തിരയുക

Vatican News
Nobility of Labour Nobility of Labour  (AFP or licensors)

തൊഴിലിന്‍റെ മാഹാത്മ്യവും ജീവിതമൂല്യവും

തൊഴിലിന്‍റെ പ്രസക്തിയും പ്രാധാന്യവും ഏറ്റുപറയുന്ന ചിന്താമലരുകള്‍. കഥയിലൂടെയും സംഗീതത്തിലൂടെയും ഒരു ശ്രാവ്യാവതരണം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു തൊഴിലിന്‍റെ കഥ - ശബ്ദരേഖ

1. തൊഴില്‍ ജീവിതവിജയത്തിന്‍റെ അളവുകോല്‍
ഓരോരുത്തരും തിരഞ്ഞെടുക്കുന്ന തൊഴില്‍ അവരവരുടെ ജീവിതവിജയത്തിന്‍റെ അളവുകോലായിമാറുന്നു. കാര്‍ഷിക വൃത്തിയില്‍ സംതൃപ്തിയും സാഫല്യവും കണ്ടെത്തിയ ഗ്രാമീണനായ പിതാവ് തന്‍റെ ഏകമകന്‍, സുകേശനെ വിദ്യാഭ്യാസത്തിനയച്ചു. സാമാന്യവിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം മകനെ കൃഷി ഏല്പിച്ച് കുടുംബത്തിന്‍റെ പാരമ്പര്യം തുടരാമെന്നും നിലനിര്‍ത്താമെന്നുമായിരുന്നു അച്ഛന്‍റെ ആഗ്രഹം. അവധിക്കാലങ്ങളില്‍ പയ്യനെ കൃഷിയിടങ്ങളില്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ അവന്‍ താല്പര്യവും ലക്ഷൃവും പ്രകടമാക്കിയത് വേറെ വഴിക്കായിരുന്നു. കൃഷിഭൂമിയില്‍ ജീവിതം തളച്ചിടാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. വ്യവസായത്തില്‍ പ്രവേശിച്ചുകൊണ്ട് നഗരജീവിതത്തിന്‍റെ തിളക്കത്തിലേയ്ക്കായിരുന്നു അവന്‍റെ കണ്ണ്. അക്കാര്യം പിതാവിനോട് സുകേശന്‍ ഒരിക്കല്‍ തുറന്നുപറഞ്ഞു. പിതാവ് അതിനു തടസ്സം നിന്നില്ല. പിന്നെ കൃഷിചെയ്യുന്നതിനെപ്പറ്റി ഒരിക്കലും സുകേശനോട് സംസാരിച്ചിട്ടുമില്ല.

2. ബിസിനസ്സില്‍ കണ്ണിട്ട കൃഷിക്കാരന്‍റെ മകന്‍
സുകേശന്‍ പഠിച്ചു വളര്‍ന്നു, ഉയര്‍ന്നു. ആഗ്രഹപ്രകാരം ബിസ്സിനസ്സ് ആഡ്മിനിസ്ട്രേഷന്‍  പഠിച്ച്, ഇഷ്ടപ്പെട്ട വ്യവസായത്തിലേയ്ക്കു തന്നെ തിരിഞ്ഞു. താല്പര്യംകൊണ്ടും സമര്‍പ്പണംകൊണ്ടും ആ മേഖലയില്‍ അയാള്‍ ഏറെ വിജയിച്ചു. ഓരോ വര്‍ഷവും അവധിക്കാലത്ത് ഭാര്യയെയും മക്കളെയും കൂട്ടി മാതാപിതാക്കളുടെ പക്കലെത്തുന്നത് പതിവായിരുന്നു. അയാളുടെ മൂത്തകുട്ടി രോഹിതിന് ആ സന്ദര്‍ശനം ഏറെ പ്രിയങ്കരമായിരുന്നു. വലിയച്ഛനോടുകൂടി കൃഷിയിടങ്ങളില്‍ ചുറ്റിക്കറങ്ങാനും പ്രകൃതിഭംഗി ആസ്വദിക്കാനും, അവിടെയുള്ള കായ്കനികള്‍ പറിച്ചെടുക്കുവാനും അവന്‍ ഏറെ ഇഷ്ടപ്പെട്ടു. വലിയച്ഛന്‍ ജോലിക്കാരോടൊപ്പം കാളയെ പൂട്ടുന്നതും വിത്തെറിയുന്നതും, ഞാറു പറിക്കുന്നതും, കൊയ്യുന്നതും, നെല്ലുണക്കുന്നതും, മെതിക്കുന്നതുമെല്ലാം, അവന്‍ കൗതുകപൂര്‍വ്വം വീക്ഷിച്ചു. പലതിലും പങ്കെടുക്കുകയും ചെയ്തു.

