Cerca

Vatican News
പോർച്ചുഗീസ് പാർലമെന്‍റിന്‍റെ  മുന്നിൽ ദയാവധത്തിനെതിരായി പോരാടുന്ന ജനം പോർച്ചുഗീസ് പാർലമെന്‍റിന്‍റെ മുന്നിൽ ദയാവധത്തിനെതിരായി പോരാടുന്ന ജനം  (ANSA)

ജീവന്‍റെ അവകാശം: ദൈവത്തിനോ? മനുഷ്യനോ?

സഭാ പഠനങ്ങൾക്ക് വിരുദ്ധമായ ദയാവധം, വൈദ്യസഹായത്തോടു കൂടിയുള്ള ആത്മഹത്യയെ തുടങ്ങിയവയെകുറിച്ചും, ഇവയെ കുറിച്ചുള്ള സഭയുടെയും, സഭാ ശ്രേഷ്ടന്‍മാരുടെയും വീക്ഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ് 

ജീവന്‍റെ അവകാശം: ദൈവത്തിനോ? മനുഷ്യനോ?

വെറും 17 വയസ്സ് മാത്രമുള്ള നോവാ പൊതോവെന്‍ എന്ന ഒരു പെൺകുട്ടി നീണ്ട ഒരു നിയമയുദ്ധത്തിന് ശേഷം തനിക്കു മരിക്കാനുള്ള അവകാശം നേടിയെടുക്കുന്നു. ഇക്കാര്യത്തിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഒരു ആശുപത്രിയുടെ സഹായത്തോടെ തന്‍റെ വീട്ടില്‍ വച്ച് തന്നെ മരണം കൈവരിക്കുന്നു. ഇതൊരു കഥയല്ല. കഴിഞ്ഞ ജൂൺ, രണ്ടാം തിയതി, ഞായറാഴ്ച ഹോളണ്ടിൽ സംഭവിച്ചതായി അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവമാണിത്. കുഞ്ഞായിരുന്നപ്പോൾ പീഡനത്തിനിരയായ നോവാ പൊതോവെന്‍ അതിനുശേഷം നീണ്ട വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന മനോവിഷമങ്ങൾക്കു അറുതിവരുത്തുവാനാണ് ഇനി ജീവിക്കാൻ പറ്റുകയില്ല എന്ന് തീരുമാനിച്ചത്.  
ജീവന്‍റെ അവകാശം ആർക്കാണ്? അത് നമുക്ക് ആവശ്യമുള്ളപ്പോൾ എടുക്കാമോ? ഇന്നത്തെ മാധ്യമങ്ങളിലൂടെ നമ്മൾ മരിക്കാനുള്ള അവകാശത്തെക്കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ കേൾക്കുന്നുണ്ട്. സഹനം, മാരകരോഗം മുതലായവ മനുഷ്യനെ ഉപയോഗരഹിതനാക്കും എന്ന ഉപഭോഗ സംസ്കാരത്തിന്‍റെ ഉപയോഗശൂന്യത വലിച്ചെറിയാൻ പ്രേരിപ്പിക്കുന്ന ഒന്നായി മനുഷ്യജീവനും ഇന്ന് മാറ്റപ്പെട്ടു. അങ്ങനെ ദയാവധം, ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ, അബോധാവസ്ഥയിൽ മാനസീകനിഷ്‌ക്രിയരായ വ്യക്തികൾക്ക് ഭക്ഷണവും ജലവും കുറച്ച് സാവധാനം മരണത്തിലെത്തിക്കുന്ന രീതികൾ മുതലായവ ഇന്ന് മനുഷ്യസമൂഹം ഉപയോഗിക്കുന്നു. ഇത്തരം രീതികൾ ഇന്ന് ലോകത്ത് പലയിടത്തും അംഗീകരിക്കപ്പെടുകയും നിയമാനുസൃതമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ദയാവധം: സഭയുടെ നിർവചനം

1980 ൽ വിശ്വസത്തിനായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച  Iura et bona എന്ന ലേഖനത്തിൽ എല്ലാ സഹനങ്ങളും നീക്കാനുള്ള ഉദ്ദേശത്തോടെ മരണം പ്രാപിക്കാൻ  ഉദ്ദേശിച്ച്  ചെയ്യുന്ന അല്ലെങ്കിൽ ചെയ്യാതിരിക്കുന്ന പ്രവർത്തിയാണ് ദയാവധം എന്ന് നിർവ്വചിക്കുന്നു.

