PANAMA-POPE-WYD-POPEMOBIL - panama getting ready PANAMA-POPE-WYD-POPEMOBIL - panama getting ready 

എണ്ണം കുറയുമെങ്കിലും പനാമയ്ക്ക് ഏറെ തന്ത്രപ്രാധാന്യം

പനാമയിലെ ആഗോള യുവജനോത്സവത്തെക്കുറിച്ച് മദ്ധ്യമേരിക്കന്‍ മെത്രാന്‍ സമിതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

എത്തിപ്പെടാന്‍ ക്ലേശകരമാകുന്ന പനാമ
ഭൂഖണ്ഡത്തിന്‍റെ മറുഭാഗത്തു കിടക്കുന്ന ചെറിയ തെക്കെ അമേരിക്കന്‍ രാജ്യത്ത് അരങ്ങേറുന്ന
34-Ɔമത് ആഗോള യുവജന സംഗമത്തിലേയ്ക്ക് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ യുവജനങ്ങളുടെ വന്‍പ്രവാഹം പ്രതീക്ഷിക്കുന്നില്ലെന്ന്, മെത്രാന്‍ സമിതിയുടെ വക്താവ് ജ്യാന്‍കാര്‍ലോ കന്തനേദോ, ജനുവരി 7-Ɔο തിയതി ചൊവ്വാഴ്ച പനാമയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ആഗോളതലത്തില്‍ 37,000 യുവജനങ്ങളുടെ റെജിസ്ട്രേഷന്‍ പൂര്‍ത്തിയായി. എന്നാല്‍  1,67,000-ത്തില്‍പ്പരം യുവജനങ്ങള്‍ ഓരോ രാജ്യത്തെയും ‘വിസാ’ ക്രമീകരണങ്ങള്‍ ശരിയാക്കാനും, മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമായി കാത്തുനില്ക്കുകയാണ്.

പനാമയില്‍ വന്നു ചേരുന്നവര്‍
ധാരാളം യുവജനങ്ങള്‍ ഒറ്റയായും കൂട്ടമായും കര കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ അമേരിക്കയില്‍നിന്നും, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പനാമ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്നുള്ള വാര്‍ത്തകള്‍ ലഭിക്കുന്നുണ്ടെന്ന് ജ്യാന്‍കാര്‍ളോ  വ്യക്തമാക്കി. പെറു, ചിലി, കൊളംമ്പിയ, പരാഗ്വേ, എക്വദോര്‍, ഉറുഗ്വേ, അര്‍ജന്‍റീന പോലുള്ള രാജ്യങ്ങളില്‍നിന്നും 1000-ത്തില്‍ അധികം തദ്ദേശിയരായ യുവജങ്ങള്‍ പങ്കെടുക്കുന്നത് യുവജനോത്സവത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്ന്  അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫ്രാന്‍സില്‍നിന്നും, പോളണ്ടില്‍നിന്നും ഹോളണ്ടില്‍നിന്നും യുവജനങ്ങള്‍ കടല്‍മാര്‍ഗ്ഗം പനാമയിലേയ്ക്ക് മാസങ്ങള്‍ക്കുമുന്നേ യാത്രപുറപ്പെട്ടതായി അറിയാമെന്നും ജ്യാന്‍കാര്‍ലോ പ്രസ്താവിച്ചു.

യൂറോപ്പിലും ഏഷ്യയിലും അദ്ധ്യായനകാലം
ഇതര ഭൂഖണ്ഡങ്ങളില്‍നിന്നുമുള്ള നീണ്ടയാത്രയും, യൂറോപ്പിലും മറ്റിടങ്ങളിലും അദ്ധ്യായന ദിവസങ്ങളുമായതിനാല്‍, പൊതുവെ പങ്കാളിത്തത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഇറ്റലിയില്‍നിന്നും റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 1300 യുവജനങ്ങള്‍ മാത്രമാണെന്നും, അതു മുന്‍വര്‍ഷങ്ങളിലെ പങ്കാളിത്തവുമായി തുലനംചെയ്യുമ്പോള്‍ വളരെ കുറവാണെന്നും ജ്യാന്‍കാര്‍ളോ വെളിപ്പെടുത്തി.

പാപ്പായുടെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍
ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലിയിലും പൊതുപരിപാടികളിലും പങ്കെടുക്കാന്‍, യുവജനങ്ങളുടെ പങ്കാളിത്തത്തിനു പുറമേ, വന്‍ജനാവലി എത്തുമെന്നത് ആഗോള യുവജനോത്സവത്തിന്‍റെ കണക്കില്‍പ്പെടാത്ത കാര്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

പനാമയ്ക്കുള്ള തന്ത്രപ്രാധാന്യം
സംഗമത്തിന്‍റെ വലുപ്പമോ പൊലിമയോ നോക്കാതെ അമേരിക്കാ ഭൂഖണ്ഡത്തിലെ യുവജനങ്ങളുടെ ആത്മീയ ഉന്നമനത്തിന് ഉപകരിക്കണം എന്ന നിയോഗത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് പനാമ സംഗമ വേദിയായി തിരഞ്ഞെടുത്തത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായ അവിടത്തെ തദ്ദേശീയ യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള ആഗ്രഹത്തോടെയാണ്, മറ്റു പല സൗകര്യങ്ങളും, എണ്ണപ്പെരുപ്പവും അവഗണിച്ച് മദ്ധ്യമേരിക്കന്‍ നഗരം വേദിയാക്കിയതെന്ന് ജ്യാന്‍കാര്‍ളോ കന്തനേദോ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2019, 16:59