Cerca

Vatican News
കുടിയേറ്റക്കാരുമായി  കരയ്ക്കടുക്കാന്‍ കാത്തിരിക്കുന്ന കപ്പല്‍ കുടിയേറ്റക്കാരുമായി കരയ്ക്കടുക്കാന്‍ കാത്തിരിക്കുന്ന കപ്പല്‍  (ANSA)

കുടിയേറ്റക്കാരു‌ടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പാപ്പാ

സമൂഹ മനസ്സാക്ഷിയെ വേട്ടയാടുന്ന കുടിയേറ്റത്തെക്കുറിച്ചും, കുടിയേറ്റക്കാരോടുളള സഭയുടെ സമീപനത്തെക്കുറിച്ചും പ്രത്യേകിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷ​ണത്തെക്കുറിച്ചുമുള്ള വിശകലനം

സി. റൂബിനി സി.റ്റി.സി

"ഞാന്‍ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു; ഞാന്‍ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു". (മത്താ.25: 35 -36)  എന്ന തിരുവചനം നമ്മെ ഓർമിപ്പിക്കുന്നത് പരദേശികളിലും സമൂഹം മാറ്റിനിറുത്തപ്പെട്ടവരിലും ജീവിക്കുന്ന ദൈവസാന്നിധ്യത്തെ കുറിച്ചാണ്.ഫെബ്രുവരി മാസത്തിലെ  പാപ്പായുടെ പ്രാർത്ഥനാ നിയോഗത്തിൽ മനുഷ്യക്കടത്തിനും, നിർബന്ധിത വ്യഭിചാരത്തിനും, കലാപത്തിനും ഇരകളായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം അവരെ ഹൃദയപൂർവ്വം സ്വീകരിക്കണമെന്ന് പാപ്പാ നിർദേശിച്ചത്  കുടിയേറ്റക്കാരുടെ  ജീവിതത്തിന്‍റെ ദുരന്തങ്ങളെ പാപ്പാ വ്യക്തമായി മനസിലാക്കിയതുകൊണ്ടതാണ്.

മനുഷ്യക്കടത്തിനിരയായ വിശുദ്ധ ബഖീത്താ

ഫെബ്രുവരി എട്ടാം തിയതി വിശുദ്ധ ബഖീത്തായുടെ തിരുന്നാൾ ദിനമാണ്. പടിഞ്ഞാറൻ സുഡാനിലെ (ഡാർഫൂർ മേഖല) ഒരു ചെറിയ ഗ്രാമത്തിൽ 1869 ൽ ജനിച്ച് ഏഴാം വയസ്സിൽ അറബികളുടെ അടിമയായി തട്ടിക്കൊണ്ടുപോയ കുട്ടിയായിരുന്നു. സ്വന്തം പേരും, കുടുംബാംഗങ്ങളുടെ പേരും മറന്നു പോകേണ്ടി വന്ന ഈ പെണ്‍ക്കുട്ടിക്ക് ബഖീത്താ എന്ന് പേര് നല്‍കിയത് അടിമകളായി കൂടെയുണ്ടായിരുന്ന തടവുകാരായിരുന്നു. അറബി ഭാഷയിൽ ബഖീത്താ എന്ന പേരിന്‍റെ അർത്ഥം "ഭാഗ്യം" എന്നാണ്.

