Vatican News
Amazonia Northern Brazil - Jaraua River fishing വടക്കന്‍ ബ്രസീലിലെ ആമസോണിയന്‍ പ്രവിശ്യ - ജരാവുവാ നദിയിലെ മീന്‍പിടുത്തം  (AFP or licensors)

സിനഡിന് ഒരുക്കമായി പ്രവര്‍ത്തനരേഖ പ്രകാശനംചെയ്തു

തദ്ദേശ ജനതകളെ സംബന്ധിച്ച (Amazonian indigenous people) മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ അടിസ്ഥാന പ്രവര്‍ത്തനരേഖയുടെ (Instrumentum Laboris) ചര്‍ച്ചാവിഷയങ്ങള്‍ - ഒരവലോകനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജൂണ്‍ 17- Ɔο തിയതി തിങ്കളാഴ്ച
മെത്രാന്മാരുടെ ആസന്നമാകുന്ന സിനഡുസമ്മേളത്തിനുള്ള പ്രവര്‍ത്തനരേഖ (Instrumentum Laboris) സിനഡിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടേറിയേറ്റ് റോമില്‍ പ്രകാശനംചെയ്തു. തദ്ദേശ ജനതകളുടെ നിലനില്പിനും അവകാശങ്ങളുടെ സംരക്ഷണയ്ക്കുമായി സഭ അവരുടെ പക്ഷംചേരുന്ന, വിശിഷ്യാ പാവങ്ങളായ ജനതകളുടെ പക്ഷംചേരുന്ന പ്രമാണരേഖയാണിത്. 2019 ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളില്‍ വത്തിക്കാനില്‍ അരങ്ങേറാന്‍ പോകുന്ന സിനഡിന് ഒരുക്കമായിട്ടാണ് ഈ പ്രവര്‍ത്തനരേഖ ലഭ്യമാക്കിയിരിക്കുന്നതെന്ന് സിനഡുസമ്മേളനത്തിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി ജൂണ്‍ 17-ന് തിങ്കളാഴ്ച റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍
2018 ജനുവരിയില്‍ പാപ്പാ ഫ്രാന്‍സിസ് പെറുവിലെ പുവര്‍ത്തോ മള്‍ജനാദോയിലെ തദ്ദേശ ജനതയുടെ പക്കലേയ്ക്കു നടത്തിയ സന്ദര്‍ശനവും, ആമസോണ്‍ പ്രവിശ്യയിലാകമാനം തുടര്‍ന്നു നടത്തിയ ആലോചന സമ്മേളനങ്ങളുടെയും, കഴിഞ്ഞ മെയ്മാസത്തില്‍ വത്തിക്കാനില്‍ നടത്തിയ സിനഡിന് ഒരുക്കമായമുള്ള സമ്മേളനത്തിലും തുടക്കമിട്ട പ്രക്രിയയുടെ മുന്നോട്ടുള്ള നീക്കങ്ങളുടെ രൂപരേഖയാണ് ഈ പ്രവര്‍ത്തന പത്രികയെന്ന് (Instrumentum Laboris) കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി. ദൈവത്തെ ശ്രവിക്കാനും അതിലൂടെ പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാനും, അവസാനം ദൈവം തരുന്ന പ്രചോദനങ്ങള്‍ ഉള്‍ക്കൊള്ളുവാനുമുള്ള ശ്രമമാണിത്. തെക്കെ അമേരിക്കയുടെ ഏറെ പ്രധാനപ്പെട്ടതും തദ്ദേശീയ ജനതകള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ഇടമാണ് ആമസോണ്‍. ബ്രസീല്‍, ബൊളീവിയ, പെറു, എക്വദോര്‍, കൊളംമ്പിയ, വെനസ്വേലം, ഗുയാന, സൂരിനാം, ഫ്രഞ്ചുഗുനയാ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും മഴക്കാടുകളും, പ്രകൃതിയും, ജീവജാലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് “ആമോസോണിയ” പ്രവിശ്യ.  അവിടെയുള്ള തദ്ദേശീയ ജനതകള്‍ക്കൊപ്പം, ലോകമെമ്പാടുമുള്ള തദ്ദേശീയ ജനതകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും, സമഗ്രതയും വിലയിരുത്തുകയും പരിശോധിക്കുകയും, അവരുടെ ജീവിതം ഭദ്രമാക്കാനുമുള്ള സഭയുടെ സാമൂഹ്യപ്രതിബദ്ധതയുമാണ് സിനഡുസമ്മേളനത്തിന് ഒരുക്കമായുള്ള ഈ പ്രവര്‍ത്തനരേഖയില്‍ പ്രതിഫലിക്കുന്നതെന്ന്  കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വിശദീകരിച്ചു.