സ്ഥിതിവിവരക്കണക്ക്‌

JAMA എന്ന മാഗസിന്‍റെ കണക്കെടുപ്പനുസരിച്ച് 35598 പേർ 2015ൽ അമേരിക്കയിൽ OREGON എന്ന നഗരത്തിൽ ദയാവധത്തിനിരകളാക്കപ്പെട്ടിരുന്നുവെന്നും അതിൽ 132 അല്ലെങ്കിൽ 0. 3% മുതൽ 4% വരെ വൈദ്യസഹായത്തോടെ നടന്ന ആത്മഹത്യകളാണെന്നും അവ നിയമാനുസൃതമാക്കപ്പെട്ടുവെന്നും വെളിപ്പെടുത്തുന്നു. 2015ൽ വാഷിങ്ങ്ടനിൽ 166 ദയാവധ കേസുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെൽജിയത്തിൽ 61 % വും, നെദർലാന്‍റില്‍ 52% വും ദയാവധം സംഭവിക്കുന്നുവെന്നും കൃത്യമായ ഔദ്യോഗികമായ കണക്കെടുപ്പില്ലാതെ എല്ലാ വർഷവും 62000 പേർ മരണമടയുന്നു.

നെദർലാൻറിൽ REGIONAL EUTHANAടIA COMMITTEയുടെ 2015ലെ റിപ്പോർട്ടനുസരിച്ച് 5516 പേർ ദയാവധത്തിനിരയാക്കപ്പെട്ടുവെന്നും 2014ൽ നിന്നും 4 % വർദ്ധനയാണെന്നും വ്യക്തമാക്കപ്പെടുന്നു. ഇന്ത്യയിൽ അടുത്തിടെ ദയാവധം ആവശ്യപ്പെട്ട് 34 അപേക്ഷകള്‍ വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ 34 കേസുകളിൽപ്പെട്ട ചില കേസുകളിൽ ശാരീരിക വൈകല്യങ്ങളുടെ പേരിൽ മാതാപിതാക്കൾ തന്നെ മക്കളെ ദയാവധത്തിന് വിട്ടുകൊടുക്കുന്നു. ജെർമ്മനി, നെദർലാൻഡ്,  അമേരിക്കാ,കാലിഫോർണിയാ എന്നീ രാഷ്ട്രങ്ങളിൽ ദയാവധം 20l9, ആഗസ്റ്റ് ഒന്നു മുതൽ നിയമാനുസൃതമാകുന്നു. 2011ന്‍റെ മദ്ധ്യകാലത്തിൽ തന്നെ ഓസ്‌ട്രേലിയയിലെ വിക്ടോറിയാ എന്ന സ്ഥലത്തിൽ പ്രാബല്യത്തിലാകുകയും ചെയ്തു.

ദയാവധത്തെയും, വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെയും പ്രേരിപ്പിക്കുന്ന കാരണങ്ങൾ

അസ്സഹനീയമായ വേദനയില്‍ നിന്നും മോചിപ്പിക്കണമെന്നും, ആത്മഹത്യ ചെയ്യാനുള്ള അവകാശമുണ്ടെന്ന ചിന്തകളും, വഹിക്കാനാവാത്ത വിധത്തിലുള്ള ചികിത്സാ ചിലവുകളും, ദാരിദ്ര്യവും, വൈകല്യങ്ങള്‍ എന്ന കാരണങ്ങളാണ് രോഗികളായവരുടെ കുടുംബാംഗങ്ങളെയും, സമൂഹത്തെയും  ഈ കുറ്റകൃത്യം നിർവ്വഹിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ജീവന്‍റെ നാഥനായ ദൈവം

