നവ നവവാഴ്ത്തപ്പെട്ടവര്‍-  സ്പെയിനിലെ ഒവിയേദൊയിലെ വൈദികാര്‍ത്ഥികളായിരുന്ന നിണസാക്ഷികള്‍, വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം 09/03/2019 നവ നവവാഴ്ത്തപ്പെട്ടവര്‍- സ്പെയിനിലെ ഒവിയേദൊയിലെ വൈദികാര്‍ത്ഥികളായിരുന്ന നിണസാക്ഷികള്‍, വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം 09/03/2019 

നിണസാക്ഷികളായ ഒമ്പത് വൈദികാര്‍ത്ഥികള്‍ വാഴ്ത്തപ്പെട്ടവര്‍

വിശ്വാസത്തെ പ്രതി മരിക്കുക എന്നത് ഏതാനും പേര്‍ക്കുമാത്രം നല്കപ്പെടുന്ന ഒരു ദാനം, എന്നാല്‍ വിശ്വാസം ജീവിക്കുകയെന്നത് സകലര്‍ക്കുമുള്ള വിളി- ഇതാണ് നവവാഴ്‍ത്തപ്പെട്ടവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മാമ്മോദീസാ വഴി ലഭിച്ച നവജീവനെ നശിപ്പിക്കാന്‍ ശാരീരിക മരണത്തിനാകില്ലയെന്ന് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു (CARD.GIOVANNI ANGELO BECCIU).

സ്പെയിനില്‍ 1934-37 വര്‍ഷങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച അന്നാട്ടുകാരായ 9 വൈദികാര്‍ത്ഥികളെ ശനിയാഴ്ച (09/03/2019) ഒവിയെദൊ അതിരൂപതയുടെ കത്തീദ്രലില്‍ വച്ച്  വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാര്‍മ്മിത്വം വഹിച്ച അദ്ദേഹം സുവിശേഷ സന്ദേശം നല്കുകയായിരുന്നു.

ദൈവത്തില്‍ നിന്നുള്ള നവജീവന്‍റെ ആരംഭമാണ് മരണം എന്ന് കര്‍ദ്ദിനാള്‍ ബെച്ചു ഉദ്ബോധിപ്പിച്ചു.

9 സെമിനാരിക്കാര്‍ ഇല്ലാതായി, അവരുടെ ശരീരത്തില്‍ നിന്ന് ജീവന്‍ വിട്ടുപോയി എന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ നിരപരാധികളായ അവരുടെ മരണം “കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും, മരുഭൂമിയിലും നിനക്ക് സമൃദ്ധി നല്കും, നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ” എന്ന ഏശയ്യാ പ്രവാചകന്‍റെ പുസ്തകം, അമ്പത്തിയെട്ടാം അദ്ധ്യായം, പതിനൊന്നാം വാക്യത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന സത്യത്തെ സവിശഷ ശക്തിയോടെ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസത്തെ പ്രതി മരിക്കുക എന്നത് ഏതാനും പേര്‍ക്കുമാത്രം നല്കപ്പെടുന്ന ഒരു ദാനമാണെന്നും എന്നാല്‍ വിശ്വാസം ജീവിക്കുകയെന്നത് സകലര്‍ക്കുമുള്ള വിളിയാണെന്നും നവവാഴ്ത്തപ്പെട്ടവര്‍ അവരുടെ സന്ദേശത്താലും നിണസാക്ഷിത്വത്താലും നമ്മോടു പറയുകയും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുവെന്നും കര്‍ദ്ദിനാള്‍ ബെച്ചു പ്രസ്താവിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2019, 07:59