തിരയുക

In the presence of Apostolic Nuncio Archbishop Giambattista Diquattro the inaugural ceremoney was done by Cardinal Oswald Gracias, the president of CCBI In the presence of Apostolic Nuncio Archbishop Giambattista Diquattro the inaugural ceremoney was done by Cardinal Oswald Gracias, the president of CCBI 

ലത്തീന്‍ മെത്രാന്മാരുടെ ദേശീയ സംഗമത്തിന് തിരിതെളിഞ്ഞു

ജനുവരി 7, തിങ്കളാഴ്ച ആരംഭിച്ച ഭാരതത്തിലെ ലത്തീന്‍ സഭയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചു :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ലത്തീന്‍ സഭയിലെ മെത്രാന്മാര്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ  സന്ദേശം
ക്രിസ്തുവില്‍ നവീകൃതരായും, അവിടുത്തെ ശ്രവിക്കാന്‍ അനുദിന അജപാലന ജീവിതത്തില്‍ തുറവുള്ളവരായും മുന്നേറണമെന്ന്, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു (സുവിശേഷ സന്തോഷം 3). വിശ്വാസത്തിലും സ്നേഹത്തിലും അനുദിനം വളരാന്‍ വെമ്പല്‍കൊള്ളുന്ന ഭാരതത്തിലെ ജനതയ്ക്ക് സഭയുടെ സുവിശേഷസന്ദേശവും അതിന്‍റെ ആനന്ദവും സാക്ഷ്യമായി പങ്കുവയ്ക്കാന്‍ സഭാമക്കള്‍ക്കാവട്ടെ. അങ്ങനെ സഭാനേതൃത്വം നല്കുന്ന ശുശ്രൂഷയിലൂടെ ക്രിസ്തുവുമായുള്ള വ്യക്തിഗത ആത്മീയ ഐക്യത്തിലൂടെയും, കൂദാശകളുടെ കൃപാവരത്താലും ഭാരതത്തിലെ വിശ്വാസികള്‍ പരിപോഷിതരാകാന്‍ ഇടയാവട്ടെയന്നും പാപ്പ ആശംസിച്ചു. സുവിശേഷവത്ക്കരണത്തിന്‍റെ താരമായ കന്യാകാനാഥ ഭാരതസഭയെ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയത്രൊ പരോളിന്‍ വഴിയാണ് സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ആയച്ചത്.

2. ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് തിരിതെളിഞ്ഞു
“മാനവികതയുടെ അടിയന്തിര ആവശ്യങ്ങളിലേയ്ക്ക് സഭ കൂടുതല്‍ ശ്രദ്ധപതിക്കണം,” ഇന്ത്യയിലെയും നീപ്പാളിലെയും വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജ്യാംബത്തീസ്ത ദിക്വാത്രോ.

വത്തിക്കാന്‍ സ്ഥാനപതിയുടെ ഉദ്ഘാടനപ്രഭാഷണം
ജനുവരി 8-Ɔο തിയതി ചൊവ്വാഴ്ച രാവിലെ തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള 'ജോ' സെന്‍ററില്‍ ആരംഭിച്ച ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ 31-‍Ɔമത് സമ്പൂര്‍ണ്ണസമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ടു നല്കിയ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് ദിക്വാത്രൊ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഇന്ന് മാനവികതയുടെ അടിയന്തിര ആവശ്യം സഭാജീവിതത്തിലൂടെ ഉയിര്‍ക്കൊള്ളുന്ന സുവിശേഷ സന്തോഷമാണ്. സഭ ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ മാത്രമല്ല, അത് ജീവിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷാധിഷ്ഠിതമായി ജീവിച്ചും സുവിശേഷമൂല്യങ്ങള്‍ സത്യസന്ധമായി ജീവിതത്തില്‍ പകര്‍ത്തിയും മുന്നേറുമ്പോള്‍ സഭയില്‍ വളരുന്ന സുവിശേഷാനന്ദം പങ്കുവച്ചുവേണം സഭാജീവിതം മുന്നോട്ടു നയിക്കാന്‍. അതിനാല്‍ ഭാരതത്തിലെ ലത്തീന്‍ സഭയുടെ ഈ സമ്പൂര്‍ണ്ണ സംഗമത്തെ അധികാരികളുടെ സംഗമമായി കാണാതെ, സമൂഹത്തില്‍ ജീവിതസാക്ഷ്യവും പ്രചോദനവുമാകുന്ന ഒരു സമ്മേളനമാക്കി മാറ്റണമെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായ ആര്‍ച്ചുബിഷപ്പ് ദിക്വാത്രോ ഉദ്ബോധിപ്പിച്ചു.  

3. കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ ആമുഖപ്രഭാഷ​ണം
സമ്മേളനത്തിന്‍റെ പ്രസിഡന്‍റും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അദ്ധ്യക്ഷപ്രസംഗത്തില്‍, ഭാരതസഭ അതിന്‍റെ സുവിശേഷവത്ക്കരണം കാലികമായി നവോത്ഥരിക്കണമെന്നും, സുവിശേഷവത്ക്കരണം ജീവസ്സുറ്റതും, സ്നേഹപൂര്‍ണ്ണവുമായ ഒരു ദൗത്യമാക്കി മാറ്റാന്‍ ഈ നവസഹ്രാബ്ദത്തില്‍ ഭാരതമക്കള്‍ക്ക് സാധിക്കണമെന്നും ആഹ്വനംചെയ്തു.

പാപ്പാ ഫ്രാന്‍സിസ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച പ്രത്യേക സന്ദേശം വായിച്ചുകൊണ്ടാണ് ജനുവരി 7-ന് ആരംഭിച്ച് 14-വരെ നീളുന്ന സമ്മേളനത്തിന്‍റെ ഉത്ഘാടനം സമാപിച്ചത്.

4.  കാരുണ്യത്തിന്‍റെ സുവിശേഷവുമായി
ഏഷ്യയിലെ ഏറ്റവും വലിയ മെത്രാന്‍ സംഘം

132 രൂപതകളും 189 മെത്രാന്മാരുമായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ലത്തീന്‍ സഭ ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ളതും, ലോകത്ത് നാലാം സ്ഥാനത്തു നില്ക്കുന്നതുമായ മെത്രാന്‍ സംഘമാണ് (Episcopal Conference). രണ്ടുവര്‍ഷം കൂടുമ്പോള്‍ സമ്മേളിക്കുന്ന ഇത്തവണത്തെ 31-Ɔമത് സമ്പൂര്‍ണ്ണ സമ്മേളനം, “ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സുവിശേഷം” ഭാരതത്തിലെ ഇടവകകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഇനിയും ഫലവത്തായി പ്രഘോഷിക്കാനും, പ്രവര്‍ത്തനങ്ങള്‍ പുനരാവിഷ്ക്കരിക്കാനുമുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന സമ്മേളനമായിരിക്കുമെന്ന്, ദേശിയ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി, ഫാദര്‍ ഡോ. സ്റ്റീഫന്‍ ആലത്തറ പ്രസ്താവനയിലൂടെ അറിയിച്ചു.

ചെന്നൈ നഗരത്തില്‍നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്തെ ജോ ആനിമേഷന്‍ സെന്‍റെറില്‍ (Joe Animation Centre, Mahabalipuram) സമ്മേളനം പുരോഗമിക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 January 2019, 19:05