തിരയുക

President, Pontifical Organization for Protection of Minors, Hans Zollner sj President, Pontifical Organization for Protection of Minors, Hans Zollner sj 

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച മെത്രാന്മാരുടെ ആഗോളസംഗമം

കു‌ട്ടികളുടെ സംരക്ഷണയ്ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഹാന്‍സ് സോള്‍നര്‍ മെത്രാന്മാരുടെ രാജ്യാന്തര സംഗമത്തെക്കുറിച്ച്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ലൈംഗികപീഡനക്കേസുകള്‍ക്ക് പരിഹാരം തേടി ചരിത്രത്തില്‍ ആദ്യമായി വത്തിക്കാനില്‍ സഭാദ്ധ്യക്ഷന്മാര്‍ സംഗമിക്കുന്നു. ഫെബ്രുവരി 21-മുതല്‍ 24-വരെ.

ആഗോളവ്യാപ്തിയുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍
ആഗോള വ്യാപ്തിയുള്ള പ്രശ്നപരിഹാര മാര്‍ഗ്ഗം നല്കാനാണ് കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച് ദേശീയ സഭകളുടെ തലവന്മാരായ മെത്രാന്മാരെ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടുന്നത്. വത്തിക്കാന്‍റെ സംഘാടക സമിതി അംഗങ്ങളില്‍ പ്രധാനിയും, കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍  സംബന്ധിച്ചുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റുമായ ഫാദര്‍ ഹാന്‍സ് സോള്‍നര്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ഫെബ്രുവരി 12-Ɔο തിയതി, ചൊവ്വാഴ്ച നല്കിയ പ്രസ്താവനയിലൂടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.

സമ്മേളനത്തിന്‍റെ മൂന്നു പ്രധാന ഘട്ടങ്ങള്‍
മൂന്നു പ്രധാനപ്പെട്ട ഘട്ടങ്ങളാണ് മെത്രാന്മാരുടെ സമ്മേളനത്തിന് ഉള്ളതെന്നും, പാപ്പാ ഫ്രാന്‍സിസ് മൂന്നു ഘട്ടങ്ങളിലും തന്‍റെ സാന്നിദ്ധ്യംകൊണ്ട് ഈ കുട്ടായ്മയ്ക്കുവേണ്ട പിന്‍തുണയും വ്യക്തതയും നല്കുമെന്നും ഫാദര്‍ സോള്‍നര്‍ വ്യക്തമാക്കി.

മെത്രാന്മാരുടെ ഉത്തരവാദിത്ത്വങ്ങള്‍
1 പീഡനക്കേസുകളില്‍ മെത്രാന്‍, അല്ലെങ്കില്‍ സന്ന്യാസസഭയുടെ മേലധികാരിക്കുള്ള അജപാലനപരവും നൈയ്യാമികവുമായ ഉത്തരവാദിത്ത്വങ്ങള്‍.

കേസുകള്‍ അറിയിക്കാനുള്ള നടപടിക്രമങ്ങള്‍
2. പീഡനക്കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും മെത്രാന്‍ അല്ലെങ്കില്‍ സന്ന്യാസസഭയുടെ മേലധികാരി ആരെയാണ് അറിയിക്കേണ്ടത്. അറിയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍.

പൊതുസമൂഹത്തോടും ദൈവജനത്തോടുമുള്ള കടപ്പാട്
3 മൂന്നാമതായി ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു പ്രധാനഘടകം, സുതാര്യതയാണ്. ആന്തരിക ഗുണമായ സുതാര്യത പൊതുസമൂഹത്തിലെ അധികാരികളോടും ദൈവജനത്തോടും പാലിക്കേണ്ടതാണ്.

മനോഭാവത്തിലുണ്ടാകേണ്ട മാറ്റം
അവസാനമായി നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടോ, നടപടിക്രമങ്ങള്‍ ചിട്ടപ്പെടുത്തിയതുകൊണ്ടോ പ്രശ്നപരിഹാരമായില്ലെന്നും, വ്യക്തികളായ സഭാശുശ്രൂഷകരുടെ മനോഭാവത്തില്‍ ഉണ്ടാകേണ്ട മാറ്റമാണ് ഏറെ പ്രധാനപ്പെട്ടതെന്ന് ഫാദര്‍ സോള്‍നര്‍ വ്യക്തമാക്കി.

കുട്ടികളുടെ പെരുകുന്ന പീഡനക്കേസുകള്‍
മദ്ധ്യപൂര്‍വ്വദേശത്തും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വളരെ അധികമാണെന്ന് ഫാദര്‍ സോള്‍നര്‍ ചൂണ്ടിക്കാട്ടി. ലൈംഗികപീഢനം, യുദ്ധം, ഭീകരപ്രവര്‍ത്തനം, കുട്ടിപ്പട്ടാളം എന്നീ തലങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രവിശ്യകളിലെ  85 ശതമാനം കുട്ടികള്‍ ക്ലേശിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഫെബ്രുവരി 21-മുതല്‍ 24-വരെ വത്തിക്കാനില്‍ സമ്മേളിക്കുന്ന ആഗോളതലത്തിലുള്ള മെത്രാന്മാരുടെ സംഗമം കൂടുതല്‍ പ്രസക്തമാവുകയാണ്.

അറിവും അവബോധവും
ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ പീഡനക്കേസുകളെക്കുറിച്ച് അറിവോടും അവബോധത്തോടുംകൂടെ മുന്നോട്ടു നീങ്ങണമെന്ന് മനഃശാസ്ത്ര വിദഗ്ദ്ധന്‍കൂടിയായ ഫാദര്‍ സോള്‍നര്‍ അഭിപ്രായപ്പെട്ടു. പാപ്പാ ഫ്രാന്‍സിസ് വിഭാവനം ചെയ്ത മെത്രാന്മാരുടെ ഈ സംഗമം പീഡനക്കേസുകള്‍ ഒഴിവാക്കാനുള്ള അടിസ്ഥാന നീക്കങ്ങളാണ്. സഭാചരിത്രത്തില്‍ ആദ്യമായിട്ടാണ് സഭാദ്ധ്യക്ഷന്മാരെ കുട്ടികളുടെ പീഡനക്കേസുകളെക്കുറിച്ചു സംവദിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമായി വത്തിക്കാന്‍ വിളിച്ചുകൂട്ടുന്നത്. ഫാദര്‍ സോള്‍നര്‍ വ്യക്തമാക്കി.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2019, 19:41