Cerca

Vatican News
Fr. Attully with the sanctuary image of the Generalate in Rome ഫാദര്‍ ജോണ്‍ ആട്ടുള്ളില്‍ ജെനറലേറ്റിലെ അള്‍ത്താരയുടെ ചിത്രത്തോടു ചേര്‍ന്ന് 

"യൗസേപ്പിതാവിന്‍റെ വര്‍ഷം" - ഫാദര്‍ ആട്ടുള്ളിയുമായി അഭിമുഖം

യൗസേപ്പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ചിന്തകള്‍ മൂന്നു ഭാഗങ്ങളായുള്ള അഭിമുഖത്തില്‍ ജോണച്ചന്‍ ചുരുളഴിയിക്കും.

2019 മാര്‍ച്ചു മുതല്‍ ഒ.എസ്.ജെ. സഭ (Oblates of St. Joseph) ആചരിക്കുന്ന “വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷ”ത്തെക്കുറിച്ചുള്ള അഭിമുഖത്തിന്‍റെ ഒന്നാം ഭാഗമാണിത്.
ഒരുക്കിയത് ജോയ് കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.

ആട്ടുള്ളിലച്ചനുമായി അഭിമുഖം - ഭാഗം ഒന്ന്

1. ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സമൂഹം വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തിന് തുടക്കം കുറിച്ചിരിക്കയാണല്ലൊ. എന്താണ് യൗസേപ്പിതാവിന്‍റെ വര്‍ഷം, വിശദീകരിക്കാമോ?

ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സഭ, “വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം” ആചരിക്കുന്ന പദ്ധതി ഇവിടെ അവതരിപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ആഗോളസഭയില്‍ ഇത് വിശ്വാസികള്‍ക്ക് ഉപകാരപ്രദമാകണെന്ന് ഏറെ ആഗ്രഹിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിനോട് കൂടുതല്‍ അടുത്തുനിന്ന് വിശുദ്ധന്‍റെ ജീവിതമാതൃക കണ്ടുപഠിക്കാനും, അവിടുത്തെ സ്നേഹവും സംരക്ഷണവും പ്രാര്‍ത്ഥനാസഹായവും അനുഭവിച്ചറിഞ്ഞ്, യേശു ശിഷ്യത്വത്തിന്‍റെ പാതിയില്‍ നവോന്മേഷത്തോടെ മുന്നേറുവാന്‍ വിശുദ്ധന്‍റെ ജീവിതശൈലിയില്‍ സമര്‍പ്പിതരായ ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സഭയിലെ (Oblates of Saint Joseph) സഹോദരങ്ങള്‍ക്കു ലഭിക്കുന്ന ഒരു അനുഗൃഹീത അവസരമാണിത്, ഈ വര്‍ഷം, “യൗസ്പ്പിതാവിന്‍റെ വര്‍ഷം!”

2. ഈ വര്‍ഷാചരണത്തിനു പിന്നിലെ പ്രചോദനം എന്താണ്?
ഒ. എസ്. ജെ. സഭയിലെ അംഗങ്ങള്‍ക്ക് ഇത് ജനറല്‍ ചാപ്റ്റര്‍ കഴിഞ്ഞുള്ള 6 വര്‍ഷക്കാലയളവിന്‍റെ ആദ്യത്തെ വര്‍ഷമാണ്. ഈ കഴിഞ്ഞ ജനറള്‍ ചാപ്റ്ററില്‍ ഞങ്ങളുടെ സഭാസമൂഹത്തിന്‍റെ നവീകരണത്തിന് ആവശ്യമായ പ്രാര്‍ത്ഥനയും ചര്‍ച്ചകളും നടന്നു. അതില്‍നിന്ന് ഉയര്‍ന്നുവന്ന ആശയങ്ങളില്‍ ഒന്നാണ് ഉറവിടങ്ങളിലേയ്ക്ക് തിരിച്ചുപോകുക. സഭാസ്ഥാപകനായ വിശുദ്ധ ജോസഫ് മരേലോ തന്‍റെ ജീവിതമാതൃകയായി സ്വീകരിച്ചതും, തന്‍റെ ആത്മീയ മക്കള്‍ക്കു മാതൃകയായി നല്കിയതും യേശുവിന്‍റെ സംരക്ഷകനും വളര്‍ത്തു പിതാവുമായ വിശുദ്ധ യൗസേപ്പിതാവിനെയാണ്. ഇന്ന് സഭാമക്കളുടെ ജീവിത നവീകരണത്തിന് ആവശ്യമായ കാര്യങ്ങള്‍ക്കായി “യൗസേപ്പിതാവിന്‍റ അടുക്കലേയ്ക്കു പോവുക” (Ite ad Joseph, Go to Joseph! Gen. 43, 1 ), എന്ന തിരുവചന ചിന്ത ഞങ്ങള്‍ക്ക് ഈ ഒരു വര്‍ഷാചരണത്തിനു പ്രചോദനമായി.