കണ്ണുനീരിന്‍റെ നനവോടെ ആകാശത്തിന്‍റെ നേരേ കണ്ണുകളുയർത്തി ജോബ് കരഞ്ഞു പ്രാർത്ഥിച്ചു. 'അസ്ഥിപഞ്ചരമാകുന്നതിനേക്കാൾ കഴുത്തുഞെരിച്ചുള്ള മരണമാണ് ഞാനിഷ്ടപ്പെടുന്നത്. ഞാൻ ആശയറ്റവനാണ്; ഞാന്‍ എന്നേക്കും ജീവിച്ചിരിക്കുയില്ല എന്നെ ഏകനായി വിടുക. എന്‍റെ ജീവിതം ഒരു നിശ്വാസം മാത്രമാണ്”(ജോബ് 7:15-16) ക്രിസ്തുവിന്‍റെ നിലവിളിയായ “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” എന്ന നിലവിളിയോടൊപ്പം ചേർത്തു ധ്യാനിക്കപ്പെടേണ്ട നിലവിളിയാണ് ജോബിന്‍റെത്. ജീവിതത്തില്‍ ദുരന്തങ്ങൾ ആയിരം കരങ്ങളോടെ തന്നെ വലിച്ചു മുറുക്കിയപ്പോൾ ജോബ് ആഗ്രഹിച്ചത് മരണമായിരുന്നു. അങ്ങനെ ജീവിതത്തിന്‍റെ കാർമേഘങ്ങളിൽ മരണം എന്ന കറുത്ത മാലാഖയെ വിളിച്ചവര്‍ക്കെല്ലാം ഉത്തരം നൽകിയ ഒരു ദിനമായിരുന്ന ഉത്ഥാനദിനത്തിൽ വെള്ള വസ്ത്രധാരിയായ ദൂതന്‍ പറഞ്ഞു “ഭയപ്പെടേണ്ടാ, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവനിവിടെയില്ലാ. താന്‍ അരുള്‍ചെയ്തതു പോലെ അവൻ ഉയിര്‍പ്പിക്കപ്പെട്ടു.”(മത്താ.28:5-6) ഉത്ഥാനം ജീവനെ പ്രദാനം ചെയ്യുന്നു. മരണത്തെപ്പോലും അതിജീവിച്ച ഉത്ഥാനത്തിന്‍റെ നാഥനാണ് ദൈവം. ദൈവത്തിന്‍റെ ജീവിക്കുന്ന സാന്നിധ്യവും, ജീവൻ പ്രദാനം ചെയ്യുന്നതും വിസ്മരിക്കാൻ മനുഷ്യന് കഴിയുകയില്ല. അങ്ങനെയെങ്കിൽ ദൈവം തന്ന ജീവനെടുക്കുന്നതിനെ കരുണയുടെ പേരിൽ എങ്ങനെ ന്യായീകരിക്കാൻ കഴിയും.

ജോബിന്‍റെ നിലവിളിയിൽ അടങ്ങിയിരിക്കുന്ന വികാരങ്ങളെയും, യുക്തിയെയും പരിഗണിച്ച് ബൈബിൾ മരണത്തെ പുണരുന്നതിനെ അനുകൂലിക്കുന്നതായി തോന്നിയേക്കാം. എന്നാൽ വചനം വ്യക്തമായി പറയുന്നു; “വിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്ക് നയിക്കുന്ന ദൈവത്തിന്‍റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാൻ വിശ്വാസം വഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ? (റോമ.1:17)

ദയാവധത്തെ കുറിച്ച് സഭാ പ്രബോധനങ്ങൾ

സഭാപഠനമായ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ 2276 മുതൽ 2279 വരെയുള്ള ഖണ്ഡികകളിൽ രോഗികൾക്കും, അംഗവൈകല്യമുള്ളവർക്കും സാധാരണജീവിതം നയിക്കാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണമെന്നും, എന്തുകാരണം പറഞ്ഞാണെങ്കിലും, മാർഗ്ഗമുപയോഗിച്ചാണെങ്കിലും ഒരാളുടെ ജീവിതം അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഒരാളുടെ സഹനം തീർക്കാൻ ഒരു പ്രവർത്തികൊണ്ടോ ഉപേക്ഷകൊണ്ടോ ഉദ്ദേശം കൊണ്ടോ മരണകാരണമാകുന്നത് മനുഷ്യന്‍റെ അന്തസ്സിനും സൃഷ്ടാവായ ദൈവത്തിനു നൽകേണ്ട ബഹുമാനത്തിനും നിരക്കാത്ത മാരകമായ കൊലപാതകമാണെന്നും എടുത്തുപറയുന്നു.