3. നഗരത്തിന്‍റെ തിളക്കം വിട്ട് ഗ്രാമത്തെ സ്നേഹിച്ച യുവാവ്
നാളുകള്‍ കടന്നുപോയി. രോഹിതിന്‍റെ കോളെജ് വിദ്യാഭ്യാസം പൂര്‍ത്തിയായി. അവധിക്കാലമായിരുന്നു അത്. അവന്‍റെ സുഹൃത്തക്കളെല്ലാം വലിയ വലിയ വെക്കേഷന്‍ പരിപാടികളുമായി നീങ്ങിയപ്പോള്‍, രോഹിത് ഗ്രാമത്തിലെ തറവാട്ടില്‍ വലിയച്ഛന്‍റെ പക്കലേയ്ക്കു പോകാനാണ് ഇഷ്ടപ്പെട്ടത്. അവന്‍ നഗരംവിട്ട് അങ്ങോട്ടുതന്നെ പോയി. വലിയച്ഛന്‍റെ തൊഴിലില്‍ ഏര്‍പ്പെടാനുള്ള ആഗ്രഹം രോഹിത് വീട്ടില്‍ അറിയിച്ചു. ഗ്രാമാന്തരീക്ഷവും അവിടുത്തെ ജനങ്ങളുടെ ലാളിത്യവും, കൃത്രിമമല്ലാത്ത സ്നേഹമുള്ള പെരുമാറ്റങ്ങളുമെല്ലാം അവന്‍ ഏറെ ഇഷ്ടപ്പെട്ടു. ആരും ആരെയും ഗൗനിക്കാത്തതും, അയല്‍ക്കാരെപ്പോലും തിരിച്ചറിയാതെ, തങ്ങളുടെ സ്വാര്‍ത്ഥതയുടെ വേലിക്കെട്ടില്‍ ഒതുങ്ങിക്കഴിയുന്ന നഗരജീവിതം രോഹിതിനെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അവന്‍ രണ്ടിനെയും വിലയിരുത്തുകയും, അവയുടെ മൂല്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.  

4. ജീവിത തിരഞ്ഞെടുപ്പ്
രോഹിതിന്‍റെ പിതാവ് സുകേശന് മകനെപ്പറ്റി മറ്റു ചില പ്രതീക്ഷകളായിരുന്നു. തന്‍റെ വ്യാവസായത്തിലേയ്ക്ക് മകനെ കൊണ്ടുവരണമെന്നും, തന്നെക്കാള്‍ വലിയ വ്യവസായിയാക്കിത്തീര്‍ത്ത് കൂടുതല്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ പ്രാപ്തനാക്കണമെന്നുമായിരുന്നു.

