തിരയുക

പ്രായാധിക്യമുള്ള അമ്മ പ്രായാധിക്യമുള്ള അമ്മ 

പ്രായംചെന്നവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം

ഐക്യരാഷ്ട്ര സഭയിലെ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകൻ മോൺ. ബെർണഡിറ്റോ ഔസാ പ്രായംചെന്നവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനായുള്ള പ്രതിബദ്ധതയെ ന്യൂയോർക്കിൽ വച്ച് ഏപ്രിൽ 15 മുതൽ 18 വരെ നടക്കുന്ന പ്രായാധിക്യമനുഭവിക്കുന്നവർക്കായുള്ള ഐക്യരാഷ്ട്രസഭയുടെ പത്താം സമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഇന്നത്തെ കാലത്ത് പ്രായമായവരെ ഒഴിവാക്കുന്ന രീതികൾ വളരെ സർവ്വസാധാരണമായ ഒരു കാര്യമായി തീർന്നിട്ടുണ്ടെന്നു പല പ്രാവശ്യം ഫ്രാൻസിസ് പാപ്പാ നമ്മുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ടെന്നു പറഞ്ഞ മോൺസിഞ്ഞോർ പ്രായമായവർ ക്രമാതീതമായ ദാരിദ്ര്യത്താലും, രോഗത്താലും, വൈകല്യങ്ങളാലും, സാമൂഹീക ഒറ്റപ്പെടുത്തലുകളാലും, അക്രമങ്ങളാലും മറ്റും ആവശ്യത്തിന് ഭക്ഷണവും പാർപ്പിടവുമില്ലാതെ, ആരോഗ്യ സംരക്ഷണമില്ലാതെ, വിവരവിനിമയ സൗകര്യങ്ങളില്ലാതെ കഴിയുന്നവരാണെന്നും, എന്നാൽ അവർക്കു സമൂഹത്തിനു തുടർന്ന് നൽകാൻ കഴിയുന്ന സംഭാവനകളെ, മറക്കരുതെന്നും ഓർമ്മിപ്പിച്ചു. ഈ വിഷമതകൾ ദരിദ്രരായി ജനിച്ചു വളർന്നവരുടെ കാര്യത്തിലാകുമ്പോൾ അതീവ ദയനീയമാകുന്നെന്നും അദ്ദേഹം നിരീക്ഷിച്ചു.

വിദ്യാഭ്യാസവും പരിശീലനവും കാര്യക്ഷമത പരിപോഷണവും ആജീവനാന്തം നീളുന്നതാവണമെന്നും പ്രായത്തിന്‍റെ വിജ്ഞാനത്തെ ബഹുമാനിക്കുന്നതരത്തിലുള്ളതാവണമെന്നും പ്രായമായ ഒരാളെയും പുറകിലേക്ക് തള്ളിക്കളയുന്നതാവരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രായംചെന്നവർ നമ്മുടെ ജനത്തിന്‍റെ ജീവിക്കുന്ന ഓർമ്മയാണെന്നും തങ്ങളുടെ വേരുകളെ കണ്ടെത്താൻ മറ്റുള്ളവരെ അവർക്കു സഹായിക്കാൻ കഴിയുമെന്നും മോൺ. ഔസാ പ്രസ്താവിച്ചു. സാമൂഹീക സുരക്ഷിതത്വവും സംരക്ഷണവും അവർക്ക് ഉറപ്പാക്കേണ്ട അത്യാവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. സാമൂഹികമായി ഉൽപ്പാദകരായും ഉപയോഗമുള്ളവരായും ഇവരെ കണക്കാക്കാത്തതിനാൽ സമൂഹത്തിനും ഗവണ്‍മെന്‍റുകൾക്കും ഇവർ ഒരു ഭാരമായാണ് കരുതപ്പെടുന്നതെന്നും ദയാവധവും സഹായിച്ചുള്ള ആത്മഹത്യയും നിലവിലുള്ളയിടങ്ങളിൽ പ്രായാധിക്യത്താലും അസുഖങ്ങളാലും വിഷമിക്കുന്ന ബലഹീനരായവരെ ഇങ്ങനെ അവസാനിപ്പിക്കുവാൻ നിയമപരമായ സംരക്ഷണം വരെ ലഭിക്കുന്നു എന്നും പരിശുദ്ധ സിംഹാസനം ഇത്തരം പ്രവണതകളെ ശക്തിയുക്തം എതിർക്കുന്നുവെന്നും ഇത്തരം അക്രമണങ്ങളിൽ നിന്ന് അവരെ രക്ഷിക്കാന്‍ സാമൂഹിക സംരക്ഷണവും സുരക്ഷിതത്വവും അവർക്ക് ഉറപ്പാക്കാൻ വേണ്ട നടപടികൾ അത്യാവശ്യമാണെന്നും മോൺസിഞ്ഞോർ അഭിപ്രായപ്പെട്ടു.

പുതിയ നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മാനുഷീകാവകാശത്തെ സംബന്ധിച്ച നിലവിലുള്ള അന്തർദ്ദേശീയ നിയമങ്ങൾ മനുഷ്യ ജീവിതത്തിലെ എല്ലാ കാലഘട്ടങ്ങളിലേക്കും ബാധകമാക്കത്തക്ക തരത്തിൽ പ്രോൽസാഹിപ്പിക്കുകയും ഉറപ്പാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും അങ്ങനെ പല തട്ടുകളിലായി മനുഷ്യാവകാശ നിയമത്തെ വേർതിരിക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായോഗിക വശങ്ങളിലൂന്നിക്കൊണ്ടുള്ള തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോകാൻ കഴിയട്ടെ എന്നും മോൺ. ബെർണഡിത്തോ ഔസാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2019, 13:43