കത്തോലിക്കാ മതബോധന ഗ്രന്ഥം

2276. ജീവിതത്തിൽ ബലക്ഷയവും, രോഗങ്ങളുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. കഴിയുന്നിടത്തോളം സാധാരണ ജീവിതം നയിക്കുവാൻ രോഗികളെയും വൈകല്യമുള്ളവരെയും സഹായിക്കേണ്ടതാണ്.

2277. ലക്ഷ്യങ്ങളും, മാർഗ്ഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും, രോഗികളുടെയും അല്ലെങ്കിൽ മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്നതാണ് പ്രത്യക്ഷമായ ദയാവധം. അത് ധാർമ്മീകമായി സ്വീകാര്യമല്ല.

2278. ഭാരിച്ചതും അപകടകരവും അസാധാരണമോ അല്ലെങ്കിൽ ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്തതോ ആയ ചികിത്സാവിധികൾ നിർത്തി വയ്ക്കുന്നത് അനുവദനീയമാകാം, ചികിത്സയിലുള്ള "അമിതാവേശം" വേണ്ടെന്ന് വയ്ക്കുകയാണിവിടെ. ഇവിടെ മരണം ഉളവാക്കാൻ ഒരുവൻ ആഗ്രഹിക്കുന്നില്ല. അതിനെ തടയാനുള്ള തന്‍റെ കഴിവില്ലായ്മയെ അംഗീകരിക്കുക മാത്രമാണ്. രോഗിക്ക് പ്രാപ്തിയും, കഴിവുമുള്ള പക്ഷം അയാൾ തന്നെയാണ് ഈ തീരുമാനങ്ങൾ എടുക്കേണ്ടത് അതല്ലെങ്കിൽ, രോഗിക്ക് വേണ്ടി പ്രവർത്തിക്കുവാൻ നിയമാനുസൃതമായി അവകാശമുള്ളവർ. രോഗിയുടെ യുക്തി സഹമായ ആഗ്രഹവും, ന്യായമായ താൽപര്യങ്ങളും എപ്പോഴും ആദരിച്ചു കൊണ്ടാവണം ഇത്.

2279. മരണം ആസന്നമെന്ന് തോന്നിയാലും ഒരു രോഗിക്ക് നൽകേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നത് ശരിയല്ല. ഒരു ലക്ഷ്യമായോ, മാർഗ്ഗമായോ മരണത്തെ ആഗ്രഹിക്കാതെ എന്നാൽ അനിവാര്യമായി കണ്ടു വേദനസംഹാരികളുടെ ഉപയോഗം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെങ്കിൽ മരിക്കുന്നവരുടെ വേദനകൾ ശമിപ്പിക്കാൻ അവ ഉപയോഗിക്കുന്നത് അവരുടെ ദിനങ്ങളെ ചുരുക്കാമെങ്കിലും മനുഷ്യ മഹാത്മ്യത്തോടു ധാർമ്മീകമായി പൊരുത്തപ്പെടുന്നതാണ്. വേദന ശമിപ്പിക്കുന്നത് നിഷ്പക്ഷമായ പരസ്നേഹത്തിന്‍റെ ഒരു സുവിശേഷ രൂപമാണ്.ആ രീതിയിൽ അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

2258. മനുഷ്യജീവൻ അതിന്‍റെ ആരംഭംമുതൽ ദൈവത്തിന്‍റെ സൃഷ്ടി പരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതു കൊണ്ടും അതിന്‍റെ ഏക ലക്ഷ്യമായ സ്രഷ്ടാവുമായുള്ള സവിശേഷബന്ധത്തിൽ എന്നും നിലനിൽക്കുന്നത് കൊണ്ടും പാവനമാണ്. ദൈവം മാത്രമാണ് ജീവന്‍റെ ആരംഭം മുതൽ അവസാനം വരെ അതിന്‍റെ കൂടെ. നിരപരാധിയായ ഒരു മനുഷ്യജീവിയെ നേരിട്ട് നശിപ്പിക്കാൻ ആർക്കും യാതൊരു സാഹചര്യത്തിലും അവകാശപ്പെടാൻ സാധിക്കില്ല.