എല് ഒബീദിന്‍റെയും, ഖാര്‍ത്തൂമിന്‍റെയും ചന്തകളില്‍ അടിമവ്യാപാരികളാല്‍ പല തവണ വില്‍ക്കപ്പെട്ട ബഖീത്താ  അടിമത്തം നല്‍കിയ അപമാനവും,ശാരീരികവും,ധാർമ്മികവുമായ കഷ്ടപ്പാടുകളും നന്നായി അനുഭവിച്ച വിശുദ്ധയാണ്. പ്രത്യേകിച്ച് ഒരു തുര്‍ക്കി ജനറലിനെ സേവിച്ചിരുന്നവസരത്തില്‍ അവളുടെ നെഞ്ച്, വയറു, വലത് ഭുജം എന്നിവയിൽ ക്ഷൗരക്കത്തി കൊണ്ട് തുളച്ച് പച്ചകുത്തിയതിന്‍റെ നൂറുകണക്കില്‍ പരം വരുന്ന മുറുവുകളുമായി ജീവിച്ച വിശുദ്ധയാണ് ബഖീത്താ. മുറിവുകളില്‍ ഉപ്പിട്ടു മൂടിവയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ടത് സ്ഥിരമായ പാടുകളുണ്ടാകാനായിരുന്നുവെന്ന് വിശുദ്ധ ജോസഫിന്‍ ബഖീത്തായുടെ  ജീവചരിത്രത്തില്‍ കാണാം.

കുടിയേറ്റം ആഗോളതലത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത് ഒരു നൂതന സംഭവമല്ല. കുടിയേറ്റത്തിന് മനുഷ്യകുലത്തിന്‍റെ അത്ര പഴക്കമുണ്ടാകും.

കുടിയേറ്റം എന്നാൽ എന്താണ്?

ഒരു വ്യക്തി അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികള്‍  ഒരിടത്തില്‍ നിന്നും മാറി  മറ്റൊരിടത്തില്‍  വന്ന് താമസിക്കുന്നു. പലപ്പോഴും രാഷ്ട്രീയമോ ഭരണപരമോ ആയ അതിർവരമ്പിലൂടെയാണ് കുടിയേറ്റം സംഭവിക്കുന്നത്. കുടിയേറ്റം താൽക്കാലികമോ ശാശ്വതമോ, സ്വമേധയാ അല്ലെങ്കിൽ നിർബന്ധിതമായോ ആകാം.

കുടിയേറ്റം ബൈബിളിന്‍റെ പശ്ചാത്തലത്തിൽ

ബൈബിള്‍ പശ്ചാത്തലത്തിൽ അബ്രഹാമിന്‍റെ കാലം മുതലേ കുടിയേറ്റം നമുക്ക് കാണാം. ബൈബിളിൽ കുടിയേറ്റത്തിന്‍റെ സമഗ്ര ചിത്രം നമുക്കു കിട്ടുന്നത് ഇസ്രായേൽ കുടുംബം കാനായിലെ ക്ഷാമം മൂലം ഈജിപ്തിലേക്ക് നടത്തുന്ന യാത്രയുണ്ട്. പിന്നീടു അവിടെ ഒരു കുടുംബം മുഴുവനും ഒരുമിക്കുന്ന രംഗവും പഴയനിയമം വ്യക്തമാക്കുന്നുണ്ട്.   അടിമത്വവും, ക്രൂര ഭരണവും നിലനിന്നിരുന്ന  ഈജിപ്തിൽ നിന്ന്  കാനായിലേക്ക് സ്വാതന്ത്ര്യം തേടിയുള്ള യാത്രയാണത്. മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുള്ള കുടിയേറ്റം എന്ന പ്രതിഭാസം ഇന്ന് വളരെ ഭയാനകമായ രീതിയിൽ വളരുകയോ അതിനെ അവതരിപ്പിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നു എന്നതാണ് വാസ്തവം.

കുടിയേറ്റക്കാരുടെ വര്‍ദ്ധന

കണക്കുകൾ പറയുമ്പോൾ കഴിഞ്ഞ 2000 ത്തിൽ നടന്ന കുടിയേറ്റത്തേക്കാൾ 2017ൽ  50% ത്തോളം വർദ്ധന ഉണ്ടായതായി കാണാം. 258 ദശലക്ഷം ആളുകൾ 2000 ൽ  മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയെങ്കിൽ 2017ൽ അത് 685 ദശലക്ഷമായി ഉയർന്നു. അഭയാർത്ഥികളുടെ എണ്ണത്തിലും സാരമായ വർദ്ധനയുണ്ടായി. 15.4 ദശലക്ഷം പേർ 2010 ലും 25.4 ദശലക്ഷം 2017 ലും എന്നത് 60% ത്തിൽ അധികമാണ്.

