24 hours for the Lord 24 hours for the Lord 

മാര്‍ച്ച് 29-ന് ദൈവിക ഐക്യത്തിന്‍റെ വിനാഴികകള്‍

ലോകം ദൈവിക കാരുണ്യത്തില്‍ മുഴുകേണ്ട ദിവസം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

 മാര്‍ച്ച് 29-Ɔο തിയതി തപസ്സുകാലത്തെ മൂന്നാംവാരം വെള്ളിയാഴ്ച ലോകമെമ്പാടും  ദൈവികൈക്യത്തിന്‍റെ 24-മണിക്കൂര്‍ ആചരിക്കണമെന്ന്  ഓര്‍മ്മിപ്പിക്കുന്നത് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ്.

തിരികെ വരാനുള്ള ദിവസം
ഇടവകകളിലും, തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും, യുവജനകേന്ദ്രങ്ങളിലും, സന്ന്യാസ സമൂഹങ്ങളിലും ഒരു മണിക്കൂറെങ്കിലും അനുതാപശുശ്രൂഷ നടത്തിക്കൊണ്ടും പാപമോചനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും എല്ലാപ്രായക്കാരായ വിശ്വാസികള്‍ക്കും ദൈവിക ഐക്യത്തിലേയ്ക്കും കാരുണ്യത്തിലേയ്ക്കും തിരികെ  വരാനുള്ള അവസരമാണ് ഈ ദിനം ആഹ്വാനംചെയ്യുന്നത്.

“ഞാനും നിന്നെ വിധിക്കുന്നില്ല!”  
“ഞാനും നിന്നെ വിധിക്കുന്നില്ല!” (യോഹ. 8, 11). വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്ന കല്ലെറിയാന്‍ കൊണ്ടുവരപ്പെട്ട പാപിനിയായ സ്ത്രീയോടു സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ടു ക്രിസ്തു മൊഴിഞ്ഞ സാന്ത്വനവാക്കുകളാണ് “ദൈവികൈക്യത്തിന്‍റെ 24 മണിക്കൂര്‍” എന്ന അനുരഞ്ജന ദിനത്തിന്‍റെ ആറാം വാര്‍ഷികത്തിലെ ധ്യാനവിഷയം. സംഘാടകരായ  നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് (Pontifical Council for New Evangelization) ഈ വിഷയം  ശുപാര്‍ശചെയ്യുന്നത്.

വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വം
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍, മാര്‍ച്ച് 29-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുതാപശുശ്രൂഷ നടത്തപ്പെടും. വ്യക്തിഗതമായി പാപമോചനം തേടുന്നതിനുള്ള അവസരവും ലഭ്യമായിരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസ്താവന അറിയിച്ചു.

കാരുണ്യവും കാരുണ്യം തേടുന്നവരും
അനുരഞ്ജനത്തിന്‍റെ കൂദാശയ്ക്ക് അല്ലെങ്കില്‍ കുമ്പസാരത്തിന് ക്രൈസ്തവ ജീവിതത്തില്‍ കേന്ദ്രസ്ഥാനം ഉണ്ടാകണം എന്ന ചിന്തയോടെയാണ് അനുവര്‍ഷം തപസ്സുകാലത്ത് "ദൈവികൈക്യത്തിന്‍റെ 24 മണിക്കൂര്‍"  എന്ന ശീര്‍ഷകത്തില്‍  അനുരഞ്ജനത്തിന്‍റെ ദിനം ആചരിക്കണമെന്ന ആഹ്വാനം പാപ്പാ ഫ്രാന്‍സിസ് നല്കിയത്. “കാരുണ്യവും കാരുണ്യം തേടുന്നവരും” (Misericordia et Misera) എന്ന അപ്പസ്തോലിക കത്തിലൂടെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ ദിനം പ്രബോധിപ്പിച്ചിട്ടുള്ളത്. 2016-ല്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിലാണ് ഈ കത്ത് പുറത്തുവന്നത്.

ലോകം ദൈവിക കാരുണ്യത്തില്‍ മുഴുകുന്ന ദിനം
തപസ്സിലെ നാലാം ഞായറിനോടു ചേര്‍ന്നുള്ള വെള്ളിയാഴ്ചയോ, സൗകര്യപ്രദമായ മറ്റേതെങ്കിലും ദിനത്തിലോ ഈ അനുരഞ്ജനദിനം ആചരിക്കപ്പെടുന്നു. ധാരാളം രൂപതകളില്‍ ഈ ദിനം ജനകീയമായിക്കഴിഞ്ഞു. ആഗോളസഭ ഈ ദിനം ഒത്തൊരുമയോടെ ആചരിക്കുമ്പോള്‍ ലോകം മുഴുവനും ദൈവിക കാരുണ്യത്തില്‍ മുഴുകുന്ന ഒരു ദിനമായി മാറുമിത്.

For more details, visit the site of Pontifical Council for New Evangelization, also in English : www.pcpne.va

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2019, 16:37