രണ്ടാം വത്തിക്കാൻ കൗൺസിൽ: സഭ ആധുനീകലോകത്തിൽ

രണ്ടാം വത്തിക്കാൻ കൗൺസിൽ സഭ ആധുനീകലോകത്തിൽ എന്ന പഠനത്തിൽ ദയാവധവും ബോധപൂർവമുള്ള ആത്മഹത്യയും ജീവനെതിരെയുള്ള കുറ്റകൃത്യമാണെന്നും,  സ്രഷ്ടാവായ ദൈവത്തിന്‍റെ മഹത്വത്തിനെതിരെയുള്ള  സമരമാണെന്നും  അതിന്‍റെ 27 ആം ഖണ്ഡികയിൽ പറയുന്നുണ്ട്. വിശ്വാസ സത്യങ്ങൾക്കായുള്ള തിരുസംഘം 1980ൽ ദയാവധത്തെ കുറിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഒരാൾക്കും ഒന്നിനും നിഷ്കളങ്കനായ ഒരു മനുഷ്യനെ അത് ഗർഭസ്ഥ ശിശുവാണെങ്കിലും, കുഞ്ഞാണെങ്കിലും, യുവാവാണെങ്കിലും,വൃദ്ധനാണെങ്കിലും സുഖപ്പെടുത്താനാവാത്ത രോഗത്തിന് അടിമയാണെങ്കിലും മരണാസന്നനാണെങ്കിൽ പോലും കൊല്ലാനുള്ള അനുവാദമില്ല എന്ന് മാത്രമല്ല മരിക്കാൻ അഭ്യർഥിക്കാനുള്ള അവകാശവും നമുക്ക് ഇല്ല. ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ചോദിക്കാനുള്ള അവകാശവും നിയമപരമായി അനുവദിക്കാനുള്ള അധികാരവും ആർക്കുമില്ല എന്ന് പഠിപ്പിക്കുന്നു. ഇവിടെ നമ്മൾ വ്യക്തിക്കെതിരെയുള്ള ബലാൽക്കാരവും, ജീവനെതിരെയുള്ള കുറ്റകൃത്യവും മനുഷ്യത്വത്തോടു കാണിക്കുന്ന ആക്രമണവുമാണ് നടത്തുന്നതെന്ന് ഈ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ദയാവധത്തെ കുറിച്ച് മാർപ്പാപ്പാമാരുടെ പ്രബോധനങ്ങള്‍

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ നടത്തിയിരുന്ന സുസന്താനോത്പാദനവിദ്യയെയും,കാരുണ്യവധത്തെയും ആദ്യം അപലപിച്ചത് അന്നത്തെ മാർപാപ്പയായിരുന്ന 12 ആം പീയൂസായിരുന്നു.1980 ൽ വിശ്വാസതിരുസംഘം ദയാവധത്തെക്കുറിച്ച് ഒരു പ്രസ്താവന ഇറക്കിക്കൊണ്ടു ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം പകർന്നു തന്നു.

ജീവിതത്തെയും മരണത്തെയും മാന്യതയോടെ സ്വീകരിക്കണം: വി. ജോൺ പോൾ രണ്ടാമൻ പാപ്പാ

ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ രോഗത്തെയും, മരണത്തെയും കുറിച്ചുള്ള പ്രഭാഷണങ്ങളും ലേഖനങ്ങളും തന്‍റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ജീവിതത്തെയും, മരണത്തെയും  അതിന്‍റെ മാന്യതയോടെ അംഗീകരിക്കാനും, സ്വീകരിക്കാനും അദ്ദേഹം കാണിച്ചുതന്നു. ദയാവധത്തിന്‍റെ സംസ്കാരം "ആര് ജീവിക്കണം, ആര് മരിക്കണം” എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ധൈര്യപൂർവ്വം പഠിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

 ദയാവധം - സഹനത്തിന്‍റെ നാടകത്തിനുള്ള ഒരു കപട പ്രതിവിധി മാത്രമാണ്: ബെനഡിക്ട് പതിനാറാമൻ പാപ്പാ

