തിരയുക

Vatican News
 ഫ്രാന്‍സീസ് പാപ്പാ പൗരോഹിത്യ കൂദാശ നല്കുന്നു , വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 22/04/18 ഫ്രാന്‍സീസ് പാപ്പാ പൗരോഹിത്യ കൂദാശ നല്കുന്നു , വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ 22/04/18  (ANSA)

പ്രേഷിതനിയോഗം - ജനുവരി 2019

“സുവിശേഷത്തിന്‍റെ ആനന്ദം ലോകം മുഴുവന്‍ പ്രസരിപ്പിക്കുന്നതിനുള്ള കര്‍ത്താവിന്‍റെ വിളിയോട്, യുവജനങ്ങള്‍, വിശിഷ്യ, ലത്തീനമേരിക്കയിലെ യുവത, മറിയത്തിന്‍റെ മാതൃക പിന്‍ചെന്നുകൊണ്ട് പ്രത്യുത്തരിക്കുന്നതിനു വേണ്ടി”

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പ്രതിമാസം പൊതുനിയോഗവും പ്രേഷിതനിയോഗവും ഒന്നിച്ചു നല്കുന്ന പതിവു മാറ്റി മാസത്തില്‍ ഒരു നിയോഗം, അതായത്, പൊതുനിയോഗമൊ പ്രേഷിതനിയോഗമൊ ഒന്നിടവിട്ട് നല്കുന്ന ശൈലി അവലംബിച്ചിരിക്കുന്ന ഫ്രാന്‍സീസ് പാപ്പാ, ഈ ക്രമമനുസരിച്ച്, പുത്തനാണ്ടിലെ ആദ്യമാസത്തില്‍ നമുക്കു നല്കുന്നത്   പ്രേഷിതനിയോഗം ആണ്.

പ്രേഷിതനിയോഗം:

“സുവിശേഷത്തിന്‍റെ ആനന്ദം ലോകം മുഴുവന്‍ പ്രസരിപ്പിക്കുന്നതിനുള്ള കര്‍ത്താവിന്‍റെ  വിളിയോട്,  യുവജനങ്ങള്‍, വിശിഷ്യ, ലത്തീനമേരിക്കയിലെ യുവത, മറിയത്തിന്‍റെ  മാതൃക പിന്‍ചെന്നുകൊണ്ട് പ്രത്യുത്തരിക്കുന്നതിനു വേണ്ടി”

പ്രേഷിത നിയോഗം-ശബ്ദരേഖ

“നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോസ് 16:15) ഇതാണ് ഉത്ഥിതന്‍ തന്‍റെ അനുയായികള്‍ക്കായി നല്കിയിരിക്കുന്ന ആഹ്വാനം.