3. ഒരു വര്‍ഷം നീളുന്ന കര്‍മ്മപരിപാടികളുടെ ലക്ഷ്യത്തെക്കുറിച്ചൊന്നു പറയാമോ?
ഓഎസ്ജെ സഭാംഗങ്ങളായ ഞങ്ങളുടെ ജീവിത നവീകരണമാണ് ഈ വര്‍ഷാചരണത്തിന്‍റെ ആദ്യ ലക്ഷ്യം. ഞങ്ങളുടെ ജീവിത സമര്‍പ്പണത്തിന്‍റെ മാതൃകയായ വിശുദ്ധനെക്കുറിച്ചു കൂടുതല്‍ പഠിക്കു എന്ന് ഒരു ലക്ഷ്യവും ഒരു വര്‍ഷം നീളുന്ന പരിപാടിയിലുണ്ട്. കൂടാതെ ക്രൈസ്തവ വിശ്വാസികളുടെ മുന്നിലും ലോകസമൂഹത്തിനു മുന്നിലും മനുഷ്യരക്ഷാപദ്ധതിയില്‍ വിശുദ്ധ യൗസേപ്പ് മറിയത്തോടൊപ്പം നിര്‍വ്വഹിച്ച മഹത്തായ ദൗത്യത്തെക്കുറിച്ചു പ്രഘോഷിക്കുക എന്നൊരു ലക്ഷ്യവും ഇതിലുണ്ട്.

4. യൗസേപ്പിതാവിന്‍റെ വര്‍ഷം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിനുളള പരിപാടികള്‍ എന്തെല്ലാമാണ്, എങ്ങനെയായിരിക്കും ഇത് ആചരിക്കുക?
സമകാലീന പ്രതിസന്ധികളെ യൗസേപ്പിതാവിനു സമര്‍പ്പിക്കാന്‍  പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്നിന്‍റെ മനുഷ്യന് ആശ്വാസവും സംരക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കാന്‍ വിശുദ്ധ യൗസേപ്പിനു കഴിയുന്നുവെന്ന വിശ്വാസം അദ്ദേഹത്തിന്‍റെ ജീവിതമാതൃക ഉയര്‍ത്തിക്കാണിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. പ്രായോഗികമായി ഈ വര്‍ഷം, വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി ആചരിക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഒഎസ്ജെ സഭയുടെ സുപ്പൂരിയര്‍ ജനറല്‍ ഫാദര്‍ യാങ് പെലിചാസ്തി നല്കിയിട്ടുമുണ്ട്. അത് അനുസരിച്ചുള്ള പല കര്‍മ്മപരിപാടികളും സഭ ആഗോളതലത്തിലും പ്രവിശ്യതലത്തിലും ആവഷിക്കരിച്ചു കഴിഞ്ഞു.

a. സിദ്ധനെക്കുറിച്ചുള്ള പഠന പരിപാടികള്‍
ഉദാഹരണത്തിന് വിശുദ്ധനെക്കുറിച്ചുള്ള പഠനങ്ങള്‍ അത് തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ ദൈവശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തില്‍ സഭാപിതാക്കന്മാരുടെ പാരമ്പര്യത്തിന്‍റെ വെളിച്ചത്തില്‍, ഒപ്പം തിരുസഭയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലും, വിശുദ്ധനെക്കുറിച്ചുള്ള പഠനങ്ങള്‍ അത് വ്യത്യസ്ത തലങ്ങളില്‍ നടത്തുന്നതിനാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ ദൈവശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തില്‍ സഭാപിതാക്കന്മാരുടെ പാരമ്പര്യങ്ങള്‍ അനുസരിച്ചും, ഒപ്പം തിരുസഭയുടെ പഠനങ്ങള്‍ അനുസരിച്ചുമാണ് അവ ഒരുക്കുന്നത്.

b. വിശുദ്ധന്‍റെ തിരുനാളുകള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കിക്കൊണ്ട്
മറ്റൊന്ന് വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷിച്ചുകൊണ്ടാണ്. വ്യത്യസ്തങ്ങളായിട്ടുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളുകള്‍ നാം ആഘോഷിക്കാറുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് മാര്‍ച്ച് 19-ന് പരമ്പരാഗതമായി സഭയില്‍ ആചരിച്ചുപോരുന്ന യൗസേപ്പിതാവിന്‍റെ മരണത്തിരുനാളാണ്. മറ്റൊന്ന് മെയ് 1-ന് ആചരിക്കുന്ന തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും. വേറൊരു തിരുനാള്‍ ഞങ്ങള്‍, ‌ഒഎസ്ജെ സഭാതലത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ട് പ്രത്യേക അനുവാദത്തോടെ ആഘോഷിക്കുന്ന ഒന്ന് ജനുവരി 23-ന് ഔസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിവാഹദിവസമാണ്. അതു കൂടാതെ ക്രിസ്തുമസ് കഴിഞ്ഞു വരുന്ന ഞായറാഴ്ചത്തെ തിരുക്കുടുംബത്തിന്‍റെ തിരുനാളാണ്. വിശുദ്ധന്‍റെ ജീവിതത്തെയും ദൗത്യത്തെയും അവതരിപ്പിച്ചുകൊണ്ടുള്ള ധ്യാനങ്ങള്‍ - അത് സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കുവേണ്ടിയും യുവതീയുവാക്കള്‍ക്കും വേണ്ടിയും നടത്തും.

