തിരയുക

Vatican News
Zayed museum in Abu Dhabi - Extreme left behind  is a wooden sculpture of Christ Zayed museum in Abu Dhabi - Extreme left behind is a wooden sculpture of Christ   (ANSA)

മുറിപ്പെട്ടവര്‍ക്കു പ്രത്യാശപകര്‍ന്ന യുഎഇ അപ്പസ്തോലിക യാത്ര

പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇ യാത്രയെക്കുറിച്ചുള്ള അഭിമുഖത്തിലെ ചിന്താശകലങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫെബ്രുവരി 7-Ɔο തിയതി വ്യാഴാഴ്ച മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ മിഗുവേല്‍ എയിഞ്ചല്‍ അയൂസോ വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് തെക്കന്‍ അറബിനാട്ടിലേയ്ക്കുള്ള പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറഞ്ഞത്.

മുറിപ്പെട്ട സമൂഹങ്ങള്‍ക്ക് സാന്ത്വനമായ സന്ദര്‍ശനം
അതിക്രമങ്ങളാലും അനീതിയാലും മുറിപ്പെട്ട മാനവിക സമൂഹത്തിന് സാന്ത്വനം പകരാന്‍ പ്രചോദനമേകുന്നതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇ അപ്പസ്തോലിക സന്ദര്‍ശനമെന്ന്, മോണ്‍സീഞ്ഞോര്‍ മിഗുവേല്‍ അയൂസോ പ്രസ്താവിച്ചു. ലോകത്ത് അനേക രാജ്യങ്ങള്‍ ഇന്ന് ഇസ്ലാമിക ഭീകരവാദവും മതമൗലിക ചിന്തകളുംകൊണ്ട് അസമാധാനത്തില്‍ കഴിയുമ്പോള്‍ സാമ്പത്തിക ശക്തിയുള്ള മുസ്ലിം രാഷ്ട്രങ്ങളുടെ എമിറേറ്റ് കൂട്ടായ്മ മതാന്തരസംവാദത്തിന്‍റെ പാതയില്‍ മാനവിക സാഹോദര്യത്തിനും സമാധാനത്തിനുമായി കത്തോലിക്കാ സഭയുമായി കൈകോര്‍ത്ത ചരിത്ര സംഭവമായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎഇ അപ്പസ്തോലിക സന്ദര്‍ശനമെന്ന് മോണ്‍. അയൂസോ വിശേഷിപ്പിച്ചു.

മതങ്ങള്‍ സമാധാനത്തിന്‍റെ ഉപകരണങ്ങള്‍
മതങ്ങള്‍ സമാധാനത്തിനുള്ള ഉപകരണങ്ങളാണ്. അതിനാല്‍ അവ തമ്മില്‍ കൈകോര്‍ത്ത് സാഹോദര്യത്തിന്‍റെ പാതയില്‍ ജനങ്ങളെ നയിക്കുകയാണെങ്കില്‍ മാനവസാഹോദര്യവും ലോക സമാധാനവും വിദൂരസ്ഥമല്ലെന്ന് യുഎഇയിലെ മതങ്ങളുടെ സമ്മേളനവും, രാജ്യാന്തരതലത്തില്‍ വിളിച്ചുകൂട്ടപ്പെട്ട മുസ്ലിം മതനേതാക്കളുടെ കൗണ്‍സില്‍ (Council of Muslim Elders) പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ സംവാദവും വ്യക്തമാക്കിയെന്ന് സ്പെയിന്‍കാരനായ മോണ്‍സീഞ്ഞോര്‍ ആയൂസോ ചൂണ്ടിക്കാട്ടി.  

മാനവിക സാഹോദര്യത്തിന്‍റെ പ്രമാണരേഖ
സംവാദത്തിന്‍റെ സംസ്കാരവും, മാനവികതയുടെ പൊതുവായ മേഖലകളില്‍ പരസ്പര സഹകരണവും, തുറവുള്ള ധാരണയും നിലനിര്‍ത്താനായാല്‍ വിശ്വസാഹോദര്യവും സമാധാനവും യാഥാര്‍ത്ഥ്യമാക്കാനാവും എന്നതാണ്, യുഎഇയില്‍ പാപ്പാ ഫ്രാന്‍സിസും ഈജിപ്തിലെ വലിയ ഇമാം, അഹമ്മദ് അത്-തയീബും കൈമാറുകയും ഒപ്പുവയ്ക്കുകയും, അവിടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത മാനവിക സാഹോദര്യത്തിന്‍റെ പ്രഖ്യാപനമെന്ന് (Document on Human Fraternity for World peace and Living together) ഇസ്ലാമിക വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള മോണ്‍സീഞ്ഞോര്‍ ആയൂസോ വ്യക്തമാക്കി.

പ്രമാണങ്ങള്‍ പഠിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്
മേല്‍പരാമര്‍ശിച്ച,  “മാനവിക സാഹോദര്യ പ്രമാണരേഖ”യുടെ മലയാളപരിഭാഷ ഇനിയും തയ്യാറായിട്ടില്ല.  ഇംഗ്ലിഷിലുള്ള പരിഭാഷയുടെ പകര്‍പ്പ് പോപ്പ് ഫ്രാന്‍സിസിന്‍റെ സൈറ്റില്‍ ലഭ്യമാണ്. ലിങ്ക് താഴെ ചേര്‍ക്കുന്നു. ഇസ്ലാമിക പക്ഷത്ത് ഈജിപ്തിലെ വലിയ ഇമാം അഹമ്മദ് അത്-തയീബും ആഗോളസഭാദ്ധ്യക്ഷനായ പാപ്പാ ഫ്രാന്‍സിസും സ്വന്തം കൈപ്പടകളില്‍ എഴുതി ഒരുക്കിയിട്ടുള്ളതാണ്. വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും ഈ അത്യപൂര്‍വ്വമായ പ്രമാണരേഖ കഴിയുന്നത്ര എല്ലാവരും വായിക്കണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗ്രഹമാണെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് മോണ്‍സീഞ്ഞോര്‍ ആയൂസോ അഭിമുഖം ഉപസംഹരിച്ചത്.

Link to read the Human Fraternity Document in English : http://w2.vatican.va/content/francesco/en/travels/2019/outside/documents/papa-francesco_20190204_documento-fratellanza-umana.html

08 February 2019, 13:11