തിരയുക

Vatican News
 Msgr. Bruno Duffe - Secretary to the Dicastery for  Integral Human Development Msgr. Bruno Duffe - Secretary to the Dicastery for Integral Human Development  

സാഹോദര്യത്തിലേയ്ക്കുള്ള മാറ്റമാണ് മാനസാന്തരം

മാനസാന്തരത്തിലേയ്ക്കു നയിക്കുന്ന ഉപവി പ്രവര്‍ത്തനത്തെക്കുറിച്ച്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മാനസാന്തരത്തിനുള്ള സമയം - തപസ്സ്
സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ബ്രൂണോ മാരി ഡുഫേയുടെ തപസ്സുകാല ചിന്തകളാണിത്. മാര്‍ച്ച് 14-‍Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് തപസ്സുകാലത്തിന്‍റെ പശ്ചാത്തലത്തില്‍ ഉപവിപ്രവര്‍ത്തനത്തെയും മാനസാന്തരത്തെയും കൂട്ടിയിണക്കി  സംസാരിച്ചത്.  മാനസാന്തരത്തിനുള്ള സമയമാണ് തപസ്സുകാലം. വിശ്വാസജീവിതത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ തപസ്സിലെ 40 ദിനങ്ങളിലൂടെ നാം ദൈവവചനത്തിന് കാതോര്‍ത്തും, അത് ഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ അനുവദിച്ചും ജീവിക്കണമെന്നതാണ് ആദ്യചുവടുവയ്പ്.

ഉപവിപ്രവൃത്തിയും മാനസാന്തരവും
ദൈവസ്നേഹത്തില്‍നിന്ന് ഉതിര്‍ക്കൊള്ളേണ്ട സഹോദരസ്നേഹമാണ് ഉപവിപ്രവൃത്തി. ആദരവോടും എളിമയോടുംകൂടെ വീണ്ടും സഹോദരങ്ങളെ സ്നേഹിക്കാന്‍ നമ്മെ സഹായിക്കുന്ന ഘടകമാണ് ഉപവിപ്രവൃത്തി. സഹോദരങ്ങളെ നാം വേണ്ടുവോളം സ്നേഹിക്കുന്നില്ല എന്ന അവബോധമാണ് അനുതാപം, അല്ലെങ്കില്‍ മാനസാന്തരം.

കൂട്ടായ്മയിലേക്കു നയിക്കുന്ന മാനസാന്തരം
യഥാര്‍ത്ഥമായ അനുതാപത്തില്‍നിന്നു മാത്രമേ അതിനുള്ള പരിഹാരത്തിലേയ്ക്കും, തപസ്സിലെ പ്രായശ്ചിത്ത പ്രവൃത്തികളിലേയ്ക്കും വ്യക്തി ഉയരുകയുള്ളൂ. അതിനാല്‍ അവസാനം സമൂഹത്തിലും കുടുംബത്തിലും യാഥാര്‍ത്ഥ്യമാകേണ്ട സഹോദര സ്നേഹവും, ഉപവിപ്രവൃത്തിയും മാനസാന്തരത്തിന്‍റെ പ്രതീകമാണ്. മാനസാന്തരം സ്വാര്‍ത്ഥതയില്‍നിന്നും കൂട്ടായ്മയിലേയ്ക്കും സാഹോദര്യത്തിലേയ്ക്കുമുള്ള നീക്കമാണ്. മോണ്‍സീഞ്ഞോര്‍ ബ്രൂണോ ഡുഫേ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

സ്നേഹത്തിന്‍റെ ശ്രേഷ്ഠമായ പ്രകടനം ക്ഷമ
തപസ്സുകാലം കഴിഞ്ഞാലും നിലനില്ക്കേണ്ടതും, ക്രൈസ്തവ അസ്തിത്വത്തിന്‍റെ കേന്ദ്രമായിരിക്കേണ്ടതും സഹോദരസ്നേഹമാണ്. അനുദിനം ദൈവകൃപയാല്‍ നവീകൃതരായുള്ള ഒരു ആത്മീയയാത്രയാണ് സഹോദരസ്നേഹമുള്ള ജീവിതം. അതുകൊണ്ട് തപസ്സുകാലത്ത് സഭ നിര്‍ദ്ദേശിക്കുന്ന പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ എത്തേണ്ടതു ക്ഷമയിലും, ക്ഷമിക്കുന്ന സ്നേഹത്തിലൂടെയുമാണ്. സ്നേഹത്തിന്‍റെ മഹത്തരമായ പ്രകടനമാണ് ക്ഷമ. ദൈവത്തിന്‍റെ മുന്നില്‍ പാപികളാണെന്നു തിരിച്ചറിഞ്ഞാണ്  മുറിപ്പെടുത്തിയവരില്‍നിന്നും നാം ക്ഷമ യാചിക്കേണ്ടത്.

നമ്മെ നയിക്കുന്ന ദീര്‍ഘക്ഷമാലു
ദൈവം അനന്തമായി നമ്മോടു ക്ഷമിക്കുന്നു. അവിടുന്ന് ദീര്‍ഘക്ഷമാലുവാണ്. അവിടുന്നാണ് നമ്മെ ക്ഷമയിലേയ്ക്കും അനുതാപത്തിലേയ്ക്കും ക്ഷണിക്കുന്നത്.

15 March 2019, 14:04