 c. വിശുദ്ധനെ കേന്ദ്രീകരിച്ചുള്ള സാംസ്കാരിക പരിപാടികള്‍
കൂടാതെ ചില സാംസ്കാരിക കലാപരിപാടികളും ആവിഷ്ക്കരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഉപന്യാസ രചന, സംഗീത മത്സരങ്ങള്‍ എന്നിവ.

5. ഒബ്ലേറ്റ് സഭയുടെ ഈ ആചരണത്തിനു പാപ്പാ ഫ്രാന്‍സിസും വത്തിക്കാനും നല്കുന്ന പിന്തുണ എന്താണ്? 
ഒഎസ്ജെ സഭയുടെ 17-Ɔമത് ജനറല്‍ ചാപ്റ്റര്‍ കഴിഞ്ഞതിന്‍റെ പിറ്റേദിവസം, അതായത് 2018 ആഗസ്റ്റ് 31-ന് വത്തിക്കാനില്‍വച്ച് ഞങ്ങള്‍ ചാപ്റ്റര്‍ മെമ്പേഴ്സിന് പരിശുദ്ധ പിതാവ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് ഒരു കൂടിക്കാഴ്ച നല്കുകയുണ്ടായി. അന്ന് പാപ്പാ ഞങ്ങള്‍ക്ക് നല്കിയ സന്ദേശത്തില്‍ സഭാസ്ഥാപകനായ വിശുദ്ധ ജോസഫ് മരേലോയുടെ സിദ്ധിയെയും ദൗത്യത്തെയും അനുസ്മരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ്, നിങ്ങളുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും സഭാസ്ഥാപകനായ വിശുദ്ധ മരേലോ പകര്‍ന്നുതന്ന ആത്മീയചൈതന്യവും പ്രവര്‍ത്തന ആദര്‍ശങ്ങളും വിശുദ്ധ യൗസേപ്പിതാവ് എപ്രകാരം ജീവിച്ചു എന്നത് പുനരാവിഷ്ക്കരിക്കലാണ്. അത് തുടങ്ങുന്നത് അദ്ദേഹത്തി‍ന്‍റെ പ്രൗഢവും എന്നാല്‍ ലളിതവും കര്‍മ്മനിരതവുമായ ജീവിതശൈലിയെ അനുകരിച്ചുകൊണ്ടാണ്. അതുകൊണ്ട് പാപ്പായുടെ ഈ വാക്കുകളും ഔസോപ്പിതാവിനോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും വണക്കവും ഒഎസ്ജെ സഭയ്ക്കു വലിയ പിന്തുണയും പ്രോത്സാഹനവുമാണ്.

6. ഫ്രാന്‍സിസ് പാപ്പായും യൗസേപ്പിതാവും എന്നൊരു തലക്കെട്ടെടുത്താല്‍ .... ജോണച്ചന്‍ എങ്ങനെയായിരിക്കും അതു വശദീകരിക്കുക?
പാപ്പാ ഫ്രാന്‍സിസും യൗസേപ്പിതാവും എന്ന തലക്കെട്ടില്‍ ഒത്തിരി കാര്യങ്ങള്‍ നമുക്ക് പറയുവാന്‍ സാധിക്കും.

തന്‍റെ സ്ഥാനാരോഹണദിനം
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗോള സഭയുടെ അജപാലന ദൗത്യം ആരംഭിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവമായ മാര്‍ച്ച് 19-നാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ആ ഒരു അനുഭവം വലിയൊരു അനുഗ്രമായി അദ്ദേഹം കണ്ടു. അതിനു നന്ദിപറഞ്ഞുകൊണ്ടാണ് ആ ദിവസത്തെ, സ്ഥാനാരോഹണനാളിലെ സന്ദേശം പാപ്പാ തുടങ്ങുന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദൗത്യത്തെ... യേശുവിന്‍റെയും മറിയത്തിന്‍റെയും കാവല്‍ക്കാരനും സംരക്ഷകനുമെന്ന് അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെതന്നെ സഭാദൗത്യം ആരംഭിക്കുന്നത്.
ആ ഉത്തരവാദിത്തം പിന്നീട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, രക്ഷകന്‍റെ കാവല്‍ക്കാരന്‍ (Custos Redemptoris) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ അടിവരയിട്ടു പറയുന്നതുപോലെ, ആഗോളസഭയുടെ മഴുവന്‍ കാവല്‍ക്കാരനും സംരക്ഷകനുമായി മാറുന്നു യൗസേപ്പിതാവ് എന്നും പാപ്പാ ഫ്രാന്‍സിസ് അനുസമരിക്കുന്നുണ്ട്.

