തിരയുക

The sun behind St Paul's Cathedral in London The sun behind St Paul's Cathedral in London 

ഉത്ഥിതന്‍ പകര്‍ന്നുതരുന്ന സ്നേഹപ്രകാശം

പെസഹാക്കാലം 5- Ɔ൦ വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 13, 31-33, 34-35.
പെസക്കാലം അഞ്ചാംവാരം - സുവിശേഷചിന്തകള്‍

ഉത്ഥിതനില്‍ തുടങ്ങുന്ന സ്നേഹവഴികള്‍
ഉത്ഥാനാന്തരമുള്ള ഈശോയുടെ പ്രഭാഷണമാണ് വിശുദ്ധ യോഹന്നാന്‍റെ ഇന്നത്തെ സുവിശേഷഭാഗം. ഈ ഭൂമിയില്‍നിന്നും കടന്നുപോകുന്നതിനു മുന്‍പുള്ള വചനങ്ങളാകയാല്‍ ഇതിനെ “വിടവാങ്ങല്‍” പ്രഭാഷണമെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. ഈ ഭൂമിയില്‍ ക്രിസ്തുവിന്‍റെ സകല പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം പിതാവായിരുന്നു. പിതാവിന്‍റെ സ്നേഹമാണ് അവിടുത്തെ വാക്കിലും എല്ലാ പ്രവൃത്തികളിലും അത്ഭുതങ്ങളിലും വെളിപ്പെടുന്നത്. അത് അവിടുത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ചെയ്തികളായിരുന്നു. ഈ സുവിശേഷ സംഭവങ്ങളില്‍ പിതാവ് പുത്രനെയും, പുത്രന്‍ പിതാവിനെയും മഹത്വപ്പെടുത്തുന്നു. അത് ക്രിസ്തുവിന്‍റെ വേര്‍പാടോടെ തീരുന്നില്ല, മറിച്ച്, പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലും, ചൈതന്യത്തിലും സകല വിശ്വാസികളുടെയും ജീവിതസമര്‍പ്പണത്തിലും തുടരേണ്ടതാണ് – നാം, ക്രൈസ്തവര്‍ ജീവിക്കേണ്ട സ്നേഹവഴിയാണിത്, ജീവന്‍റെ വഴി!

സ്നേഹത്തിന്‍റെ സ്വയാര്‍പ്പണം
ക്രിസ്തു ശിഷ്യത്വം സ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ സമര്‍പ്പണം വിളിച്ചോതുന്നു. ശിഷ്യന്‍റെ തിരിച്ചറിയല്‍ കാര്‍ഡാണ് സ്നേഹം. അങ്ങനെ ക്രിസ്തുവിന്‍റെ സ്നേഹിതന്‍ ജീവിതവഴികളില്‍ പ്രശോഭിക്കുന്ന യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ ഉടമയായിരിക്കും. കാരണം ക്രിസ്തു സ്നേഹത്തിന്‍റെ പാഠശാലയാണ്. പ്രവൃത്തികളില്‍ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നതാണ് യഥാര്‍ത്ഥസ്നേഹം. സ്നേഹജീവിതത്തെക്കുറിച്ച് ക്രിസ്തുവില്‍നിന്നുമാണ് നാം പഠിക്കുന്നത്, ഇനിയും പഠിക്കേണ്ടത്.

ജീവിതാനന്ദത്തിനുള്ള വഴി സനേഹമാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. എന്നാല്‍ ആ വഴി അത്ര എളുപ്പമല്ല. അതില്‍ വെല്ലുവിളികളുണ്ട്. അത് അദ്ധ്വാനവും സമര്‍പ്പണവും ആവശ്യപ്പെടുന്നുണ്ട്. ഒരു സമ്മാനം കിട്ടുകയെന്നത് ആര്‍ക്കും സന്തോഷദായകമാണ്. എന്നാല്‍ ആ സമ്മാനത്തിനു പിന്നില്‍ വ്യക്തിയുടെ ത്യാഗവും അദ്ധ്വാനവും ഔദാര്യവും ഉണ്ടെന്നതില്‍ സംശയമില്ല.
ലോക രക്ഷയ്ക്കായി കുരിശില്‍ സ്വയാര്‍പ്പണംചെയ്ത ക്രിസ്തുവാണ് നമ്മുടെ മാതൃക, സ്നേഹമുള്ള സ്വയാര്‍പ്പണത്തിന്‍റെ മാതൃക! മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അവരുടേതായ ആവശ്യങ്ങള്‍ മാറ്റിവച്ച് ത്യാഗികളായിത്തീരുന്നു. അവര്‍ക്ക് ഇഷ്ടമുള്ള പലതും, സ്വന്തമായ ആവശ്യങ്ങള്‍പോലും മാറ്റിവച്ചാണ് സ്നേഹിക്കുന്നവര്‍ക്കുവേണ്ടി, ത്യാഗംചെയ്യുന്നത്. തങ്ങളെത്തന്നെയാണ് അവര്‍ സമ്മാനമായി നല്കുന്നത്, സ്വയം സമ്മാനമാകുന്നവര്‍!  സ്നേഹം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരും, ജീവിതം പങ്കുവയ്ക്കുന്നവരുമാണവര്‍.

