Prisoners in the making of WYD confessionals in Panama Prisoners in the making of WYD confessionals in Panama  

കുമ്പസാരക്കൂടു പണിയുന്ന കുറ്റവാളികള്‍

2019 ജനുവരിയില്‍ പനാമയില്‍ അരങ്ങേറാന്‍ പോകുന്ന ലോക യുവജനോത്സവത്തിനുള്ള കുമ്പസാരക്കൂടുകള്‍ പണിയാന്‍ പനാമയിലെ ജയില്‍പ്പുള്ളികള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യുവജനങ്ങള്‍ക്കുള്ള കുമ്പസാരക്കൂടുകള്‍
പനാമയിലെ ലോക യുവജനോത്സവ വേദിയില്‍ യുവജനങ്ങള്‍ക്ക് സ്വസ്ഥമായി കുമ്പസാരിക്കാനുള്ള സൗകര്യം “കാരുണ്യോദ്യാനം”  (Park of Mercy) എന്ന വേദിയില്‍ ഒരുക്കുന്നത് സ്ഥലത്തെ കേന്ദ്ര ജയിലിലെ മരപ്പണിക്കാരായ 35 തടവുകാരാണ്. പനാമ നഗരത്തിലെ വിസ്തൃതവും മനോഹരവുമായ കാരുണ്യത്തിന്‍റെ പാര്‍ക്കില്‍ 250 കുമ്പസാരക്കൂടുകളാണ് അവര്‍ പണിതീര്‍ക്കുന്നത്.

തടവുപുള്ളികളും യുവജനോത്സവത്തിന്‍റെ ഭാഗമാകും
യുവജങ്ങളുടെ ആത്മീയ ഉണര്‍വിന് കാരണമാകുന്ന കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത് തങ്ങള്‍ക്ക് ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ അനുഭവാണെന്ന് മരപ്പണിക്കാരായ ജയില്‍പ്പുള്ളികള്‍ പങ്കുവച്ചതായി യുവജനോത്സവത്തിന്‍റെ സംഘാടക സമിതി (World Youth Day 2019) നവംബര്‍ 8-Ɔο തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

നവംബര്‍ 8-ന് ആരംഭിച്ച് 16-ന് അവര്‍ പൂര്‍ത്തിയാക്കുമെന്നു പ്രതീക്ഷിക്കുന്ന കുമ്പസാരക്കൂടുകളുടെ നിര്‍മ്മണംവഴി അവര്‍ക്ക് ജയിലില്‍നിന്നുമുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം, നേരിട്ടല്ലെങ്കിലും ഇതുവഴി ലോക യുവജനോത്സവത്തിന്‍റെ ഭാഗമാകാനും സാധിച്ചതില്‍ അതിയായ സന്തോഷം പ്രകടമാക്കുന്നെന്ന് പ്രസ്താവന അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസ് കുമ്പസാരം കേള്‍ക്കും
പനാമയിലെ ഇന്‍റീരിയര്‍ ഡിസൈനര്‍, ലിലിബെത് ബെന്നല്‍ രൂപകല്നചെയ്ത യുവജനങ്ങള്‍ക്കായുള്ള കുമ്പസാരക്കൂടുകള്‍ മേളയുടെ ഔദ്യോഗിക ചിഹ്നത്തിലെ വരയും വളവും നിറക്കൂട്ടും ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ അലങ്കരണമാണ്. യുവജനങ്ങളുടെ കുമ്പസാരം കേള്‍ക്കാനും അവര്‍ക്ക് ആത്മീയ ഉണര്‍വ്വുപകരാനും മറ്റു വൈദികര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസും കാരുണ്യോദ്യാനത്തില്‍ എത്തി അനുരഞ്ജനത്തിന്‍റെ കൂദാശ പരികര്‍മ്മംചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.   പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കുന്ന ലോക യുവജനോത്സവം തെക്കെ അമേരിക്കയിലെ പനാമ നഗരത്തില്‍ 2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളിലാണ് അരങ്ങേറുന്നത്.

യുവജനോത്സവത്തിന്‍റെ  മരക്കുരിശ് 
ചിത്രം :
 യുവജനോത്സവ വേദികളില്‍ സ്ഥിരം ഉപയോഗിക്കുന്ന മരക്കുരിശും, ദൈവമാതാവിന്‍റെ വര്‍ണ്ണനാചിത്രവും (icon) വത്തിക്കാനിലെ സെന്‍റ് ലോറന്‍സ് യുവജന കേന്ദ്രത്തില്‍നിന്നും കൊണ്ടുപോകുന്നതാണ്.  വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യുവജനങ്ങളെ എല്പിച്ചിട്ടുള്ളതാണ് ഇന്നും കൈമാറിയും നീണ്ട യാത്രചെയ്തും യുവജനോത്സവ വേദികളില്‍ എത്തിച്ചേരുന്ന മരക്കുരിശും, ദൈവമാതാവിന്‍റെ ചിത്രവും. യുവജനങ്ങള്‍ അത് പൂജ്യമായും വിശ്വസ്തതയോടെയും അത് സംവഹിക്കുന്നു. നവംബര്‍ 7-ന് പനാമയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഡൊമീങ്കോയും യുവജനങ്ങളും ചേര്‍ന്ന മരക്കുരിശ് സ്വീകരിച്ചതാണ് ചിത്രം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2018, 09:59