പാപ്പായുടെ സ്ഥാനികചിഹ്നത്തിലെ യൗസേപ്പിതാവ്
വിശുദ്ധ യൗസേപ്പിതാവിനോട് പാപ്പാ ഫ്രാന്‍സിസിനുള്ള ഭക്തിയും വണക്കവും അദ്ദേഹം അര്‍ജന്‍റീനയിലെ ബ്രൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കവെ ഉപയോഗിച്ചിരുന്ന സ്ഥാനിക ചിഹ്നത്തില്‍ ഉണ്ടായിരുന്നു. അത് അദ്ദേഹം പാപ്പാ സ്ഥാനമേറ്റപ്പോഴും സ്ഥാനിക ചിഹ്നത്തില്‍ വീണ്ടും ഉള്‍ചേര്‍ക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്‍റെ വിശുദ്ധനോടുള്ള സ്നേഹവും വണക്കവും എത്ര ആഴത്തില്‍ ഉള്ളതാണെന്നു പ്രകടമാക്കുന്നു.

കുര്‍ബ്ബാനയില്‍ യൗസേപ്പിതാവിന്‍റെ നാമോച്ചാരണം
ആഗോള സഭയില്‍ പാപ്പാ ഫ്രാന്‍സിസ് പിന്നെയും നടത്തിയ ശ്രദ്ധേയമായ ഒരു ആഹ്വാനം പരിശുദ്ധ കുര്‍ബാനയില്‍ കാനോനിക പ്രാര്‍ത്ഥനയില്‍ നടത്തിയ മാറ്റമാണ്. പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിനു പിന്നാലെ വിശുദ്ധ യൗസ്പ്പിതാവിന്‍റെ നാമംകൂടെ ചേര്‍ക്കാന്‍ ഒരു സ്വധികാര പ്രബോധനം നടത്തിക്കൊണ്ട് സഭയോട് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

വത്തിക്കാന്‍ ഭരണകാര്യാലയത്തിന്‍റെ മദ്ധ്യസ്ഥന്‍
കൂടാതെ 2013 ജൂലൈ മാസത്തില്‍ വത്തിക്കാന്‍ സിറ്റിയുടെ ഭരണകാര്യാലയം യൗസേപ്പിതാവിനു സമര്‍പ്പിക്കുകയുണ്ടായി. അങ്ങനെ വിശുദ്ധനെ വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയും പ്രത്യേക മദ്ധ്യസ്ഥനുമായി പാപ്പാ ഫ്രാന്‍സിസ് നല്കി.

ഉറങ്ങുന്ന യൗസേപ്പ്!
വേറൊന്ന്, ഉറങ്ങുന്ന യൗസ്പ്പിതാവിന്‍റെ രൂപമാണ്. അത് തന്‍റെ മുറിയില്‍ വെച്ചിരിക്കുന്നതും, അതിന്‍റെ കീഴെ സഭയുടെ പ്രശ്നങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം പാപ്പാ പലവട്ടം പരസ്യമായി പങ്കുവെയ്ക്കുയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പ്രബോധനങ്ങളിലെ പ്രത്യേക പരാമര്‍ശം
പാപ്പായുടെ ചാക്രിക ലേഖനത്തിലും അപ്പസ്തോലിക പ്രബോധനങ്ങളിലും വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമം എടുത്തു പറയുന്നുണ്ട്. ഇവയെല്ലാം സൂചിപ്പിക്കുന്നത് തിരുക്കുടുംബ പാലകനോട് പാപ്പാ ഫ്രാന്‍സിസിനുള്ള സ്നേഹവും ഭക്തിയും, സിദ്ധന്‍റെ മാദ്ധ്യസ്ഥതയിലുള്ള ഉറച്ച വിശ്വാസവുമാണ്.  

“വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന സന്ന്യാസസമൂഹത്തിന്‍റെ വികര്‍ ജനറല്‍, ഫാദര്‍ ജോണ്‍ ആട്ടുള്ളിലുമായുള്ള അഭിമുഖത്തിന്‍റെ ഒന്നാം ഭാഗമാണിത്.

അഭിമുഖത്തി‍ന്‍റെ  രണ്ടാം ഭാഗം അടുത്ത ആഴ്ചയില്‍.
 

07 June 2019, 15:19