The house of Blessed Mariam Teresia in Puthenchira, Kerala The house of Blessed Mariam Teresia in Puthenchira, Kerala 

പഞ്ചക്ഷത ധാരിണിയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ

തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ (Congregation of the Holy Family - chf) വികാരി ജനറല്‍, സിസ്റ്റര്‍ ഡോ. പുഷ്പയുമായുള്ള അഭിമുഖത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ യോഗാത്മസിദ്ധിയുള്ള പഞ്ചക്ഷതധാരിണിയായിരുന്നെന്ന്, സഭയുടെ വികാരി ജനറല്‍, സിസ്റ്റര്‍ പുഷ്പ്പ സി.എച്ച്.എഫ്. വത്തിക്കാന്‍റെ മലയാളം വാര്‍ത്താവിഭാഗത്തിനു ജൂലൈ 3- Ɔο തിയതി നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

തീവ്രമായ ക്രിസ്ത്വാനുകരണം
ക്രിസ്തുവിനെ അനുകരിച്ചുകൊണ്ടു കൗമാരത്തില്‍ത്തന്നെ സന്ന്യാസജീവിതം ആഗ്രഹിച്ച കേരളത്തിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമ്മേല്‍ മങ്കടിയാന്‍ കുടുംബത്തില്‍ ജനിച്ച മറിയം ത്രേസ്യ തപസ്സിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും പാതകള്‍ ഒരു യോഗാത്മനിഷ്ഠയോടെ പാലിച്ചിരുന്നതായി, കുടുംബങ്ങളുടെ കൗണ്‍സിലിങ്ങില്‍ ഡോക്ടര്‍ ബിരുദമുള്ള സിസ്റ്റര്‍ പുഷ്പ സാക്ഷ്യപ്പെടുത്തി. താപസ്സന്മാരായ സഭാപിതാക്കളെ അനുകരിച്ച് യൗവ്വനത്തിലേതന്നെ ഏകാന്തവാസം, ശാരീരിക പീഡനങ്ങള്‍, ആത്മസംയമനം, ഉപവാസം, നീണ്ടയാമങ്ങളിലെ പ്രാര്‍ത്ഥന, ധ്യാനം എന്നിവയിലൂടെ ക്രിസ്ത്വാനുകരണത്തിന്‍റെയും യോഗാത്മജീവിതത്തിന്‍റെയും പാതയില്‍ പടിപടിയായി ഉയര്‍ന്ന മറിയം ത്രേസ്യായ്ക്ക് ദൈവം നല്കിയ ആത്മീയ വിളിയുടെ പ്രത്യക്ഷ അടയാളമായിരുന്നു പഞ്ചക്ഷതങ്ങളെന്ന് സിസ്റ്റര്‍ പുഷ്പ വെളിപ്പെടുത്തി. ഒപ്പം അമ്മയ്ക്ക് ദര്‍ശനവരവും സൗഖ്യദാനവരവും ഉണ്ടായിരുന്നതായി സമകാലീനര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യോഗാത്മജീവിതത്തിന്‍റെ ഉച്ചസ്ഥായി
പഞ്ചക്ഷതങ്ങള്‍ തനിക്കു ലഭിച്ച വരദാനമായി വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കണക്കാക്കിയിരുന്നെങ്കിലും അതു പ്രദര്‍ശിപ്പിച്ചിരുന്നില്ല. എന്നാല്‍ പുണ്യവതി അണിഞ്ഞിരുന്ന ചട്ടയില്‍ പുരണ്ട രക്തപ്പാടുകളുടെ സ്ഥാനങ്ങളില്‍നിന്ന് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായ്ക്കു ലഭിച്ച ക്രിസ്തുവിന്‍റെ തിരുമുറിവുകളുടെ വാര്‍ത്ത കുടുംബത്തിലുള്ളവരും തന്‍റെ പ്രേഷിതജോലിയില്‍ സന്തതസഹചാരികളുമായിരുന്ന ഏതാനും സഹോദരികളും, ആത്മീയോപദേഷ്ഠാവായിരുന്ന ജോസഫ് വിതയത്തിലച്ചനും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് സിസ്റ്റര്‍ പുഷ്പം അഭിമുഖത്തില്‍ വ്യക്തമാക്കി.

തിരുശേഷിപ്പായി പുണ്യവതിയുടെ ചട്ട
പുത്തന്‍ചിറയിലെ തറവാട്ടുവീട്ടില്‍ തിരുശേഷിപ്പായി ആര്‍ക്കും കൊടുക്കാതെ കുടുംബക്കാര്‍ സൂക്ഷിച്ചിരുന്ന പുണ്യവതിയുടെ പഞ്ചക്ഷതത്തിന്‍റെ നിണപ്പാടുകളുള്ള ഒരു ചട്ട, 2019 ജൂണ്‍
19-ന് ഇരിങ്ങാലക്കൂട രൂപതാദ്ധ്യക്ഷന്‍, പോളി മാര്‍ കണ്ണൂക്കാടനെ കുടുംബാംഗങ്ങള്‍ എല്പിച്ചത്, തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ ഇപ്പോഴത്തെ മദര്‍ ജനറല്‍, സിസ്റ്റര്‍ ഉദയയെ ഏല്പിച്ചതായി സിസ്റ്റര്‍ പുഷ്പ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2019, 08:50