കുടിയേറ്റത്തിന്‍റെ കാരണങ്ങള്‍ - സഭ വീക്ഷണത്തില്‍  

ഈ ഭയാനകമായ കണക്കുകൾക്കു മുന്നിൽ നിന്ന് എന്താണ് ഈ പാലായനങ്ങൾക്ക് കാരണം എന്ന് ഒന്ന് ചിന്തിക്കുക സ്വാഭാവികം. ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ  പ്രതിനിധിയും സ്ഥിരം നിരീക്ഷക നുമായ ആർച്ച്ബിഷപ്പ് ബെർണർദീത്തോ ഔസാ പറയുന്ന കാരണങ്ങൾ ശ്രദ്ധേയമാണ്.  

കുടിയേറ്റത്തിലേക്ക് തള്ളിവിടുന്നതും കുടിയേറ്റത്തിലേക്ക് ആകർഷിക്കപ്പെടുന്നതുമായ ഘടകങ്ങളെ പറ്റി അദ്ദേഹം Push Factors അഥവാ  എന്നും Pull Factors എന്നും പറയുന്നു. കുടിയേറ്റത്തിലേക്ക് തള്ളിവിടുന്നവ യുദ്ധം, കലാപം, അരക്ഷിതാവസ്ഥ, മനുഷ്യാവകാശ ലംഘനം, കാലാവസ്ഥാ വ്യതിയാനങ്ങൾ വരുത്തിവയ്ക്കുന്ന വിനകൾ, പ്രകൃതിക്ഷോപം മുതലായവയും, കുടിയേറ്റത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ പുത്തൻ അവസരങ്ങൾ, സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം, കുടുംബത്തിന്‍റെ ഒരുമിക്കൽ, ജോലി സാധ്യതകൾ മുതലായവയാണ്.

ഇക്കാലത്തെ ഏറ്റവും വലിയ ഒരു വെല്ലുവിളിയായി മാറുകയാണ് ജനങ്ങളുടെ കൂട്ടമായുള്ള ഈ പാലായനം. രാഷ്ട്രങ്ങളും രാഷ്ട്രീയ തന്ത്രങ്ങളും പകച്ചു നില്ക്കുന്ന ഈ പ്രതിഭാസത്തെ പരിശുദ്ധ സിംഹാസനം എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുമ്പോള്‍ കുടിയേറ്റം ഒരു പ്രതിസന്ധിയോടുള്ള മനുഷ്യന്‍റെ പ്രകൃതിദത്തമായ ഉത്തരവും,സന്തോഷത്തിനും, സ്വാതന്ത്ര്യത്തിനും, നല്ല ജീവിത സാഹചര്യങ്ങൾക്കായുള്ള മനുഷ്യന്‍റെ നൈസർഗ്ഗീകമായ ആഗ്രഹത്തിന്‍റെ പ്രത്യുത്തരവുമായാണ് വിലയിരുത്തുന്നത്.

മനുഷ്യന്‍റെ കുടിയേറാനുള്ള അവകാശത്തേയും അതിനേക്കാൾ മുന്നേ കുടിയേറാതിരിക്കാനുള്ള അവകാശത്തെ വിശ്വസിക്കുകയും ചെയ്യുന്ന സഭ സ്വതന്ത്രമായ, സുരക്ഷതയുള്ള, നിയമപരമായി നടത്തപ്പെടുന്ന കുടിയേറ്റം വികസനത്തിനും, സംസ്കാര സമ്പന്നതയ്ക്കും വഴിതെളിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

കുടിയേറ്റക്കാരുടെ വ്യക്തിതാത്പര്യം നോക്കാതെ അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണം മാനിക്കപ്പെടണം. ഈ ആഗോള വെല്ലുവിളിക്ക് ആഗോളതലത്തിലുള്ള ഒരു പ്രതികരണമാണ് പലപ്പോഴും വത്തിക്കാൻ ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെടുന്നത്.