ദൈവസ്നേഹം എല്ലാവര്‍ക്കും കാണിച്ചുകൊ‌ടുക്കാനും എല്ലാ ജനപദങ്ങള്‍ക്കും   പകര്‍ന്നുകൊടുക്കാനും ക്രിസ്തു പ്രേഷിതയാക്കിയിരിക്കുന്ന സഭയ്ക്ക് ഇനിയും അതിവിപുലമായ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ അവശേഷിച്ചിരിക്കുന്നതായി ബോധ്യമുണ്ടെന്ന്, രണ്ടാം വത്തിക്കാന്‍ സൂനഹദോസ്, പ്രേഷിതപ്രവര്‍ത്തനത്തെ അധികരിച്ചു പുറപ്പെടുവിച്ച പ്രമാണരേഖയില്‍, പറയുന്നുണ്ട്. ഈ പ്രേഷിതദൗത്യത്തില്‍, അതായത്, യേശുവിന്‍റെ സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റെ  സദ്വാര്‍ത്ത ലോകമെങ്ങും പരത്തുന്നതില്‍ യുവജനത്തിനുള്ള കടമയെക്കുറിച്ച് അത്മായ പ്രേഷിതത്വത്തെ അധികരിച്ചുള്ള രേഖയില്‍ സൂനഹദോസ് ഓര്‍മ്മിപ്പിക്കുന്നു. “അപ്പൊസ്തോലിക്കാം ആക്ത്വസിത്താത്തെം” (APOSTOLICAM ACTUOSITATEM) എന്ന പ്രസ്തുത രേഖയില്‍ പറയുന്നതിങ്ങനെയാണ്: “ഇന്നത്തെ സാമൂഹ്യജീവിതത്തില്‍ യുവജനങ്ങള്‍ ചെലുത്തുന്ന സ്വാധീനശക്തി ഒന്നു വേറെ തന്നെയാണ്. അവരുടെ ജീവിത സാഹചര്യങ്ങളും മാനസിക പ്രകൃതിയും സ്വന്തം കുടുംബത്തോടുള്ള ബന്ധം തന്നെയും പാടെ മാറിയിട്ടുണ്ട്. പുതിയ പുതിയ സാമൂഹ്യസാമ്പത്തിക പരിതഃസ്ഥിതികളിലേക്ക് അവര്‍ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. സമുദായത്തിലും രാഷ്ട്രത്തിലും അവര്‍ക്കുള്ള പ്രാധാന്യം അനുദിനം വര്‍ദ്ധമാനമാകുകയാണ്. എന്നാല്‍ ഏറ്റുവാങ്ങുന്ന പുതിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രായേണ അവര്‍ പ്രാപ്തരായിട്ടാണ് കാണപ്പെടുന്നത്. സമുദായത്തിലവര്‍ക്കുള്ള ഈ മികച്ച പ്രാധാന്യത്തിനിണങ്ങുന്ന പ്രേഷിതവൃത്തിയിലേര്‍പ്പെടാന്‍ യുവജനങ്ങള്‍ കടപ്പെട്ടവരാണ്. നൈസര്‍ഗ്ഗിക ഗുണങ്ങളാല്‍തന്നെ ഇവ്വിധ പ്രവര്‍ത്തനങ്ങള്‍ക്കവര്‍ പ്രാപ്തരുമാണ്. സ്വന്ത വ്യക്തിത്വത്തെപ്പറ്റി കൂടുതല്‍ ബോധവാന്മാരാകുകയും ജീവിക്കാനുള്ള ആവേശവും പ്രവര്‍ത്തന സന്നദ്ധതയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളില്‍ സ്വന്തഭാഗം അഭിനയിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ഈ തീക്ഷ്ണത ക്രിസ്തുവിന്‍റെ   ചൈതന്യത്താല്‍ പൂരിതമാകുകയും സഭാധികാരികളോടുള്ള അനുസരണത്താലും സ്നേഹത്താലും നയിക്കപ്പെടുകയും ചെയ്യുന്നെങ്കില്‍ വളരെയേറെ സല്‍ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. യുവജനങ്ങള്‍ക്കിടയില്‍നേരിട്ട് പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ മുഖ്യമായി യുവജനങ്ങള്‍ തന്നെയാണ്.”

വിരളമായ ദൈവവിളി

എന്നാല്‍ ലോകത്തില്‍ കത്തോലിക്കാസഭയില്‍ പൗരോഹിത്യത്തിലേക്കും സമര്‍പ്പിതജീവിതത്തിലേക്കുമുള്ള ദൈവവിളികള്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാരണങ്ങള്‍ പലതാണ്. ഭൗതികവാദത്തിന്‍റെ അതിപ്രസരം, സഭയ്ക്കത്തുനിന്നുണ്ടാകുന്ന, ലൈംഗികപീഢന വാര്‍ത്തകള്‍, ദ്രവ്യാസക്തി, അധികാരവടംവലി എന്നിവ പോലുള്ള ക്രിസ്തീയവിരുദ്ധ സാക്ഷ്യങ്ങള്‍ അങ്ങനെ പോകുന്നു കാരണങ്ങള്‍. ലോകത്തിലെ കത്തോലിക്കരില്‍ 40 ശതമാനത്തിലേറെയും വസിക്കുന്ന ലത്തീനമേരിക്കയിലെയും സ്ഥിതി ഇതില്‍ നിന്നു ഭിന്നമല്ല. വൈദികരുടെ വിരളത ലത്തീനമേരിക്കയില്‍ രൂക്ഷമാണെന്ന് പ്രാദേശിക സഭാധികാരികള്‍ പറയുന്നു. കത്തോലിക്കാസഭയില്‍ നിന്ന് ക്രൈസ്തവ അവാന്തരവിഭാഗങ്ങളായ പന്തക്കുസ്താ, എവഞ്ചേലിക്കല്‍, പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളിലേക്കുള്ള ഒഴുക്കു വര്‍ദ്ധിച്ചരിക്കുന്നു. 1980 കളില്‍ ബ്രസിലില്‍ 10 ല്‍ 9 പേരും കത്തോലിക്കരായിരുന്നെങ്കില്‍ 2007 ആയപ്പോഴേക്കും അത് മൂന്നില്‍ 2 ആയി താണു. അതായത്, 90 ശതമാനത്തില്‍ നിന്ന് 66 ശതമാനമായി.