ബെനഡിക്ട് പതിനാറാമൻ പാപ്പാ ലുക്ക്സ്എൻബെർഗ് പാർലമെന്‍റ്  ആത്മഹത്യക്ക് സഹായിക്കാൻ ഉതകുന്ന നിയമങ്ങൾ അംഗീകരിക്കാൻ തയാറെടുത്ത അവസരത്തിൽ ദയാവധത്തെ "തിന്മ"   എന്ന് പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കൾ മനുഷ്യന്‍റെ നന്മയ്ക്കായാണ് സേവനം ചെയ്യേണ്ടതെന്നും, ഡോക്ടർമാരും കുടുംബാങ്ങങ്ങളും ഒരു നിഷ്കളങ്ക മനുഷ്യന്‍റെ ജീവനെ ഹനിക്കാൻ ശ്രമിക്കുന്നത് ഒരു തിന്മയാണെന്നും അത് ഒരിക്കലും നിയമപരമാവില്ല എന്നും പ്രസ്താവിച്ചു. ആരോഗ്യസംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ   കൗൺസിൽ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ വീണ്ടും ബെനഡിക്ട് പാപ്പാ, രോഗികളുൾടെ ജീവിതത്തെ ചുരുക്കാനുള്ള പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, മരണത്തിന്‍റെ സംസ്കാരമായി  എല്ലാ സമ്പന്ന രാഷ്ട്രങ്ങളിലും ദയാവധം  ഭയാനകമായതോതിൽ വളർന്നുവരുന്നുവെന്നും ഡോക്ടർമാരെ ഓര്‍മ്മിപ്പിച്ചു.    ദയാവധം സഹനത്തിന്‍റെ നാടകത്തിനുള്ള ഒരു കപട പ്രതിവിധി മാത്രമെന്ന് ഊന്നിപ്പറയാനും ബെനഡിക്ട് പാപ്പായ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്. 2009 ഫെബ്രുവരി 2 ആം തിയതി നയിച്ച  മധ്യാഹ്ന പ്രാർത്ഥനയിൽ,  യേശു തന്‍റെ സഹനം വഴി മനുഷ്യന്‍റെ സഹനങ്ങൾക്കു അർത്ഥം പകർന്നെന്നും മനുഷ്യഗണത്തോടുള്ള സ്നേഹത്തെ പ്രതിയാണ് സഹനം ഏറ്റെടുത്തതെന്നും ഉദ്‌ബോധിപ്പിച്ചു. എത്ര 'കരുണ' യോടെയാണെങ്കിലും ഒരാളെ മരണത്തിനുവിട്ടുകൊടുക്കുന്നതല്ല ശരിയായ ഉത്തരമെന്നും, മാനുഷീകമായി സഹനത്തെയും വേദനകളെയും അഭിമുഖീകരിക്കാൻ സ്നേഹത്തോടെ സാക്ഷ്യം വഹിക്കണമെന്നും സഹിക്കുന്ന ഒരാളുടെ കണ്ണുനീരും ദൈവം കാണാതിരിക്കുന്നില്ലെന്നും ബെനഡിക്ട് പിതാവ് പ്രബോധിപ്പിച്ചു.

ദയാവധം കപടത നിറഞ്ഞ അനുകമ്പയാണ്: ഫ്രാൻസിസ് പാപ്പാ

ദയാവധത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പായുടെ പ്രസ്താവനകൾ വളരെ ചിന്തയ്ക്കു വകനല്കുന്നതാണ്. ദയാവധത്തെ നിയമമാക്കാൻ ഉയർന്നുവരുന്ന അംഗീകാരം   കരുണയുടെ വളർച്ചയല്ല പ്രത്യുതാ രോഗികളെയും മരണപ്രായരെയും നമ്മുടെ ആരോഗ്യനിരക്കിൽ പെടാത്തവരെയും വലിച്ചെറിയുന്ന  വളരുന്ന സ്വാർത്ഥതയുടെ സംസ്കാരമാണെന്നും 2016 ജൂൺ 16 നു ഫ്രാന്‍സിസ് പാപ്പാ പ്രസ്താവിച്ചു.ശരിയായ അനുകമ്പ ആരെയും പുറന്തള്ളുന്നില്ലെന്നും, എളിമപ്പെടുത്തുന്നില്ലെന്നും,ഒഴിവാക്കുന്നില്ലെന്നും, ഒരു രോഗിയുടെ കടന്നുപോക്ക്‌ ആഘോഷിക്കുന്നില്ലെന്നും പാപ്പാ പ്രസ്താവിച്ചു. 2014 നവംബർ 17 നു ദയാവധത്തെ ദൈവത്തിനെതിരായ പാപമായി പാപ്പാ ഫ്രാൻസിസ് ഇറ്റലിയിലെ കത്തോലിക്കാ ഡോക്ടര്‍മാരുമായുള്ള സമ്മേളനത്തിൽ അറിയിച്ചു. ദയാവധത്തെ ഒരു അന്തസ്സാർന്നപ്രവർത്തിയായി കണക്കാക്കുന്നത് കപടത നിറഞ്ഞ അനുകമ്പയാണെന്നും പാപ്പാ അഭിപ്രായപ്പെട്ടു. ഇത് ജീവൻ കൊണ്ടുള്ള കളിയാണെന്നും,സ്രഷ്ടാവായ ദൈവത്തിനെതിരെയുള്ള പാപമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഒരു രോഗിയുടെ സഹനത്തിൽ, ജീവന്‍റെ പുണ്യമായ വില മറയുകയോ മങ്ങുകയോ ചെയ്യുന്നില്ലായെന്നും, വേദനയും,ബലഹീനതയും രോഗവും എല്ലാവര്‍ക്കും ഒരു പരീക്ഷണം തന്നെയെന്നും എന്നാൽ പെട്ടെന്നുള്ള നാടകീയ  തീരുമാനങ്ങളെടുക്കാനുള്ള പ്രലോഭനങ്ങളെ ഒഴിവാക്കണമെന്നും  പരിശുദ്ധ പിതാവ് അവരെ ഓർമ്മിപ്പിച്ചു.

