Cerca

Vatican News
Alabaster stained glass work - the Paraclete - above the Chair of Peter in the Sanctuar of St. Peter's Basilica, vatican വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ പ്രധാന അള്‍ത്താരയുടെ മുകളിലെ അലബാസ്റ്റര്‍ സ്റ്റെയിന്‍ ഗ്ലാസ് - ഇന്നും സഭയെ തെളിയിക്കുന്ന പരിശുദ്ധാത്മാവ്  (AFP or licensors)

മനുഷ്യഹൃദയങ്ങളില്‍ വാസംകൊള്ളുന്ന ദൈവാരൂപി

പെന്തക്കൂസ്ത മഹോത്സവത്തിന്‍റെ സുവിശേഷവിചിന്തനം - വിശുദ്ധ യോഹന്നാന്‍ 14: 15-16, 23-26.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പെന്തക്കൂസ്തയുടെ വിചിന്തനം - ശബ്ദരേഖ


നമ്മെ ദൈവപുത്രരാക്കുന്ന ദൈവാത്മാവ്

പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം  പെന്തക്കൂസ്താനാളില്‍ ധ്യാനിക്കുന്നത്! ക്രിസ്തുവിന്‍റെ ശിഷ്യരിലേയ്ക്ക് പരിശുദ്ധാത്മാവ് സവിശേഷമായി ആഗതനായതിന്‍റെ ഓര്‍മ്മയാണ് പെന്തക്കൂസ്ത! ദൈവാത്മാവ് ക്രിസ്തുവില്‍ വന്നു വസിച്ചപ്പോഴാണ് അവിടുന്നു ദൈവപുത്രനാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇതുതന്നെയാണ് ക്രിസ്തുവിന്‍റെ ശിഷ്യരിലും സംഭവിക്കുന്നത്. നമ്മില്‍ ദൈവാത്മാവു വന്നു വസിക്കുമ്പോള്‍ നാം ദൈവപുത്രരായിത്തീരുന്നു. നാം ദൈവത്തിന്‍റെ മകനും മകളുമായി മാറുന്നു. മാത്രമല്ല, ഓരോ വ്യക്തിയും ദൈവത്തിന്‍റെ ഭവനമായും ആലയമായും പരിണമിക്കുന്നു. അതിനാല്‍ എങ്ങനെ ഒരുവ്യക്തിക്ക് ദൈവത്തിന്‍റെ ആലയമായി മാറാം, എന്നതാണ് ഇന്നത്തെ വചനത്തില്‍ ഒളിഞ്ഞുകിടക്കുന്ന സന്ദേശം.

പരസ്നേഹത്തിന്‍റെ കല്പന 
“നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പന പാലിക്കും.”  ഇന്നത്തെ വചനഭാഗത്ത് ഈശോ പിന്നെയും പറയുന്നു, ‘തന്നെ സ്നേഹിക്കുന്നവന്‍ തന്‍റെ വചനം പാലിക്കും’. ‘വചനം’ ഈശോയുടെ കല്പന തന്നെയാണ്. എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ കല്പന പാലിക്കും (യോഹ.14, 23). എന്താണ് ഈ കല്പന? “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍” (യോഹ. 13, 34). ഇതാണ് കല്പന. അതായത്, ക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍, അവിടുത്തെ കല്പന പാലിക്കുന്നു. പരസ്നേഹത്തിന്‍റെ കല്പന പാലിക്കുന്നു. അങ്ങനെ അവിടുത്തെ കല്പന പാലിക്കുന്നവരില്‍ എന്തു സംഭവിക്കും? അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും, അവന്‍റെ പക്കല്‍ വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും”. ക്രിസ്തു സ്നേഹിക്കുന്നവന്‍റെ, അല്ലെങ്കില്‍ ക്രിസ്തുവിന്‍റെ കല്പന പാലിക്കുന്നവന്‍റെ അടുത്ത് ദൈവം വന്ന് വാസമുറപ്പിക്കുന്നു. ദൈവം വസിക്കുന്ന ഭവനം അവിടുത്തെ ആലയമായി മാറുന്നു. മനുഷ്യന്‍ അവിടുത്തെ ദേവാലയമായി മാറുന്നു.

