തിരയുക

പാപ്പാ ഫാന്‍സിസ്  ദിവ്യബലിയില്‍ മദ്ധ്യേ... പാപ്പാ ഫാന്‍സിസ് ദിവ്യബലിയില്‍ മദ്ധ്യേ... 

വിശുദ്ധിയിലേക്കുളള വിളി: അനുദിന ജീവിതവും സാര്‍വ്വത്രീക ക്ഷണവും

"GAUDETE ET EXSULTATE" അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ ആമുഖ ഭാഗത്തെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി

 അപ്പോസ്തലീക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയുടെ മാര്‍പ്പാപ്പാമാര്‍ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

GAUDETE ET EXSULTATE  അഥവാ  “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ”

GAUDETE ET EXSULTATE അഥവാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍” എന്ന പ്രബോധനം ഫ്രാന്‍സിസ് പാപ്പായു‌ടെ പ്രമാണ രേഖയായിട്ടാണ് കരുതപ്പെടുന്നത്. 2018 മാര്‍ച്ച്19ᴐo തിയതിയാണ്,വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് സഭാമക്കള്‍ക്കു ഫ്രാന്‍സിസ് പാപ്പാ തന്‍റെ മൂന്നാമത്തെ അപ്പോസ്തോലിക പ്രബോധനം നല്‍കിയത്. 2018 ഏപ്രില്‍ 9ᴐo തിയതി ഇത് പ്രസിദ്ധീകരിക്കപ്പട്ടു.

ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച് ബെര്‍ഗോളിയോ എന്ന വ്യക്തി പാപ്പാ സ്ഥാനം സ്വീകരിക്കുമ്പോള്‍ സഭയെ ആത്മീയ പുനരുത്ഥാനത്തിലേക്കു നയിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ദൈവ കേന്ദ്രീകൃതമായ നവീകരണ പ്രക്രിയ  പാപ്പായെ സ്വാധീനിച്ചിട്ടുളളതായി ഈ അപ്പോസ്തോലിക പ്രബോധനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

വിശുദ്ധിയിലേക്കുളള വിളി

ലളിതമായ വാക്കുകളിൽ വിശുദ്ധിയിലേക്കുളള സാര്‍വത്രീക ക്ഷണം എന്ന് നമുക്ക് ഈ പ്രബോധനത്തെ വിശേഷിപ്പിക്കാം. ലളിതവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ പ്രബോധനം. വിശുദ്ധിയിലേക്കുളള സാർവ്വത്രീക ക്ഷണമായും ഒരു പുനരവതരണമായും അദ്ദേഹം ഇതിനെ വിഭാവനം ചെയ്യുന്നു. നമുക്ക് ഒരു ധ്യാനമായി ഈ ലേഖനത്തെ കണക്കാക്കാം.  വിശുദ്ധരാകാൻ സകലർക്കുമുള്ള  ക്രിസ്തുവിന്‍റെ വിളിയെ കുറിച്ചാണ് GAUDETE  ET EXSULTATE  അഥവാ  “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക പ്രബോധനത്തില്‍ പാപ്പാ ഊന്നിപറയുന്നത്. ഈ പ്രബോധനത്തിന്‍റെ ഉപശീര്‍ഷകം ആനുകാലിക ലോകത്തില്‍ വിശുദ്ധിയിലേക്കുളള വിളിയെ കുറിച്ചാണ്. ദൈവത്തെ എല്ലാറ്റിന്‍റെയും കേന്ദ്രത്തില്‍ നിറുത്തി നഗ്നവും, അത്യാന്താപേക്ഷിതവുമായ ഒരു സന്ദേശം പരിശുദ്ധ പിതാവ് നല്‍കുന്നു. വിശുദ്ധിയുടെ നിർവ്വചനങ്ങളെക്കാൾ അതിന്‍റെ പ്രായോഗിക വശങ്ങളാണ് പരാമർശിക്കപ്പെടുന്നത്. മനോഹരമായ ഈ പ്രബോധനത്തിന്‍റെ ആഴങ്ങളിലേക്ക് കടക്കും മുമ്പ് നമുക്ക് അതിലെ പ്രതിപാദ്യ വിഷയങ്ങൾ ഒന്ന് മനസ്സിലാക്കാം. അഞ്ച് അദ്ധ്യായങ്ങളാണ് ഈ പ്രബോധനത്തിലുള്ളത്.

