Cerca

Vatican News
For religious freedom in UN - Archbishop Bernadito Auza മതസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാന നിലപാട്... ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തൊ ഔസാ 

മതസംവിധാനങ്ങളെ കരുവാക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍

സമൂഹത്തില്‍ പകയും വെറുപ്പും പരത്താന്‍ മതസംവിധാനങ്ങളെ കരുവാക്കുന്ന രീതി തടയണം. യുഎന്നില്‍ വത്തിക്കാന്‍റെ അഭിപ്രായ പ്രകടനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

യുഎന്‍ ആലോചന സമ്മേളനം
ജൂണ്‍ 11- Ɔο തിയതി ചൊവ്വാഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു സമ്മേളിച്ച മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കുന്നതു സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന വിളിച്ചുകൂട്ടിയ രാജ്യാന്തര ആലോചന സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള യുഎന്നിന്‍റെ ആലോചന പദ്ധതികളെ അദ്ദേഹം ആമുഖമായി അഭിനന്ദിച്ചു.

മതസ്വാതന്ത്ര്യം മനുഷ്യാവകാശം
1 75 വര്‍ഷങ്ങള്‍ പിന്നിട്ട ആഗോള മനുഷ്യാവകാശ നയപ്രഖ്യാപനത്തിന്‍റെയും (Universal Declaration of Human Rights) ഭാഗമാണ് ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്നുള്ളത്. സമൂഹമായിട്ടോ വ്യക്തിപരമായിട്ടോ ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും, മനസ്സാക്ഷിയും, മതസ്വാതന്ത്ര്യവും ഈ അടിസ്ഥാന അവകാശത്തിന്‍റെ ഭാഗവുമാണ്.

പൗരാവകാശത്തിന്‍റെ ഉടമ്പടിയും മതസ്വാതന്ത്ര്യവും
2 രാജ്യാന്തര രാഷ്ട്രീയവും പൗരാവകാശപരവുമായ ഉടമ്പടിപ്രകാരം മതത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ യാതൊരുവക സമ്മര്‍ദ്ദത്തിനോ പ്രേരണയ്ക്കോ വിധേയമാകാന്‍ പാടില്ലാത്തതാണ്.

വ്യാപകമായ അസഹിഷ്ണുത
3 അടുത്തിടെ മതസ്വാതന്ത്ര്യത്തിനും മതപരവുമായ ആരാധനയ്ക്കും എതിരായി ഉയര്‍ന്നുവന്ന അതിക്രമങ്ങള്‍, അസഹിഷ്ണുത, വിവേചനം, പീഡനം, അതിനോട് അനുബന്ധിച്ചുള്ള കൂട്ടക്കൊല എന്നിവ ആഗോളതലത്തില്‍ നിലനില്ക്കുന്നത് ഏറെ ഖേദത്തോടെ ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, പ്രാര്‍ത്ഥിക്കാന്‍ ആരാധനാലയത്തില്‍ സമ്മേളിക്കുന്നവര്‍ക്കു നേരെ ഉയര്‍ന്ന വളരെ അടുത്തകാലത്തെ ആക്രമണങ്ങള്‍ ഏറെ ക്രൂരമായിരുന്നു. സമാധാന സ്രോതസ്സും, ആശാകേന്ദ്രങ്ങളുമായ മതസ്ഥാപനങ്ങളില്‍ ‍അഴിച്ചുവിട്ട അതിക്രമങ്ങള്‍ ഏറെ നാശം വിതച്ചു.

ഭീകരത അടിസ്ഥാന നിയമലംഘനം
നിര്‍ദ്ദോഷികളുടെ ജീവനഷ്ടവും കൂട്ടക്കുരുതിയും വരുത്തിക്കൂട്ടുന്നത് എല്ലാ അടിസ്ഥാന നിയമങ്ങളുടെയും ലംഘനമാണ്. അമേരിക്കയിലെ പെന്‍സില്‍വേനിയ പ്രവിശ്യയിലുള്ള പീറ്റ്സ്ബര്‍ഗ്, കാലിഫോര്‍ണിയയിലെ പോവെ എന്നിവിടങ്ങളിലുണ്ടായ സിനഗോഗുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മോസ്കുകള്‍ക്കുനേരെ നടത്തപ്പെട്ട ആക്രമണങ്ങള്‍, ശ്രീലങ്കയില്‍ മൂന്നു ദേവാലയങ്ങള്‍ക്കു വരുത്തിയ നാശനഷ്ടങ്ങള്‍, പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കീനോ ഫോസോയില്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍  വേദനാജനകങ്ങളാണ്.

അന്തര്‍ദേശീയ ഉടമ്പടികളുടെ അവഗണന
ആരാധനാലയങ്ങളുടെ നിയമപരമായ സംരക്ഷണം മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെയും അവകാശത്തിന്‍റെയും സംരക്ഷണമാണ്. ആരാധനാലയങ്ങള്‍ക്ക് എതിരായ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനവും, അന്തര്‍ദേശീയ ഉടമ്പടികളുടെ അവഗണനയുമാണ്.
 

12 June 2019, 20:30