5. തിരഞ്ഞെടുപ്പിന്‍റെ പ്രത്യാഘാതങ്ങള്‍
ഒരു ദിവസം കുടുംബാംഗങ്ങളെല്ലാവരും, അച്ഛനും അമ്മയും വലിയച്ഛനും വലിയമ്മയും പേരക്കുട്ടികളുമെല്ലാം തറവാട്ടുവീട്ടില്‍ ഒത്തുചേര്‍ന്നപ്പോള്‍, കൃഷിപ്പണിയിലേയ്ക്ക് തന്‍റെ ഭാവി തിരിച്ചുവിടാന്‍ ആഗ്രഹിക്കുന്നതായ തിരുമാനം രോഹിത് പിതാവിനെ അറിയിച്ചു. ഡിഗ്രി സയന്‍സ് താന്‍ നല്ല മാര്‍ക്കോടെ പൂര്‍ത്തിയാക്കിയില്ലേ, അതു മതി. ഇനി വലിയച്ഛന്‍റെകൂടെ താമസിച്ച് കൃഷിചെയ്തു ജീവിക്കാനാണ് തനിക്കിഷ്ടം എന്ന രോഹിതന്‍റെ ആഗ്രഹവും അഭിപ്രായവും അവന്‍ തുറന്നടിച്ചു. കാര്‍ഷിക മേഖലയെക്കുറിച്ച് പിന്നീട് ഗഹനമായി പഠിക്കാമെന്നും അവന്‍ അച്ഛനെ പറഞ്ഞു ധരിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

അച്ഛന്‍റെയും മകന്‍റെയും സംഭാഷണം വലിയച്ഛനും വലിയമ്മയും സശ്രദ്ധം അടുത്തമുറിയില്‍ കേട്ടുകൊണ്ടിരുന്നു. രോഹിതിന്‍റെ പിതാവ് കാര്‍ഷികവൃത്തിയുടെ പോരായ്മകള്‍ ഓരോന്നായി നിരത്താന്‍ തുടങ്ങി. ചെളിയും ചാണകവും പുരണ്ട വേഷവിധാനവും, നിലവും സ്വത്തും സ്വന്തമായുണ്ടെങ്കിലും തൊഴിലാളിയെപ്പോലെ എന്നും പണിചെയ്യേണ്ടിവരുന്ന അവസ്ഥയുമെല്ലാം തന്‍റെ പ്രതീക്ഷയായ മകന്‍ രോഹിതിനോട് അച്ഛന്‍ സ്നേഹത്തോടെയും, പിന്നെ ദേഷ്യപ്പെട്ടും പറഞ്ഞുനോക്കി.

6. തന്നിഷ്ടം പൊന്നിഷ്ടം!
രോഹിത്
: ക്ഷമിക്കണമച്ഛാ. ഉന്നതപഠനത്തിന് പോകാന്‍ എനിക്കിനി താല്പര്യമില്ല. വലിയച്ഛന്‍റെകൂടെ കാര്‍ഷിക ജോലികള്‍  ചെയ്താലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

സുകേശന്‍ : എന്ത്!? കൃഷിപ്പണിക്കോ..?

ചെളിയും ചാണകവും പുരണ്ട വേഷവും, കൂലിക്കാരുടെ കൂട്ടത്തിലെ ജീവിതവും. അതാണോ നിനക്കിഷ്ടം. അതിനാണോ, ഞാന്‍ നിന്നെ ഇത്രയൊക്കെ പഠിപ്പിച്ചത്?
സ്വയം നീ അതു തിരഞ്ഞെടുക്കുകായണെങ്കില്‍, പൊയ്ക്കോ,

പിന്നെ എന്നോടൊരു കാര്യവും പറഞ്ഞേക്കരുത്. ഒരു സഹായത്തിനും എന്‍റെ പക്കല്‍ വരുകയുമരുത്. കേട്ടോ! എന്‍റെ ബിസിനസ്സില്‍ നിനക്ക് നല്ലൊരു ഭാവി ഞാന്‍ സ്പനംകണ്ടതാണ്. നീ അതെല്ലാം തകര്‍ത്തൂ... നശിപ്പിച്ചൂ!

