migrants in the Mediterranean migrants in the Mediterranean 

കുടിയേറ്റക്കാരുടെ ആഗോളദിന സന്ദേശം 2019

കുടിയേറ്റക്കാരോടു വളര്‍ന്നുവരുന്ന നിഷേധാത്മകമായ പ്രതികരണങ്ങളിലേയ്ക്കും അവയുടെ കാരണങ്ങളിലേയ്ക്കും വെളിച്ചംവീശുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രദ്ധേയമായ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല,” (Not just about migrants) എന്ന ശീര്‍ഷകത്തില്‍ 2019-ലെ കുടിയേറ്റക്കാരുടെ ആഗോള ദിനത്തിനുള്ള സന്ദേശം മെയ് 27- Ɔ൦ തിയതി തിങ്കളാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

കുടിയേറ്റക്കാരോടു വളരുന്ന നിസംഗഭാവം
ലോകം ഇന്നു നേരിടുന്ന വലിയ പ്രതിഭാസമായ കുടിയേറ്റത്തെക്കുറിച്ചു മാത്രമല്ല, അവരോട് ഇന്ന് ലോകരാഷ്ട്രങ്ങളും ജനങ്ങള്‍ പൊതുവെയും കാണിക്കുന്ന നിസംഗതയെക്കുറിച്ചും, അതിനുള്ള കാരണങ്ങളെക്കുറിച്ചും പാപ്പാ സന്ദേശത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാമ്പത്തിക പുരോഗതിയുള്ള രാഷ്ട്രങ്ങളും വ്യക്തികളും, വ്യക്തിമാഹാത്മ്യവാദത്തിന്‍റെ പിടിയിലും, ഉപഭോഗസ്ക്കാരത്തിലും ഒതുങ്ങുകയും, വന്‍മാധ്യമ ശ്രൃംഖലകളുടെ സഹായത്തോടെ കുടിയേറ്റക്കാരോടും അഭയാര്‍ത്ഥികളോടും ആഗോളതലത്തില്‍ ഒരു നിസംഗഭാവം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ആമുഖമായി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അഭയം തേടുന്നവര്‍ക്കെതിരെ അടയ്ക്കപ്പെടുന്ന വാതിലുകള്‍
ചിലയിടങ്ങള്‍ ക്രൈസ്തവികതയെ മറച്ചുവച്ചും, സമ്പന്നവും സമൃദ്ധിയുമുള്ള ഒരു രാഷ്ട്രം വളര്‍ത്തിയെടുക്കാമെന്നു ഭാവിച്ചും, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായി എത്തുന്നവര്‍ അവഗണിക്കപ്പെടുകയും, അവര്‍ക്കെതിരെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനാല്‍ കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല, അവരെക്കുറിച്ച് മറ്റുള്ളവരുടെ മനസ്സുകളില്‍ ഉയരുന്ന വിവിധ തരത്തിലുള്ള ഭീതിയെക്കുറിച്ചും പാപ്പാ സന്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

അപരന്‍ എന്‍റെ ശത്രുവോ?!
അപരനെക്കുറിച്ചുള്ള ഭീതിയും ശത്രുതാമനോഭാവവും നമ്മില്‍ അസഹിഷ്ണുതയും വളര്‍ത്തും. അപരനെക്കുറിച്ചുള്ള ഭീതി ന്യായമാണെങ്കിലും, അത് വംശീയതയിലേയ്ക്കും, അടഞ്ഞ മനഃസ്ഥിതിയിലേയ്ക്കും, അവസാനം സഹോദരങ്ങളിലെ ദൈവികപ്രതിച്ഛായ അവഗണിക്കുന്ന അവസ്ഥയിലേയ്ക്കും വളരുന്നതായി പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ആവശ്യത്തിലായിരിക്കുന്നവന്‍ അയല്‍ക്കാരനും സഹോദരനും 
അപരനോടു നാം കാണിക്കേണ്ട വിനീതഭാവത്തെയും കരുണയെയും കുറിച്ചു സന്ദേശത്തില്‍ പ്രതിപാദിക്കുന്ന പാപ്പാ, സുവിശേഷത്തില്‍ ഈശോ പറഞ്ഞ “നല്ല സമറിയക്കാര”ന്‍റെ ഉപമ പ്രകടമാക്കുന്ന ഇന്നും പ്രസക്തമാകുന്ന നവവും കാലികവുമായ കാഴ്ചപ്പാടിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. അപരന്‍ അല്ലെങ്കില്‍ ആവശ്യത്തിലായരിക്കുന്നവന്‍ എന്‍റെ അയല്‍ക്കാരനും സഹോദരനുമാണെന്ന വീക്ഷണം സന്ദേശത്തില്‍ പാപ്പാ വികസിപ്പിക്കുന്നു. അതിനാല്‍ കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല, സമൂഹത്തില്‍ ഏറ്റവും ചെറിയവരെയും പിന്നോക്കമായവരെയും പരിത്യക്തരായവരെയും പരിഗണിക്കുകയും, അവരെ മുന്‍പന്തിയില്‍ എത്തിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. 

കാലത്തിന്‍റെ കാലൊച്ച കേള്‍ക്കണം
അവസാനമായി, അതിനാല്‍ കുടിയേറ്റക്കാരെക്കുറിച്ചു മാത്രമല്ല, നമ്മെ എല്ലാവരെയും കുറിച്ചും, മാനവകുടുംബത്തിന്‍റെ നിജസ്ഥിതിയെയും ഭാവിയെയും കുറിച്ചാണ് താന്‍ പരാമര്‍ശിക്കുന്നത് എന്ന ചിന്തയാണ് പാപ്പാ പങ്കുവയ്ക്കുന്നത്. കാലത്തിന്‍റെ കാലൊച്ച നാം കേള്‍ക്കണമെന്നും ദൈവംതന്ന പൊതുഭവനമായ ഭൂമിയും അതിന്‍റെ സൗകര്യങ്ങളും സകലര്‍ക്കുമായി, വിശിഷ്യാ കുടിയേറ്റക്കാര്‍ക്കും അഭയം തേടിയെത്തുന്നവര്‍ക്കുമായി ഉപയോഗിക്കണമെന്നും, അവരെ ഉള്‍ക്കൊള്ളണമെന്നും ഓര്‍പ്പിച്ചുകൊണ്ട് പാപ്പാ സന്ദേശം പ്രാര്‍ത്ഥനയോടെ ഉപസംഹരിക്കുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2019, 19:37