International Union of Superior Generals  UISG & Union of Superior Generals USG International Union of Superior Generals UISG & Union of Superior Generals USG  

പാപ്പാ ഫ്രാന്‍സിസിന് സന്ന്യസ്തരുടെ വന്‍പിന്‍തുണ

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച മെത്രാന്മാരുടെ സംഗമത്തിന് സന്ന്യസ സഭാധികാരികളുടെ ആഗോള കൂട്ടായ്മ പിന്‍തുണ പ്രഖ്യാപിച്ചു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സ്ത്രീ-പുരുഷ വിഭാഗങ്ങളുടെ സംയുക്ത പിന്‍തുണ
കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന സഭാധികാരികളുടെ രാജ്യാന്ത സംഗമത്തിനും, മുന്‍കൈയ്യെടുക്കുന്ന മറ്റു നീക്കങ്ങള്‍ക്കും പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് സന്ന്യാസ സഭകളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ രാജ്യാന്തര കൂട്ടായ്മ (UISG & USG) പ്രസ്താവന ഇറക്കി. ഫെബ്രുവരി 19-Ɔο തിയതി ചൊവ്വാഴ്ചയാണ് സന്ന്യാസഭകളുടെ  സ്ത്രീ-പുരുഷ വിഭാഗത്തിന്‍റെ കൂട്ടായ്മകള്‍ (Internaional Union of Superior Generals UISG & Union of Superior Generals USG)  സംയുക്ത പ്രസ്താവന പുറത്തുവിട്ടത്.

എക്കാലത്തും എവിടെയും നിഷേധ്യമായത്!
കുട്ടികളുടെ പീഡനം എക്കാലത്തും എവിടെയും നിഷേധ്യമാണെന്നത് തര്‍ക്കമറ്റ സംഗതിയുമാണെന്ന്, സന്ന്യാസ സഭകളുടെ മേലധികാരികളുടെ രാജ്യാന്തര കൂട്ടായ്മ (Union of Superior Generals) പ്രസ്താവിച്ചു. ഫെബ്രുവരി 21-മുതല്‍ 24-വരെയാണ് വത്തിക്കാനില്‍ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ആഗോളതലത്തിലുള്ള ദേശീയ മെത്രാന്മാന്‍ സമിതികളുടെയും സന്ന്യാസസഭാ തലവന്മാരുടെയും സംഗമം.  ഈ സംഗമത്തിനും മുന്‍പേ  ഫെബ്രുവരി 19-Ɔο തിയതി ചൊവ്വാഴ്ചയാണ്  അതു വിളിച്ചുകൂട്ടുന്ന പാപ്പാ ഫ്രാന്‍സിസിന് സന്ന്യാസ സഭാധികാരികളുടെ രാജ്യാന്തര കൂട്ടായ്മ പിന്‍തുണ പ്രഖ്യാപിച്ചത്.  

കുട്ടികള്‍ ലോകത്തെ വ്രണിതാക്കള്‍
കുട്ടികള്‍ ലോകത്ത് എവിടെയും പീഡിപ്പിക്കപ്പെടുകയും, പരിത്യജിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വ്രണിതാക്കളായ കുട്ടികളാണ് ഈ സമ്മേളനത്തിന്‍റെ കേന്ദ്രം. കാരണം ഏതു തരത്തിലുള്ള പീഡനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ലോകത്ത് ഏറ്റവും  എളുപ്പത്തില്‍ വശംവദരാകുന്നത് കുട്ടികള്‍തന്നെയാണ്. അതിനു തെളിവാണ് സംസ്കാരസമ്പന്നമായ രാജ്യങ്ങളില്‍ നിലവിലുള്ള കുട്ടിപ്പട്ടാളം, പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളുടെ മനുഷ്യക്കടത്ത്, ലൈംഗിക ദുര്‍വിനിയോഗം, അവരുടെ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍, കുട്ടികളുടെ വില്പന, ബാലവേല എന്നിവ. ഇവ ഇന്നും നിലനില്ക്കുകയും വര്‍ദ്ധിച്ചുവരികയും ചെയ്യുന്നതും ഖേദകരമാണ്. നിര്‍ദ്ദോഷികളുടെ ഈ കരച്ചില്‍ കേള്‍ക്കാനും, അവരെ മോചിപ്പിക്കാനും അവരുടെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സന്ന്യസ്തരുടെ സംയുക്ത പ്രസ്താവന സമര്‍ത്ഥിച്ചു.