പരിശുദ്ധാത്മാവിന്‍ ആലയങ്ങള്‍ നിങ്ങള്‍!
ഒരു വ്യക്തി ദൈവത്തിന്‍റെ ആലയമായി മാറുന്ന പ്രക്രിയയാണ് ഈശോ വചനത്തിലൂടെ ഇന്നു നമ്മെ ഓര്‍മ്മിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നത്. ഈശോയെ സ്നേഹിക്കുക, അവിടുത്തെ കല്പന പാലിക്കുക, എന്നു പറയുന്നതാണ് പരസ്നേഹത്തിന്‍റെ കല്പന. സഹോദരനെ സ്നേഹിക്കാന്‍, എളിയവരെ സ്നേഹിക്കാന്‍, പരിത്യക്തരെയും പരദേശികളെയും സ്നേഹിക്കുവാനുള്ള കല്പന പാലിക്കുമ്പോള്‍ അവിടുന്ന് നമ്മില്‍ വന്നു വാസമുറപ്പിക്കും, നാം ദൈവത്തിന്‍റെ ഭവനങ്ങളായി മാറുന്നു, ദേവാലയങ്ങളായി മാറുന്നു.

സ്വയാര്‍പ്പണത്തിന്‍റെ സമുന്നത സ്ഥാനം
ജരൂസലേം ദേവാലയം ഇരിക്കുന്ന സ്ഥലം “മോറിയാ” മലയെന്നാണ് ഹെബ്രായ സങ്കല്പം. പണ്ട് ജനതകളുടെ പിതാവായ അബ്രാഹം തന്‍റെ ഏകപുത്രനെ ബലിയര്‍പ്പിച്ച സ്ഥാനം! (ഉല്പത്തി 22, 1-19). അത് യഹൂദര്‍ എന്നും പൂജ്യമായി കരുതിപ്പോന്നു. എന്നാല്‍ ഇന്ന് ജരൂസലേമില്‍, അവിടെ മുസ്ലീങ്ങളുടെ മോസ്ക്ക് ഇരിക്കുന്ന സ്ഥലമാണ്... The Temple Mount! അല്ലെങ്കില്‍ Golden Dome എന്നെല്ലാം പറയുന്നത്. ഈ പുണ്യസ്ഥാനത്തെക്കുറിച്ച് ഇസ്രായേലില്‍ റബിമാര്‍ പറഞ്ഞിരുന്ന കഥ ഹെബ്രായ ഭാഷയിലുള്ള വിശുദ്ധഗ്രന്ഥത്തിന്‍റെ വ്യാഖ്യാനമായ ‘മിദ്രാഷി’ല്‍ (Midrash) രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ജരൂസലേം ദേവാലയത്തിന്‍റെ സ്ഥാനമായ മോറിയാ മല ദൈവത്തിന്‍റെ വിശുദ്ധമായ വാസസ്ഥാനമായി മാറിയതിന്‍റെ ഒരു കഥയുണ്ട്.

സഹോദര സ്നേഹത്തിന്‍റെ കഥ
ഇന്നു ജരൂസലേം ദേവാലയം ഇരിക്കുന്നിടം പണ്ട് കൃഷിയിടമായിരുന്നത്രേ. രണ്ടു സഹോദരന്മാര്‍ കൃഷിചെയ്തു. എന്നിട്ടോ... അവരുടെ പിതാവ് മരിക്കാറായപ്പോള്‍ ഈ സ്ഥലം മക്കള്‍ക്കു രണ്ടു പേര്‍ക്കുമായിട്ട് ഭാഗിച്ചുകൊടുത്തു. അതില്‍ ഒരാള്‍ കല്യാണം കഴിച്ച്, കുറെ മക്കളുമായി അങ്ങനെ പാര്‍ക്കുകയാണ്. രണ്ടാമത്തവനോ, ഏകസ്ഥനായി വിവാഹം കഴിക്കാതെ ജീവിക്കുന്നു. ദാ..! വിളവെടുപ്പു കാലമായി. സമൃദ്ധമായ വിളവ്!! ഇതു കണ്ട്, ഏകസ്ഥന്‍ വിചാരിച്ചു. ഇത്രയും വലിയ വിളവു ദൈവം നല്കി അനുഗ്രഹിക്കുന്നതിന്‍റെ കാരണം. തന്‍റെ സഹോദരന് ഭാര്യയും മക്കളും കുട്ടികളും മറ്റു പ്രാരാബ്ധങ്ങളുമുണ്ട്. അതുകൊണ്ട് അവരെയെല്ലാം പോറ്റാന്‍ വേണ്ടിയാണ് ദൈവം ഈ വിളസമൃദ്ധി പ്രത്യേകമായി നല്കിയിരിക്കുന്നത്. അയാള്‍ എന്തുചെയ്തെന്നോ?! കൊയ്തെടുത്ത ധ്യാന്യശേഖരത്തില്‍ കുറെ എടുത്ത് രാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത്... രാത്രിക്കു രാത്രി അത് തന്‍റെ സഹോദരന്‍റെ ധാന്യക്കളത്തില്‍ കൊണ്ടുപോയിട്ടു!

