തിരയുക

Vatican News
പഞ്ചക്ഷതധാരിണി ഏദ്വിജെ കര്‍ബോണി (Edvige Carboni) 1880-1952 പഞ്ചക്ഷതധാരിണി ഏദ്വിജെ കര്‍ബോണി (Edvige Carboni) 1880-1952 

ധന്യ ഏദ്വിജെ കര്‍ബോണി!

ധന്യ ഏദ്വിജെ കര്‍ബോണി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പഞ്ചക്ഷത ധാരിണിയായ ധന്യ ഏദ്വിജെ കര്‍ബോണി (EDVIGE CARBONI) ശനിയാഴ്ച (15/06/2019) വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടും.

ഇറ്റലിയിലെ സര്‍ദേഞ്ഞ ദ്വീപിലുള്ള പോത്സൊമജോരെയിലെ ഓട്ടപ്പന്തയമൈതാനിയില്‍ അന്നു രാവിലെ പ്രാദേശിക സമയം 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചുവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മം  ആരംഭിക്കും.

അത്മായവിശ്വാസിയായിരുന്ന ധന്യ ഏദ്വിജെ കര്‍ബോണി 1880 മെയ് 2-ന് പോത്സൊമജോരെയിലാണ് ജനിച്ചത്. ജൊവാന്നി മരിയ ബാത്തിസ്തയും മരിയ ദൊമേനിക്ക പീന്നയും ആയിരുന്നു മാതാപിതാക്കള്‍. സമര്‍പ്പിതജീവിതത്തോടു പ്രതിപത്തിയുണ്ടായിരുന്നെങ്കിലും നാലുവര്‍ഷത്തെ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം പഠനം തുടരാന്‍ കഴിയാതിരുന്ന അവള്‍ക്ക് രോഗിണിയായിരുന്ന അമ്മയെ ശുശ്രൂഷിച്ച് വീട്ടില്‍ കഴിയേണ്ടി വന്നു. എന്നാല്‍ ആ ജീവിതവും വളരെ എളിമയോടും പരാതികളില്ലാതെയും സന്തോഷത്തോടെ പ്രാര്‍ത്ഥനാചൈതന്യത്തില്‍ ആണ് ഏദ്വിജെ നയിച്ചിരുന്നത്.

1911 ജൂലൈ 14-ന് അവളില്‍ ക്രിസ്തുവിന്‍റെ പീഢാസഹനങ്ങളുടെ മുറിവുകള്‍ കാണപ്പെട്ടു. ഈ മുറിവുകള്‍ അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും വസ്ത്രത്തില്‍ രക്തക്കറ പുരണ്ടതോടെ ആ ശ്രമം വിഫലമായി. ഇതു പരസ്യമായതോടെ സഭാപരമായ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ഏഡ്വിജെ വിധേയയാകേണ്ടി വന്നു. അങ്ങനെ കുടുംബസമേതം റോമിലേക്കു താമസം മാറ്റേണ്ടി വന്ന അവള്‍ സഭാധികാരികളോടുള്ള തികഞ്ഞ അനുസരണയോടെ ഈ അന്വേഷണത്തോടു സഹകരിച്ചു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് ഏദ്വിജെ നിശബ്ദമായി ഉപവപ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെടുകയും പ്രാ‍ര്‍ത്ഥനാജീവിതം നയിക്കുകയും ചെയ്തു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവളുടെ നെ‍ഞ്ചില്‍ ഒരു കുരിശടയാളം കാണപ്പെട്ടിരുന്നുവെന്നും അതു ജീവിതകാലം മുഴുവന്‍ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

1952 ഫെബ്രുവരി 17-ന്  ആകസ്മികമായിട്ടായിരുന്നു ധന്യ ഏദ്വിജെ കര്‍ബോണിയുടെ  മരണം.

 

14 June 2019, 12:53