Archbishop Charles Scicluna, Adjunct Secretary of the Congregation for Doctrine of Faith Archbishop Charles Scicluna, Adjunct Secretary of the Congregation for Doctrine of Faith 

സേവനത്തിന്‍റെ ഉരകല്ലാവണം വിശ്വസ്തത

വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശിയും, മാള്‍ട്ടയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ഷിക്ലൂനയുടെ പ്രഭാഷണത്തിലെ ഏതാനും ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിശ്വസ്ത ദാസരെയാണ് സഭാസേവനത്തിനാവശ്യം
ഫെബ്രുവരി 21-Ɔο തിയതി രാവിലെ വത്തിക്കാനില്‍ സംഗമിച്ച കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച രാജ്യാന്തര സംഗമത്തിലാണ്  ആര്‍ച്ചുബിഷപ്പ് ഷിക്ലീന ഈ  പ്രഭാഷണം നടത്തിയത്. വിശ്വസ്ത ദാസരെയാണ് സഭാസേവനത്തിന് ആവശ്യം. ശുശ്രൂഷാ ജീവിതത്തിലെ അവിശ്വസ്തതയുടെ ബാഹ്യമായ അടയാളമാണ് ഇന്ന് ധാരാളമായി നാം ലോകത്ത് കേള്‍ക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട സഭയിലെ ലൈംഗിക പീഡനക്കേസുകള്‍. “അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും. അധികം  ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും”  (ലൂക്കാ 12, 48).

അജപാലനം വിശുദ്ധമായ ഉത്തരവാദിത്ത്വം 
വൈദികരില്‍ നിക്ഷിപ്തമായിരിക്കുന്ന വലിയ ഉത്തരവാദിത്ത്വമാണ് ദൈവജനത്തിന്‍റെ സംരക്ഷണം. ഏറെ വിശ്വസ്തതയും വെല്ലുവിളിയും അത് ആവശ്യപ്പെടുന്നുണ്ട്. ജനത്തെ, അത് ചെറിയവരായാലും വലിയവരായാലും ആദരവോടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്നത് വൈദികരുടെ വിശുദ്ധമായ ഉത്തരവാദിത്വമാണ്. ഏതെങ്കിലും സാഹചര്യത്തില്‍ അവരില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടാല്‍ നീതിയോടും സത്യസന്ധതയോടുംകൂടെ അത് കൈകാര്യംചെയ്യേണ്ടതാണ്. 

മുന്‍പാപ്പാ ബെനഡിക്ടിന്‍റെ നിരീക്ഷണം
ഇന്ന് സഭയില്‍ ഉയരുന്ന കുട്ടികളും സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളുടെ പ്രതിസന്ധികള്‍ക്കു പിന്നിലെ വിവിധ ഘടകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചെങ്കില്‍ മാത്രമേ, വിശദാംശങ്ങളിലൂടെ പ്രശ്നം ആദ്യം കണ്ടെത്താനും, അതിന് ഉചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും സാധിക്കുകയുള്ളൂവെന്ന്, അയര്‍ലണ്ടിലെ സഭാശുശ്രൂഷകര്‍ക്ക് എതിരായി ഉയര്‍ന്ന അരോപണങ്ങള്‍ക്ക് മറുപടിയായി മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ എഴുതിയിട്ടുണ്ട് (2010 19, മാര്‍ച്ച്).

തിരഞ്ഞെടുപ്പിലെ അപര്യാപ്തതകള്‍
വൈദികാര്‍ത്ഥികളുടെയും സന്ന്യാസാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പിലെ അപര്യാപ്തമായ നടപടിക്രമങ്ങള്‍, അവര്‍ക്കു ലഭിക്കുന്ന മാനുഷികവും ധാര്‍മ്മികവും ബൗദ്ധികവും, ആത്മീയവുമായ രൂപീകരണ പദ്ധതികളുടെ ന്യൂനത, വൈദികരെയും അധികാരികളെയും ആദരവോടെ പിന്‍തുണയ്ക്കുന്ന സാമൂഹ്യപ്രവണത, ഉതപ്പുകളും സഭയുടെ സല്‍പ്പേരിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഒഴിവാക്കാനുള്ള ശ്രമം, തെറ്റു കണ്ടെത്തിയാല്‍ കാനോനിക നിയമം ​അനുശാസിക്കുന്ന ശിക്ഷണനടപടികള്‍ എടുക്കുന്നതില്‍ വന്നിട്ടുള്ള പിഴവുകള്‍; കൂടാതെ വ്യക്തിയുടെ അന്തസ്സു കാത്തുസൂക്ഷിക്കാനുള്ള ശ്രമവുമെല്ലാം സഭയില്‍ വളര്‍ന്നുവന്നിട്ടുള്ള വിപത്തിനു ഹേതുവാണെന്ന് പാപ്പാ ബെനഡിക്ട് കത്തില്‍ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.  

(പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരുപമല്ല)
for the full discourse visit the site of presidents bishops conference :  https://www.pbc2019.org/presentations

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2019, 12:35