ജീവന്‍റെ സംസ്കാരത്തെ സംരക്ഷിക്ക​ണം

വിൻസെന്‍റ് ലാംബെർട്ട് എന്ന ഫ്രഞ്ച് പൗരനെ  ഫ്രാൻസിലെ റെയിംസ് ഹോസ്പിറ്റൽ അധികൃതർ  ഭക്ഷണവും, ജലപാനവും നിർത്തലാക്കി മരണത്തിനു വിട്ടുകൊടുക്കാനുള്ള  നടപടികൾ ആരംഭിച്ചതറിഞ്ഞ  ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വീറ്റര്‍ സന്ദേശത്തില്‍ ദൈവത്തിന്‍റെ   ദാനമായ ജീവനെ അതിന്‍റെ ആരംഭം മുതൽ  സ്വാഭാവീകമായി അവസാനിക്കും വരെ കാത്തുസൂക്ഷിക്ക​ണമെന്നും കഴിഞ്ഞ മെയ് മാസം പാപ്പാ ആവശ്യപ്പെട്ടിരുന്നു. മാരകമായ രോഗത്തിൽ അകപ്പെട്ടിട്ടുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഒരു കാറപകടത്തെ തുടർന്ന് 2008 മുതൽ ആശുപത്രിയിലായി ഇരു കൈകാലുകളും തളര്‍ന്ന് പോയ 42കാരനായ  വിൻസെന്‍റ്  ലാംബെർട്ടിന്‍റെ  ബോധം  മാനസികമായി നിഷ്‌ക്രിയമാണെന്നും, അല്ലായെന്നുമുള്ള രണ്ടഭിപ്രായമാണ് ഡോക്ടർമാരുടെ ഇടയിൽ നിലനില്‍ക്കുന്നത്. എന്നാൽ സ്വതന്ത്രമായി ശ്വസിക്കുകയും,ഹൃദയം   സ്വഭാവേന മിടിക്കുകയും ചെയ്യുന്ന അദ്ദേഹം തീർച്ചയായും മരിച്ചുകൊണ്ടിരിക്കുകയല്ലായെന്നും വിൻസെന്‍റിന് ഭക്ഷണം നൽകാതെയും ജലം നൽകാതെയും മരണത്തിനു വിട്ടുകൊടുക്കാനുള്ള    ആശുപത്രി അധികൃതരുടെ  തീരുമാനത്തെ  എതിർക്കുകയാണ്  മാതാപിതാക്കൾ. ലാംബെർട്ടിന് ഭക്ഷണവും   ജലപാനവും നൽകാൻ വേണ്ടിയുള്ള  മാതാപിതാക്കളുടെ  ആവശ്യത്തെ ഫ്രഞ്ച് ഗവർണ്‍മെന്‍റ് കൗൺസിലും പിന്നീട് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതിയും തള്ളിക്കളഞ്ഞിരുന്നെങ്കിലും  മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ കമ്മിറ്റി ലാംബെർട്ടിന് ഭക്ഷണവും ജലവും നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു മുമ്പും പാപ്പാ കഴിഞ്ഞവർഷം  ലാംബെർട്ടിനു വേണ്ടി പ്രാര്‍ത്ഥന അഭ്യർത്ഥിച്ചിട്ടുണ്ട്. 2018  ഏപ്രിൽ 15നുള്ള സ്വർഗീയ രാജ്ഞി പ്രാർത്ഥനയിൽ   ഇംഗ്ലണ്ടിലെ അൽഫി ഈവൻസുമായി ബന്ധപ്പെടുത്തിയാണ്  പാപ്പാ പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടത്. 3 ദിവസങ്ങൾക്കു ശേഷം പൊതുകൂടിക്കാഴ്ചയിലും ദൈവമാണ് ജീവന്‍റെ അധിപനെന്നും നമ്മുടെ കടമയെന്നും ജീവനെ സംരക്ഷിക്കാനായി കഴിവുള്ളതെല്ലാം  ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