രോഹിത്:  അങ്ങനെയല്ല, അച്ഛാ... ഇവിടെ തറവാട്ടില്‍ വലിയച്ചന്‍റെ കൂടെനിന്ന് കാര്യങ്ങള്‍ പഠിച്ച്.... എല്ലാം നന്നായി ഞാന്‍ ചെയ്യാം. വലിയച്ഛന് ഞാനൊരു താങ്ങാകും,.... പിന്നെ എനിക്കീപ്പണി പഠിക്കുകയും ചെയ്യാമല്ലോ? കര്‍ഷകനായി അദ്ധ്വാനിച്ചു ജീവിക്കുന്നത് കുറച്ചിലായി ഞാന്‍ കാണുന്നില്ല. എനിക്കതില്‍ അഭിമാനമേയുള്ളൂ. പിന്നെ... സാവധാനം കാര്‍ഷികമേഖലയെക്കുറിച്ച് പഠിച്ച് ഉന്നതബിരുദം എടുക്കാനും എനിക്ക് താല്പര്യമുണ്ട്.  
തീര്‍ച്ചയായും ഞാന്‍ അതു പിന്നീട് ചെയ്തോളാം.

സുകേശന്‍ : നീ ഇനി, എന്നോട് അധികമൊന്നും തര്‍ക്കിക്കേണ്ട.

                       നീ, നിന്‍റിഷ്ടത്തിന് പോകുമെന്നു ചുരുക്കം, അല്ലേ!?

രോഹിത്:  ഇത് തന്നിഷ്ടമല്ല, അച്ഛാ..  എന്‍റെ കഴിവിനും അഭിരുചിക്കും

                     അനുസൃതമായൊരു തൊഴില്‍ തിരഞ്ഞെടുത്തുവെന്നല്ലേയുള്ളൂ!

സുകേശന്‍: നിറുത്തെടാ...! നിന്‍റെ വാദം! മതി....

              എനിക്കു നിന്നെ ഇനി കേള്‍ക്കണ്ടാ !!!   മതി..!  

              അവന്‍റെ ഒരു  കൃഷി!!

             (കോപിഷ്ടനായ അച്ഛന്‍ മകനെ അടിക്കുന്നു).

7. ഒരു മൗലിക വീക്ഷണത്തിന്‍റെ വേദനകള്‍
നിര്‍ബ്ബന്ധംകൊണ്ടൊന്നും മകന്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അരിശം മൂത്തും, ആത്മനിയന്ത്രണം വിട്ടും പിതാവ് രോഹിതിന്‍റെ ചെകിട്ടത്തടിച്ചു. ഒച്ചകേട്ട് വിലയമ്മയും വലിയച്ഛനും ഓടിയെത്തി അവര്‍ ഇടപെട്ടു.
പിന്നെ വലിയമ്മയാണു സംസാരിച്ചത്:
“സുകേശാ, നീ എന്താണീ ചെയ്തത്? ഭാവികാര്യം തീരുമാനിക്കുന്നതിലും, അവനിഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നതിലും എന്തിനാണു നീ കുട്ടിയെ തല്ലിയത്?”  

8. അമ്മയുടെ പക്വമാര്‍ന്ന സാന്ത്വനം
“മകനേ, നീ ഈ കുടുംബത്തില്‍ ജീവിച്ചരുന്നത് ഓര്‍ക്കുന്നില്ലേ!?
അച്ഛന്‍ നിന്നെ നല്ലൊരു കര്‍ഷകനാക്കണമെന്നും, നിന്നെ അദ്ദേഹത്തിന്‍റെ തലമുറക്കാരനാക്കണമെന്നുമെല്ലാം ആഗ്രഹിച്ചതാണ്.”

