തിരയുക

Vatican News
 Cardinal Patriarch Nasrallah Pierre Sfeir Condoling the Death of the Former Maronite church head Cardinal Patriarch Nasrallah Pierre Sfeir Condoling the Death of the Former Maronite church head 

കര്‍ദ്ദിനാള്‍ നസ്രള്ളാ സഫീയര്‍ കാലംചെയ്തു

മാരൊനൈറ്റ് പാത്രിയര്‍ക്കിസ് നസ്രള്ളാ ബുത്രോസ് സഫിയീര്‍ അന്തരിച്ചു. പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം
മെയ് 12- Ɔ൦ തിയതി, ഞായറാഴ്ചയാണ് ലെബനോണിലെ ബെയ്റൂട്ടില്‍വച്ച് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 98-Ɔമത്തെ വയസ്സില്‍ അന്തിയോക്യായിലെ മാരൊനൈറ്റ് സഭയുടെ മുന്‍പാത്രിയര്‍ക്കിസ് കാലംചെയ്തത്. അന്തരിച്ച പാത്രിയര്‍ക്കിസ് നസ്രള്ളാ സഫിയീറിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും, മാരൊനൈറ്റ് സഭാംഗങ്ങളെ ആകമാനവും അനുശോചനം അറിയിക്കുന്നതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസ്സാന്ത്രോ ജിസ്സോത്തി പ്രസ്താവനയിലൂടെ അറിയിച്ചു.

കര്‍ദ്ദിനാള്‍ സഫിയീറിന്‍റെ നാള്‍വഴികള്‍
1920 മെയ് 15-ന് ലെബനോണിലെ റെയ്ഫീണിലാണ് കര്‍ദ്ദിനാള്‍ സഫിയീര്‍ ജനിച്ചത്.

1950 മെയ് 7-ന് ബെയ്റൂട്ടിലെ മാരൊനൈറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിച്ച് പൗരോഹിത്യം സ്വീകരിച്ചു. പത്തുവര്‍ഷക്കാലം ദൈവശാസ്ത്ര വിഷയങ്ങളുടെ അദ്ധ്യാപകനായി ലെബനോണിലും മദ്ധ്യപൂര്‍വ്വദേശത്തും സേവനംചെയ്തു.

1961-ല്‍ അന്തിയോക്യന്‍ പാത്രിയേര്‍ക്കേറ്റിന്‍റെ മെത്രാനായി നിയുക്തനായി.

1986- ഏപ്രില്‍ 19-ന് ആഗോള മാരൊനൈറ്റ് സഭയുടെ 76-Ɔമത്തെ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മാരൊനൈറ്റ് സഭയുടെ പ്രസിഡന്‍റും, ലെബനോണിലെ ദേശീയ മെത്രാന്‍സമിതിയുടെ തലവനായും പാത്രിയര്‍ക്കീസ് സഫിയീര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1994-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, മാരൊനൈറ്റ് പാത്രിയര്‍ക്കീസ് സഫിയീറിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.
1995-ല്‍ അദ്ദേഹം  മദ്ധ്യപൂര്‍വ്വദേശത്തെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

2010-വരെ പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രവര്‍ത്തക സമിതി അംഗിമായിരുന്നു.

2011-ല്‍ കര്‍ദ്ദിനാള്‍ സ്ഫിയീര്‍ പ്രായപരിധിയെത്തി വിരമിക്കുമ്പോള്‍, തല്‍സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത് മാരനൈറ്റ് സഭയെ ഇന്നു നയിക്കുന്ന കര്‍ദ്ദിനാള്‍ പാത്രിയര്‍ക്കീസ് ബെചാരെ ബുത്രോസ് റായിയാണ്.

കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നിജസ്ഥിതി
കര്‍ദ്ദിനാള്‍ സ്ഫിയീറിന്‍റെ മരണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 221 ആയി കുറയുകയാണ്. അതില്‍ 120-പേര്‍ 80 വയസ്സില്‍ താഴെ വോട്ടവകാശമുള്ളവരും, മറ്റ് 101-പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

13 May 2019, 18:38