Prefect of Dicastery for Communications in Lourdes France 23rd Session of St. Francis de Sales Media Conference Prefect of Dicastery for Communications in Lourdes France 23rd Session of St. Francis de Sales Media Conference 

വിശുദ്ധ സാലസിന്‍റെ നാമത്തില്‍ മാധ്യമസംഗമം ലൂര്‍ദ്ദില്‍

23-Ɔമത് രാജ്യാന്തര കത്തോലിക്ക മാധ്യമ പ്രവര്‍ത്തകരുടെ (23rd Edition of the International Days of Saint Francis de Sales) ലൂര്‍ദ്ദിലെ സംഗമം

- ഫാദര്‍ വില്യം നെല്ലിക്കല്‍

മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ നാമത്തിലുള്ള 23-Ɔമത് രാജ്യാന്തര കത്തോലിക്ക മാധ്യമ പ്രവര്‍ത്തകരുടെ (23rd Edition of the International Days of Saint Francis de Sales) ലൂര്‍ദ്ദിലെ സംഗമത്തില്‍ വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, ഡോ. പാവുളോ റുഫീനി ജനുവരി 30-Ɔο തിയതി നടത്തിയ പ്രഭാഷണത്തിലെ ചിന്തകള്‍

രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ
രാജ്യാന്തര കത്തോലിക്ക മാധ്യമ ഫെഡറേഷനും, "സീഗ്നിസ് വേള്‍ഡ്," ഫ്രാന്‍സിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി, വത്തിക്കാന്‍റെ മാധ്യമ വിഭാഗം എന്നിവ സംയുക്തമായിട്ടാണ് ഈ രാജ്യാന്തര സംഗമം വിശ്വോത്തര മേരി‍യന്‍ കേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ജനുവരി 30-മുതല്‍ ഫെബ്രുവരി 1-വരെ സംഘടിപ്പിക്കപ്പെട്ടത്. സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിന്‍റെ കാലികമായ പ്രബോധനശൈലിക്കും, ഫലപ്രാപ്തിക്കും കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ വ്യാപകമായ കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന്, നലംതികഞ്ഞ മാധ്യമപ്രവര്‍ത്തകനായ റൂഫീനി ആമുഖമായി പ്രസ്താവിച്ചു. സംഘാടകരായ മാധ്യമപ്രതിനിധികളെ കൂടാതെ, 26 രാജ്യാങ്ങളില്‍നിന്നായി 250-ല്‍ അധികം കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഈ ആഗോളസംഗമത്തെ കൂടുതല്‍ പ്രസക്തമാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“മാധ്യമപ്രവര്‍ത്തനവും വിശ്വാസബോധ്യങ്ങളും”
“മാധ്യമപ്രവര്‍ത്തനവും വിശ്വാസബോധ്യങ്ങളും” എന്ന പ്രതിപാദ്യവിഷയത്തെ കേന്ദ്രീകരിച്ചാണ് സംഗമം നടക്കുന്നത്. ശിഥിലമാകുന്ന ഇന്നത്തെ ലോകത്തെ സാന്ത്വനപ്പെടുത്താനും ഐക്യത്തില്‍ കൂട്ടിയിണക്കാനും സത്യത്തിന്‍റെ വചനം പ്രഘോഷിക്കാനുമുള്ള ശക്തമായ വിളിയാണ് കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ ഈ സംഗമം. സാമൂഹ്യമാധ്യമാ ശൃംഖലാ സമൂഹത്തില്‍നിന്നും മാനവസമൂഹത്തിന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഒരേ ശരീരത്തിലെ അവയവങ്ങളാണ് നാം (എഫേ. 4, 25), എന്ന 2019-ലെ മാധ്യമദിന സന്ദേശത്തിലെ പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകള്‍ റൂഫീനി തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

യാഥാര്‍ത്ഥ്യങ്ങളില്‍ എത്തിച്ചേരേണ്ട ആശയവിനിമയം
ആശയവിനിമയം പൂര്‍ണ്ണമാകുന്നത് യാഥാര്‍ത്ഥ്യങ്ങളിലാണ്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുകയും, അവയെ നാം അഭിമുഖീകരിക്കുകയുംചെയ്യുമ്പോള്‍, യാഥാര്‍ത്ഥ്യങ്ങളില്‍ നാം ജീവിക്കുകയും ആയിരിക്കുകയുംചെയ്യുന്നു. ഇങ്ങനെയാണ് മാധ്യമപ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതെന്ന് റൂഫീനി വ്യക്തമാക്കി. യാഥാര്‍ത്ഥ്യങ്ങളിലും സത്യത്തിലും അടിയുറച്ചുനിന്നുകൊണ്ടു മാത്രമേ, തിന്മയെയും തെറ്റായ പ്രബോധനങ്ങളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് യഥാര്‍ത്ഥമായ ആശയവിനിമയ രീതിയും മാധ്യമപ്രവര്‍ത്തനവുമാണ്.

സത്യം പ്രഘോഷിക്കേണ്ട  മാധ്യമങ്ങള്‍
അതിനാല്‍ ആശയവിനിമയത്തില്‍ സംവാദത്തിന്‍റെ പാതയും കേള്‍ക്കാനുള്ള സാദ്ധ്യതയും നമുക്ക് അനിവാര്യമാണ്. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്, നാം പറയുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ പിന്നെ സത്യം പ്രഘോഷിക്കുന്നതുകൊണ്ട് എന്തു പ്രയോജനം?! അതുകൊണ്ട് സത്യം സംസാരിച്ചതുകൊണ്ടു മാത്രമായില്ല, അത് നമ്മെ ശ്രവിക്കുന്നവര്‍ക്കു മാനസ്സിലാകുന്ന രീതിയിലും, അവരില്‍ താല്പര്യം ജനിപ്പിക്കുന്ന ശൈലിയിലും പ്രകാശനംചെയ്യാന്‍ നമുക്ക് സാധിക്കുന്നതാണ് യഥാര്‍ത്ഥമായ ആശയവിനിമയമെന്നും റുഫീനി സമര്‍ത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 February 2019, 15:13