ഒന്നാം അദ്ധ്യായo:

വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചാണ്. വിശുദ്ധിയുടെ പല ഉദാഹരണങ്ങളും നിരത്തി വിശുദ്ധിയിലേക്കുള്ള മാർഗ്ഗങ്ങൾ കാണിച്ചുതരുന്ന പാപ്പാ നാം ഓരോരുത്തരും അവരവരുടെ വിശുദ്ധിയുടെ തനിമയാർന്ന പാത കണ്ടെത്താൻ പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. അനുദിന ജീവിതം നമ്മെ വിശുദ്ധിയിലേക്ക് നയിക്കാവുന്ന മേഖലയാണ്, അവിടെ നമ്മുടെ ജീവിതം സ്നേഹത്തിൽ ജീവിക്കുമ്പോൾ, എല്ലാം  ദൈവ കേന്ദ്രീകൃതമാകുമ്പോൾ വിശുദ്ധി ജീവനുളളതാക്കപ്പെടുന്നു.

രണ്ടാമദ്ധ്യായം:

വിശുദ്ധിയുടെ വഴിയിലെ രണ്ടു ശത്രുക്കളെക്കുറിച്ചാണ്. തത്വവാദിത്വവും ദൈവകൃപ കൂടാതെ രക്ഷനേടാമെന്ന ചിന്താധാരയും. ഈ രണ്ടു പാഷാണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു നാഥൻ പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പ നമ്മെ നയിക്കുന്നു.

നാലാമദ്ധ്യായം:

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെ എന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു..

അഞ്ചാം  അദ്ധ്യായം:

ജാഗരൂകരായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഈ അവസാനത്തെ അദ്ധ്യായത്തിൽ സംസാരിക്കുന്നു. ആത്മീയ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന് വിവേചനബുദ്ധിയും ജാഗരൂകതയും എത്ര അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

വിശുദ്ധി അനുദിന ജീവിതമാണ്:

ജനനം എന്ന മൂന്നക്ഷരത്തിന്‍റെയും, മരണം എന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുളള മൂന്നക്ഷരമാണ് ജീവിതം. ജീവിതം എന്ന മൂന്നക്ഷരത്തിലാണ് ഒരു വ്യക്തിയുടെ ജനനവും, മരണവും വിലയിരുത്തപ്പെടുന്നത്. ജീവിതം മൂല്ല്യമുള്ളതാക്കാൻ സഹായിക്കുന്ന മൂന്നക്ഷരങ്ങളാണ് വിശുദ്ധി. ഈ ലോകത്തിലെ ജീവിതത്തില്‍ വിശുദ്ധിയിലേക്കുളള നമ്മുടെ വിളിയെ കുറിച്ചാണ് ഫ്രാന്‍സിസ് പാപ്പാ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന അപ്പോസ്തോലിക  പ്രബോധനത്തിലൂടെ നമ്മോടു സംസാരിക്കുന്നത്.

വിശുദ്ധിയെന്നത് പാപ്പായുടെ ഹൃദയതാളമാണ്. വിശുദ്ധിയെ അനുദിന ജീവിതമായി പാപ്പാ ഇവിടെ ചൂണ്ടികാണിക്കുന്നു.  ദൈവജനത്തിന്‍റെ ജീവിത സാഹചര്യങ്ങളുടെ മദ്ധ്യത്തില്‍ പാപ്പാ വിശുദ്ധിയെ കാണുന്നു. മക്കളെ വളര്‍ത്തുന്ന അമ്മയിലും, മക്കള്‍ക്കു ഭക്ഷണം നല്‍കാന്‍ അദ്ധ്വാനിക്കുന്ന പിതാവിലും, രോഗികളിലും, എപ്പോഴും പുഞ്ചിരിതൂകുന്ന വയോധികരായ വൈദീകരിലും, മുന്നിരയില്‍ വരാതെ കഷ്ടപ്പെട്ടു അദ്ധ്വാനിക്കുന്ന സന്ന്യാസിനികളിലും അദ്ദേഹം വിശുദ്ധിയെ കാണുന്നു. വിശുദ്ധിയുടെ ഇടത്തരക്കാര്‍ എന്ന് സാധാര​ണ മനുഷ്യരുടെ ജീവിത വിശുദ്ധിയെ മനോഹരമായി "ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന തന്‍റെ അപ്പോസ്തോലിക  പ്രബോധനത്തില്‍ പാപ്പാ വിശദീകരിക്കുന്നു. വിശുദ്ധിയുടെ അത്യുന്നത കര്‍മ്മല മലമുകളിലും, അഭ്യന്തരഹര്‍മ്മ്യങ്ങളിലും ചെന്നെത്താത്ത അതിസാധാരണമായ അനുദിനജീവിതത്തില്‍ ജീവിക്കാവുന്ന വിശുദ്ധിയെ കുറിച്ചാണ് പാപ്പാ പ്രബോധിപ്പിക്കുന്നത്. സാധാരണ മനുഷ്യര്‍ക്കുളള വിശുദ്ധിയുടെ സന്ദേശമാണ് ഈ അപ്പോസ്തോലിക  പ്രബോധനത്തിലുടന്നീളം നാം കാണുന്നത്.

