2018.11.16 Filipino catholic youth in WYD, Poland 2018.11.16 Filipino catholic youth in WYD, Poland 

ഫ്രാന്‍സില്‍നിന്നും 1300 യുവജനങ്ങള്‍ പനാമയിലേയ്ക്ക്

2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന തെക്കെ അമേരിക്കയിലെ പനാമിയില്‍ ലോക യുവജനോത്സവം അരങ്ങേറുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ദൈവഹിതമറിയാന്‍  ഒരാത്മീയയാത്ര
ഫ്രാന്‍സിലെ വിവിധ രൂപതകളില്‍നിന്നും സന്ന്യാസ സമൂഹങ്ങളില്‍നിന്നും സംഘടനകളില്‍നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 1300 യുവതീയുവാക്കളാണ് പനാമയിലേയ്ക്ക് പുറപ്പെടുന്നത്. “ഇതാ, കര്‍ത്താവിന്‍റെ ദാസി. അവിടുത്തെ ഹിതംപോലെ എല്ലാം എന്നില്‍ നിറവേറട്ടെ!” (ലൂക്ക 1,30) എന്ന മേരിയന്‍ ആപ്തവാക്യവുമായിട്ടാണ് രാജ്യാന്തര യുവജനസംഗമം പനാമയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.  

ബോധ്യത്തോടും ത്യാഗപൂര്‍വ്വവും
യാത്രയ്ക്കുമുന്‍പ് അവര്‍ അവരവരുടെ രൂപതകളില്‍ ഒരാഴ്ച ഒത്തുകൂടി ആത്മീയമായും മറ്റെല്ലാവിധിത്തിലും ഒരുക്കങ്ങള്‍ നടത്തും. എന്നിട്ടായിരിക്കും പനാമയിലേയ്ക്കു പുറപ്പെടുന്നത്. ഫ്രാന്‍സിന്‍റെ 1300 യുവതീര്‍ത്ഥാടകരില്‍ 6 പേര്‍ ലോകയുവജനോത്സവത്തിന്‍റെ സന്നദ്ധസേവകരാകയാല്‍ ഒരുമാസമായി അവര്‍ പനാമയിലാണ്. അവിടെ യുവജനോത്സവത്തിന്‍റെ ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. ഫ്രാന്‍സിലെ യുവജനസംഘത്തില്‍ അധികവും ശരാശരി 27 വയസ്സ് പ്രായമുള്ള ജോലിക്കാരാണ്. 1300-പേരില്‍ 780 യുവതികളും, 520 യുവാക്കളുമുണ്ട്. ഇവരെ കൂടാതെ ഫ്രാന്‍സിസിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും 70 യുവാക്കള്‍കൂടി വ്യക്തിപരമായി പനാമയിലെ മഹാസംഗമത്തിനു പേരുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചരിത്രത്തിലേയ്ക്കൊരു തിരനോട്ടം
1984-ലെ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ജൂബിലിവര്‍ഷത്തില്‍ ജോപോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ടതാണ് എല്ലാമൂന്നു വര്‍ഷംകൂടുമ്പോഴും വിവിധ രാജ്യങ്ങളില്‍ സംഗമിക്കുന്ന ലോകയുവജനോത്സവം. പ്രഥമ സംഗമത്തില്‍ 300,000-ല്‍പരം യുവജനങ്ങള്‍ വത്തിക്കാനില്‍ സംഗമിച്ചു. അത് പിന്നെയും വര്‍ദ്ധിച്ച്, 2015-ലെ സംഗമത്തില്‍ 15 ലക്ഷത്തിലധികം യുവജനങ്ങളാണ്, പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ പാപ്പാ വോയ്ത്തീവയുടെ ജന്മനാടായ പോളണ്ടിലെ ക്രാക്കോനഗരത്തില്‍ സംഗമിച്ചത്. പാപ്പാ ഫ്രാന്‍സിസിനോടൊപ്പമുള്ള മൂന്നാമത്തെ യുവജനോത്സവത്തിലും (ബ്രസീല്‍-2013, പോളണ്ട്-2016) വന്‍പങ്കാളിത്തമാണ് സംഘാടകരും ആതിഥേയരുമായ പനാമ അതിരൂപതയും അവിടത്തെ ദേശീയ മെത്രാന്‍ സമിതിയും പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ പങ്കാളിത്തം
ഇന്ത്യയില്‍നിന്നും “ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനത്തിന്‍റെ റെക്സ് ബാന്‍റും, മറ്റു യുവജനപ്രതിനിധികളും ആരംഭകാലം മുതല്‍ ലോകയുജനോത്സവത്തിന്‍റെ സജീവ പങ്കാളികളാണ്. ഭാരതത്തിലെ ദേശീയ മെത്രാന്‍സമിതിയുടെ യുവജകമ്മിഷന്‍റെ നേതൃത്വത്തിലും ഒരു പ്രതിനിധി സംഘം ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കാറുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2018, 20:21