2019.01.18 CCBI CHIEFS  New office bearers of Latin Church of India 2019.01.18 CCBI CHIEFS New office bearers of Latin Church of India 

ഗോവയുടെ മെത്രാപ്പോലീത്ത ദേശീയ ലത്തീന്‍ സഭയുടെ പ്രസിഡന്‍റ്

ഗോവ-ഡാമന്‍ അതിരൂപതാദ്ധ്യക്ഷനും ഗോവയുടെ പാത്രിയര്‍ക്കീസുമായ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെരാവോ ദേശീയ ലത്തീന്‍ സഭയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 7-മുതല്‍ 14-വരെ തമിഴ്നാട്ടിലെ മഹാബലിപുരത്തു സമ്മേളിച്ച ലത്തീന്‍ മെത്രാന്മാരുടെ ദേശീയ സംഗമമാണ് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരിയെ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റായി ശനിയാഴ്ച തിരഞ്ഞെടുത്തത്. 

1.  ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെരാവോ പ്രസിഡന്‍റ്
മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് 6 വര്‍ഷക്കാലം നീണ്ട പ്രസിഡന്‍റ് സ്ഥാനം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് ഗോവയുടെ പാത്രിയര്‍ക്കീസ് ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 65 വയസ്സുള്ള ആര്‍ച്ചുബിഷപ്പ് ഫെറാവോ 6 വര്‍ഷക്കാലം (2011-2017) ലത്തീന്‍ മെത്രാന്‍ സമിതിയുടെ വൈസ്പ്രസിഡന്‍റായും, ഭരതത്തിലെ ദേശീയ മെത്രാന്‍സമിതിയുടെ വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ വിശ്വാസരൂപീകരണത്തിനും, വിദ്യാഭ്യാസത്തിനുമായുള്ള കമ്മിഷന്‍റെ ചെയര്‍മാനായും നിലവില്‍ ആര്‍ച്ചുബിഷപ്പ് ഫെറാവോ സേവനംചെയ്യുകയാണ്.

2 ആര്‍ച്ചുബിഷപ്പ് അന്തോണിസാമി വൈസ് പ്രസിഡന്‍റ്
മദ്രാസ് മൈലാപ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് അന്തോണിസാമി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് അനില്‍ കൂത്തോ പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി ജെനറലായും നിയമിതനായി.

3. പരിസ്ഥിതി കാര്യങ്ങള്‍ക്കും “ചെറിയ ക്രൈസ്തവ സമൂഹങ്ങളുടെ”
ക്ഷേമത്തിനുമായി കമ്മിഷനുകള്‍
ജനുവരി 7-മുതല്‍ 14-വരെ തിയതികളില്‍ തമിഴ്നാട്ടിലെ മഹാബലിപുരത്തു സംഗമിച്ച ദേശീയ മെത്രാന്‍ സംഘമാണ് രണ്ടു പുതിയ കമ്മിഷനുകള്‍കൂടി സഭാപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യപ്രാപ്തിക്കും  കാര്യക്ഷമതയ്ക്കും ജനനന്മയ്ക്കുമായി തിരഞ്ഞെടുത്തത്.
പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം, അങ്ങേയ്ക്കു സ്തുതി (Laudato Si’)  എന്ന ചാക്രിക ലേഖനത്തിന്‍റെ  ആഹ്വാനം ഉള്‍ക്കൊണ്ടാണ് പാരിസ്ഥിതിക കാര്യങ്ങള്‍ക്കായി പ്രത്യേക കമ്മിഷന്‍ (Commission for Ecology) രൂപീകരിച്ചത്. പൊതുഭവനമായ ഭൂമിയേയും അതിലെ നിവാസികളേയും സംരക്ഷിക്കുക, അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിലൂടെ കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിനാശം എന്നീ ദുരന്തങ്ങളില്‍നിന്നും ഭൂമി സംരക്ഷിക്കുക എന്നിങ്ങനെ ബഹുമുഖങ്ങളായ ലക്ഷ്യങ്ങളുമായിട്ടാണ് ഭാരതത്തിലെ ലത്തീന്‍ മെത്രാന്മാര്‍ പരിസ്ഥിതി കമ്മീഷന്‍ രൂപപ്പെടുത്തിയത്. മുംബൈ അതിരൂപതയുടെ സഹായമെത്രാന്‍, ബിഷപ്പ് ആല്‍വിന്‍ ഡിസില്‍വ പാരിസ്ഥിതിക കമ്മിഷന്‍റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

