തിരയുക

Vatican News
Word youth day - Panama 2019 - -volunteers Word youth day - Panama 2019 - -volunteers 

യുവജന സാന്നിദ്ധ്യംകൊണ്ട് പനാമ “ഭൂമിയുടെ ഹൃദയ”മാകും!

യുവജനോത്സവത്തിന്‍റെ സംഘാടകരുടെ പ്രതിനിധികള്‍ റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് :

‍- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗോള യുവജനക്കൂട്ടായ്മ ഒരു വിശ്വാസോത്സവം
ഡിസംബര്‍ 11-വരെയ്ക്കും 4 ലക്ഷത്തോളം യുവജനങ്ങള്‍ ഔദ്യോഗികമായി റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും, ഇനിയും 4 ലക്ഷം പേര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്ന് റെജിസ്ട്രേഷന്‍, വീസ എന്നിങ്ങളെയുള്ള കാര്യങ്ങളുടെ പ്രക്രിയയില്‍ പുരോഗമിക്കുകയാണെന്നും, റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടക സമിതിക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് ഉളോള വ്യക്തമാക്കി. റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരായ വിവിധ ഭൂഖണ്ഡക്കാര്‍
155 വ്യത്യസ്ത രാജ്യക്കാരാണ്. അങ്ങനെ ലോകയുവതയുടെ “വിശ്വാസോത്സവ”മായി പരിണമിക്കും A great fest of faith പനാമ. കൂടാതെ, സമീപ രാജ്യങ്ങളായ ഹോണ്ടൂരാസ്, എല്‍സാല്‍വദോര്‍, ഗൗതമാലാ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍നിന്നും വൈകിയാണെങ്കിലും വന്‍യുവജന പ്രവാഹം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുംപുറമേ ബ്രസീല്‍, കോസ്ത റീക്ക, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്നായി ഒരു മാസത്തില്‍ അധികമായി 37,000 സന്നദ്ധസേവകരായ യുവജനങ്ങള്‍ പനാമയില്‍ വിവിധ മേഖലകളിലെ ഒരുക്കങ്ങളില്‍ വ്യാപൃതരാണെന്നും  ആര്‍ച്ചുബിഷുപ്പ് ഉളോള അറിയിച്ചു.

നവമായ മാറ്റങ്ങള്‍ക്കുവേണ്ടത്  സമ്മതം
കുടിയേറ്റവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ആയിരങ്ങള്‍ വേദനിക്കുന്ന ഈ കാലഘട്ടത്തില്‍ കുടിയേറ്റവും തദ്ദേശിയ ജനതകളുടെ പ്രതിസന്ധികളും എന്ന വിഷയം യുവജനങ്ങളുടെ രാജ്യാന്തര സംഗമവേദിയെ നിറയ്ക്കാന്‍ ഇടയുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഉളോള വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു. പാനമയ്ക്കും മറ്റു മദ്ധ്യാമേരിക്കന്‍ രാജ്യങ്ങള്‍ക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം പ്രത്യാശപകരുന്നതാണ്. അവിടങ്ങളിലെ യുവജനങ്ങളെ നന്മയ്ക്കായുള്ള മാറ്റങ്ങളുടെ പ്രായോജകരാകാന്‍ പാപ്പായുടെ പിതൃസാന്നിദ്ധ്യം സഹായകമാകും. തന്‍റെ സമ്പൂര്‍ണ്ണ സമ്മതത്തിലൂടെ ലോകത്തെ നവമായ മാറ്റങ്ങള്‍ക്ക് വഴിതുറക്കാന്‍ കാരണമായ പരിശുദ്ധകന്യകാനാഥയുടെ സമ്മതംപോലെ, യുവജനങ്ങള്‍ നന്മയ്ക്കായും നവചൈതന്യത്തിനായും പനാമയില്‍ ഒത്തൊരുമിച്ച് സമ്മതംമൂളുമെന്നും ആര്‍ച്ചുബിഷപ്പ് ഉളോള പ്രത്യാശ പ്രകടിപ്പിച്ചു.

രക്തസാക്ഷികളുടെ നാട്ടിലെ സംഗമം
മദ്ധ്യ അമേരിക്ക രക്തസാക്ഷികളുടെ നാടാണ്! ഇങ്ങനെ പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് ഉളോള, പനാമ യുവജനോത്സവത്തിന്‍റെ മദ്ധ്യസ്ഥരും ലാറ്റിനമേരിക്കന്‍ മക്കളുമായ ഓസ്കര്‍ റൊമേരോ, റോസ് ദെ ലീമാ, റിയോയിലെ ഹൊസ്സെ സാന്‍ചസ്, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ എന്നിവരെ ചൂണ്ടിക്കാട്ടി. പനാമയില്‍വച്ച് മെത്രാന്മാരുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തും. യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ പ്രാദേശിക സഭാ സമൂഹങ്ങള്‍ യുവജനങ്ങളെ പിന്തുണയ്ക്കും. കൂടാതെ പനാമയിലെ‍ കുടുംബങ്ങള്‍ തങ്ങളുടെ ഭവനങ്ങളില്‍ യുവജനങ്ങള്‍ക്ക് ആതിഥ്യം നല്കുമെന്നും ആര്‍ച്ചുബിഷപ്പ് ഉളോള അറിയിച്ചു.

തദ്ദേശീയ യുവജനങ്ങളും പങ്കെടുക്കും
ജനുവരി 22-ന് ആരംഭിക്കുന്ന യുവജനോത്സവത്തിന് മൂന്നു ദിവസം മുന്‍പ് 1000-ല്‍ അധികം തദ്ദേശീയരായ യുവജനങ്ങളുടെ രാജ്യാന്തര സംഗമം പനാമയില്‍ ചേരുന്നതും ഈ ആഗോള യുവജനക്കൂട്ടായ്മയുടെ തനിമയായിരിക്കും. ചെറിയ രാജ്യമായ പനാമ ലോകത്തെ ഉള്‍ക്കൊള്ളുന്നൊരു സാഹസമാണ് ഇത്! എന്നാല്‍ ഏറെ സന്തോഷത്തോടെയാണ് സഭയും സര്‍ക്കാരും ഇക്കാര്യത്തില്‍ കൈകോര്‍ത്തു മുന്നേറുന്നതെന്ന് പനാമയില്‍നിന്നുമുള്ള വത്തിക്കാനിലെ സ്ഥാനപതി, മിറോസ്ലാവോ റോസാസ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

12 December 2018, 19:48