Australia's most senior  Cardinal George Pell found guilty Australia's most senior Cardinal George Pell found guilty  

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേല്‍ ശിക്ഷിക്കപ്പെട്ടു

ആറു വര്‍ഷത്തേയ്ക്കാണ് ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ പേലിന് കോടതി ഏകാന്തതടവു വിധിച്ചത്. വിധി പുനര്‍പരിശോധിക്കാന്‍ കര്‍ദ്ദിനാളിന്‍റെ “അപ്പീല്‍”.

- ഫാദര്‍  വില്യം നെല്ലിക്കല്‍

കുട്ടികളെ പീഡിപ്പിച്ച കേസ്
മെല്‍ബോണ്‍ അതിരൂപതയിലെ മെത്രാപ്പോലീത്തയായിരിക്കവെ പ്രായപൂര്‍ത്തി എത്താത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, വൈദികരുമായി ബന്ധപ്പെട്ട കുട്ടികളുടെ പീഡനക്കേസുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റം ആരോപിച്ചുകൊണ്ടാണ് മാര്‍ച്ച് 12 ചൊവ്വാഴ്ച, ഓസ്ട്രേലിയയില്‍ വിക്ടോറിയ കൗണ്ടി കോടതിയിലെ ജഡജ് പീറ്റര്‍ കിഡ്, 77 വയസ്സുകാരന്‍ കര്‍ദ്ദിനാളിനെ 6 വര്‍ഷത്തെ ഏകാന്ത തടവിനു വിധിച്ചത്.

കുറ്റപത്രവും മാധ്യമപ്രചാരണവും
1990-ല്‍ മെല്‍ബോണില്‍ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് പള്ളിയുടെ പൂജാവസ്ത്രങ്ങള്‍ അണിയുന്ന മുറിയില്‍ ദിവ്യബലിക്കുശേഷം പീഡനം നടന്നുവെന്നാണ് വിധി പ്രസ്താവനയില്‍ ജ‍ഡജ് പീറ്റര്‍ കിഡ് വിശദീകരിക്കുന്ന ആരോപണം. കര്‍ദ്ദിനാളിന്‍റെ പീഡനം കുട്ടികളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതായും, കര്‍ദ്ദിനാളിന്‍റെ അധികാരവും ദാര്‍ഷ്ട്യവും  കുട്ടികളെ വശീകരിക്കാന്‍ ഉപയോഗിച്ചെന്നും ആരോപിക്കുന്ന കോടതി, അരമണിക്കൂര്‍ നീണ്ട വിധിപ്രസ്താവം പൊതുമാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണംചെയ്യാന്‍ അനുമതി നല്കുകയും ചെയ്തിരുന്നു.

ആവര്‍ത്തിക്കപ്പെടുന്ന നിരപരാധിത്വം
കേസിന്‍റെ ആരംഭംമുതല്‍ നിരപരാധിത്വം പ്രഖ്യാപിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പേല്‍ കോടതിയോട് വിധിയുടെ പുനര്‍പരിശോധനയ്ക്കുള്ള അപ്പീല്‍ നല്കിയത്, ജൂണ്‍ 5, 6 തിയതികളിലേയ്ക്കു കോടതി നീട്ടിവച്ചു.

വത്തിക്കാന്‍റെ നിലപാട്
കര്‍ദ്ദിനാള്‍ പേലിന് എതിരായ വിധിപ്രസ്താവം നടന്നതിന്‍റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍റെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള സംഘം (Congregation for the Doctrine of Faith) സഭാനിയമങ്ങളുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാളിന് എതിരായുള്ള ആരോപണം പരിശോധിച്ച് നടപിടികള്‍ സ്വീകരിക്കുമെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ത്രോ ജിസോത്തിയുടെ പ്രസ്താവന അറിയിച്ചു.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 March 2019, 17:51