തിരയുക

Blessed Mariano Mullerat y Soldevila Martyr Blessed Mariano Mullerat y Soldevila Martyr 

മെഡിക്കല്‍ ഡോക്ടര്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്

മരിയാനോ മൂളെരാ ഈ സോള്‍ദേവില്‍ ഭിഷഗ്വരനും ധീരനായ രക്തസാക്ഷിയും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അഭ്യന്തര യുദ്ധകാലത്തെ രക്തസാക്ഷി
സ്പെയിനിലെ അഭ്യന്തര യുദ്ധകാലത്ത് വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ഡോക്ടര്‍, മരിയാനോ മൂളെരാ ഈ സോള്‍ദേവിലാണു (Dr. Mariano Mullerat I Soldevill) വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. മാര്‍ച്ച് 23-Ɔο തിയതി ശനിയാഴ്ച രാവിലെ പ്രദേശിക സമയം 11 മണിക്ക് സ്പെയിനിലെ തരഗോണാ ഭദ്രാസനദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയാണ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ രക്തസാക്ഷിയായ അല്‍മായനും മെഡിക്കല്‍ ഡോക്ടറുമായ മരിയാനോയെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയത്.

പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച രക്തസാക്ഷിത്വം
നല്ലകുടുംബസ്ഥനും ഉത്തമപൗരനും പാവങ്ങളായവരോടുള്ള പ്രതിബദ്ധതകൊണ്ട് ശ്രദ്ധേയനുമായ ഡോക്ടര്‍ മരിയാനോയുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് 2003-ല്‍ സ്പെയിനിലെ സഭ തുടക്കമിട്ടു. ദൈവദാസന്‍, ഡോക്ടര്‍ മരിയാനോയുടെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്ന് 2018 മാര്‍ച്ച് 7-ന് പാപ്പാ ഫ്രാന്‍സിസാണ് നിജപ്പെടുത്തിയത്. അതിനുശേഷമാണ് ധീരനായ ഈ രക്തസാക്ഷി വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്.

ഡോക്ടറും മേയറും
സ്പെയിനിലെ അരബേക്കാ സ്വദേശിയായ മരിയാനോ ഇ സോള്‍ദോവില്‍ ഒരു ഭിഷഗ്വരനായിരുന്നു. രോഗികളോടുള്ള സമീപനത്തില്‍ പുലര്‍ത്തിയ സമര്‍പ്പണവും, അവരില്‍ പാവങ്ങളോടു കാണിച്ചിരുന്ന പ്രത്യേക പരിഗണനയും അദ്ദേഹത്തെ സമൂഹത്തില്‍ ശ്രദ്ധേയനാക്കിയിരുന്നു. അതുകൊണ്ടുതന്നെ 1924-30 കാലയളവില്‍ ഡോക്ടര്‍ മരിയാനോ ഇ സോള്‍ദോവില്‍ അര്‍ബേക്ക നഗരത്തിന്‍റെ മേയര്‍ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

വിശ്വാസത്തെപ്രതി കൊല്ലപ്പെട്ടു
നീതിയും ഈശ്വരവിശ്വാസവുമുള്ള ഒരു സാമൂഹ്യനിഷ്ഠയില്‍ മതത്തിന് എതിരായ നീക്കങ്ങളെയും വിശ്വാസജീവിതത്തിന് എതിരായ സാമൂഹ്യ പ്രചാരണങ്ങളെയും ഡോക്ടര്‍ മരിയാനോ നഗരപിതാവെന്ന നിലയിലും അല്ലാതെയും എതിര്‍ത്തിരുന്നു. പിന്നീട് വിപ്ലവത്തിലൂടെ സ്പെയിനിന്‍റെ ഭരണം പിടിച്ചെടുത്ത നിരീശ്വരവാദി ഫ്രാന്‍സിസ്കോ ഫ്രാങ്കോ സര്‍ക്കാരിന്‍റെ കാലത്ത്, ജനപ്രീതിയുള്ള ‍ഡോക്ടറും സാമൂഹ്യസേവകനും ധീരനായ വിശ്വാസിയുമായ ഡോക്ടര്‍ മരിയാനോ 1936-ലെ ആഗസ്റ്റ് 13-ന് 39-Ɔമത്തെ വയസ്സില്‍ കൊല്ലപ്പെട്ടു.

രാഷ്ട്രീയം ഉപവിയുടെ വേദിയാക്കാം
“രാഷ്ട്രീയം ഉപവിയുടെ സമുന്ന വേദിയാക്കാമെന്നു മനസ്സിലാക്കിയ ഡോക്ടര്‍ മരിയാനോ, രോഗീപരിചരണ മേഖലയിലും സാമൂഹിക രംഗത്തെ ജനസേവന മേഖലയിലും ഒരു അല്‍മായന് വിശുദ്ധിയില്‍ വളരാമെന്ന് പഠിപ്പിക്കുന്നു. ഡൊമിനിക്കന്‍ സന്ന്യാസിമാരുടെ ആത്മീയത ഡോക്ടര്‍ മരിയാനോ വ്യക്തിജീവിതത്തില്‍ ആത്മനാ ഉള്‍ക്കൊണ്ടു  ജീവിച്ചിരുന്നതായും, ” വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് മാര്‍ച്ച് 20-Ɔο തിയതി  ബുധനാഴ്ച നല്കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ പ്രസ്താവിച്ചു.

വാഴ്ത്തപ്പെട്ട ഡോക്ടര്‍ മരിയാനോയുടെ ഓര്‍മ്മദിനം
മരിയാനോ മൂളെര ഇ-സോള്‍ദേവിലിന്‍റെ ജനനം 24 മാര്‍ച്ച് 1897.
രക്തസാക്ഷിത്ത്വം 13 ആഗസ്റ്റ് 1936.
സഭയിലെ അനുസ്മരണ ദിനം 13 മാര്‍ച്ച്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2019, 12:22