ദൈവം ഉദാരമതിയായ പിതാവും
അവിടുത്തെ സ്നേഹസമ്പന്നനായ പുത്രനും
സര്‍വ്വദാ ഉദാരമതിയും പിതാവുമായ ദൈവത്തിങ്കലേയ്ക്കു നാം തിരിയേണ്ടതുണ്ട്. കാരണം, അനുദിനം എത്രയോ നന്മകളാണ് അറിഞ്ഞും അറിയാതെയും അവിടുന്നു നമ്മില്‍ വര്‍ഷിക്കുന്നത്. നാം അവിടുത്തോടു നന്ദിയുള്ളവരായിരിക്കണം. പിതാവ് ലോകത്തിനു സമ്മാനമായി നല്കിയതാണ് ക്രിസ്തു. പുത്രന്‍ പിതാവിനെ മഹത്വപ്പെടുത്തിക്കൊണ്ട് ഈ ഭൂമിയില്‍ മനുഷ്യരോടൊപ്പം ജീവിച്ചു. മനുഷ്യര്‍ ദൈവത്തില്‍നിന്ന് അകന്നു പോകുമ്പോഴും, തിന്മയില്‍ നിപതിക്കുമ്പോഴും ദൈവം നമ്മെ സ്നേഹിക്കുന്നു, ക്രിസ്തു നമ്മെ സ്നേഹിക്കുന്നു. നമ്മെ തേടിയെത്തുന്ന ദൈവമാണ് അവിടുന്നു. അവിടുത്തെ സ്നേഹം വിശ്വസ്തമാണ്, ഒരിക്കലും പരിത്യജിക്കാത്ത നല്ലിടയന്‍റെ സ്നേഹം.

ക്രിസ്തു തരുന്ന മൗലികമായ സ്നേഹം
ആരും നമ്മെ സ്നേഹിക്കുന്നില്ലെന്ന ചിന്ത ജീവിതത്തില്‍ ഏറെ സങ്കടകരമാണ്. ഈ ചിന്ത വ്യക്തികളെ ഏകാന്തതയില്‍ ആഴ്ത്തിയേക്കാം. ക്രിസ്തു നമ്മോടുകൂടെ, മനുഷ്യരോടൊപ്പം ആയിരിക്കാന്‍ ആഗ്രഹിച്ചു, നമ്മോടൊത്തു വസിച്ചു. അവിടുന്ന് തന്‍റെ ആദ്യശിഷ്യരോടുകൂടെ ആയിരുന്നതുപോലെ, ഇന്നും നമ്മുടുകൂടെ ആയിരുന്നുകൊണ്ട്, നമ്മെ സ്നേഹിക്കുന്നു, നമ്മെ ശ്രവിക്കുന്നു. അവിടുന്നു നമുക്കു പകര്‍ന്നുതരുന്നത് മൗലികമായ സ്നേഹമാണ്. സ്നേഹിക്കുന്നവര്‍ക്കായ്  സ്വയം ജീവനേകുന്ന അപാരമായ സ്നേഹമാണ് അവിടുന്നു കാണിച്ചുതന്നത് (യോഹന്നാന്‍ 15, 13).

