തിരയുക

Vatican News
പാപ്പാ ഫാന്‍സിസ് ഒരു പ്രസംഗ വേദിയില്‍ പാപ്പാ ഫാന്‍സിസ് ഒരു പ്രസംഗ വേദിയില്‍  (Vatican Media)

വിശുദ്ധിയിലേക്കുളള വിളി: അനുദിന ജീവിതവും സാര്‍വ്വത്രീക ക്ഷണവും

"GAUDETE ET EXSULTATE"അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ”എന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനം |ഒന്നാം അദ്ധ്യായത്തിന്‍റെ 3 - 5 വരെയുള്ള ഭാഗത്തെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയുടെ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായo

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഈ അദ്ധ്യായത്തിന്‍റെ ആദ്യ ഭാഗത്തില്‍ത്തന്നെ വിശുദ്ധരായ വ്യക്തികളെ ഉദാഹരണമായി നല്‍കുകയും വിശുദ്ധിയിലേക്കുള്ള നമ്മുടെ പ്രയാണത്തില്‍ അവരുടെ സാന്നിദ്ധ്യം നമുക്കു പ്രചോദനാത്മകമാണെന്ന്  പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധര്‍ - പ്രചോദകരും സഹസഞ്ചാരികളും

3. നാം ജീവിക്കുന്ന ലോകം വേഗത്തില്‍ സഞ്ചരിക്കുന്നു. അതിവേഗതയോടെ ലോകത്തോടോപ്പം  നാമും ഓടികൊണ്ടിരിക്കുന്നു. ഈ ഓട്ടത്തില്‍ ലക്ഷ്യം മറക്കുകയും, വഴിതെറ്റുകയും ചെയ്യുമ്പോള്‍ നമുക്ക് നഷ്ടമായി പോകുന്നത് നമ്മുടെ ജീവിതം തന്നെയാണ്. ദൈവം നല്‍കിയ ഈ ഒരൊറ്റ ജന്മം. എന്നാല്‍ വഴിതെറ്റി പോകുമ്പോഴും ദൈവം നമ്മെ ഉപേക്ഷിക്കാതെ നമ്മെ ചേര്‍ത്തു പിടിക്കുവാന്‍ ഇഷ്ടപ്പെടുന്നു.  ഈ ഇഷ്ടം അവിടുന്നു പ്രകടിപ്പിക്കുന്നത് വ്യക്തികളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ്.

ഹെബ്രായര്‍ക്കെഴുതിയ ലേഖനം പന്ത്രണ്ടാം അദ്ധ്യായം ഒന്നാം വാക്യത്തില്‍ വിശുദ്ധ പൗലോസ് പറയുന്നത് ഇങ്ങനെയാണ്. “നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം സ്ഥിരോല്‍സാഹത്തോടെ നമുക്കു ഓടിത്തീര്‍ക്കാം.”  ഈ ആഹ്വാനത്തെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഫ്രാന്‍സിസ് പാപ്പാ ജീവിത വിശുദ്ധിയിലേക്കുള്ള  ഓട്ടത്തെ കുറിച്ച് പഠിപ്പിക്കുന്നു. വിശ്വാസത്തിന്‍റെ പിതാവായി അറിയപ്പെടുന്ന അബ്രാഹം, അദ്ദേഹത്തിന്‍റെ ഭാര്യ സാറാ, ഈജിപ്ത്തിന്‍റെ അടിമത്വത്തില്‍ നിന്നും ഇസ്രായേലിനെ വിമോചിക്കാന്‍ ദൈവം തിരഞ്ഞെടുത്ത മോശ, ഗിദയോന്‍ എന്നിവരെ മാതൃകയാക്കി ദൈവമെന്ന ലക്ഷ്യത്തെപ്രതി എങ്ങനെ നാം നമ്മുടെ ഓട്ടം പൂര്‍ത്തിയാക്കണമെന്ന് പാപ്പാ പഠിപ്പിക്കുന്നു. ജീവിതപ്രതിസന്ധികളില്‍ പോലും വിശ്വാസം പതറാതെ സൂക്ഷിച്ച ഇവരുടെ ജീവിതത്തെ മാതൃകയാക്കാന്‍ കാരണം നമുക്കു ചുറ്റും വിശുദ്ധരായ സാക്ഷികളുടെ വലിയ സമൂഹമുണ്ടെന്ന് പഠിപ്പിക്കുവാനാണ്. ഇവരുടെ മാതൃക നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് നമ്മെ എത്തിക്കുമെന്ന് പാപ്പാ പ്രത്യാശിക്കുന്നു.

