ഫ്രാന്‍സിസ് പാപ്പാ മതാന്തര സംവാദ സന്ദര്‍ഭത്തില്‍... ഫ്രാന്‍സിസ് പാപ്പാ മതാന്തര സംവാദ സന്ദര്‍ഭത്തില്‍... 

വിശുദ്ധിയിലേക്കുളള വിളി: അനുദിന ജീവിതവും സാര്‍വ്വത്രീക ക്ഷണവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ഒന്നാം അദ്ധ്യായത്തിലെ 6-9 വരെയുളള ഭാഗത്തെ കുറിച്ചുളള വിചിന്തിനം.

സി. റൂബിനി സി.റ്റി.സി 

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

നമ്മോടോപ്പമുള്ള വിശുദ്ധര്‍

 

6. വിശുദ്ധരെന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന ചിത്രം വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി  സഭാ പ്രഖ്യാപിച്ച വ്യക്തികളുമാണ്. ദേവാലയങ്ങളിലും കപ്പേളകളിലും വഴിക്കവലകളിലും  സ്ഥാപിക്കപ്പെട്ടിരിക്കുന്ന  വിശുദ്ധരുടെ മുന്നില്‍  തിരിതെളിച്ചും നേർച്ചയിട്ടും നാം മാദ്ധ്യസ്ഥം  തേടാറുണ്ട്. അവരെ  നാം വിശുദ്ധരായി  കരുതുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഫ്രാന്‍സിസ് പാപ്പാ തന്‍റെ  “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ പറയുന്നത് എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വിശുദ്ധിയുടെ കൃപാവരത്തെ സമൃദ്ധമായി നൽകുന്നുവെന്നാണ്. ദൈവത്തെ പ്രസാദിപ്പിക്കാനും, അവിടുത്തെ സ്നേഹിക്കുവാനും എല്ലാവരിലും വിശുദ്ധിയുടെ സമൃദ്ധി ചൊരിയപ്പെടുന്നത് സത്യത്തിൽ ദൈവത്തെ അറിഞ്ഞു രക്ഷപ്പെടാനാണ്.

നാം ജീവിക്കുന്ന സമൂഹത്തിൽ മനുഷ്യ സങ്കൽപങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഒരുപാട്  നിർവ്വചനങ്ങളുണ്ട്.  ലോകം അതിന്‍റെ  കണ്ണുകളിലുടെ മാത്രം കണ്ട് നിർമ്മിച്ച നിർവ്വചനങ്ങള്‍ വിശുദ്ധിക്കുമുണ്ട്. സാധാരണമായി ഒരാളുടെ വിശുദ്ധിയെ ലോകം വിലയിരുത്തുന്നത് അയാളുടെ ബാഹ്യപ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ്. മാന്യമായ വസ്ത്രധാരണവും, വിദ്യാഭ്യാസ നേട്ടങ്ങളും, ആത്മീയ കാര്യങ്ങളിൽ അമിത പാണ്ഡിത്യവും, പ്രാർത്ഥനയിൽ നിപുണതയും, വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനികളുമായവരെയൊക്കെ നാം ശ്രേഷ്ഠരായി കരുതുന്നത് പോലെ തന്നെ തെരുവോരങ്ങളിൽ ഭിക്ഷ യാചിക്കുന്ന യാചകനിലും നിസ്സാരമായി കരുതുന്ന നിസ്സഹായരിലും വിശുദ്ധിയുണ്ടെന്ന് പാപ്പായുടെ ഈ പ്രബോധനം നമ്മെ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധി അഭിനയിക്കുന്നവരുടെ വിനയ ഭാവത്തെ മനുഷ്യർ വിലയിരുത്തുന്നത് പോലെയല്ല വിശുദ്ധനായ ദൈവം വിലയിരുത്തുന്നത്. മനുഷ്യന്‍റെ  ചിന്തകൾക്കും കാഴ്ച്ചകൾക്കും അപ്പുറത്താണ് ദൈവത്തിന്‍റെ  കാഴ്ച്ചകളും നിലപാടുകളും.

