തിരയുക

Chaldean Patriarch of Iraq, CARDINAL Louis Sako Chaldean Patriarch of Iraq, CARDINAL Louis Sako 

ഇറാക്കിലെ സഭ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു

ജൂലൈ 10 ബുധനാഴ്ച ഏര്‍ബില്‍ - കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ്, കര്‍ദ്ദിനാള്‍ ലൂയി സാഖോയുടെ പ്രസ്താവന :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പേപ്പല്‍ സന്ദര്‍ശനത്തിന്
പ്രാര്‍ത്ഥനയോടെ ഒരുങ്ങാന്‍ ആഹ്വാനം

പേപ്പല്‍ സന്ദര്‍ശനത്തിന് ഇറാക്കിലെ സഭ ആത്മീയമായി ഒരുങ്ങണമെന്ന്, ഇറാക്കിലെ കാല്‍ഡിയന്‍ പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ ലൂയി സാഖോ പ്രസ്താവിച്ചു. ജൂലൈ 8-മുതല്‍
12-വരെ തിയതികളില്‍ വാര്‍ഷിക ധ്യാനത്തിലായിരിക്കുന്ന ഇറാക്കിലെ വൈദികരെയും മെത്രാന്മാരെയുമാണ് ആത്മീയ നവീകരണത്തിനായി പാത്രിയര്‍ക്കിസ് സാക്കോ കത്തിലൂടെ ക്ഷണിച്ചത്. ഇറാക്കിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ അങ്കാവയിലാണ് ഇറാക്കിലെ കാല്‍ഡിയന്‍ കത്തോലിക്ക വൈദികരുടെയും രൂപതാതലവന്മാരുടെയും വാര്‍ഷികധ്യാനം നടന്നത്.

പൗരോഹിത്യം ബഹുമതിയോ സ്ഥാനമോ അല്ല!
പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ ആത്മീയത വൈദികര്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പൗരോഹിത്യം ഒരു ബഹുമതിയോ, നേട്ടമോ, സമ്മാനമോ അല്ല. അത് വ്യക്തിഗത അഭിലാഷങ്ങളുടെ ഫലപ്രാപ്തിയുമല്ല. എന്നാല്‍ അത് വ്യക്തിയുടെ അന്തസ്സുള്ള സ്നേഹ സമര്‍പ്പണമാണ്. ദൈവവിളിയോടു പ്രത്യുത്തരിച്ചുകൊണ്ട് ജീവിതദൗത്യത്തില്‍ മുഴുകിയിരിക്കുന്ന വൈദികന്‍ ക്രിസ്തുവില്‍ പ്രകാശിതനാകും. ക്രിസ്തുവിന്‍റെ പ്രകാശം തരുന്ന ശോഭയാണ് പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ അന്തസ്സ്. പൗരോഹിത്യ ജീവിതത്തില്‍ ഈ ശോഭ ലഭിക്കാന്‍ വ്യക്തികള്‍ ക്രിസ്തുവുമായി വളര്‍ത്തിയെടുക്കുന്ന ആത്മബന്ധം ഏറെ പ്രധാനപ്പെട്ടതാണ്. വൈദികര്‍ക്ക് ദൈവജനവുമായുള്ള ബന്ധത്തിന്‍റെ അടിത്തറ ക്രിസ്തുവുമായുള്ള ആത്മീയ ബന്ധമാണ്.

കലാപങ്ങള്‍ ചിഹ്നഭിന്നമാക്കിയ നാട്
കഴിഞ്ഞകാല ചരിത്രത്തില്‍ യുദ്ധവും അതിക്രമങ്ങളുംമൂലം താറുമാറായിരിക്കുന്ന ഇറാക്കിലെ സഭയെ നവീകരിക്കേണ്ടത് വലിയ വെല്ലുവിളിയും ഉത്തരവാദിത്ത്വവുമാണ്. ആന്തരികമായി സമൂഹത്തില്‍ ഉണ്ടായിട്ടുള്ള ഭിന്നിപ്പും വിള്ളലുകളും പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ മാറ്റു കുറയ്ക്കുകയും, സമൂഹത്തിലും കുടുംബങ്ങളിലും ഐക്യവും സമാധാനവും ഇല്ലാതായിട്ടുമുണ്ട്. വൈദികരുടെയും വിശ്വാസികളുടെയും വലിയൊരു പുറപ്പാടും, ഇറാക്കിന്‍റെ മണ്ണില്‍നിന്നും അമേരിക്കയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കുമുള്ള കുടിയേറ്റങ്ങളും, ചിതറിപ്പോക്കും ഇറാക്കിലെ ക്രൈസ്തവസമൂഹത്തിന്‍റെ മേന്മയും ശക്തിയും ക്ഷയിക്കാന്‍ കാരണമാക്കിയിട്ടുണ്ട്.

വൈദികന്‍ അജപാലകനാകണം!

