തിരയുക

Vatican News
 International Eucharistic Congress 2020 Budapest  Emblem of Janos Lampert International Eucharistic Congress 2020 Budapest Emblem of Janos Lampert 

രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ബുഡാപ്പെസ്റ്റില്‍

54-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ഹംഗറിയിലെ ബുഡാപ്പെസ്റ്റു നഗരത്തില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

2020 സെപ്തംബര്‍ മാസത്തില്‍
ഹംഗറിയിലെ ബു‍ഡാപെസ്റ്റു നഗരം രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഒരുങ്ങുന്നു. 2020 സെപ്തംബര്‍ 13-മുതല്‍ 20-വരെ തിയതികളിലാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് അരങ്ങേറുന്നത്. തലസ്ഥാന  നഗരമായ ബുടാപെസ്റ്റിലെ ഫെരെങ്ക് പുസ്കസ് സ്റ്റേഡിയമാണ് (Ferenc Puskas Stadium) ഈ രാജ്യാന്തര ആത്മീയസംഗമത്തിന് വേദിയാകുന്നത്.

ആപ്തവാക്യം – ജീവന്‍റെ ഉറവകള്‍
സങ്കീര്‍ത്തനം 87-ല്‍നിന്നും അടര്‍ത്തിയെടുത്ത, “എന്‍റെ എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” (All my sources are from Thee…!) എന്നതാണ് 54-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യം.

ജീവന്‍റെ അപ്പവും ജീവന്‍റെ സ്രോതസ്സും
78 വയസ്സുകാരന്‍ ഹംഗേറിയന്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റ് യാനോസ് ലാംപെര്‍ട് ദിവ്യകാരുണ്യസന്ദേശത്തിന് ഒരുങ്ങുന്ന ചിത്രീകരണം അവതരപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിയ ജീവന്‍റെ അപ്പവും, ജീവന്‍റെ സ്രോതസ്സുമായ പരിശുദ്ധ ദിവ്യകാരുണ്യത്തെ ആകാശംപോലെയുള്ള ഇളംനീലയുടെ മീതെ തെളിഞ്ഞുനില്ക്കുന്ന ലോലമായ വെളുത്ത വരകളില്‍ ലാംപേര്‍ട് ചിത്രീകരിച്ചിരിക്കുന്നു.

ദിവ്യകാരുണ്യ അപ്പവും വീഞ്ഞും ചിത്രീകരിക്കുന്ന ഉയര്‍ന്ന ചഷകമാണ് മുഖ്യഘടകം. ജീവന്‍റെ അപ്പമായി ക്രിസ്തുവിനെ പ്രതിനിധാനംചെയ്യുന്ന കുരിശില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന നിര്‍ഝരി ഏഴു വരകളുടെ കൂട്ടമാണ്. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറയും ആത്മീയ ജീവന്‍റെ ഉറവിടങ്ങളുമായ ഏഴുകൂദാശകളെയും, ജീവന്‍റെ സ്രോതസ്സായ ദിവ്യകാരുണ്യത്തെയും അതില്‍ പ്രതീകാത്മകമായി ഉള്‍ചേര്‍ത്തിരിക്കുന്നു.

സംഗമവേദിയും സമയവും
ചിത്രീകരണത്തിന്‍റെ അടിത്തട്ടില്‍ സംഗമ സമയമായ രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്
13-20 സെപ്തംബര്‍   2020 (IEC-International Eucharistic Congress 2020) എന്നും, സംഗമവേദിയായ ഹംഗറിയുടെ തലസ്ഥാനനഗരം ബു‍ഡാപെസ്റ്റെന്നും (Budapest) കുറിച്ചിരിക്കുന്നു.

ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള
പൊന്തിഫിക്കല്‍ കമ്മിഷന്‍

രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി മെയ് 15, ബുധനാഴ്ച ബു‍ഡാപ്പെസ്റ്റില്‍ നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ദോയുടെ അദ്ധ്യക്ഷതയിലാണ് വാര്‍ത്താസമ്മേളനം നടന്നത്.

ഒരാഴ്ച നീളുന്ന ആത്മീയോത്സവം
ക്രിസ്തുവിലുള്ള വിശ്വാസത്തിനു സാക്ഷ്യംവഹിക്കുവാനും, കത്തോലിക്കാ വിശ്വാസബോദ്ധ്യങ്ങളുടെ ആത്മീയശക്തി ലോകത്തിനു പകര്‍ന്നുനല്കുവാനുമാണ് ഇത്ര ബൃഹത്തായ രീതിയില്‍ രാജ്യാന്തര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഹംഗറിയില്‍ സംഘടിപ്പിക്കുന്നത്. 100-ല്‍ അധികം രാജ്യങ്ങളില്‍നിന്നും പ്രതിനിധിസംഘങ്ങളും, വിദഗ്ദ്ധരും, സഭാദ്ധ്യക്ഷന്മാരും ഒരാഴ്ച നീളുന്ന ഈ ആത്മീയോത്സവത്തില്‍ പങ്കെടുക്കും. 1938-ലെ രാജ്യാന്തര ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന് വേദിയായിട്ടുള്ള ഹംഗറി രണ്ടാം തവണയാണ് ചരിത്രത്തില്‍ ഈ മഹത്തായ ആത്മീയ സംഗമത്തിന് വേദിയാകുന്നതെന്നും കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ദോ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

വത്തിക്കാന്‍റെ പ്രതിനിധികള്‍
രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പിയെര്‍ മരീനി, സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ വിത്തോര്‍ ബൊക്കാര്‍ഡി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

 

 

16 May 2019, 18:47