടയിൽ എല്ലാവരുടെയും സമഗ്രവികസനത്തിൽ ആഴത്തിൽ ഏർപ്പെടുന്നതിലൂടെ സമാധാനം കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ ഫ്രാൻസിസ് മാർപാപ്പയോടു  ജപ്പാന്‍ മെത്രാൻ സമിതി തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

21 July 2019, 10:19