സഭ  ആവശ്യപ്പെടുന്ന നീതി പൂര്‍വ്വകമായ കുടിയേറ്റം

നാല്  ക്രിയാപദങ്ങൾ ഉപയോഗിച്ച് കത്തോലിക്കാ സഭയുടെ കുടിയേറ്റത്തോടുള്ള സമീപനം ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കുന്നുണ്ട്.

1.സ്വാഗതം ചെയ്യുക

സുരക്ഷിതമായും നിയമപരമായും ഏതു രാജ്യത്തേക്കാണോ കുടിയേറ്റം ലക്ഷ്യം വയ്ക്കുന്നത് അവിടെ എത്തുന്നതിനും, ജനങ്ങളുടെ പുറപ്പാട് നീതി പൂർവ്വകവും സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെയാകാൻ നടപടികൾ സ്വീകരിക്കുക.

2. സംരക്ഷിക്കുക

കുടിയേറ്റക്കാരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ അവരുടെ ജന്മസ്ഥലത്തു നിന്ന് മുതൽ ആരംഭിക്കുക. കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ആവശ്യമായ വിവരങ്ങൾ പരിശോധിച്ചറിയാനുള്ള സൗകര്യങ്ങൾ ഒരുക്കുക.

3. പ്രോൽസാഹിപ്പിക്കുക.

കുടിയേറ്റക്കാർക്ക് അവരെ തന്നെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ വരുമാനം നേടാനുള്ള ഉപാധികളും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയും അവരുടെ കഴിവുകൾ വളർത്താൻ പോന്ന വിദ്യാഭ്യാസവും, സാമൂഹിക ജീവതത്തിൽ ഇടപഴകാനുള്ള അവസരവും നൽകുക.

4. സമന്വയനം ചെയ്യുക

ശരിയായി നടത്തപ്പെടുന്ന കുടിയേറ്റം വഴി അവർ എത്തുന്ന രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയിലും സംസ്കാര ജീവിതത്തിലും സമ്പന്നത നല്കും.

 ഫ്രാൻസിസ് പാപ്പായും കുടിയേറ്റവും

ഇത്രയും സഭ നൽകുന്ന നിർദ്ദേശങ്ങളാണെങ്കിൽ ഫ്രാൻസിസ് പാപ്പായുടെ കുടിയേറ്റക്കാരോടുള്ള വ്യക്തിപരമായ സമീപനങ്ങൾ നമ്മെ അൽഭുതപ്പെടുത്തുന്നവയാണ്.

മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റോമിനു പുറത്തേക്ക്പാപ്പാ നടത്തിയ ആദ്യ യാത്ര തന്നെ അഭയാർത്ഥികളോടും കുടിയേറ്റക്കാരോടുള്ള പാപ്പായുടെ സമീപനം എന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു. യൂറോപ്പിലേക്കള്ള അഭയാർത്ഥി പ്രവാഹത്തിന്‍റെ ഇടത്താവളമായി മാറിയിട്ടുള്ള ഇറ്റലിയിലെ ലാംപദൂസ എന്ന സ്ഥലത്തില്‍  സഞ്ചരിച്ച ബോട്ടപകടത്തിൽപ്പെട്ട് മരിച്ച കുടിയേറ്റക്കാർക്കായി ദിവ്യപൂജയർപ്പിക്കാനും മെഡിറ്ററേനിയൻ കടലിൽ മരണപ്പെട്ടവർക്ക് കടലിൽ ചെന്ന് പുഷ്പാഞ്ചലി അർപ്പിക്കാനും ഫ്രാൻസിസ് പാപ്പാ അവിടെ എത്തി. അവരുടെ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും "എവിടെ നിന്‍റെ സഹോദരൻ" എന്ന ദൈവത്തിന്‍റെ ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരുമെന്നും പാപ്പാ പ്രഖ്യാപിച്ചു.