ജീവിതം ഒരു ധ്യാനമാണ്. ദര്‍ശനങ്ങളും,വീക്ഷണ​ങ്ങളും, സാധനകളും, സാധ്യതകളും,സ്വപ്നങ്ങളും, പ്രതീക്ഷകളും നിറഞ്ഞ  ഒരു ധ്യാനവയല്‍. കളയും വിളയും നിറഞ്ഞ ഈ വയലിനെ വിശുദ്ധിയോടെ സമീപിച്ചാല്‍ മാത്രമേ വിളവുകളെ നമുക്ക് ജീവിത നിക്ഷേപങ്ങളാക്കിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ശാന്തമായി, പ്രശാന്തമായി ജീവിതത്തെ സമീപിക്കാന്‍ കഴിയുന്നതെങ്ങനെയെന്നും, എന്തിനാണ് ജീവിതത്തെ കുറിച്ചുളള ധ്യാനമെന്നുമുളള ചോദ്യങ്ങള്‍ക്കുളള ഉത്തരങ്ങള്‍ “ആനന്ദിച്ചാഹ്ളാദിക്കുവിന്‍ ” എന്ന ലേഖനത്തിലൂടെ പരിശുദ്ധപിതാവ് വ്യക്തമാക്കിത്തരുന്നു.

വിശുദ്ധിയുടെ ഫലം  ആത്മാര്‍പ്പണത്തിലൂടെ  ലഭിക്കുന്ന ആനന്ദം:

മത്തായിയുടെ സുവിശേഷത്തിലെ അഞ്ചാം അദ്ധ്യായം 12 ആം വാക്യമാണ് ഈ പ്രബോധനത്തിന്‍റെ ആരംഭപദങ്ങൾ. ആഹ്ലാദിക്കുവിൻ ആനന്ദിക്കുവിൻ എന്ന പദങ്ങളിൽ നിന്നാണ് ഈ പ്രബോധനത്തിന്‍റെ പേര് ഉരുത്തിരിയുന്നത്. എന്നെ പ്രതി അവഹേളിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍ എന്ന ക്രിസ്തുവിന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ നമ്മോടു സംസാരിക്കുവാന്‍ ആരംഭിക്കുന്നത്. ഒരു സാധാരണ ജീവിച്ചു പോകലല്ല വിശുദ്ധിയുള്ള ജീവിതമാണ് യേശു നമ്മിൽ നിന്നാഗ്രഹിക്കുക. ജീവിതത്തിലുണ്ടാകുന്ന ആരോഹണങ്ങളും അവരോഹണങ്ങളും പലപ്പോഴും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലേക്ക് നമ്മെ വലിച്ചിഴയ്ക്കുമ്പോള്‍ നാം കരുതേണ്ട പൊതിച്ചോറ് വിശുദ്ധിയും സന്തോഷവുമാണ്. എത്രയെത്ര നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ്  ജീവിതം? ഈ ഭാവങ്ങളൊക്കെ നമ്മുടെ ജീവിതത്തില്‍ പരുക്കുകളുണ്ടാക്കാനല്ല നമ്മെ പാകപ്പെടുത്താനാണ് എന്ന ക്രിസ്തുവിന്‍റെ  ഓര്‍മ്മപ്പെടുത്തലാണ് അവനെ പ്രതി ദുരന്തമുഖത്തു നില്ക്കുമ്പോഴും ആനന്ദിച്ചാഹ്ളാദിക്കണമെന്ന ആഹ്വാനത്തിന്‍റെ അര്‍ത്ഥം.

ജീവിതത്തില്‍ സന്തോഷം ആഗ്രഹിക്കാത്തവരായിട്ടാരാണുളളത്? സന്തോഷം ലഭിക്കുന്നതിനായി നാം ജീവിതത്തെ എങ്ങനെയൊക്കെയാണ് സമീപിക്കുന്നത്? നാം ആഗ്രഹിക്കുന്ന സന്തോഷം നാമായിരിക്കുന്ന രീതിയില്‍  ലഭിക്കുന്നതിന് നടത്തുന്ന പരിശ്രമങ്ങള്‍ പലപ്പോഴും പാളിപോകാറുണ്ട്. ഒരു വിചിന്തിനത്തിനു പോലും സമയം നല്‍കാതെ സന്തോഷത്തിന്‍റെ പുതിയ തീരങ്ങള്‍ തേടിയായിരിക്കും നമ്മുടെ അടുത്ത പരിശ്രമ പ്രയാണങ്ങള്‍. എന്നാല്‍ പാപ്പാ പറയുന്നത്, നമ്മെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന, മുഴുവനായി സ്വീകരിക്കുന്ന ദൈവത്തിനു നമ്മെ സമര്‍പ്പിക്കുമ്പോള്‍ നാമാഗ്രഹിക്കുന്ന സന്തോഷത്തിനുമപ്പുറത്തു വിശുദ്ധിയുടെ മ​ണമുളള ആനന്ദം ദൈവം നമുക്കു പ്രദാനം ചെയ്യുമെന്നാണ്. നാമായിരിക്കുന്നവസ്ഥയും, നമ്മിലുളള അവസ്ഥയും ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ സത്യത്തിന്‍റെയും വിശുദ്ധിയുടെയും സുഗന്ധം നിറഞ്ഞ ജീവിതത്തെ നമുക്ക് ദൈവം തിരികെ നല്‍കുന്നു.