4. സമൂഹത്തിന്‍റെ താഴെക്കിടയിലേയ്ക്ക്...
“ചെറിയ ക്രൈസ്തവ സമൂഹങ്ങള്‍ക്കായും” മറ്റൊരു കമ്മിഷന്‍ മെത്രാന്‍ സംഘം രൂപീകരിക്കുകയുണ്ടായി (Commission for Small Communities). സുവിശേഷത്തിന്‍റെ  മൗലിക സന്ദേശം സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരില്‍ എത്തിക്കുവാനും, സഭയുടെ കാരുണ്യത്തിന്‍റെ ശുശ്രൂഷ അവര്‍ക്ക് ലഭ്യമാക്കുവാനുമാണ് ചെറിയ ക്രൈസ്തവ സമൂഹങ്ങള്‍ക്കായുള്ള കമ്മിഷന്‍ രൂപീകരിച്ചത്. സിംല-ചാന്ധിഗാര്‍ രൂപതയുടെ മെത്രാന്‍, ബിഷപ്പ് ഇഗ്നേഷ്യസ് മസ്കരേനസ് ചെറിയ ക്രൈസ്തവ സമൂഹങ്ങള്‍ക്കായുള്ള രണ്ടാമത്തെ പുതിയ കമ്മിഷന്‍റെ ചെയര്‍മാനായും നിയമിതനായി.

5. മറ്റു ഭാരവാഹികള്‍
1. ഗോവ-ഡാമന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, അതിരുകള്‍ക്കുള്ള കമ്മിഷന്‍ (Commission for Boundary) ചെയര്‍മാന്‍.
2.കോട്ടാര്‍ രൂപതാദ്ധ്യക്ഷന്‍, നാസറീന്‍ സൂസൈ, യുവജനകമ്മിഷന്‍റെ ചെയര്‍മാന്‍.
3.കേരളത്തിലെ സുല്‍ത്താന്‍പെട്ടു  രൂപതയുടെ മെത്രാന്‍, അന്തോണിസ്വാമി പീറ്റര്‍ അബീര്‍, ബൈബിള്‍ കമ്മിഷന്‍റെ ചെയര്‍മാന്‍.
4.ഗുജറാത്തിലെ ഗാന്ധിനഗര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് തോമസ് മകുവാന്‍ മതബോധന കമ്മിഷന്‍റെ ചെയര്‍മാന്‍.
5. കര്‍ണ്ണാടകയിലെ കാര്‍വാര്‍ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഡെറിക് ഫെര്‍ണാണ്ടസ്, നിയമകാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍.
6. കര്‍ണ്ണാടകയിലെ ഷിമോഗാ അതിരൂപതാദ്ധ്യക്ഷന്‍, സഭൈക്യകാര്യങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍.
7. ബീഹാറിലെ പട്ന അതിരൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാന്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുറ കുടുംബകാര്യങ്ങള്‍ക്കുള്ള കമ്മിഷന്‍ ചെയര്‍മാന്‍.
8. ഉത്തര്‍പ്രദേശിലെ വാരണാസി രുപതാദ്ധ്യക്ഷന്‍, ബിഷപ്പ് യൂജീന്‍ ജോസഫ്, അല്‍മായരുടെ കാര്യങ്ങള്‍ക്കുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍.
9. മേഘാലയത്തിലെ ഷില്ലോങ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡോമിനിക് ജാലാ, എസ്.ഡി.ബി., ആരാധനക്രമ കാര്യങ്ങള്‍ക്കുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍.
10. ചത്തിസ്ഖറിലെ റയ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് വിക്ടര്‍ ഹെന്‍ട്രി താക്കൂര്‍.
11. ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഫീലിക്സ് തോപ്പോ എസ്.ജെ., ദൈവശാസ്ത്രത്തിനും വിശ്വാസകാര്യങ്ങള്‍ക്കുമുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍,
12. ആന്ധ്രാപ്രദേശിലെ വാറങ്കല്‍ അതിരൂപതാദ്ധ്യക്ഷന്‍, ഉടുമല ബാലാ, ദൈവവിളിക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍.
13. ഉത്തര്‍പ്രദേശിലെ മീററ്റ് രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഫ്രാന്‍സിസ് കലിസ്റ്റ്, സ്ത്രീകള്‍ക്കായുള്ള കമ്മിഷന്‍റെ ചെയര്‍മാന്‍.

6. സമാപന പരിപാടികള്‍

ദേശീയ കമ്മിഷന്‍റെ സമ്പൂര്‍ണ്ണസമ്മേളനത്തിന് ആതിഥ്യമേകിയ ചെങ്കല്‍പ്പെട്ട് രൂപതയുടെ മെത്രാസനമന്ദിരത്തോടു ചേര്‍ന്നുള്ള മൈതാനിയിലെ താല്ക്കാലിക വേദിയില്‍ മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡി ഗ്രേഷ്യസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് ഭാരതത്തിലെ ലത്തീന്‍ സഭയുടെ 31-Ɔമത് സമ്പൂര്‍ണ്ണ സംഗമത്തിന്  ജനുവരി 13-Ɔο തിയതി ഞായറാഴ്ച ഔപചാരികമായി തിരശ്ശീല വീണത്.
14-Ɔο തിയതി തിങ്കളാഴ്ചയും മെത്രാന്മാര്‍ ചെന്നൈ നഗരത്തിലെ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും കൂടിക്കാഴ്ചകള്‍ നടത്തിയും ചെലവഴിച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2019, 17:15