നമ്മുടെ അനുദിന ജീവിതത്തില്‍ വിശ്വാസത്തിന്‍റെയും, വിശുദ്ധിയുടെയും വലിയ സാക്ഷികളായി പാപ്പാ കാണുന്നത് നമ്മുടെ സ്വന്തം അമ്മമാരേയും മുത്തശ്ശിമാരേയുമാണ്. “നിന്‍റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു. നിന്‍റെ വലിയമ്മയായ ലോവിസിനും അമ്മയായ എവുനികെയിക്കും ഉണ്ടായിരുന്ന വിശ്വാസം  ഇപ്പോള്‍ നിനക്കുമുണ്ടെന്ന് എനിക്കു ബോദ്ധ്യമുണ്ട്.” (2തിമോത്തി.1:15) എന്ന വചന ഭാഗത്തെ ഓര്‍മ്മപ്പെടുത്തി  കൊണ്ടു  നമ്മുടെ മാതാപിതാകന്മാരില്‍ നിന്നും, പൂര്‍വ്വീകര്‍ വഴിയും കൈമാറപ്പെടേണ്ട വിശ്വാസത്തെക്കുറിച്ചും, വിശുദ്ധിയെക്കുറിച്ചും  പാപ്പാ ഇവിടെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ അമ്മമാരുടെ ജീവിതത്തില്‍ വിശുദ്ധിയുടെ പരിപൂര്‍ണ്ണത കണ്ടെത്താനായില്ലെങ്കിലും  വീഴ്ച്ചകളുടെയും പരാജയങ്ങളുടെയും  ഇടയില്‍ ‍ജീവിക്കുമ്പോഴും ദൈവത്തോടു ചേര്‍ന്നു നില്‍ക്കുവാനും അവിടുത്തെ പ്രസാദിപ്പിക്കുവാനും വിശുദ്ധിയില്‍ മുന്നോട്ടുപോകാനുള്ള അവരുടെ പരിശ്രമങ്ങളെ പാപ്പാ തന്‍റെ ഈ പ്രബോധനത്തില്‍ അനുസ്മരിക്കുന്നു.

വിശുദ്ധര്‍ - നവയുഗ പ്രവാചക്രര്‍

4.ദൈവസന്നിധിയില്‍ നില്‍ക്കുവാന്‍ ഏറ്റവും അത്യന്താപേക്ഷിതമായതാണ് വിശുദ്ധി. ഹൃദയശുദ്ധിയില്ലാതെ ഈശ്വര ദര്‍ശനം ലഭിക്കുകയില്ല എന്നാണ് വിശുദ്ധ മത്തായി സുവിശേഷകന്‍ പറയുന്നത്. വിശുദ്ധമായ കാര്യങ്ങള്‍ വിശുദ്ധിയോ‌ടെ ചെയ്യുമ്പോഴാണ് ജീവിതത്തിനു അര്‍ത്ഥം ലഭിക്കുന്നത്. സ്നേഹമാണ് ഏറ്റവും വലിയ പുണ്യമെങ്കില്‍ സ്നേഹത്തോടുള്ള സമീപനങ്ങളെല്ലാം വിശുദ്ധമായി പരിഗണിക്കപ്പെടുന്നു. ദൈവസന്നിധിയിലായിരിക്കുന്ന വിശുദ്ധര്‍ നമ്മോടുള്ള സ്നേഹത്തിന്‍റെയും, ഐക്യത്തിന്‍റെയും സംരക്ഷകരാണെന്ന് പാപ്പാ നമ്മോടു പറയുന്നു. “അവന്‍ അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും, തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനു കീഴില്‍ ഞാന്‍ കണ്ടു. വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു, "പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെ മേല്‍ ന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിനു പ്രതികാരം ചെയ്യാന്‍ അങ്ങ് എത്രത്തോളം വൈകും.” വെളിപാടിന്‍റെ പുസ്തകത്താളില്‍ കുറിക്കപ്പെട്ടിരിക്കുന്ന  വിശുദ്ധഗണത്തിന്‍റെ ചോദ്യത്തെ പാപ്പാ ഇവിടെ സൂചിപ്പിക്കുന്നത് നാം നമ്മുടെ ജീവിതത്തെ എത്രത്തോളം കരുതലോടെ സമീപിക്കണമെന്നാണ്. കാരണം നമ്മുടെ പ്രവര്‍ത്തികള്‍  വിശുദ്ധരുടെ നിലവിളിക്കു കാരണമാകരുത്. നമുക്കു ചുറ്റുമുള്ള മനുഷ്യര്‍ നമ്മെ പോലെതന്നെ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. സ്നേഹമില്ലാത്ത ഇടപാടുകളും, വിശുദ്ധിയില്ലാത്ത സമീപനങ്ങളും, സത്യമില്ലാത്ത ആരോപ​ണങ്ങളും, കപടതയും, വഞ്ചനയും, അവിശ്വസ്ഥതയും മറ്റുള്ളവരില്‍ നിന്നും നമ്മെ അകറ്റുന്ന തിന്മകളാണ്. വിശുദ്ധരായ  മനുഷ്യര്‍ സ്വന്തം ജീവിതത്തെ ധ്യാനിക്കുകയും, സ്വയം വിമര്‍ശിക്കുകയും, ​മറ്റുള്ളവരുടെ ജീവിതത്തില്‍ നുഴഞ്ഞു കയറാതെ സ്വന്തം ജീവിതത്തില്‍ വിശുദ്ധി കണ്ടെത്താനുള്ള മാര്‍ഗ്ഗ‌ങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നു. അവരുടെ ഈ അന്വേഷണത്തില്‍ ദൈവം മാത്രമാണ് അവരുടെ കര്‍ത്താവും നിയന്താവും.

വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗങ്ങളെ കണ്ടെത്തുന്ന നമ്മുടെ യാത്രകളില്‍ നമ്മെ സഹായിക്കുവാന്‍ ദൈവം തന്‍റെ വിശുദ്ധരെ അയക്കുന്നു. ഞാന്‍ ദൈവത്തിന്‍റെ വിശുദ്ധരാല്‍ വലയം ചെയ്യപ്പെടുകയും, നയിക്കപ്പെടുകയും, സംരക്ഷിക്കപ്പെടുകയും, വഹിക്കപ്പെടുകയും  ചെയ്യുന്നുവെന്ന് നമുക്കോരോര്‍ത്തര്‍ക്കും പറയുവാന്‍ കഴിയണമെന്ന   മുന്‍ പാപ്പാ ബെനഡിക്ക്ട് പതിന്നാറാമന്‍റെ  വാക്കുകള്‍ക്കു ഫ്രാന്‍സിസ് പാപ്പാ ഇവിടെ ഊന്നല്‍ നല്‍കി കൊണ്ട് വിശുദ്ധിയും വിശുദ്ധരും നമ്മുടെ ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു വിശദമാക്കുന്നു.

വിശുദ്ധരുടെ ആത്മാര്‍പ്പണം

5. ക്രിസ്തുവിന്‍റെ പാതയില്‍ നടക്കുവാന്‍ ധൈര്യം കാണിച്ച വ്യക്തികളാണ് വിശുദ്ധര്‍. ക്രിസ്തുനാഥന്‍റെ എല്ലാ സുകൃതങ്ങളെയും ജീവിച്ചില്ലെങ്കിലും എതെങ്കിലും ഒരു സുകൃതത്തില്‍ ജീവിച്ച് ദൈവരാജ്യത്തെ പ്രതി സ്വജീവിതത്തെ ആത്മാര്‍പ്പണം ചെയ്തവര്‍. വിശുദ്ധരായ വ്യക്തികളുടെ നാമകരണ പ്രക്രിയകളില്‍ നമുക്കു അവരുടെ ധീരോചിതമായ പുണ്യങ്ങളെയും, ത്യാഗങ്ങളെയും, ജീവാര്‍പ്പണത്തെയും മനസ്സിലാക്കാന്‍ കഴിയും എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ക്രൈസ്തവരുടെ ഐക്യത്തിനായി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട മരിയ ഗബ്രിയേലാ സഗ്ഗേതുവിനെ മാതൃകയാക്കുന്ന പാപ്പാ മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി നിരന്തരമായ പീഡനങ്ങള്‍ക്കു വിധേയരാകുന്ന  വിശുദ്ധ ജീവിതങ്ങള്‍ ക്രിസ്താനുകരണത്തിന്‍റെ ഉത്തമമായ മാതൃകയാണെന്ന് ചൂണ്ടികാണിക്കുന്നു.

അനുദിന ജീവിത കര്‍മ്മങ്ങളെ ആദരവോടെ സമീപിക്കുമ്പോള്‍ അഭ്യസിക്കാവുന്ന സാധനയാണ് വിശുദ്ധി. നമ്മുടെ ഓര്‍മ്മകളില്‍പോലും നാം സൂക്ഷിക്കേണ്ട ദൈവത്തിന്‍റെ തിരുമുഖം നാം ചെയ്യുന്ന പ്രവര്‍ത്തികളില്‍ വിശുദ്ധിയെ പ്രതിഫലിപ്പിക്കുവാന്‍ നമ്മെ സഹായിക്കട്ടെ.

   

10 January 2019, 14:12