ഇടനിലക്കാരുടെ വിശുദ്ധി

7. അനുദിന ജീവിതത്തെ അസാധാരണ ജീവിത ശൈലികളാക്കി  മാറ്റുന്നവരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന വിശുദ്ധിയെ കുറിച്ച് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു.  അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ വിശ്വാസവും വിശുദ്ധിയും കൈവെടിയാതെ നമ്മുടെ ഇടയിൽ നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങളെ പാപ്പാ ഉദാഹരണമായി നൽകുന്നു. അതീവ സ്നേഹത്തോടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന മാതാപിതാക്കൻമാരിലും, സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ അവിശ്രാന്തം അദ്ധ്വാനിക്കുന്നവരിലും, വേദനിക്കുന്ന  രോഗികളിലും, ചിരി നഷ്ടമാക്കാത്ത വയോധികരായ സന്യാസികളിലും നിറഞ്ഞു നിൽക്കുന്ന വിശുദ്ധിയെ ധ്യാനിക്കന്നുവെന്ന് പാപ്പാ തന്‍റെ   ഈ പ്രബോധനത്തിൽ പറയുന്നു.

ഇവരുടെ വിശുദ്ധി സഭയുടെ ശക്തിയായിട്ടാണ് പാപ്പാ വിശേഷിപ്പിക്കുന്നത്. പലപ്പോഴും നമ്മുടെ ജീവിതത്തോടു ചേർന്നു നിൽക്കുന്നവരുടെയും നമുക്ക് പരിചയമുള്ളവരുടെയും ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വിശുദ്ധിയെ കുറിച്ച് നാം അജ്ഞരാണ്. എന്നാൽ നമ്മുടെ തൊട്ടടുത്ത വാതിലിൽ കഴിയുന്ന അയൽക്കാരിൽ വിശുദ്ധിയുണ്ടെന്ന് പറയുന്ന പാപ്പാ  വിശുദ്ധിയിലെ ഈ ഇടനിലക്കാരെ കുറിച്ച് വാചാലനാകുന്നു.  വിശുദ്ധിയെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് പുണ്യത്തിന്‍റെ  ഔന്ന്യത്വത്തില്‍ എത്തിയ മനുഷ്യരുടെ ഓർമ്മകളാണ്. എന്നാൽ ജീവിത പരിമിതികൾക്കുള്ളിൽ നിന്ന് അഭ്യസിക്കുന്ന  വിശുദ്ധിയെ പാപ്പാ ഉയർത്തി കാണിക്കുന്നു.

8. വിനീതരായ മനുഷ്യരിൽ ദൈവം തന്‍റെ വിശുദ്ധിയെ വെളിപ്പെടുത്തുന്നത് വിശ്വാസത്തിന്‍റെയും,  ഉപവിയുടെയും രൂപത്തിലാണ്. ജീവിതത്തിന്‍റെ  ഇരുണ്ട രാത്രികളിലൂടെ കടന്നുപോകുന്നവരാണ് ശ്രേഷ്ഠരായ പ്രവാചകരും വിശുദ്ധരും. ലോകത്തില്‍  യഥാർത്ഥ ചരിത്രം രൂപപ്പെടുന്നത്  വ്യക്തികളാലാണെന്നു പറഞ്ഞ വി.ഈഡിത്ത് സ്റ്റെയിന്‍റെ വാക്കുകളെ ഉദ്ധരിക്കുന്ന പാപ്പാ പ്രണിധാന ജീവിതത്തിന്‍റെ രൂപികരണം നിലനിൽക്കുന്നത് അദ്യശ്യമായ ജീവിതാവസ്ഥയിലാണെന്ന് വ്യക്തമാക്കുന്നു. മനുഷ്യര്‍  ചെയ്യുന്ന ഓരോ പ്രവർത്തികളെയും ദൈവം നാളകൾക്കായി വിലയിരുത്തുന്നുവെന്ന്  നാം മറക്കരുത്. മനുഷ്യന് എത്രത്തോളം വിശുദ്ധിയിൽ  ജീവിക്കാൻ കഴിയും എന്നതിന്‍റെ സാധ്യതയാണ് ക്രിസ്തു.