ജീവന്‍റെ അവകാശം: ദൈവത്തിന് മാത്രം

റെയിംസിലെ ആര്‍ച്ച്ബിഷപ്പ് മോൺ. എറിക് ദേ മൗലിൻസ് ബോയ്‌ഫോർട് ഫ്രാൻസ് രാജ്യം ദയാവധത്തിന്‍റെ വഴി തിരഞ്ഞെടുക്കരുതെന്നും ദയാവധത്തിലൂടെ  മനുഷ്യസമൂഹത്തിന്‍റെ  അഭിമാനം നഷ്ടമാകുകയാണെന്നും ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടാംലോകമഹായുദ്ധത്തിൽ തടവിലാക്കപ്പെടുകയും, പിന്നീട് വധിക്കപ്പെടുകയും ചെയ്ത ജർമ്മൻ ദൈവശാസ്ത്രജ്ഞനായ Dietrich ബോൺഹോഎഫേർട് ജീവിതത്തിന്‍റെ അന്ത്യം നിര്‍ണ്ണയിക്കുവാനുള്ള അവകാശമുള്ളത് ദൈവത്തിനു മാത്രമാണ്. കാരണം ഓരോ ജീവിതത്തെയും അതിന്‍റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത് ദൈവമാണെന്നും ദൈവത്തിനു മാത്രമേ ജീവനെ ന്യായീകരിക്കാനും, നിരസിക്കാനും സാധിക്കുകയുള്ളുവെന്നും പീഡനങ്ങളുടെ തടവറയിലായിരുന്നപ്പോൾ എഴുതി.

അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് നമ്മെ അറിയുകയും, സ്നേഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിനു മാത്രമേ നമ്മുടെ ജീവന്‍റെ മേൽ അവകാശമുള്ളൂ. മനുഷ്യന് നൽകപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ ഛായയാണ്. ദൈവത്തിന്‍റെ കൃപയില്ലാതെ ജീവിതത്തിൽ അസ്തിത്വം പോലും ഇല്ലാത്ത മനുഷ്യന്, മനുഷ്യശരീരത്തിൽ ദൈവം നിവേശിപ്പിച്ച ജീവനെ അവസാനിപ്പിക്കാൻ യാതൊരു അധികാരമോ, അവകാശമോ ഇല്ല. "കഷ്ടതയുടെ അപ്പവും ക്ലേശത്തിന്‍റെ ജലവും തന്നാലും നിന്‍റെ ഗുരുവിന്‍റെ നയനങ്ങൾ നിന്നിൽ നിന്നും മറഞ്ഞിരിക്കുകയില്ല" എന്ന് പ്രവാചകനിലൂടെ നമ്മോടു അരുളിച്ചെയ്ത ദൈവത്തിന്‍റെ പരിപാലനയ്ക്കും, തീരുമാനങ്ങള്‍ക്കും നമ്മുടെ ജീവനെ സമർപ്പിക്കുകയും സ്വന്തം ജീവനെ നിലനിർത്താൻ സ്വയം തീരുമാനമെടുക്കാൻ കഴിയാതെ നിസ്സഹായരായി കഴിയുന്ന സഹോദരങ്ങളെ ദൈവത്തിന്‍റെ  കരുണയുള്ള കണ്ണുകൾ കൊണ്ട് കാണുവാനും, ശുശ്രൂഷിക്കാനും പരിശ്രമിക്കാം.

07 June 2019, 14:42