“കുടുംബത്തിന്‍റെ സ്വത്തും നിലവും, കര്‍ഷക പാരമ്പര്യവും പ്രൗഢിയും നന്മയുമെല്ലാം അങ്ങനെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ച ആളാണ് നിന്‍റെ അച്ഛന്‍. നിന്നെ ഓര്‍ത്ത് അതിനുള്ള ഏര്‍പ്പാടുകളെല്ലാം അദ്ദേഹം ചെയ്തതുമാണ്. എന്നാല്‍ നിന്‍റെ പഠനം കഴിഞ്ഞപ്പോള്‍ നിനക്ക് അതില്‍ ഇഷ്ടമില്ലെന്നും, വ്യവസായത്തിലിറങ്ങാനാണ് താല്പര്യമെന്നും അറിയിച്ചപ്പോള്‍, അതിന് തടസ്സമൊന്നും പറയാതെ ‘ബിസിനസ്സ് മാനേജുമെന്‍റു’ പഠിപ്പിക്കുവാനും, വ്യവസായ കാര്യങ്ങള്‍ മനസ്സിലാക്കിത്തരുവാനും മുന്‍കൈ എടുത്ത്, നിന്നെ പ്രോത്സാഹിപ്പിച്ചു. നിന്‍റെ ഇഷ്ടത്തിന് അദ്ദേഹം നിന്നെ അനുഗ്രഹിച്ചയച്ചത്, ഞാന്‍ കണ്ടതല്ലേ. നീ അതില്‍ വിജയച്ചതില്‍  ഈശ്വരനു നന്ദിപറയുകയും സന്തോഷിക്കുകയും വേണം.”

9. പ്രകൃതിയില്‍ രമിക്കുന്ന തൊഴില്‍
“സുകേശാ, നിന്നെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമേ ഉള്ളൂ!
പിന്നെ നിന്‍റെ മകന്‍ ഇപ്പോള്‍ അവന്‍റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍...
നീ എല്ലാം മറന്ന്, അവന്‍റെ ഇഷ്ടത്തിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നതു ശരിയാണോ, അതിന് അവനെ തല്ലിയതും തെറ്റല്ലേ, സുകേശാ!?.. കൃഷിയിടത്തിലെ തൊഴില്‍ മ്ലേച്ഛമായതൊന്നുമല്ലല്ലോ!!”

10 നെറ്റിയിലെ വിയര്‍പ്പുകൊണ്ടൊരു ജീവിതം
“നമ്മളൊക്കെ ഇന്നും അന്തസ്സോടെ ജീവിക്കുന്നത് കൃഷിപ്പണിയെടുത്തും, പ്രകൃതിയുടെ സമ്പത്ത് മാന്യമായി കൈകാര്യംചെയ്തുമല്ലേ? കരവേലയ്ക്ക് മഹാത്മ്യമുണ്ട്, അത് ശ്രേഷ്ഠവുമാണ്. കൃഷിചെയ്യാതെ ലോകത്ത് ഭക്ഷണമെങ്ങനെ കിട്ടും? എല്ലാ തൊഴിലും തീര്‍ച്ചയായും മാന്യതയുള്ളതാണ്, ദൈവസന്നിധിയില്‍ മാഹാത്മ്യമുള്ളതാണ്. “നിന്‍റെ നെറ്റിയിലെ അദ്ധ്വാനംകൊണ്ടു ജീവിക്കണം, എന്നല്ലേ,” ബൈബിള്‍ പറയുന്നത്” (ഉല്പത്തി 3, 19).

“ഏതു തൊഴിലും സദുദ്ദേശ്യത്തോടും ആത്മാര്‍ത്ഥതയോടുംകൂടെ ചെയ്യണമെന്നു മാത്രം!!”

“തച്ചന്‍റെ മകനായി ക്രിസ്തു ജനിച്ചുവെന്നും, അവിടുന്ന് മരപ്പണിക്കാരനായിരുന്നുവെന്നും സുവിശേഷങ്ങളില്‍ വായിക്കുന്നു. മഹാത്മാഗാന്ധി തോട്ടിപ്പണി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ ദക്ഷിണാഫ്രിക്കയിലെ ജീവിതം വെളിപ്പെടുത്തുന്നില്ലേ. ഒരു തൊഴിലും തരംതാണതായി കാണരുത്, മോനേ...!.”