അപരനെക്കുറിച്ചുള്ള ചിന്ത
അപ്പോള്‍ മറ്റേ സഹോദരന്‍ ഇങ്ങനെ ചിന്തിച്ചു. ഞാന്‍ പ്രായമായി കഴിയുമ്പോള്‍ തന്നെ നോക്കാന്‍ മക്കളുണ്ട്. എന്നാല്‍ തന്‍റെ സഹോദരനെ നോക്കാന്‍ ആരുമില്ല. അവന്‍ ഏകനാണ്. അവനെ പിന്‍തുണയ്ക്കാനും സഹായിക്കുവാനും വേണ്ടിക്കൂടിയായിരിക്കണം ഇക്കുറി ഇത്രയേറെ സമൃദ്ധമായ വിളവു ദൈവം തന്നിരിക്കുന്നത്. അതിനാല്‍ വിളവിന്‍റെ കുറെയെങ്കിലും സഹോദരനു കൊടുക്കണം എന്നു വിചാരിച്ചു. രാത്രിക്കു രാത്രി പറ്റുന്നത്ര ചുമന്ന് ഏകസ്ഥനായ സഹോദരന്‍റെ കളത്തില്‍ കൊണ്ടുചെന്നിടുന്നു. രണ്ടുപേരും രാവിലെ നോക്കുമ്പോള്‍ വിളവിന്‍റെ അളവില്‍ യാതൊരു കുറവുമില്ല. പിറ്റെദിവസവും ഇത് ആവര്‍ത്തിക്കപ്പെടുന്നു. രണ്ടാം ദിവസവും വിളയില്‍ കുറവൊന്നും കാണുന്നില്ല. മൂന്നാം ദിവസവും ഇതുതന്നെ സംഭവിക്കുന്നു. എന്നിട്ടും വിളയിലോ ധ്യാനശേഖരത്തിലോ കുറവൊന്നു കാണുന്നില്ല. പങ്കുവയ്ക്കലിലൂടെയും പരസ്നേഹത്തിലൂടെയും പ്രകടമായ ഒരു വലിയ സമ്പന്നത!

സ്നേഹമുള്ളിടത്ത് ദൈവമുണ്ട്
അങ്ങനെ ദിവസങ്ങള്‍ നീണ്ട ഈ പരസഹായത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും പ്രക്രിയയില്‍, മറ്റൊരു രാത്രിയില്‍ ധാന്യം ചുമന്നു കൊണ്ടുപോകവെ, രണ്ടു സഹോദരങ്ങളും വഴിയില്‍വച്ച് കണ്ടുമുട്ടുവാന്‍ ഇടയായി. ഒരുവന്‍ മറ്റൊരുവന്‍റെ കളത്തിലേയ്ക്ക് ധാന്യം ധൃതിയില്‍ ചുമന്നുകൊണ്ടിടാനുള്ള പരാക്രമത്തില്‍ അവര്‍ പരസ്പരം കണ്ടുമുട്ടി, കൂട്ടിമുട്ടി, താഴെ വീണു. ‘മിദ്രാഷി’ലെ (Midrash) ഹെബ്രായ പാരമ്പര്യം പറയുന്നത്. എവിടെ ആ സഹോദരങ്ങള്‍ കണ്ടുമുട്ടി വീണുവോ, ആ സ്ഥാനത്ത് ദൈവം തന്‍റെ വാസസ്ഥാനം ഉറപ്പിക്കാന്‍ തീരുമാനിച്ചു. അതാണ് മൂറിയ... അതാണ് പിന്നീട് ജരൂസലേം ദേവാലയം പണിതീര്‍ന്ന സ്ഥലം. അതാണ് ദൈവത്തിന്‍റെ ആലയമായി തീര്‍ന്ന പുണ്യസ്ഥാനം! സഹോദരങ്ങള്‍ പരസ്പരം പങ്കുവച്ചു ജീവിക്കുമ്പോള്‍, കൊടുക്കുമ്പോള്‍, സ്നേഹത്തില്‍ ജീവിക്കുമ്പോള്‍, രമ്യതയില്‍ ജീവിക്കുമ്പോള്‍ ദൈവം അവിടെ വന്നു വസിക്കുന്നു. “പരസ്പരം സ്നേഹത്തില്‍ ജീവിക്കുന്നവരുടെ മദ്ധ്യേ ഞാനും എന്‍റെ പിതാവും വന്ന് വാസമുറപ്പിക്കുന്നു.” അങ്ങനെ അവള്‍, അവന്‍ ദൈവത്തിന്‍റെ വാസസ്ഥലം അല്ലെങ്കില്‍ ദേവാലയമായി മാറുന്നു. അവിടെ സ്നേഹവും സമാധാനവും സമൃദ്ധമായി വളരുന്നു. 