ദൈവം നല്‍കുന്ന സന്തോഷത്തിന്‍റെ  സമൃദ്ധിയില്‍ ജീവിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മധ്യമമായ ഒരവസ്ഥയിലേക്കല്ല വിശുദ്ധിയുടെ ഔന്ന്യത്തിലേക്കാണ് ദൈവം നമ്മെ  വിളിച്ചിരിക്കുന്നതെന്ന് പാപ്പാ ഇവിടെ വ്യക്തമാക്കുന്നു. വിശുദ്ധിയെ കുറിച്ച് വിശുദ്ധഗ്രന്ഥം വിവിധ തരത്തില്‍ പരാമര്‍ശിക്കുന്നു. വിശുദ്ധനായ ദൈവം വിശുദ്ധയിലേക്കാണ് നമ്മെ വിളിച്ചിരിക്കുന്നത്. തന്‍റെ മുന്നില്‍ കുറ്റമറ്റവനായി ചരിക്കാന്‍ അബ്രാഹത്തോടു ആവശ്യപ്പെടുന്ന ദൈവത്തിന്‍റെ ഉല്‍പ്പത്തി പുസ്തകത്തിലെ വാക്കുകളെ ആവര്‍ത്തിക്കുന്ന പാപ്പാ വിശുദ്ധഗ്രന്ഥം വിശുദ്ധിയെ കുറിച്ചു ആദിമുതല്‍ സംസാരിക്കുന്നുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധി നിര്‍വചനങ്ങള്‍ക്കതീതം:

ഈ പ്രബോധത്തിന്‍റെ ഉദ്ദേശം വിശുദ്ധിയെ പറ്റിയുള്ള നിർവ്വചനങ്ങളോ, വിശുദ്ധിയെ വിവേചിച്ചറിയാനുള്ള ഒരു പ്രബന്ധം അവതരിപ്പിക്കലോ വിശുദ്ധിയിലേക്കുള്ള പല മാർഗ്ഗങ്ങളെ പറ്റിയുള്ള ചർച്ചയോ അല്ല. വളരെ പ്രായോഗീകമായ രീതിയിൽ നമ്മുടെ ആനുകാലിക ജീവിതത്തിൽ യേശുവിന്‍റെ വിശുദ്ധിയിലേക്കുള്ള വിളിയെ അതിന്‍റെ എല്ലാ അപകട സാധ്യതകളേയും, വെല്ലുവിളികളേയും അവസരങ്ങളേയും മുന്നിൽ കണ്ടു കൊണ്ട് പുനരവതരിപ്പിക്കുവാനുള്ള ഒരു എളിയ ശ്രമമാണ് എന്നു പറഞ്ഞാണ് പാപ്പാ തന്‍റെ പ്രബോധനത്തിന്‍റെ അവതരണം നടത്തുക. അതിനു കാരണമായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത് എഫേസൂസ്കാർക്കുള്ള ലേഖനം ഒന്നാം അദ്ധ്യായം 4ആം വാക്യമാണ്. കർത്താവു നമ്മെ ഓരോരുത്തരേയും തന്‍റെ മുന്നിൽ സ്നേഹത്തിൽ വിശുദ്ധരും കളങ്കരഹിതരുമായിരിക്കാൻ വിളിച്ചിരിക്കുന്നു.

സ്വര്‍ഗ്ഗത്തെ പദം വച്ചുളള  നമ്മുടെ ജീവിതയാത്രയില്‍ വിശുദ്ധിയെന്നത് വിദൂരത്തില്‍ നില്‍ക്കുന്ന സുകൃതമല്ല മറിച്ച് നമ്മുടെ ഓരോര്‍ത്തരുടെയും ജീവിതമാണ്. വിശുദ്ധിയിലേക്കുളള നമ്മുടെ വിളിയില്‍ സ്ഥിരതയോടെ ജീവിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

 

 

            

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2019, 14:08