അപരനെ കീഴടക്കുന്ന സ്വാര്‍ത്ഥസ്നേഹം
ക്രിസ്തു പഠിപ്പിക്കുന്ന മൗലികസ്നേഹത്തിനു വിപരീതമാണ് അപരനെ കീഴടക്കുന്ന സ്വാര്‍ത്ഥസ്നേഹം. അത് സ്വാതന്ത്ര്യമില്ലാത്ത സ്നേഹമാണ്. സ്വാതന്ത്ര്യമില്ലാത്ത സ്നേഹം സ്നേഹമല്ല. ക്രിസ്തു തരുന്ന സ്വാതന്ത്ര്യം അവിടുത്തെ ക്ഷമിക്കുന്ന സ്നേഹമാണ്. സ്നേഹത്തിന്‍റെ പേരില്‍ അപരനെ പിടിച്ചെടുക്കാനും, കൈയ്യടക്കാനുമുള്ള ഒരു പ്രവണത മനുഷ്യരില്‍ സ്വാഭാവികമാണ്. അത് വളര്‍ന്നുവരുന്നുണ്ട് ഇത് രസകരമായി തോന്നാമെങ്കിലും, സ്വാര്‍ത്ഥസ്നേഹമാണത്. ആധുനിക ലോകത്തിന്‍റെ ഉപഭോഗസംസ്കാരം ഈ പ്രവണത മനുഷ്യരില്‍ കൂടുതല്‍ വളര്‍ത്തുന്നുമുണ്ട്.

ഒരിക്കല്‍ ശാന്തിനികേതനിലെ തോട്ടത്തില്‍ കുരുവിയെ പിടിച്ചുകെട്ടിയ കുട്ടികളോട് രബീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത്, “മക്കളേ, ഒരു കുരുവിയെ ചെറിയ ചരടുകൊണ്ടെന്നല്ല, പട്ടുനൂലുകൊണ്ടോ, സ്വര്‍ണ്ണനൂലുകൊണ്ടുപോലും കെട്ടിയാല്‍ അത് സ്വതന്ത്രമല്ല.” കുട്ടികള്‍ ആ കിളിയെ ഉദ്യാനത്തില്‍ കൊണ്ടുപോയി പറത്തിയെന്നാണ് കഥ! അപ്പോള്‍ യഥാര്‍ത്ഥമായ സ്നേഹമെന്തെന്ന് വെളിപ്പെട്ടു കിട്ടും. അത് അപരനെ ശുശ്രൂഷിക്കുന്നതും സംരക്ഷിക്കുന്നതും ആദരിക്കുന്നതുമാണ്. അവരുടെ അന്തസ്സും അവകാശങ്ങളും മാനിക്കുന്നതാണ്.

യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും സ്നേഹവും
നന്മ തിരഞ്ഞെടുക്കാനുള്ള യഥാര്‍ത്ഥമായ കഴിവാണ് സ്വാതന്ത്ര്യം. സ്വതന്ത്രനായ മനുഷ്യന്‍ ദൈവത്തിന് ഇഷ്ടമുള്ളതു ചെയ്യുന്നു. അത് എളുപ്പമല്ലെങ്കിലും, ത്യാഗം ആവശ്യപ്പെട്ടാലും, അയാള്‍ അതു ചെയ്യുന്നു. ധൈര്യമുള്ളവര്‍ക്കേ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തെ ആശ്ലേഷിക്കാനാകൂ. അതിനായി ജീവിതം മുഴുവന്‍ പരിശ്രമിക്കേണ്ടതാണ്. അങ്ങനെ ശ്രേഷ്ഠമായ തിരഞ്ഞെടുപ്പിന് നാം ധൈര്യമവലംബിക്കണം. ഒഴുക്കിന്‍റെ സുഖഗതിയില്‍ സാന്ദ്രമായി നീങ്ങുന്നതില്‍ അര്‍ത്ഥമില്ല, അത് എവിടെയെങ്കിലും തഴയപ്പെടും, തടഞ്ഞുനില്ക്കും, അങ്ങനെ ജീവിതം കുടുങ്ങിപ്പോകും.

ജീവിക്കുന്ന സ്നേഹം

തുറവും സുതാര്യതയുമുള്ളതാണ് യഥാര്‍ത്ഥമായ സ്നേഹം,  ഉത്തരവാദിത്ത്വമുള്ളതും ശ്രേഷ്ഠവുമായ ഗുണഗണമാണ്. സ്നേഹം, അത് ആജീവനാന്തം നിലനില്ക്കുന്നതാണ്. മാത്രമല്ല,  വലിയ ജീവിത സ്വപ്നങ്ങള്‍ ഉള്ളവര്‍ക്ക് അത് അനുദിനം നിര്‍വ്വഹിക്കേണ്ട ജീവിതകൃത്യവുമാണ്.  സ്വപ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും അവ മെനയാന്‍ ധൈര്യപ്പെടാത്തവര്‍ക്കും  ജീവിതം ദുരിതമായിരിക്കും. ഓരോ പ്രായത്തിനും ജീവിതഘട്ടത്തിനും ഇണങ്ങുന്ന സ്വപ്നങ്ങള്‍ കാണാതെ വിരമിച്ചു കഴിയുന്നത് അത്ര നല്ലതല്ല!