കൂട്ടായ്മയില്‍ വസിക്കുന്ന ദൈവം
സാഹോദര്യത്തിന് വിപുലമായൊരു മാനമുണ്ട്, the Dimension of Communion. ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ ഒരുമിച്ചു വസിക്കുമ്പോള്‍, പ്രത്യേകിച്ച് കുടുംബങ്ങളിലെ കൂട്ടായ്മയില്‍ വ്യക്തികള്‍ - മാതാപിതാക്കളും മക്കളും, സഹോദരങ്ങളും കാരണവന്മരും ഒരുമിച്ചു താമസിക്കുമ്പോള്‍ കൂടെയുള്ളവരോടുള്ള സ്നേഹം, അവരോടുള്ള കരുതല്‍, പരിഗണന..., പിന്നെ അവരോടു പ്രകടമാക്കുന്ന കാരുണ്യം...! സ്നേഹത്തിന്‍റെ ചുറ്റുപാടില്‍ അവിടെ പ്രാവര്‍ത്തികമാകുന്നത് ക്രിസ്തുവിന്‍റെ കല്പനയാണ്. കുടുംബങ്ങള്‍ ദൈവത്തിന്‍റെ ആലയമായി മാറുന്നു. കുടുംബം ദേവാലയമായി മാറുന്നു! ഇതാണ് ‘ഗാര്‍ഹികസഭ’ എന്നൊക്കെ സഭാപഠനങ്ങളില്‍ പറയുന്നത്. കുടുംബം ഒരു സഭയാണ്, അത് ദൈവം വസിക്കുന്നിടമാണ്, ദേവാലയമാണ്! കൂടുമ്പോള്‍ ഇമ്പമുള്ളിടമാണ് കുടുംബം.

സ്നേഹത്തിന്‍റെ ആനന്ദം!
2016 മാര്‍ച്ചു മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച Amoris Laetitia, The Joy of Love ! “സ്നേഹത്തിന്‍റെ സന്തോഷ”മെന്ന അപ്പസ്തോലിക പഠനം കുടുംബങ്ങളെക്കുറിച്ചുള്ളതാണ്! അതിലെ അവസാനത്തെ അദ്ധ്യായമാണ്, The spirituality of families, കുടുംബങ്ങളുടെ ആത്മീയത. കുടുംബ ജീവിതത്തില്‍ കാണുന്ന പരസ്നേഹവും, പങ്കുവയ്ക്കലും ആനന്ദവും, കൊടുക്കലും, വാങ്ങലും, ക്ഷമയും പൊറുതിയും എല്ലാമാണ് അതിന്‍റെ ആത്മീയത! ഇത് ഈശോയുടെ കല്പനയാണ്. ‘നിങ്ങള്‍ പര്സ്പരം സനേഹിക്കുക,’ എന്ന അവിടുത്തെ കല്പനയുടെ പ്രകടമായ രൂപഭാവമാണ് കുടുംബം.  അങ്ങനെ കല്പനകള്‍ അനുസരിച്ചു നേരായ വഴിയില്‍ ജീവിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? പിതാവും പരിശുദ്ധാത്മാവും വന്നു നമ്മില്‍ വസിക്കുന്നു. ദൈവം കൂട്ടായ്മയില്‍ വന്നുവാഴുന്നു. വ്യക്തിയും, വ്യക്തിബന്ധങ്ങളും ദൈവത്തിന്‍റെ ആലയമായി മാറുന്നു. അങ്ങനെ കുടുംബം ദേവാലയമായി മാറുന്നു. സമൂഹം സന്തോഷവും സമാധാനവുമുള്ളതായി തീരുന്നു. അപ്പോള്‍ ഭൂമി ദൈവം തന്ന പൊതുഭവനമായി മാറുന്നു!

പ്രാര്‍ത്ഥിക്കാം
ദൈവാരൂപിയേ, അങ്ങു ഞങ്ങളില്‍ വന്നു വസിക്കേണമേ. അങ്ങേ കല്പനകള്‍ അനുസരിക്കുന്നവരാക്കി ഞങ്ങളെ മാറ്റേണമേ! അങ്ങനെ ഞങ്ങള്‍ ഓരോരുത്തരും, ഞങ്ങളുടെ കുടുംബങ്ങളും അങ്ങ് വസിക്കുന്ന ഇടങ്ങളാക്കി, അങ്ങേ ദേവാലയങ്ങളാക്കി തീര്‍ക്കേണമേ! ഈ ലോകത്ത് സ്നേഹവും സമാധാനവും വളര്‍ത്തേണമേ!
 

08 June 2019, 13:36