The family of Gautam Sarang The family of Gautam Sarang 

കുടുംബം : സ്നേഹവും ജീവനും പങ്കുവയ്ക്കുന്ന വേദി

വിഹാഹമോചനത്തെ തുണയ്ക്കുന്ന അയര്‍ലണ്ടിലെ സര്‍ക്കാര്‍ നയത്തിന് എതിരെ സഭയുടെ ജനഹിത പരിശോധന അപേക്ഷ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിവാഹത്തിന്‍റെ ദൈവികസ്ഥാപനവും ഭദ്രതയും
വൈവാഹിക ബന്ധത്തിന്‍റെ ദൈവിക സ്ഥാപനവും ഭദ്രതയും പാലിക്കുന്ന നയമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ടതെന്ന്, അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതിയുടെ കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ ചെയര്‍മാന്‍, ബിഷപ്പ് ഡെന്നിസ് നുള്‍ട്ടി അഭിപ്രായപ്പെട്ടു. അയര്‍ലണ്ടിന്‍റെ ഭരണഘടനയിലെ 41- Ɔ൦ വകുപ്പില്‍ വരുത്തിയ ഭേദഗതി വിവാഹമോചനത്തെ (Divorce) കൂടുതല്‍ ഉദാരവത്ക്കരിക്കുന്നതും അനുകൂലിക്കുന്നതുമാണെന്നു പ്രതികരിച്ചുകൊണ്ടാണ്, കുടുംബജീവിതത്തിന്‍റെ ദൈവിക സ്ഥാപനവും സുരക്ഷയും ഉറപ്പുവരുത്തുന്ന നിയമനവീകരണം സര്‍ക്കാര്‍ സത്യസന്ധമായി നടപ്പാക്കണമെന്ന് ദേശീയ സഭയുടെ വക്താവ്, ബിഷപ്പ് നുള്‍ട്ടി മെയ് 18-Ɔ൦ തിയതി വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ഭരണകര്‍ത്താക്കളോട് അഭ്യര്‍ത്ഥിച്ചത്.

വിവാഹമോചനത്തെ അനുകൂലിക്കുന്ന സര്‍ക്കാര്‍ നയം
സര്‍ക്കാരിന്‍റെ നിലവിലുള്ള വളരെ സ്വതന്ത്രവും ഉദാരവത്കൃതവുമായ വിവാഹമോചന നയം തിരുത്തി എഴുതിക്കൊണ്ട് കുടുംബ ജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ഉറപ്പുനല്കുന്ന നിയമക്രോഡീകരണം നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിവാഹമോചനത്തെ അനുകൂലിക്കുന്ന സര്‍ക്കാരിന്‍റെ നയത്തിന് എതിരെ 2018-ല്‍ അയര്‍ലണ്ടിലെ ദേശീയ മെത്രാന്‍ സമിതി സമിര്‍പ്പിച്ച ജനഹിത പരിശോധന അപേക്ഷ പരിശോധിച്ചതിനു ശേഷമാണ്, കുടുംബജീവിതത്തിന്‍റെ ക്ഷേമവും നന്മയും ലക്ഷ്യമിടുന്നുവെന്ന ഭാവേന വിപരീതമായ നയങ്ങള്‍ രൂപീകരിച്ച് ജനങ്ങളെ കബളിപ്പിച്ചതെന്ന് ബിഷപ്പ് ഡെന്നിസ് നുള്‍ട്ടി ചൂണ്ടിക്കാട്ടിയത്.

സ്നേഹവും ജീവനും പങ്കുവയ്ക്കുന്ന വേദി
ജീവനും സ്നേഹവും പങ്കുവയ്ക്കുന്നവരുമായി പാര്‍ക്കുന്നതാണ് കുടുംബം. ചുറ്റുമുള്ളവര്‍ ധൈര്യവും പിന്‍തുണയും പകര്‍ന്നാല്‍ കുടുംബജീവിതങ്ങള്‍, പ്രതിസന്ധികള്‍ ഉള്ളതാണെങ്കിലും മുന്നോട്ടു തന്നെ നീങ്ങും, അവരുടെ സ്നേഹബന്ധത്തെ ആഴപ്പെടുത്താന്‍ നല്ല അയല്‍പക്കങ്ങള്‍ക്കും സാധിക്കും. കുടുംബജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമ്പോഴും വിശ്വാസത്താല്‍ പ്രേരിതരായി, ദൈവത്തിന്‍റെയും സമൂഹത്തിന്‍റെയും മുന്‍പാകെ ദമ്പതികള്‍ എടുത്തിട്ടുള്ള പ്രതിജ്ഞയെക്കുറിച്ച് അവബോധമുള്ളവരായാല്‍, കുടുംബബന്ധങ്ങള്‍ തകരുകയില്ല. കുടുംബങ്ങള്‍ക്ക് സ്നേഹമുള്ള അമ്മയാണ് സഭ. ഒരു ഇടവകതന്നെ കുടുംബങ്ങളുടെ കുടുംബമാണ്. ബിഷപ്പ് ഡെന്നിസ് നുള്‍ട്ടി പ്രസ്താവിച്ചു.

കുടുംബങ്ങളെ തുണയ്ക്കുന്ന നയങ്ങള്‍ വേണം
വിവാഹവും കുടുംബവും സമൂഹത്തിന്‍റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്നത് ലോകവ്യാപകമായ വീക്ഷണമാണ്. അതിനാല്‍ സര്‍ക്കാരിനോടൊപ്പം സഭയ്ക്കും വിവാഹബന്ധത്തെ ഭദ്രമാക്കാനും, കുടുംബങ്ങളെ സംരക്ഷിക്കാനും കൈകോര്‍ത്തു പ്രവര്‍ത്തിക്കാനും സാധിക്കും. അതിനാല്‍ വിവാഹമോചനം എളുപ്പമാക്കുന്ന സര്‍ക്കാരിന്‍റെ നിയമനവീകരണം പുനര്‍പരിശോധിക്കേണ്ടതാണ്. വിവാഹബന്ധത്തില്‍ ഉള്ളവരെ തുണയ്ക്കുകയും, കുടുംബങ്ങളെ പിന്‍താങ്ങുകയും ചെയ്യുന്ന നയവും നിയമരൂപീകരണവുമാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. കുടുംബങ്ങളെ പിന്‍തുണയ്ക്കുന്ന സാമൂഹിക-സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചുകൊണ്ടും, ദീര്‍ഘകാല ഫലപ്രാപ്തിയുള്ള വിദ്യാഭ്യാസ പിന്‍തുണ കുടുംബങ്ങള്‍ക്കു നല്കിക്കൊണ്ടും, വിവാഹമോചനവും, വിവാഹേതര ബന്ധങ്ങളും നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കുമെന്ന് ദേശീയ സഭയ്ക്കുവേണ്ടി ബിഷപ്പ് ഡെന്നിസ് നുള്‍ട്ടി അഭിപ്രായപ്പെട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2019, 09:22