അപ്പോള്‍ നമുക്കെങ്ങനെ സ്നേഹത്തില്‍ വളരാം എന്ന ചോദ്യത്തിന് ഉത്തരം ക്രിസ്തുവാണ്! ദിവ്യകാരുണ്യത്തില്‍ അവിടുന്ന് തന്നത്തന്നെ നമുക്കായി നല്കുന്നു. അനുരഞ്ജനത്തിന്‍റെ കൂദാശയില്‍ അവിടുന്നു തന്‍റെ ക്ഷമയും സമാധാനവും പകര്‍ന്നുനല്കുന്നു, അവിടുത്തെ വചനം നമുക്കു ജീവമാര്‍ഗ്ഗദീപമാകുന്നു. അങ്ങനെ നമ്മില്‍ വര്‍ഷിക്കുന്ന ദിവ്യസ്നേഹം ജീവിതത്തില്‍ സ്വാംശീകരിച്ച് സഹോദരങ്ങളുമായി പങ്കുവയ്ക്കപ്പെടാനായാല്‍ ജീവിതം സ്നേഹപൂര്‍ണ്ണമാക്കാം.

മനുഷ്യരുടെ മദ്ധ്യേയുള്ള ദൈവികസാന്നിദ്ധ്യം
പഴയ നിയമത്തില്‍ മലയിലും മുള്‍പ്പടര്‍പ്പിലും മേഘങ്ങളിലും ഇസ്രായേല്‍ ദൈവിക സാന്നിദ്ധ്യം കണ്ടെത്തി. എന്നാല്‍ മനുഷ്യരില്‍ ദൈവിക സാന്നിധ്യമുണ്ടെന്നാണ് ക്രിസ്തു പുതിയ നിയമത്തില്‍ പഠിപ്പിച്ചത്. സഹോദരങ്ങളിലെ ദൈവികസാന്നിദ്ധ്യം അറിഞ്ഞ്, അവരെ സ്നേഹിച്ചു ശുശ്രൂഷിക്കുന്നവരില്‍ ദൈവത്തിന്‍റെ രക്ഷാസാന്നിധ്യം നിറഞ്ഞുനില്ക്കുന്നുവെന്ന് അവിടുന്നു പഠിപ്പിച്ചു. “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം, എനിക്കുതന്നെയാണ് ചെയ്തെ”ന്ന് അവിടുന്നു പഠിപ്പിച്ചു (മത്തായി 25, 40).

സ്നേഹത്തിന്‍റെ രക്ഷണീയരഹസ്യം
ദൈവം നമ്മെ ഭരമേല്പിച്ചത് കുടുംബമോ സമൂഹമോ എന്തുമാവട്ടെ, അവരെ സ്നേഹിച്ചു സ്നേഹിച്ചു ഹൃദയം നുറുങ്ങുന്നവനില്‍ ദൈവത്തിന്‍റെ രക്ഷാസാന്നിധ്യത്തിന്‍റെ മഹത്ത്വപ്പെടല്‍ നമുക്കു ദര്‍ശിക്കാം. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്നത് വളരെ കുറച്ചുപേരെയാണ്. ഒരു സമൂഹം, ഒരു ചെറുകുടുംബം, ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ.... പിന്നെ ഏതാനും അയല്‍ക്കാര്‍. അവരെ സ്നേഹിക്കുന്നതില്‍ ഞാന്‍ തോറ്റുപോകുമോ? സ്നേഹമില്ലായ്മയാണ് നമ്മുടെ തോല്‍വി. ആത്യന്തികമായി ജീവിതം ഓരോദിനത്തിലും കടന്നുപോകുമ്പോള്‍ ദൈവിക നന്മകളുടെ വെളിച്ചം കാണാനാവാത്തവര്‍ക്ക്, അതൊരു തീരാദുരന്തമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ ദുരന്തത്തിന് അര്‍ത്ഥം കണ്ടെത്തുകയാണ് സ്നേഹത്തിന്‍റെ രഹസ്യം. അത് ഉത്ഥിതന്‍ പകര്‍ന്നുതരുന്ന സ്നേഹത്തിന്‍റെ സൂര്യോദയമാവട്ടെ!

ഗാനം ഗാനമാലപിച്ചത് സംഗീതയാണ്. രചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം സണ്ണി സ്റ്റീഫന്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2019, 16:28