ആമസോണിന്‍റെ ശബ്ദം - ആദ്യഭാഗം
സിനഡിനുള്ള പ്രവര്‍ത്തനരേഖയുടെ ആദ്യഭാഗമാണിത്. ആഗോളതലത്തില്‍ കാലാവസ്ഥ സുസ്ഥിതിക്കും പരിസ്ഥിതി സന്തുലനത്തിനും കാരണമാകുന്ന ആമോസോണ്‍ പ്രവിശ്യയുടെ നിജസ്ഥിതിയും അവിടത്തെ ജലസ്രോതസ്സുകളായ നദികളുടെയും, ജലത്തിന്‍റെയും മറ്റുജീവജാലങ്ങളുടെയും അവസ്ഥയെയുംക്കുറിച്ച് ഈ ഭാഗം പ്രതിപാദിക്കുന്നു. ഒപ്പം അവിടത്തെ ജനതയുടെ ഉപജീവനം, സംസ്കാരം ആത്മീയത എന്നിവയും ഇവിടെ വിശദീകരിക്കുന്നുണ്ട്. ഇന്ന് ഭീതിദാവസ്ഥയില്‍ എത്തിനില്ക്കുന്ന ആമസോണിലെ ജനതയുടെ ജീവിതം, അവിടത്തെ പരിസ്ഥിതിവിനാശം, ചൂഷണം എന്നിവയാലാണ്  ജനജീവിതം ദുഷ്ക്കരമാകുന്നത്. തദ്ദേശ ജനതയുടെ ഭൂമിക്കുള്ള അടിസ്ഥാന അവകാശം, സ്വാഭിമാനത്തിനും തീരുമാനങ്ങള്‍ക്കുമുള്ള അവകാശം, അവരുടെ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കേണ്ടതാണെന്ന വിഷയങ്ങളുമായി പ്രവര്‍ത്തനരേഖ മുന്നോട്ടുപോകുന്നു. 
 
പൊതു സമൂഹത്തിന്‍റെ ഇന്നത്തെ സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങള്‍, കാലവസ്ഥ വ്യതിയാനം, വനനശീകരണം, കാട്ടുതീ, പലപ്പോഴും മനുഷ്യര്‍ കാരണമാക്കുന്ന അഗ്നിബാധയും നാശനഷ്ടങ്ങളും, രഹസ്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഭൂമികള്‍, തദ്ദേശീയരുടെ കുടിയിറക്കം, ജനങ്ങളുടെ പൊതുജീവിതം എന്നിവ പ്രവര്‍ത്തനരേഖയില്‍ രേഖീകരിച്ചിട്ടുണ്ട്.

പ്രവര്‍ത്തനരേഖയുടെ രണ്ടാംഭാഗം
സമഗ്രപരിസ്ഥിതിക്കായുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്. മുറിപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്തിട്ടുള്ളതും, വേദനയും അതിക്രമങ്ങളും അനുഭവിക്കുന്നതുമായ ഒരു ജനവിഭാഗത്തിന്‍റെ നീതിക്കായുള്ള അന്വേഷണം ഈ ഭാഗത്തെ പഠനവിഷയമായി തെളിഞ്ഞുനില്ക്കുന്നു. മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ കടത്ത്, മനുഷ്യക്കടത്ത് എന്നിവ കാരണമാക്കുന്ന തദ്ദേശീയരുടെ കുടിയിറക്കം, ബാലവേല, വേശ്യാവൃത്തി, പാവപ്പെട്ടവരുടെ ചൂഷണം എന്നിവ ചര്‍ച്ചചെയ്യപ്പെടുന്നു. ഇതോടൊപ്പം നിയമത്തിന്‍റെ പിടിയില്‍നിന്നും ഒഴിഞ്ഞുമാറുന്ന സാമൂഹ്യ അനീതിയും ഈ ഭാഗത്ത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ആമസോണ്‍ നന്മയുടെയും പ്രത്യാശയുടെയും ഭൂമി
വനവും വനഭൂമിയും അതിന്‍റെ പ്രകൃതിയും നദികളും അരുവികളും ഇത്രയുംനാള്‍ സംരക്ഷിച്ചു നല്കിയ തദ്ദേശീയരെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ദൈവത്തിന്‍റെ സൃഷ്ടിയെ സംരക്ഷിച്ച ജനതയാണിവര്‍. അവരുടെ പൗരാണിക വിജ്ഞാനത്തിനും അറിവിനും ഇണങ്ങുന്ന നവസുവിശേഷവത്ക്കരണവും സംവാദവും എപ്രകാരം പ്രസക്തമാകും എന്ന ചര്‍ച്ചയും ഈ ഭാഗത്തു ഉയരുന്നുണ്ട്. അതിനാല്‍ ആമസോണിയന്‍ ജനതയ്ക്ക് പ്രത്യാശയുടെ വെളിച്ചമേകണം എന്ന ചിന്തയോടെയാണ് ഈ ഭാഗം ഉപസംഹരിക്കുന്നത്.

പരിത്യക്തസമൂഹങ്ങള്‍
130-തോളം വ്യത്യസ്ത തദ്ദേശസമൂഹങ്ങള്‍ സ്വന്തം താല്പര്യത്തോടെ ഭൂപ്രദേശത്തിന്‍റെ ഒറ്റപ്പെട്ട മേഖലകളില്‍ പാര്‍ക്കുന്നുണ്ട്. അവര്‍ സ്വന്തം ജീവിതചുറ്റുപാടുകള്‍ വിട്ട് പുറംലോകവുമായുള്ള ബന്ധത്തില്‍ മയക്കുമരുന്നു കച്ചവടം, മനുഷ്യക്കടത്ത്, വനവിഭവങ്ങളുടെ കൊള്ളയടിക്കല്‍, വനോല്പന്നങ്ങളുടെ സത്തെടുക്കുന്ന വ്യവസായം എന്നിവയില്‍ വ്യാപൃതരായി ജീവിക്കുന്നു. ഇവര്‍ പുറംലോകത്തെ മുതലാളിമാരുടെ ദല്ലാളന്മാരും അടിമകളുമാണ്. തദ്ദേശജനതയെ ചൂഷണംചെയ്യുന്ന സംവിധാനത്തിന്‍റെ കുരുക്കിലാണ് ഈ പരിത്യക്തസമൂഹങ്ങള്‍ ജീവിക്കുന്നത്.

(അപൂര്‍ണ്ണം – തുടരും)
 

19 June 2019, 19:01