Vatican News
Cardinal Luis Tagle, Archbishop of Manila, Philippines Cardinal Luis Tagle, Archbishop of Manila, Philippines   (Vatican Media)

മനുഷ്യയാതനകളോടു കണ്ണടയ്ക്കുന്നത് മിഥ്യയായ വിശ്വാസം

മനുഷ്യരുടെ വേദനകളോടു കണ്ണടയ്ക്കുന്ന വിശ്വാസം മിഥ്യയാണെന്ന്, മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ – കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സമ്മേളനത്തില്‍നിന്ന്... :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സമൂഹത്തെ തട്ടിമറിക്കുന്ന സഭയിലെ  പീഡനക്കേസുകള്‍
സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗികപീഡനം സമൂഹത്തിലെ വിവിധ തട്ടുകളെ വിപരീതമായി സ്വാധീനിക്കുന്നുണ്ടെന്ന് മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ പ്രസ്താവിച്ചു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് വത്തിക്കാനില്‍ ഫെബ്രുവരി 21-Ɔο തിയതി ആരംഭിച്ച സഭാദ്ധ്യക്ഷന്മാരുടെ രാജ്യാന്തര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ ഇപ്രകാരം ചൂണ്ടിക്കാട്ടിയത്.

ഇരയായ വ്യക്തികളെയും, കുടുംബങ്ങളെയും, സഭാംഗങ്ങളെയും, കുറ്റക്കാരെയും, മെത്രാന്മാരെയും;  മാത്രമല്ല സമൂഹത്തെ ആകമാനം അതു ബാധിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പറഞ്ഞു. ‍സഭയുടെ ഉത്തരവാദിത്ത്വങ്ങള്‍ എടുക്കുന്ന മെത്രാന്മാര്‍, പ്രശ്നങ്ങള്‍ വേണ്ടുംവിധം കൈകാര്യം ചെയ്യാതിരുന്നതുമൂലം നേരിട്ടും അല്ലാതെയും, ഇരകളായവരെയും ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയെ മുഴുവനായി മുറിപ്പെടുത്തുകയും വേദനിപ്പിക്കുയും ചെയ്തിട്ടുണ്ടെന്ന് എളിമയോടും ദുഃഖത്തോടുംകൂടെ സമ്മതിക്കുന്നതായി കര്‍ദ്ദിനാള്‍ താഗ്ലേ പ്രബന്ധത്തിന് ആമുഖമായി പ്രസ്താവിച്ചു.

പീഡകരെ സംരക്ഷിക്കുന്ന അപരാധം
പീഡനമേറ്റവരോടുള്ള പ്രതികരണത്തില്‍ മെത്രാന്മാരെന്ന നിലയില്‍ തങ്ങള്‍ക്ക് വീഴ്ചകള്‍ വിന്നിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടവരെ ചിലപ്പോള്‍ നിരസിക്കുകയും, തെറ്റുകാരനായ വൈദികനെയോ സന്ന്യസ്തനെയോ സംരക്ഷിക്കുകയും, സംഭവം മറച്ചുവയ്ക്കുകയും ചെയ്തതുവഴി സഭ ശുശ്രൂഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടവരെ മുറിപ്പെടുത്തുകയും,  തമ്മില്‍ അകന്നുപോകുവാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്.

മുറിവുണക്കാനുള്ള നേരായ മാര്‍ഗ്ഗങ്ങള്‍
മുറിപ്പാടുകള്‍ നമ്മെ സൗഖ്യാദാനത്തിനായി ക്ഷണിക്കുന്നു. മനുഷ്യഹൃദയങ്ങളിലെ മുറിവുണക്കാന്‍ മനഃശ്ശാസ്ത്രപരമായും സാമൂഹിക ശാസ്ത്രപരമായും മാര്‍ഗ്ഗങ്ങളുണ്ട്. എല്ലാം സഭാശുശ്രൂഷകരോ, മെത്രാന്മാരോ അറിഞ്ഞിരിക്കണമെന്നില്ല, അറിയാമെന്നു ഭാവിക്കുന്നതും ശരിയല്ല. അവയുടെ സഹായം കണ്ടെത്താവുന്നതും തേടാവുന്നതുമാണ്. എന്നാല്‍ സഭാമക്കള്‍ക്ക് ഇക്കാര്യത്തില്‍ വിശ്വാസത്തിന്‍റെയും, സഭാ പ്രബോധനങ്ങള്‍ നല്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളുടെയും സഹായം തീര്‍ച്ചയായും തേടാവുന്നതാണ്.

ക്രിസ്തുവിന്‍റെ മുറിപ്പാടു കണ്ടവര്‍
ഉത്ഥിതനായ ക്രിസ്തുവില്‍നിന്നും, അവിടുത്തെ ശിഷ്യന്മാരില്‍നിന്നും വിശ്വാസത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയും പരിഹാരങ്ങളും തേടാനാകും. ക്രിസ്തുവിന്‍റെ മുറിപ്പാടുകള്‍ തിരിച്ചറിഞ്ഞവര്‍ ഉത്ഥിതനില്‍ വിശ്വസിച്ചു. ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും വഴികളിലൂടെയാണ് അവര്‍ അവിടുത്തെ പ്രേഷിതരായി പരിണമിച്ചത്. ഉത്ഥിതനില്‍ സംശയിച്ച തോമാസ്ലീഹാ അതിനു നല്ല മാതൃകയാണ്. അയക്കപ്പെട്ടവര്‍ മാനവികതയെയും മുറിപ്പാടുകളെയും കുറിച്ച് അറിവും അവബോധവുമുള്ളവരായിരിക്കണം. ഇന്നിന്‍റെ ലോകം മുറിപ്പാടുകളുടേതാണ്. മുറിപ്പാടു തിരിച്ചറിഞ്ഞ തോമസ് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു, അതിനെ ബലപ്പെടുത്തി. “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!”

ക്രൂശിതനില്‍നിന്നും വളര്‍ന്ന വിശ്വാസം
മനുഷ്യരുടെ യാതനകളോടും വേദനകളോടും കണ്ണടയ്ക്കുന്ന വിശ്വാസം മിഥ്യയാണ്. ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിന്‍റെ മുറിപ്പാടില്‍നിന്നും വളര്‍ന്ന വിശ്വാസത്തിന് എപ്രകാരം മാനവികതയുടെ വേദനയോടു നിസംഗരായിരിക്കാനാകും? കാരണം ക്രിസ്തുവിന്‍റെ മുറിപ്പാടുകള്‍ മാനവികതയുടെ വേദയെ സ്പര്‍ശിക്കുന്നതാണ്! അവിടുന്ന് ലോകരക്ഷയ്ക്കായിട്ടാണ് പീഡകള്‍ ഏറ്റ്, കുരിശുമരണം വരിച്ചത്. മാനുഷ്യരുടെ മുറിപ്പാടുകളോട് – അത് കുഞ്ഞുങ്ങളുടേതായാലും മുതിര്‍ന്നവരുടേതായാലും - അവയോടു നിസ്സംഗരായിരിക്കുന്നവര്‍ക്ക് എപ്രകാരം ക്രിസ്തുവിലുള്ള വിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും സാധിക്കും?

(പ്രഭാഷണത്തിന്‍റെ ആദ്യഭാഗം മാത്രം... )
for the full discourse visit the site of presidents bishops conference :  https://www.pbc2019.org/presentations

22 February 2019, 11:17