തിരയുക

Vatican News
Pope Francis with the Crown Prince Mohammed Bin Zayed al Nahyan at the farewell function Pope Francis with the Crown Prince Mohammed Bin Zayed al Nahyan at the farewell function  (ANSA)

അറബിനാടിന്‍റെ വാത്സല്യം ഏറ്റുവാങ്ങിയ സമാധാനദൂതന്‍

യുഎഇ അധികൃതരുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി പാപ്പാ ഫ്രാന്‍സിസ് ഫെബ്രുവരി 5, ചൊവ്വാഴ്ച വത്തിക്കാനിലേയ്ക്കു മടങ്ങി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ത്രിദിന സന്ദര്‍ശനത്തിന്‍റെ മംഗളസമാപ്തി
ഫെബ്രുവരി 3-Ɔο തിയതി ഞായറാഴ്ച തുടക്കമിട്ട, മൂന്നു ദിവസം നീണ്ട അപ്പസ്തോലിക യാത്രയ്ക്ക് ചൊവ്വാഴ്ച, ഫെബ്രുവരി 5-നു രാവിലെ, സായീദ് സ്പോര്‍ട്ട്സ് സ്റ്റേഡിയത്തില്‍ നടന്ന സമൂഹ ബലിയര്‍പ്പണത്തോടെ വിരാമമായി. ദിവ്യബലിയെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് 20 കി.മീ. അകലെയുള്ള പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലേയ്ക്കാണ് ഉടനെ കാറില്‍ പുറപ്പെട്ടത്.

ഹൃദ്യമായ യാത്രയയ്പ്പ്
അബുദാബിയുടെ കിരീടാവകാശി, മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാന്‍റെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തില്‍ നടന്ന ഔദ്യോഗിക യാത്രയയ്പ്പ്. പാപ്പായെ ക്ഷണിക്കാനും നേര്‍ക്കാഴ്ചയ്ക്കുമായി പലവട്ടം വത്തിക്കാനില്‍ എത്തിയിട്ടുള്ള അബുദാബിയുടെ സര്‍വ്വസൈന്യാധിപന്‍കൂടിയായ മുഹമ്മദ് ബിന്‍ സായിദ് അല്‍-നഹ്യാന്‍ പാപ്പായുമായി ഏതാനും നിമിഷങ്ങള്‍ സംസാരിച്ചും, അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും യാത്രപറഞ്ഞു. തുടര്‍ന്ന് യുഎഇയുടെ സാംസ്കാരിക മന്ത്രി ഉള്‍പ്പെടെ, ഭരണകര്‍ത്താക്കളുടെ 30 പ്രതിനിധികള്‍ പാപ്പാ ഫ്രാന്‍സിസിനെ യാത്രയയ്ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചിലര്‍ സകുടുംബം എത്തിയതും ശ്രദ്ധേയമായി. എല്ലാവര്‍ക്കും ഹസ്തദാനം നല്കിക്കൊണ്ടും, അവരുമായി കുശലംപറഞ്ഞുകൊണ്ടും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചശേഷമാണ് പാപ്പാ ഫ്രാന്‍സിസ് “എത്യാഡ്” ബി787 വിമാനത്തിന്‍റെ പടവുകള്‍ കയറിയത്.

യുഎഇ-യില്‍  “അദൃശ്യമായിരുന്ന സഭ”
എമിരേറ്റ് രാജ്യങ്ങളില്‍ അദൃശ്യമായിരുന്ന സഭയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ സായിദ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാവിലെ ദൃശ്യമായതും സജീവമായതും. സ്റ്റേഡിയത്തിന്‍റെ വിസ്തൃതമായ കുമ്പിളില്‍ പണ്ടൊരിക്കലും യുഎഇ ഭരണകര്‍ത്താക്കള്‍ കണ്ടിട്ടില്ലാത്ത ക്രൈസ്തവീകതയുടെ തിളക്കവും, കൂട്ടായ്മയും സജീവപങ്കാളിത്തവുമാണ് അവിടെ ദൃശ്യമായത്. ഒരു മുസ്ലിം സാമ്രാജ്യത്തിന്‍റെ ഹൃദയഭാഗത്ത് ആഗോള സഭാദ്ധ്യക്ഷന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സാഘോഷമായ സമൂഹബലിയര്‍പ്പണം മതസൗഹാര്‍ദ്ദത്തിന്‍റെയും വിശ്വസാഹോദര്യത്തിന്‍റെയും ചരിത്രമുഹൂര്‍ത്തമായി.

അഷ്ടഭാഗ്യങ്ങളിലെ  “ഭാഗ്യമുള്ളോര്‍”
അനുദിനജീവിതത്തിന്‍റെ വെല്ലുവിളികളെ നേരിട്ടാണ് വിവിധ രാജ്യങ്ങളില്‍നിന്നും കുടിയേറ്റക്കാരായ സാധാരണക്കാര്‍ എമിറേറ്റ് രാജ്യങ്ങളുടെ സമ്പന്നമായ ജീവിതപരിസരങ്ങളില്‍ നെറ്റിയിലെ വിയര്‍പ്പേറ്റി ജീവിക്കുന്നത്. അതുകൊണ്ടുതന്നെയാവണം പാപ്പാ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ വാക്കുകളാല്‍  ദിവ്യബലിമദ്ധ്യേ അവരെ ഉദ്ബോധിപ്പിച്ചത്,  “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും..... സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങള്‍ സമ്പന്നര്‍ക്കുള്ളതല്ല,  മറിച്ച് ജീവിതത്തില്‍ വെല്ലുവിളികള്‍  നേരിടുന്നവര്‍ക്കുള്ളതാണ്” (മത്തായി 5, 1-12).

06 February 2019, 16:56