ഫ്രാൻസിസ് പാപ്പയുടെ പ്രധാന ഉൽകണ്ഠകളിൽ ഒന്നായ "നിസ്സംഗതയുടെ ആഗോളവൽക്കരണ"ത്തിന്‍റെ പരിണതഫലമണ് ഈ മരണങ്ങൾ എന്ന് പാപ്പാ നമ്മെ ഓർമ്മപ്പെടുത്തി. കുടിയേറ്റക്കാരും അഭയാർത്ഥികളും അവരുടെ ദുരിതങ്ങളും ആവർത്തിച്ചാവർത്തിച്ച് പാപ്പായുടെ പ്രസംഗങ്ങളിലും, പ്രവർത്തികളിലും ഇടം പിടിക്കുന്ന വിഷയങ്ങളാണ്. കുടിയേറ്റക്കാരും അഭയാർത്ഥികളും മനുഷ്യരാണെന്നും, അവർ ദൈവത്തിന്‍റെ മുന്നിൽ അമൂല്യരാണെന്നും, അവർ ബഹുമാനം അർഹിക്കുന്ന നമ്മുടെ സഹോദരരാണെന്നും, അവർക്കായി നമ്മൾ ചെയ്യുന്നതെല്ലാം ക്രിസ്തുവിനു തന്നെയാണ് ചെയ്യുന്നതെന്ന സന്ദേശമാണ് മനുഷ്യത്വം നിറഞ്ഞ പാപ്പായുടെ ഈ പ്രവർത്തികളില്‍ കാണുവാന്‍ കഴിയുന്നത്.

ഈ വിഷയത്തിലേക്ക് പലപ്പോഴും ആവർത്തിച്ച് പാപ്പാ തിരിച്ചു വരാറുണ്ട്. മധ്യ കിഴക്കൻ രാജ്യങ്ങളിലെ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കാനും, മെക്സിക്കൻ അതിർത്തിയിൽ പ്രസംഗിക്കാനും അമേരിക്കൻ  കോൺഗ്രസ്സിന്‍റെ മുന്നിൽ ഇക്കാര്യങ്ങൾ ആവർത്തിക്കാനും പാപ്പാ ധൈര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ക്രിസ്തീയ വിശ്വാസത്തിന്‍റെ ആഴമേറിയ പരീക്ഷയാണ് കുടിയേറ്റക്കാരും അഭയാർത്ഥികളും നമുക്ക് നേരെ വച്ചുനീട്ടുന്നതെന്നും പാപ്പാ പറയുന്നു. അമേരിക്കൻ പ്രസിഡണ്‍ന്‍റിന്‍റെ മെക്സിക്കൻ അതിർത്തിയിൽ പണിയാൻ ഉദ്ദേശിക്കുന്ന മതിലിനെക്കുറിച്ച് "അത് ക്രിസ്തീയമല്ല, സുവിശേഷമല്ല" എന്ന് തുറന്നു പറയാൻ ഫ്രാൻസിസ് പാപ്പാ ധൈര്യം കാണിച്ചിട്ടുണ്ട്. രാജ്യങ്ങൾ സ്വയം വികസത്തിലെത്തിയതല്ലെന്നും ഇതിന്‍റെ പിന്നിൽ കുടിയേറ്റക്കാരുടെ പങ്ക് മറക്കാനാവില്ലെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.

