തിരയുക

Vatican News
Psokovo monastery of ancient times in Russia Psokovo monastery of ancient times in Russia  (ANSA)

ആവൃതിയിലെ പ്രാര്‍ത്ഥനയുടെ മൗനികള്‍!

നവംബര്‍ 21-Ɔο തിയതി - പരിശുദ്ധ കന്യകാനാഥയുടെ സമര്‍പ്പണത്തിരുനാളിന്‍റെ അനുസ്മരണയില്‍ സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍(Congregation for Religious), ആര്‍ച്ചുബിഷപ്പ് ഹൊസെ റോഡ്രിക്സ് കര്‍ബാലോ, കപ്പൂചിന്‍ വത്തിക്കാന്‍റെ ദിനപത്രം L’Osservatore Romano-യില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നിശബ്ദതയില്‍ ഉയരുന്ന ശബ്ദം – മൗനപ്രാര്‍ത്ഥന
നിശബ്ദതയില്‍ ദൈവസന്നിധിയില്‍ ഉയരുന്ന ശബ്ദമാണ് മൗനമായ പ്രാര്‍ത്ഥനാജീവിതം. മൗനമായ ധ്യാനാത്മക ജീവിതം വലിയ വെല്ലുവിളിയാണ്.  നിത്യവും മൗനമായ പ്രാര്‍ത്ഥനാജീവിതം സന്ന്യസ്തര്‍ക്ക് വെല്ലുവിളിയാണെന്നു പറയുമ്പോള്‍ അത് പ്രശ്നമാണെന്നു ചിന്തിക്കരുത്. സന്ന്യാസസമര്‍പ്പണം കൂടുതല്‍ അര്‍ത്ഥഗര്‍ഭമാക്കാനുള്ള അവസരമാണ് മൗനവും നിരന്തരമായ പ്രാര്‍ത്ഥനയുടെ ജീവിതം. സുവിശേഷാത്മകമായി ചിന്തിച്ചാല്‍ ക്രിസ്തുവിനോട് കുടുതല്‍ വിശ്വസ്തമായി അടുക്കാനും, അവിടുത്തോടൊപ്പം ജീവിക്കാനുമുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്.  എന്നാല്‍ അവര്‍ നേരിടുന്ന ചില വെല്ലുവിളികള്‍ അതിന്‍റെ സ്വഭാവത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ചിലത് അവര്‍ ആയിരിക്കുന്ന സഭയില്‍നിന്നു തന്നെയും, മറ്റുചിലത് ആവൃതിയില്‍ത്തന്നെ പൊന്തിവരുന്നവയുമാണ്.

ഒളിച്ചോട്ടമല്ല പ്രാര്‍ത്ഥനയുടെ ജീവിതം
ഈ ഭൂമിയിലെ ദൈവികസാന്നിദ്ധ്യത്തിന്‍റെ അടയാളമാണ് ആവൃതിയിലെ പ്രാര്‍ത്ഥനയുടെ മൗനികളായ സന്ന്യസ്തര്‍. സൃഷ്ടിയുടെ ആരംഭംമുതല്‍ ദൈവം മനുഷ്യകുലവുമായി സ്ഥാപിക്കാന്‍ ആഗ്രഹിച്ച ആത്മീയ ബന്ധത്തിന്‍റെ പ്രതീകമാണ് ഒരു ‘മിണ്ടാമഠ’വും, ആശ്രമവും എന്നു പറയാം. ദൈവത്തിന്‍റെ മുഖകാന്തി ക്രിസ്തുവില്‍ കണ്ടെത്തുവാനുള്ള നിരന്തരവും അസ്തിത്വപരവുമായ ശ്രമമാണ് നാം മിണ്ടാമഠങ്ങളിലും, തീവ്രമായ ആത്മീയതയുടെ ആശ്രമങ്ങളിലും കാണേണ്ടത്. അഴിമതിയും പാപവും പ്രതിസന്ധികളുംകൊണ്ട് അസഹ്യമായ ലോകത്തുനിന്നും ഒളിച്ചോട്ടമായി ആവൃതികളില്‍ മൗനികളായി പ്രാര്‍ത്ഥനയില്‍ കഴിയുന്ന സന്ന്യസ്തരുടെ ജീവിതത്തെ കാണരുത്. ഈ ഭൂമിയിലെ ജീവിതത്തില്‍ ദൈവത്തെ സുവിശേഷാത്മകമായി കണ്ടെത്താനുള്ള ശ്രമമാണിത്. മനുഷ്യാസ്തിത്വത്തിന്‍റെ പച്ചയായ സാഹചര്യങ്ങളില്‍ തങ്ങളെത്തന്നെ പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതസാക്ഷ്യമാണിത്. പ്രാര്‍ത്ഥനയില്‍ മന്ദീഭവിച്ചോ തളര്‍ന്നോ ഉറങ്ങിയോ മുന്നോട്ടു വലിച്ചിഴക്കുന്ന ജീവിതമല്ലിത്, മറിച്ച് സമകലീനരായ സ്ത്രീപുരുഷന്മാര്‍ക്ക് ദൈവം സ്നേഹമാണെന്നു കാണിച്ചുകൊടുക്കാനുള്ള തീക്ഷ്ണമായ ആത്മീയ ജീവിത സപര്യയാണിത്.

ക്രിസ്തുവിലുള്ള ജീവിതം
ക്രിസ്തുവിനായുള്ള ജീവിതസമര്‍പ്പണത്തിന്‍റെ സമഗ്രമായ രൂപമാണ് പ്രാര്‍ത്ഥനയിലുള്ള നിരന്തരമായ മൗനജീവിതം. അതിനാല്‍ പൗലോസ് അപ്പസ്തോലനോടൊപ്പം അവര്‍ക്ക് പറയാന്‍ സാധിക്കും, “എനിക്ക് ഇനിമേല്‍ ജീവിതം ക്രിസ്തുവാണ് ” (ഫിലിപ്പിയര്‍ 1, 21). അവിടെ വ്യക്തിസമര്‍പ്പണത്തിലും സമൂഹത്തിലും അവരുടെ ജീവിതത്തിന്‍റെ പരമമായ നന്മയും ലക്ഷ്യവും, നിധിയും മൂലധനവും ക്രിസ്തുവായി മാറുന്നു. അതുവഴി ആശ്രമത്തിന്‍റെ അന്തരീക്ഷം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്‍റെ പൊതുവേദിയായും ആത്മീയവേദിയായും പരിണമിക്കുന്നു.

പ്രാര്‍ത്ഥനയെ ദൈവത്തിന്‍റെ ശ്വാസം എന്നു വിശേഷിപ്പിക്കാറുള്ളപോലെ, മനുഷ്യന്‍റെയും നിശ്വാസമാണത്. അതുവഴി സമൂഹത്തില്‍ സമര്‍പ്പിക്കുന്ന വ്യക്തി സാധാരണ പ്രവൃത്തികളുടെ അനുദിന ജീവിതത്തിലൂടെയും, ആരാധനക്രമ ജീവിതത്തിലൂടെയും ധ്യാനജീവിതത്തിലൂടെയും, വിശിഷ്യ സാഹോദര്യത്തിന്‍റെ തലത്തിലുള്ള മൗനമായ പ്രാര്‍ത്ഥനയിലൂടെയും വിശ്വാസത്തില്‍ ദൈവാരൂപിയുടെ സാന്നിദ്ധ്യം മനുഷ്യര്‍ക്ക് ദൃശ്യമാക്കുന്നു...!

21 November 2018, 20:00