വിശുദ്ധി നിറഞ്ഞ ആത്മീയത

“ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന പ്രബോധനത്തിലൂടെ പാപ്പാ ഊന്നി പറയുന്നത് സമൂഹം മാറ്റി നിറുത്തുന്ന  മനുഷ്യരിൽ അദൃശ്യമായിരിക്കുന്ന വിശുദ്ധിയെ ഗ്രഹിക്കുവാനാണ്. ആത്മീയത അഭിനയമല്ല. മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നതിലല്ലാ ആത്മീയതയും വിശുദ്ധിയും അടങ്ങിയിരിക്കുന്നത്. വിശുദ്ധി നിറഞ്ഞ ആത്മീയതയെ  പെട്ടെന്ന് തിരിച്ചറിയാൻ കഴിയുകയില്ല. കാരണം വിശുദ്ധി തന്നെത്തന്നെ വിളിച്ച്  വിളംബരം ചെയ്യുന്നില്ല മറിച്ച് ശാന്തമായി പ്രശാന്തമായി അത് ജീവിക്കുന്നു. ഈ വിശുദ്ധി അന്ത്യത്തിൽ ദൈവത്തിന്‍റെ മുന്നിൽ വെളിപ്പെടുത്തപ്പെടും.

വിശുദ്ധി സാർവത്രീകമാണ് എന്ന സത്യത്തെ പാപ്പാ പ്രബോധനത്തിന്‍റെ   ആരംഭം മുതല്‍  നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു.  ഇതുറപ്പിക്കുന്നതിനും ബോധ്യപ്പെടുത്തുന്നതിനും പാപ്പാ പരിശ്രമിക്കുന്നുണ്ട്.  സഭയുടെ ആകർഷണീയമായ  മുഖം വിശുദ്ധിയാണെങ്കിലും സഭയുടെ പുറത്തും വ്യത്യസ്ഥ രീതിയില്‍,  വ്യക്തികളിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്നു.  അതിലൂടെ അക്രൈസ്തവരിലും അകത്തോലിക്കരിലും വിശുദ്ധിയുടെ പരാഗങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കണം. മറ്റുള്ളവരുടെ വിശ്വാസത്തിനും വിശുദ്ധിക്കും തടസ്സം നിൽക്കാതെ,  അവരെ വൃണപ്പെടുത്താതെ ജീവിക്കണമെന്ന ആഹ്വാനമാണ് പാപ്പാ ഇതിലൂടെ നൽക്കുന്നത്.

ക്രിസ്തു സാക്ഷ്യത്തിനായി കത്തോലിക്കരും, ഓർത്തോഡോക്ക്സ് സഭാംഗങ്ങളും, ആഗ്ലിക്കൻ സഭാ മക്കളും, പ്രൊട്ടസ്റ്റ൯റ്റ് സഹോദരങ്ങളും രക്തം ചിന്തുന്ന പൊതു പാരമ്പര്യമുണ്ടെന്ന് പറഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ വാക്കുകളെ ഫ്രാൻസിസ് പാപ്പാ ഇവിടെ കൂട്ടി ചേർക്കുന്നു.

ലോകത്തില്‍ നന്മ നിറഞ്ഞ വ്യക്തികള്‍ നമുക്കു ചുറ്റിലുമുണ്ട്. അവരിലുള്ള വിശുദ്ധിയെ കണ്ടെത്തുവാന്‍ കഴിയണം. വിശുദ്ധിയിലേക്കുള്ള വിളിയില്‍ നമുക്കൊരുമിച്ച് മുന്നേറാം. പാപികളോടു പോലും കരു​​​ണ കാണിച്ച ക്രിസ്തു സ്നേഹത്തിന്‍റെ അര്‍ത്ഥം ഗ്രഹിച്ച് വിശുദ്ധിയില്‍ വളരാനും വളര്‍ത്താനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

 

 

 

            

 

                 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2019, 12:25