കുടിയേറ്റക്കാരുടെ പാദം കഴുകിയ പാപ്പാ

തന്‍റെ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളിൽ പോലും കുടിയേറ്റക്കാരേയും അഭയാർത്ഥികളേയും മറക്കാത്ത ഒരു മാർപ്പാപ്പയാണ് ഫ്രാൻസിസ്. 2016ലെ വിശുദ്ധവാരത്തിൽ 12 കുടിയേറ്റക്കാരുടെ പാദങ്ങൾ കഴുകി ചുംബിച്ച പാപ്പാ സാഹോദര്യ സ്നേഹത്തിന്‍റെ ക്രിസ്തീയ മുഖത്തിന് ഒരു പുത്തൻ തെളിച്ചം നല്കി. അക്കൂട്ടത്തിൽ മുസ്ലിം സഹോദരങ്ങളും, ഹിന്ദുക്കളും, കത്തോലിക്കരും, കോപ്റ്റിക് ഇവാഞ്ചലിസ്റ്റ് വിശ്വാസികളുമുണ്ടായിരുന്നു. ഏതു വിശ്വാസത്തിലും, സംസ്കാരത്തിലും ഉള്‍പ്പെട്ടവരാണെങ്കിലും സകലരും സഹോദരരാണെന്ന സന്ദേശമാണിവിടെ പാപ്പാ നൽകുക. കരുണ എല്ലാറ്റിനെയും പുനഃസ്ഥാപിക്കുന്നുവെന്നും അതു ഓരോ മനുഷ്യന്‍റെയും മാന്യത തിരിച്ചു നൽകുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഗ്രീസിലെ ലെസ്ബോസ് അഭയാർത്ഥി ക്യാമ്പു സന്ദർശിച്ച് അവിടെ നിന്നും 12 കുടുംബങ്ങളെ തന്‍റെ കൂടെ വത്തിക്കാനിലേക്ക് കൂട്ടിക്കൊണ്ട് വന്ന പാപ്പാ  "ഞാന്‍ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു." എന്ന ക്രിസ്തുവിന്‍റെ വചനത്തെ അക്ഷാര്‍ത്ഥത്തില്‍ ജീവിക്കുന്നു എന്ന് നമുക്ക് വ്യക്തമാണ്.

തന്‍റെ  അപ്പസ്തോലിക പ്രബോധനങ്ങളായ  ലവ്ദാത്തൊസി, ഇവാഞ്ചലീ ഗൗദിയും തുടങ്ങിയവയിൽപ്പോലും കുടിയേറ്റത്തിന്‍റെ മൂലകാരണങ്ങളെയും, നിസ്സംഗതയുടെ ആഗോളവൽക്കരണത്തെ കുറിച്ചും പാപ്പാ പഠിപ്പിക്കുന്നു. സഭ തന്‍റെ പഠനങ്ങളിലും പ്രവർത്തികളിലും അഭയാർത്ഥികളേയും കുടിയേറ്റക്കാരേയും സംരക്ഷിക്കാനും അവരെ സഹായിക്കാനും എന്നും ശ്രമിച്ചിട്ടുണ്ട്. മറ്റു പാപ്പാമാരുടെ ചാക്രികലേഖനങ്ങളും അഭയാര്‍ത്ഥികള്‍ക്കും, കുടിയേറ്റക്കാർക്കും വേണ്ടി മാത്രമായ ഒരു ഡിക്കാസ്റ്ററി തന്നെയും വത്തിക്കാന്‍റെ കീഴിലുണ്ടു. "ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു" (മത്താ 25,36) എന്ന വചനവും കായേനോട്‌ ദൈവം "നിന്‍റെ സഹോദരനെവിടെ" എന്ന് ചോദിക്കുന്ന ചോദ്യവും നൽകുന്ന സന്ദേശം ക്രിസ്തീയതയുടെ ഒരു പരീക്ഷയായി കണക്കിലെടുത്ത് അഭയാർത്ഥികൾക്കും, കുടിയേറ്റക്കാർക്കും സഹായം നൽകുകയും അവരെ ചൂഷണം ചെയ്യുന്ന സാഹചര്യങ്ങൾക്കും വ്യക്തികൾക്കും എതിരെ നിയമപരമായ നീക്കങ്ങളും, കുടിയേറ്റത്തിനു നിർബ്ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങൾക്ക് അറുതി വരുത്തുവാനുള്ള ശ്രമങ്ങൾക്ക് പിന്തുണയും നൽകാൻ സഭയോടൊപ്പം പ്രത്യേകിച്ച് സഭാമക്കളെ നയിക്കുന്ന ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാർത്ഥനയിലും പ്രവർത്തികളിലും നമുക്ക് ഒരുമിക്കാം.

08 February 2019, 15:19