ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് 

സ്വര്‍ഗ്ഗീയ ശാന്തിയാല്‍ പൂരിതരാകുക!

തിരുപ്പിറവിത്തിരന്നാളാഘോഷത്തിലൂടെ സ്വര്‍ഗ്ഗീയാനന്ദത്തിന്‍റെയും ശാന്തിയുടെയും ദൂതരാകുക മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തിരുപ്പിറവിത്തിരുന്നാള്‍ ആഘോഷമെന്നാല്‍, സ്വര്‍ഗ്ഗീയ ശാന്തിയാല്‍ പൂരിതരാകുകയും അതിക്രമത്തോടു “അരുത്” പറയുകയും ചെയ്യലാണെന്ന് ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക്.

നാം സാധാരണ പിന്‍ചെല്ലുന്ന ഗ്രിഗോറിയന്‍ പഞ്ചാംഗത്തെ അപേക്ഷിച്ച് 13 ദിവസം പിന്നോക്കം നില്ക്കുന്ന ജൂലിയന്‍ പഞ്ചാംഗം ഉപയോഗിക്കുന്നതിനാല്‍, ഓര്‍ത്തഡോക്സ് സഭകള്‍ക്കൊപ്പം അനുവര്‍ഷം ജനുവരി 7-ന് ആചരിക്കുന്ന തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം സമാധാനരാജന്‍റെ പിറവിയാഘോഷത്തിന്‍റെ പൊരുള്‍ ഈ വാക്കുകളില്‍ സംഗ്രഹിച്ചിരിക്കുന്നത്.

ഉക്രയിനിലെ ഡോണ്‍ബാസ്സ് പ്രദേശത്ത് 2014 മുതല്‍ തുടരുന്നതും നാളിതുവരെ പതിനായിരത്തോളം പേരുടെ ജീവനപഹരിച്ചതുമായ സായുധസംഘര്‍ഷത്തെപ്പറ്റി സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ്,  അക്രമത്തിന്‍റെ എല്ലാരൂപങ്ങളും, അതായത് വാക്കുകൊണ്ടും പ്രവൃത്തികള്‍കൊണ്ടുമുള്ള ആക്രമണങ്ങള്‍,  വര്‍ജ്ജിക്കാന്‍ എല്ലാവരേയും ആഹ്വാനം ചെയ്യുന്നു. വിശിഷ്യ, കുടുംബത്തില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലോ മാതാപിതാക്കളും മക്കളും തമ്മിലോ ഉള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

തിരുപ്പിറവിത്തിരന്നാളാഘോഷത്തിലൂടെ സ്വര്‍ഗ്ഗീയാനന്ദത്തിന്‍റെയും, അക്രമത്തെയും ഭയത്തെയും ജയിച്ചുകൊണ്ട് ശാന്തിയുടെയും ദൂതരാകാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയത്തൊസ്ലാവ് ഷെവ്ചുക്ക് വിശ്വാസികളെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2019, 12:49