അപമാനത്തിനു മുന്നില്‍ നമ്രശിരസ്ക്കരായി
സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക ദുരുപയോഗവും, അധികാര ദുര്‍വിനിയോഗവും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ വേദനാജനകവുമായ കഥയാണ്. സഭയുടെയും സന്ന്യാസ സമൂഹങ്ങളുടെയും പശ്ചാത്തലത്തില്‍ അരങ്ങേറിയിട്ടുള്ള അപമാനകരമായ ഈ സംഭവങ്ങള്‍ക്കു മുന്നില്‍ സന്ന്യസ സഭാധികാരികളുടെ സംഘടന വേദനയോടെ തലതാഴ്ത്തുന്നതായി പ്രസ്താവന രേഖപ്പെടുത്തി. കുട്ടികളുടെ ദുര്‍വിനിയോഗത്തില്‍ ബോധപൂര്‍വ്വം ഏര്‍പ്പെടുന്നവര്‍ അവരുടെ പ്രവൃത്തികള്‍ ഒളിപ്പിക്കാനും തന്ത്രപൂര്‍വ്വം കൈകാര്യംചെയ്യുവാനും വഴികള്‍ ഒരുക്കുന്നതായി മനസ്സിലാക്കുന്നു.

വെളിച്ചത്തുകൊണ്ടുവരാന്‍ ക്ലേശകരമായ കേസുകള്‍
കുട്ടികളുടെ പീഡനക്കേസുകള്‍ വെളിച്ചത്തുകൊണ്ടു വരിക പലപ്പോഴും അത്ര എളുപ്പമല്ല. കാരണം വ്രണിതാക്കളായ കുട്ടികളെ ഒറ്റപ്പെടുത്താനും വസ്തുതകള്‍ ഒളിപ്പിക്കാനും പ്രായമായ കുറ്റവാളികള്‍ക്കു  സാധിക്കും. അങ്ങനെ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞത ഉത്തരവാദിത്ത്വപ്പെട്ടവരുടെ കുറ്റബോധത്തെയും അപമാനഭാരത്തെയും വര്‍ദ്ധിപ്പിക്കുന്നതാണ്. അതിനാല്‍ സന്ന്യാസ സഭാധികാരികള്‍ ആഗോളതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ തെറ്റിയിട്ടുണ്ടെന്നും, നടപടികള്‍ എടുക്കാന്‍ വൈകുകയും, നടപ്പിലാക്കാന്‍ ക്ലേശിക്കുകയും ചെയ്തിട്ടുമുണ്ട്. കുറ്റസമ്മതം നടത്താത്തതുമൂലം തിന്മയുടെ അടയാളങ്ങള്‍ ഗൗരവപൂര്‍വ്വം കൈകാര്യംചെയ്യുന്നതില്‍ വീഴ്ചകള്‍ വന്നിട്ടുള്ളതായും പ്രസ്താവന ഏറ്റുപറയുന്നു.  

ഏകീകൃതമായ നടപടിക്രമങ്ങള്‍ കണ്ടെത്തും
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്ന സംഗമം കുട്ടികളുടെ സംരക്ഷണവും, മേല്‍ക്കാര്യം സംബന്ധിച്ച സഭാശുശ്രൂഷകരുടെ അധികാര ദുര്‍വിനിയോഗവും എന്ന വിഷയമാണ് പ്രതിപാദിക്കുന്നത്. അതിനാല്‍ ഇരകളായവരുടെ കദന കഥകള്‍ ഈ സമ്മേളനത്തിന്‍റെ ശ്രദ്ധയിലുണ്ട്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ത്രിദിന രാജ്യാന്തര സംഗമം പ്രശ്നപരിഹാരത്തിനു തുറവുള്ള നടപടിക്രമങ്ങളും, വിശദീകരണങ്ങളും, നിലവിലുള്ള സഭാ നിയമങ്ങളുടെ വെളിച്ചത്തില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ഉതകുന്ന തീരുമാനങ്ങള്‍ എടുക്കാനും  ദൈവാരൂപിയുടെ പ്രചോദനത്താല്‍ സാധിക്കുമെന്ന പ്രത്യാശയുണ്ട്. ആഗോളവ്യാപകമായി ഇന്നിന്‍റെ സംസ്കാരത്തിനു ഇണങ്ങുന്ന രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍‍ കണ്ടെത്താനുള്ള നീക്കുപോക്കുകളാണ് ഏറെ തുറവോടെ വത്തിക്കാന്‍ സംവിധാനംചെയ്തിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2019, 19:17