11. കരവേലയുടെ മാഹാത്മ്യം
അമ്മയുടെ നീണ്ട സംഭാഷണത്തെ തടസ്സപ്പെടുത്താന്‍ സുകേശന്‍ ശ്രമിച്ചെങ്കിലും കരവേലയുടെ മാഹാത്മ്യം മനസ്സിലാക്കിയ അമ്മ വിട്ടുകൊടുത്തില്ല.
“സുകേശാ, നിന്‍റെ മകന്‍റെ അഭിരുചിയും അഭിലാഷവും കഴിവതും ഗൗനിക്കണം. നമ്മുടെ താല്‍പ്പര്യവും പ്രതീക്ഷകളും അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതു ശരിയല്ല. തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ അനുവദിക്കുകയല്ല, സഹായിക്കുകയാണു വേണ്ടത്.”

“അവരുടെ വ്യക്തിത്വവും സ്വാതന്ത്യവും നാം മാനിക്കണം. എല്ലാറ്റിലും ശ്രേഷ്ഠമായത്, മക്കളെപ്പറ്റിയുള്ള ദൈവേഷ്ടമെന്തെന്ന് അറിയാന്‍ ശ്രമിക്കുന്നതാണ്. ദൈവത്തിന്‍റെ പദ്ധതി അറിയുക ഏറെ പ്രധാനപ്പെട്ടതും പ്രസക്തവുമായ കാര്യമാണ്. ദൈവത്തെകൂടാതെ എല്ലാക്കാര്യങ്ങളും നടക്കുമെന്നു ചിന്തിക്കുന്നത് സ്വന്തം കഴിവിലുള്ള അമിതമായ ആത്മവിശ്വാസമാണ്. അതു തെറ്റാണു, മോനേ...!”

12. തൊഴിലിന്‍റെ ധാര്‍മ്മികബോധം
എത്ര വിവേകത്തോടെയാണ് ആ മാതാവ് ജീവിതത്തെപ്പറ്റിയും ജീവിതവൃത്തി തെരഞ്ഞെടുക്കുന്നതിനെപ്പറ്റിയും പ്രസ്താവിച്ചത്. മെയ് ഒന്നിന് നാം അന്തര്‍ദേശീയ തൊഴിലാളിദിനം ആചരിച്ചു. തൊഴിലിന്‍റെയും തൊഴിലാളിയുടെയും അന്തസ്സിന് സമര്‍പ്പിക്കപ്പെട്ട ദിനമാണല്ലോ അത്.

ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലിനെക്കുറിച്ചും അതിന്‍റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ചില സത്യങ്ങള്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

1. എല്ലാം തൊഴിലും മാന്യമാണ്... ധാര്‍മ്മിക ബോധത്തോടും ആത്മാര്‍ത്ഥതയോടുകൂടെ അതു ചെയ്യുമെങ്കില്‍...

2. കാര്‍ഷിക വൃത്തിയോടുള്ള പുച്ഛവും അവഗണനയും പൊറുക്കാനാവത്തതാണ്.

3. പ്രകൃതിയും ഭൂമിയും ഈശ്വരന്‍റെ ദാനമാണ്. അത് നാം കഠിനാദ്ധ്വാനംചെയ്ത് പുഷ്ടിപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യേണ്ടതാണ്.

4. പ്രകൃതി, പരിസ്ഥിതി ഈശ്വരന്‍റെ ദാനമാണ്. അത് നശിപ്പിക്കുന്നത്  പാപമാണ്.

5. ഓരോ വ്യക്തിയും അവന്‍റെ ആഭിരുചിക്കും കഴിവിനും അനുസൃതമായ ജോലിയില്‍ ഏര്‍പ്പെടുകയാണു കരണീയം.

6. മക്കളുടെമേല്‍ സ്വന്തം താല്പര്യങ്ങള്‍ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ആശാസ്യമല്ല. അതുകൊണ്ട് ജീവിതത്തില്‍ ഉപദേശവും മാര്‍ഗ്ഗനിര്‍ദ്ദശവും വേണ്ടെന്ന് അര്‍ത്ഥമാകുന്നുമില്ല.

Song - 

ഗാനം സുജാത ആലപിച്ചതാണ്. രചന സിസ്റ്റര്‍ റോസിലി ജോണ്‍. സംഗീതം ജര്‍സണ്‍ ആന്‍റെണി.

12 May 2019, 14:39