സമൂഹത്തില്‍ വൈദികര്‍ക്കുള്ള പരസ്പര വിശ്വാസവും, നല്ല ബന്ധങ്ങളും  കൂട്ടായ്മയും നശിപ്പിക്കുന്ന സ്ഥാനമോഹം, മാധ്യമ അടിമത്വം, ഇന്നിന്‍റെ ലൗകായത്വം, സുഖലോലുപത എന്നിവ വെടിഞ്ഞ് ജനങ്ങളോടു ചേര്‍ന്നുനില്ക്കുന്ന യാഥാര്‍ത്ഥ്യ ബോധമുള്ള നല്ലിടയന്മാരാകാന്‍ പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ സാഖോ വൈദികരെ ഓര്‍മ്മിപ്പിച്ചു.

ഇറാക്കു സന്ദര്‍ശിക്കാന്‍ പാപ്പായ്ക്ക് ആഗ്രഹം
2020-ല്‍ പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്ന ഇറാക്ക് അപ്പസ്തോലിക സന്ദര്‍ശനത്തിനുള്ള ആദ്യഘട്ട ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും, ഇറാക്കിലെ സഭ ഇനിയും ആത്മീയമായി നവീകരിക്കപ്പെടുകയും ഒരുങ്ങുകയും വേണമെന്ന് വൈദിക സഹോദരങ്ങളെ പാത്രിയര്‍ക്കിസ് ലൂയി സാഖോ അനുസ്മരിപ്പിച്ചു. ജൂണ്‍ 10- Ɔο തിയതി തിങ്കളാഴ്ച രാവിലെ പൗരസ്ത്യസഭകളെ തുണയ്ക്കുന്ന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുമായി (ROACO, Reunion of Aid Agenceies to the Oriental Churches) വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ നടത്തിയ നേര്‍ക്കാഴ്ചയില്‍ ഇറാക്കു സന്ദര്‍ശിക്കാനുള്ള ആഗ്രഹം പാപ്പാ ഫ്രാന്‍സിസ് വീണ്ടും പ്രകടമാക്കിയിരുന്നു.

തിളയ്ക്കുന്ന മതവിദ്വേഷത്തിന്‍റെ നാട്
വിശ്വാസികള്‍ ഏറെ പീഡിപ്പിക്കപ്പെടുകയും സഹായം അര്‍ഹിക്കുന്നവര്‍ വസിക്കുകയും ചെയ്യുന്ന രാജ്യങ്ങളായ സിറിയ, ഇറാക്ക്, ഉക്രയിന്‍, വിശുദ്ധനാട് എന്നിവയെക്കുറിച്ചു കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കവെയാണ്, അതില്‍ ഏറെ നീണ്ട കാലഘട്ടമായി ക്ലേശങ്ങളില്‍‍ കഴിയുന്ന ഇറാക്കിലെ ജനതയെ സന്ദര്‍ശിക്കാന്‍ താല്പര്യമുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തിയത്. പൊതുനന്മയ്ക്കുവേണ്ടി പങ്കുവയ്ക്കലിന്‍റെ മാര്‍ഗ്ഗത്തിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പിന്‍തുണയ്ക്കാമെന്നും, പ്രാദേശിക ശക്തികളുടെ തിളയ്ക്കുന്ന മതവിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും വികാരങ്ങളാണ് ചരിത്രപുരാതനമായ മദ്ധ്യപൂര്‍വ്വദേശത്തിലെ ജനങ്ങളെ ക്ലേശത്തില്‍ ആഴ്ത്തിയിരിക്കുന്നതെന്നും പാപ്പാ സഭയുടെ അഭ്യൂദയകാംക്ഷികളുടെ കൂട്ടായ്മയോടു തുറന്നു പങ്കുവച്ചു.

ചിതറിയ്ക്കപ്പെടുന്ന ക്രൈസ്തവമക്കള്‍
ഇറാക്കിന്‍റെ നല്ലൊരു ഭാഗവും വിമതസഖ്യം ഇസ്ലാമിക രാഷ്ട്ര മോഹവുമായി കീഴടക്കിയപ്പോള്‍ നൂറ്റാണ്ടുകളായി ആ മണ്ണില്‍ പാര്‍ത്തിരുന്ന ചെറിയ ക്രൈസ്തവ സമൂഹങ്ങളാണ് ചിതറിയ്ക്കപ്പെട്ടതെന്ന് പാപ്പാ അനുസ്മരിച്ചു. എന്നാല്‍ ജിഹാദികളുടെ പിന്മാറ്റത്തോടെ പലായനംചെയ്ത ജനങ്ങള്‍ മെല്ലെ തിരിച്ചുവരികയാണ്. അവരെ സന്ദര്‍ശിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നതിനു കാരണം, അവിടെ പരിത്യക്തരും ക്ലേശിതരുമായ ധാരാളം ഓര്‍ത്തഡോക്സ് കത്തോലിക്കാ സമൂഹങ്ങളുടെ താവളങ്ങളും ഉണ്ടെന്നുള്ളതാണെന്ന്  പാപ്പാ ചൂണ്ടിക്കാട്ടി. 2020-ല്‍ താന്‍ ആഗ്രഹിക്കുന്ന ഇറാക്ക് സന്ദര്‍ശനം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അത് അവിടേയ്ക്കുള്ള ചരിത്രത്തിലെ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനമായിരിക്കുമെന്നും പാപ്പാ ഫ്രാന്‍സിസ് റൊവാക്കോയുടെ കൂട്ടായ്മയോടു (ROACO) പങ്കുവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2019, 14:26