Pope Francis venerated the Madonna of Viggiano Pope Francis venerated the Madonna of Viggiano 

വിജാനോയില്‍ കുടികൊള്ളുന്ന കറുത്ത കന്യകാനാഥ

വിജാനോ മലയിലെ കന്യകാനാഥയുടെ അത്യപൂര്‍വ്വ സ്വരൂപം പുതുവത്സരാഘോഷത്തിന് വത്തിക്കാനില്‍ എത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഉണ്ണിയെ കൈയ്യിലേന്തിയ അമ്മ
ജനുവരി ഒന്നിന് സഭ ആചരിച്ച ദൈവമാതൃത്വമഹോത്സവത്തോട് അനുബന്ധിച്ചാണ് തെക്കെ ഇറ്റലിയിലെ വിജാനോ മലയിലെ പുരാതന മേരിയന്‍ ദേവാലയത്തില്‍നിന്നും ഉണ്ണിയെ കൈയ്യിലേന്തിയ കറുത്ത കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ എത്തിയത്. കറുത്തതെന്നു പറയുമെങ്കിലും നേരില്‍ അടുത്തു കാണുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ‘ഇരുണ്ട കാപ്പി നിറ’മാണ് 4 അടിയോളം ഉയരമുള്ള  ബിംബത്തിന്. പുതുവത്സരത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന രണ്ടു തിരുക്കര്‍മ്മങ്ങളില്‍ തിരുസ്വരൂപം വണക്കത്തിനായി പ്രധാന അള്‍ത്താരയുടെ പാര്‍ശ്വത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. വര്‍ഷാവസാന നാളിലെ നന്ദിയുടെ സായാഹ്നപ്രാര്‍ത്ഥനയ്ക്കും, പുതുവത്സരനാളില്‍ ആചരിക്കുന്ന ദൈവമാതൃത്വത്തിരുനാളിലെ പ്രഭാതപൂജയ്ക്കുമായിരുന്നു വിജാനോയിലെ കന്യകാനാഥയുടെ തിരുസ്വരൂപം വത്തിക്കാനില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.

രണ്ടാം തവണയാണ് ഈ പുരാതന  മേരിയന്‍ ബിംബം വത്തിക്കാനില്‍ എത്തുന്നത്.  2010-ലെ പുതുവത്സരനാളില്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളിലും ഈ അപൂര്‍വ്വ മേരിയന്‍ ശില്പം ഉപയോഗിച്ചിട്ടുണ്ട്.

വിജോനോ നാഥയുടെ ചരിത്രം
ക്രിസ്താബ്ദം 500-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് തിരുസ്വരൂപമെന്ന് ഗവേഷണപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിജാനോ മലയിലെ ക്രൈസ്തവ സമൂഹത്തില്‍ വളര്‍ന്നുവന്ന ഭക്തിയുടെ പ്രതിബിംബമാണ് ലോഹനിര്‍മ്മിതമായ ദൈവമാതാവിന്‍റെ കറുത്ത തിരുസ്വരൂപം  അത്യപൂര്‍വ്വ പ്രകൃതി ഭംഗിയുള്ള വിജാനോ മലയും, അവിടെ പാര്‍ത്തിരുന്ന പുരാതന ക്രൈസ്തവസമൂഹവും 6-Ɔοനൂറ്റാണ്ടില്‍ മുസ്ലിം സൈന്ന്യത്താല്‍ ആക്രമിക്കപ്പെട്ടു.  കറുത്ത കന്യകാനാഥയെ മലയില്‍ത്തന്നെ ഒരു ഗുഹാഗര്‍ത്തത്തിന്‍റെ സുരക്ഷയില്‍ മൂടിയിട്ടാണ് രക്ഷപ്പെട്ടോടിയത്.

തിരുസ്വരൂപം കണ്ടെത്തലും പുനര്‍പ്രതിഷ്ഠയും
നൂറ്റാണ്ടുകള്‍ കടന്നപ്പോള്‍ അമ്മയുടെയും മകന്‍റെയും തിരുസ്വരൂപം നഷ്ടപ്പെട്ടതായി കണക്കാക്കപ്പെട്ടു. എന്നാല്‍ 11-Ɔο നൂറ്റാണ്ടുവരെ നീണ്ട മുസ്ലിം വാഴ്ചയ്ക്കുശേഷം, അവര്‍ മലവിട്ടുപോയപ്പോള്‍ തിരിച്ചെത്തിയ ക്രൈസ്തവര്‍ ഒരിക്കല്‍ മലമുകളില്‍ തെളിഞ്ഞ അത്യപൂര്‍വ്വ പ്രകാശധോരണിയെ പിന്‍തുടര്‍ന്നു തിരച്ചില്‍ നടത്തിയപ്പോള്‍ ദൈവമാതാവിന്‍റെ കൂട്ടുലോഹ നിര്‍മ്മിതമായ തങ്ങളുടെ പൂര്‍വ്വീകര്‍ പറഞ്ഞു കേട്ടിട്ടുള്ള തിരുസ്വരൂപം കണ്ടെത്തുകയുണ്ടായി. വിജിയാനോ മലയിലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള പുരാതന ദേവാലയത്തില്‍ അത് പുനര്‍പ്രതിഷ്ഠിക്കപ്പെട്ടത് ചരിത്രമാണ്.

വിജാനോ മലയിലെ തീര്‍ത്ഥത്തിരുനട
കാലക്രമത്തില്‍ ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന്‍റെ നാമത്തിലുള്ള ചെറിയ ബസിലിക്കയായി (Minor Basilica) വിജാനോ മലയിലെ പുരാതന ദേവാലയം ഉയര്‍ത്തപ്പെട്ടു. ഇറ്റലിയുടെ വടക്കു പടിഞ്ഞാറന്‍ അപ്പനൈന്‍ പര്‍വ്വതനിരയിലെ (Appennine Mountain Ranges) അഗ്രൈന്‍ താഴ്വാരത്തോടു (Agri Valley) ചേര്‍ന്ന് 5500 അടി ഉയരത്തിലാണ് വിജാനോനാഥ കുടികൊള്ളുന്ന തീര്‍ത്ഥത്തിരുനട (The Sanctuary of the Sacred Mount Viggiano).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2019, 17:27