ബ്രസീലിലെ വൃഷ്ടി വനപ്രദേശത്തുള്ള വലിയൊരു രൂപതയായ സ്സിങ്കുവിന്‍റെ മെത്രാന്‍ ഏര്‍വിന്‍ ക്രൊയ്റ്റലേര്‍ 2014 ല്‍ ഫ്രാന്‍സീസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയ വേളയില്‍ പൗരോഹിത്യ ദൈവവിളികള്‍ കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥ ഉദാഹരണ സഹിതം അവതരിപ്പിക്കുകയുണ്ടായി. തന്‍റെ രൂപതയിലെ 7 ലക്ഷം വിശ്വാസികളുടെ അജപാലന ശുശ്രൂഷയ്ക്കായി അന്നുണ്ടായിരുന്നത് ആകെ 27 വൈദികരാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇതിന്‍റെ ഫലമായി വിശ്വാസികള്‍ക്ക് അനുദിനം ദവ്യബലിയില്‍ പങ്കെടുക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും വര്‍ഷത്തില്‍ ചുരുക്കം ദിനങ്ങളില്‍ മാത്രമാണ് പലര്‍ക്കും ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നതെന്നും അദ്ദേഹം വിവരിച്ചു.

ലത്തീനമേരിക്കയില്‍ മാത്രമല്ല ലോകത്തില്‍ പലയിടത്തും പൗരോഹിത്യത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കുമുള്ള വിളികളോടു പ്രത്യുത്തരിക്കുന്നതില്‍ യുവജനം വൈമനസ്യം കാട്ടുന്നതിന്‍റെ പ്രതിഫലനങ്ങള്‍ പ്രസ്പഷ്ടമാണ്. പ്രകടനപരതയുടെയും ധാരാളിത്തത്തിന്‍റെയും ആഢംബരജീവിതത്തിന്‍റെയും കോലാഹലങ്ങളുടെയുമായ ഒരു  ലോകത്തിന്‍റെ  വശ്യതകളോടു മുഖം തിരിച്ച് സ്നേഹവും ത്യാഗവുമൊക്കെ അന്തര്‍ലീനമായിരിക്കുന്ന ദൈവിക പദ്ധതിക്കനുസൃതം നീങ്ങാനുള്ള ഭയമാണ്, ലോകത്തില്‍ ലോകത്തിന്‍റേതല്ലാതായി ജീവിക്കാനുള്ള പേടിയാണ് പലപ്പോഴും യുവതീയുവാക്കളെ ദൈവവിളി തിരിച്ചറിയുന്നതില്‍ നിന്ന് പിന്നോട്ടു വലിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ലോക ദൈവവിളി പ്രാര്‍ത്ഥനാദിനത്തിനായി നല്കിയ സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ, കഴിഞ്ഞ ഒക്ടോബറില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കപ്പെട്ട മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുയോഗത്തിന്‍റെ വിചിന്തനപ്രമേയം “യുവജനവും വിശ്വാസവും വിളി വിവേചിച്ചറിയലും” എന്നതായിരുന്നത് അനുസ്മരിച്ചുകൊണ്ട്, ഈ സിനഡുസമ്മേളനം, സന്തോഷത്തിലേക്കു ദൈവം നല്കുന്ന വിളി എങ്ങനെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നുവെന്ന് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിനുള്ള ഒരവസരമായിരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ വിളി ഓരോ യുഗത്തിലെയും സ്ത്രീപുരുഷന്മാരെ സംബന്ധിച്ച ദൈവിക പദ്ധതിയായിരിക്കുമെന്ന് ചിന്തിക്കാനുള്ള അവസരമായിരിക്കും അതെന്നും പാപ്പാ തന്‍റെ  സന്ദേശത്തില്‍ കുറിച്ചു.

ലോകദൈവവിളി ദിനാചരണത്തിനുള്ള സന്ദേശത്തില്‍ ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടരുന്നു:

