തിരയുക

Vatican News
കാര്‍ അപകടത്തില്‍ മരണമടഞ്ഞ ഗ്വാളിയോര്‍ രൂപതയുടെ മെത്രാന്‍ തോമസ് തെന്നാട്ട് കാര്‍ അപകടത്തില്‍ മരണമടഞ്ഞ ഗ്വാളിയോര്‍ രൂപതയുടെ മെത്രാന്‍ തോമസ് തെന്നാട്ട് 

അഭിവന്ദ്യ തോമസ് തെന്നാട്ടിന് ആദരാഞ്ജലി!

ബിഷപ്പ് തോമസ് തെന്നാട്ടിന്‍റെ അപകടമരണത്തില്‍ ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം അനുശോചിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മദ്ധ്യപ്രദേശിലെ ഗ്വാളിയോര്‍ രൂപതയുടെ മെത്രാന്‍ തോമസ് തെന്നാട്ട് ഒരു കാര്‍ അപകടത്തില്‍ മരണമടഞ്ഞു.

വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

രൂപതയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിന്‍റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം അരമനയിലേക്കു മടങ്ങും വഴിയാണ് കാര്‍ തെന്നിമറിഞ്ഞ് അപകടം സംഭവിച്ചത്.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ബിഷപ്പ് തോമസ് തെന്നാട്ടിനെ ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്കിയതിനു ശേഷം ഗ്വാളിയോറിലെ സെന്‍റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണമടയുമ്പോള്‍ അദ്ദേഹത്തിന് 65 വയസ്സായിരുന്നു പ്രായം.

ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ, സി.ബി.സി.ഐയുടെ (CBCI) പൊതുകാര്യദര്‍ശി ബിഷപ്പ് തെയദോര്‍ മസ്കരേഞാസ് ബിഷപ്പ് തോമസ് തെന്നാട്ടിന്‍റെ  അകാലമരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

യഥാര്‍ത്ഥ ഇടയനെയും ഉല്‍ക്കൃഷ്ട വ്യക്തിയെയുമാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ അനുസ്മരിച്ചു.

ബിഷപ്പ് തോമസ് തെന്നാട്ടിന്‍റെ വേര്‍പാടില്‍ കേഴുന്ന ഗ്വാളിയോര്‍ രൂപതാംഗങ്ങളുള്‍പ്പടെയുള്ള എല്ലാവര്‍ക്കും ദൈവിക സാന്ത്വനം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നതായും ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ നാമത്തില്‍ ബിഷപ്പ് മസ്കരേഞാസ് അറിയിച്ചു.

അപകട മരണം സംഭവിച്ച് ബിഷപ്പ് തോമസ് തെന്നാട്ട് കോട്ടയം അതിരൂപതയിലെ കൂടല്ലൂരില്‍ 1953 നവമ്പര്‍ 26 ന് ജനിച്ചു. അദ്ദേഹം പള്ളോട്ടൈന്‍ സമൂഹത്തില്‍ ചേരുകയും 1978 ഒക്ടോബര്‍ 21 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. സഹവികാരി, വികാരി, ഹൈദ്രാബാദ് അതിരൂപതയുടെ കുടുംബത്തിനും അല്മായര്‍ക്കും വേണ്ടിയുള്ള സമിതിയുടെ കാര്യദര്‍ശി തുടങ്ങിയ സേവനങ്ങള്‍ അനുഷ്ഠിച്ച അദ്ദേഹം 2017 ജനുവരി 8 നാണ് ഗ്വോളിയോര്‍ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്.

15 December 2018, 12:18