തിരയുക

Cardinal Pietro Parolin, Vatican State Secretary Cardinal Pietro Parolin, Vatican State Secretary 

സഭയുടെ നയതന്ത്രബന്ധങ്ങള്‍ സമാധാനത്തിന്‍റെ പാതയിലെ നീക്കങ്ങള്‍

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍റെ പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നയതന്ത്രബന്ധം ഒരു സമാധാന സമുദ്ധാരണം
ജൂലൈ 29-ന് തെക്കെ ഇറ്റലിയിലെ ബസിലിക്കാത്തയില്‍ ദേശീയ കത്തോലിക്കാ ദിനപത്രം “അവെനീരെ” (Avvenire) സംഘടിപ്പിച്ച മാധ്യമോത്സവത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നിലപാടുകളില്‍ വത്തിക്കാന്‍റെ നയതന്ത്രബന്ധം എന്താണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത്. വത്തിക്കാന്‍റെ നയതന്ത്രബന്ധത്തെ ഒറ്റവാക്കില്‍ സമാധനസമുദ്ധാരണമാണെന്ന് (promotion of peace) അദ്ദേഹം വിശേഷിപ്പിച്ചു.

പ്രശ്നങ്ങളെ പഠിച്ചും മനസ്സിലാക്കിയും പ്രതികരിക്കണം
ഇന്നിന്‍റെ ആഗോളവത്കൃത സാമൂഹികചുറ്റുപാടുകള്‍ മനസ്സിലാക്കിക്കൊണ്ടും, മുന്‍പുണ്ടായിരുന്നതില്‍നിന്നും വ്യത്യസ്തമായി യൂറോപ്പിന്‍റെ കേന്ദ്രസ്ഥാനം കൈവിട്ടുകൊണ്ടും മാനവികതയുടെ വിളിമ്പുകളിലേയ്ക്കും അതിരുകളിലേയ്ക്കും ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഒരു സമാധാനനിര്‍മ്മിതിക്കും സാകല്യ സംസ്കൃതിക്കുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഇന്നു പരിശ്രമിക്കുന്നത്. പ്രതിസന്ധികളെ പഠിക്കുകയും മനസ്സിലാക്കുകയും മാത്രമല്ല, അവയോടു ക്രിയാത്മകമായി പ്രതികരിക്കുന്ന രീതിയാണത്. അതായത് പ്രശ്നങ്ങളുടെമദ്ധ്യേ സന്നിഹിതനായിക്കൊണ്ട് അവ തടയുവാനും ഇല്ലാതാക്കുവാനുമുള്ള പ്രായോഗിക രീതികളും പ്രവര്‍ത്തന പദ്ധതികളും കൈക്കൊള്ളുവാനുമാണ് പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നത്.

നയതന്ത്രപരമായ നീക്കങ്ങള്‍ അനിവാര്യം
സാമൂഹിക പ്രശ്നങ്ങളെ അവയുടെ യഥാര്‍ത്ഥരൂപത്തില്‍ പഠിക്കുക, പ്രശ്നങ്ങളുടെ കേന്ദ്രമാകുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും, പ്രായമായവരുടെയും  മുഖം മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് പാപ്പാ പ്രവര്‍ത്തനത്തിലേയ്ക്കു കടക്കുന്നത്. സഭയുടെ മുന്നോട്ടുള്ള സുവിശേഷവത്ക്കരണ പ്രയാണത്തില്‍ ഏറെ ഉപകാരപ്രദമായ മാര്‍ഗ്ഗമാണ് നയതന്ത്രബന്ധങ്ങളെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു. നയതന്ത്ര ബന്ധങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകളില്‍പ്പോലും പാപ്പാ ഫ്രാന്‍സിസ് സൂക്ഷിക്കുന്ന സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്തുലിതമായ നിലപാട് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. അതു ക്രിസ്തുവില്‍നിന്നും ലഭിക്കുന്ന ആര്‍ക്കും നശിപ്പിക്കാനോ എടുത്തുകളയാനോ ആവാത്ത ആനന്ദവും സന്തുലിതാവസ്ഥയുമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.

റഷ്യയുമായി ഒരു സൗമ്യസംവാദം
ജൂലൈ 4-ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിനുമായി വത്തിക്കാനില്‍ നടക്കാന്‍ പോകുന്ന സ്വകാര്യകൂടിക്കാഴ്ചയെയും സമാധാനപാതയിലെ സൗമ്യമായ സംവാദമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വിശേഷിപ്പിച്ചു. തീര്‍ച്ചായും ഈ സന്ദര്‍ശനം കിഴക്കന്‍ യൂറോപ്യന്‍ മേഖലയില്‍ നിലനില്ക്കുന്ന ചേരിതിരിവിന്‍റെയും സംഘര്‍ഷങ്ങളുടെയും അവസ്ഥയ്ക്ക് അയവുണ്ടാക്കാന്‍ സഹായകമാകുമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പ്രത്യാശിച്ചു.

കുടയേറ്റത്തോടും നയതന്ത്രപരമായൊരു സമീപനം
കുടിയേറ്റത്തെക്കുറിച്ചു സഭയ്ക്കും പാപ്പാ ഫ്രാന്‍സിസിനുമുള്ള നയതന്ത്രപരമായ വീക്ഷണം
 ആഗോളതലത്തിലുള്ള സഹകരണത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും രീതിയിലാണ്. കുടിയേറ്റത്തെക്കുറിച്ച് യൂറോപന്‍ രാജ്യങ്ങള്‍ വിഘടിതവും വിഭജിതവുമായ നിലപാടാണ് ഇന്നു കൈക്കൊള്ളുന്നത്. എന്നാല്‍ ഈ ആഗോള പ്രതിഭാസത്തെ നേരിടേണ്ടത് കൂട്ടായ്മയിലൂടെയും പരസ്പര സഹകരണത്തിന്‍റെയും വാതില്ക്കല്‍ മുട്ടുന്നവരോടു കാണിക്കേണ്ട സഹാനുഭാവത്തിന്‍റെയും സഹിഷ്ണുതയുടെയും അനിവാര്യമായ മാര്‍ഗ്ഗമാണെന്നാണ് പാപ്പാ ഫ്രാന്‍സിസിന്‍റെയും വത്തിക്കാന്‍റെ നയതന്ത്രപരമായ വീക്ഷണത്തിലുള്ള നിലപാടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 July 2019, 08:17