“ദൈവം നമ്മെ കണ്ടുമുട്ടാന്‍ നിരന്തരം വരുന്നുവെന്ന്, പ്രയാസങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടങ്ങളിലും, മനുഷ്യാവതാരരഹസ്യം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. മിക്കപ്പോഴും നമ്മുടെ ജീവിതത്തിന്‍റെ പൊടിപടലം നിറഞ്ഞ വിഴികളിലൂടെ സഞ്ചരിക്കുന്ന നമ്മോടു കൂടെയുള്ള ദൈവവമാണ് അവിടന്ന്. സ്നേഹത്തിനുവേണ്ടിയുള്ള ഉത്കണ്ഠനിറഞ്ഞ നമ്മുടെ ആഗ്രഹം അവിടന്ന് അറിയുന്നു. അവിടന്ന് നമ്മെ വിളിക്കുന്നു. വൈക്തികവും സഭാപരവുമായ ഓരോ വിളിയുടെയും വൈവിധ്യത്തിലും അനന്യതയിലും ഒരു കാര്യം ആവശ്യമുണ്ട്: വചനം ശ്രവിക്കുക, ജീവിക്കുക. ഈ വചനം ഉന്നതത്തില്‍ നിന്നു നമ്മെ വിളിക്കുന്നു; നമ്മുടെ കഴിവുകളെ വികസിപ്പിക്കാന്‍ സഹായിക്കുന്നു; ലോകത്തില്‍ രക്ഷയുടെ ഉപകരണങ്ങളാക്കുന്നു; നമ്മെ സമ്പൂര്‍ണ്ണ സന്തോഷത്തിലേക്കു നയിക്കുകയും ചെയ്യുന്നു..... തന്നെ അനുഗമിക്കാന്‍ കര്‍ത്താവ് ഇന്ന് തന്‍റെ വിളി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉദാരതയോടെ സമ്മതമരുളുന്നതിന് നാം പൂര്‍ണ്ണതയുള്ളവരാകാന്‍ കാത്തിരിക്കേണ്ടതില്ല; നമ്മുടെ പരിമിതികളും പാപങ്ങളും ഓര്‍ത്തു ഭയപ്പെടുകയും വേണ്ട. മറിച്ച് ഹൃദയങ്ങളെ കര്‍ത്താവിങ്കലേക്കു തുറക്കണം. ആ ശബ്ദം കേള്‍ക്കാന്‍, സഭയിലും ലോകത്തിലുമുള്ള നമ്മുടെ ദൗത്യം തിരിച്ചറിയാന്‍ അവസാനമായി ദൈവം നമുക്കു നല്കുന്ന ഈ ദിവസം അനുസരിച്ചു ജീവിക്കാന്‍ തന്നെ. അറിയപ്പെടാതെ ജീവിച്ചിരുന്ന യുവതിയായ ഏറ്റവു പരിശുദ്ധ കന്യകാമറിയം  ശരീരമായിത്തീര്‍ന്ന ദൈവവചനത്തെ  കേള്‍ക്കുകയും അനുഭവിച്ചറിയുകയും ചെയ്തു”.

പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാതൃക 

പരിശുദ്ധാത്മാവിനാല്‍ ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് ദൈവദൂതന്‍ കന്യകയായ മറിയത്തെ അറിയിച്ചപ്പോള്‍, ദൈവപുത്രന്‍റെ അമ്മയാകാന്‍ അവളെ ദൈവം തിരഞ്ഞെടുത്തപ്പോള്‍ അവള്‍ ദൈവഹിതത്തിന് സമ്മതമരുളുകയായിരുന്നു. അവളുടെ വിളി എന്തെന്ന് ദൈവ സ്വരം ശ്രവിക്കുകവഴി അവള്‍ തിരിച്ചറിഞ്ഞു. ആതിരിച്ചറിവ് അവളില്‍ ഉളവാക്കിയത് ഭീതിയല്ല, പ്രത്യുത, ആനന്ദമാണ്. ആ ആനന്ദം അവള്‍ പങ്കുവയ്ക്കുന്നു. അവളുടെ സാന്നിധ്യത്തില്‍ അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ ഉദരത്തിലെ “ശിശു കുതിച്ചുചാ‌ടി” എന്നാണ് ലൂക്കാസുവിശേഷകന്‍ കുറിച്ചിരിക്കുന്നത്.  തന്‍റെ വിളി എന്തെന്ന തിരിച്ചറിവില്‍, ആ വിളി സന്തോഷത്തോടെ  ജീവിച്ചുകൊണ്ട് മറിയം നരകുലത്തെ സംബന്ധിച്ച ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ സഹകാരിണിയാകുകയും ചെയ്തു.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഈ മാതൃക പിന്‍ചെന്നുകൊണ്ട് തങ്ങളുടെ വിളി തിരിച്ചറിഞ്ഞ് ജീവിക്കാനും സുവിശേഷത്തിന്‍റെ സന്തോഷം ലോകത്തിനു പകര്‍ന്നു  നല്കാനും യുവജനത്തിനു കഴിയുന്നതിനായി നമുക്കു ജനുവരിമാസത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാം.                      

04 January 2019, 11:40