തിരയുക

Pietà the masterpiece of Michelangelo in St. Peter's basilica with new lighting. Pietà the masterpiece of Michelangelo in St. Peter's basilica with new lighting. 

‘പിയെത്താ’ ശില്പത്തിന് പുതിയ പ്രകാശ സംവിധാനങ്ങള്‍

2018 നവംബറിന്‍റെ ആദ്യവാരം മുതലാണ് മൈക്കിളാഞ്ചലോ സൃഷ്ടിച്ച ‘പിയെത്താ’ എന്ന വെള്ളിലാശില്പത്തിന് ഡിജിറ്റല്‍ സാങ്കേതികതയാല്‍ നിയന്ത്രിതവും, ശില്പത്തിലെ ഒടിവുകളും വടിവുകളും, സൂക്ഷ്മമായ വളവുകളും വെളിപ്പെടുത്തുന്ന വിധത്തില്‍ വത്തിക്കാന്‍ പുതിയ പ്രകാശ സംവിധാനങ്ങള്‍ ഒരുക്കിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

'പിയെത്താ'യ്ക്ക് പുതുവെളിച്ചം
5 അടി 8 ഇഞ്ച് - ഒത്തയാള്‍ ഉയരവും, അടിഭാഗത്ത് 6 അടി വീതിയുമുള്ള ശില്പം ബസലിക്കയുടെ വലുപ്പംകൊണ്ട് ചെറുതായി തോന്നുന്ന അവസ്ഥയിലായിരുന്നു. 1972, മെയ് 21 പെന്താക്കോസ്ത ദിനത്തില്‍ സന്ദര്‍ശകര്‍ക്ക് അടുത്തു കാണാവുന്ന വിധത്തില്‍ ബസിലിക്കയിലെ ചെറിയ അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന ശില്പത്തെ,   മാനസികവിഭ്രാന്തിയുള്ളതെന്നു പിന്നീടു സ്ഥിരീകരിച്ച മനുഷ്യന്‍ ചുറ്റികകൊണ്ട് ആഞ്ഞടിച്ച്   കേടുപാടുകള്‍ വരുത്തി.  ജാപ്പനീസ് കലാകാരുന്മാരുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ജനങ്ങളുടെ കൈയ്യെത്താനാവാത്ത വിധത്തില്‍ ഒരു ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് (bullett proof)  'പിയത്താ'യുടെ മുന്നില്‍ ഒരു വിരിയായും, സുരക്ഷയായും സ്ഥാപിക്കപ്പെട്ടു.

വൈവിധ്യമാര്‍ന്ന 4 സംവിധാനങ്ങള്‍ 
പുതിയ പ്രകാശസംവിധാനത്തിന്  നാലു വൈവിധ്യമാര്‍ന്ന തരത്തില്‍ ശില്പത്തെ വിന്യസിപ്പിക്കാനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍ നാലു പ്രകാശസംവിധാനങ്ങളും, അത്ഭുതമുണര്‍ത്തുന്ന ഈ  ശില്പത്തിന്‍റെ പൂര്‍ണ്ണതയും സങ്കീര്‍ണ്ണതയും, ഒപ്പം ശില്പി ഉള്‍ക്കൊണ്ട വിഷയത്തിന്‍റെ ആഴമായ ആത്മീയതയും കലാചാതുരിയും വെളിപ്പെടുത്താന്‍ സഹായകമാകുന്നതാണെന്ന് കലാലോകവും വിദഗ്ദ്ധരും ഒരുപോലെ വിലയിരുത്തുന്നു.

വിശദാംശങ്ങള്‍ തെളിയിക്കുന്ന പ്രകാശം
1. മുപ്പത്തിമൂന്നു വയസ്സുള്ള മകന്‍റെ മൃതദേശം താങ്ങുമാറ് അമ്മയുടെ ശരീരത്തിലെ വസ്ത്രത്തിന്‍റെ വടിവുകളും ചുളുക്കുകളും കലാകാരന്‍ വിപുലീകരിച്ചിരിക്കുന്നു. പിന്നെ പശ്ചാത്തലമായ ഇരുണ്ട മാര്‍ബിള്‍ ഫലകത്തിനു മുന്നിലെ വെണ്ണിലാശില്പം ഒരിടത്തും കാണാത്തതുപോലെ മൈക്കിളാഞ്ചലോ മിനുക്കിയിട്ടുമുണ്ട്. ഈ രണ്ടു ഘടകങ്ങളും ആദ്യത്തെ പുതിയ പ്രകാശം സംവിധാനം കാണികള്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു.

ചൈതന്യമാര്‍ന്ന രണ്ടു മുഖഭാവങ്ങള്‍
2. ശില്പത്തിന്‍റെ ഇടതുഭാഗം ഭാഗികമായി ഇരുട്ടില്‍ ആഴ്ത്തിക്കൊണ്ടു വലതുഭാഗത്തു വിരിയുന്ന രണ്ടാമത്തെ പ്രകാശധോരണി, അമ്മയുടെയും മകന്‍റെയും യുവത്വമാര്‍ന്ന മുഖദാവു  തെളിയിച്ചു കാട്ടുന്നു. “ഇരുളിലും മരണത്തിന്‍റെ നിഴലിലും ഇരുക്കുന്നവര്‍ക്കു പ്രകാശംവീശാന്‍...” ( ലൂക്ക 1, 79), എന്ന ഭാവേന അമ്മയുടെയും മകന്‍റെയും മുഖത്തു  വിഷാദഭാവമല്ല, ചൈതന്യത്തിന്‍റെ തെളിച്ചമാണ് മൈക്കിളാഞ്ചലോ കൊത്തിയിരിക്കുന്നതെന്ന് പുതിയ വെളിച്ചം വ്യക്തമാക്കുന്നു.

അമ്മയുടെ ഇടതുഭാഗത്ത്, മടിയില്‍നിന്നും താഴേയ്ക്കു തൂങ്ങിക്കിടക്കുന്ന മകന്‍റെ പാദങ്ങള്‍ മറിയത്തിന്‍റെ ദേഹത്തുനിന്നും അകന്നരിക്കുന്നത് രണ്ടാമത്തെ പ്രകാശ സംവിധാനം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിനെ പ്രേക്ഷകരുടെ കരങ്ങളിലേയ്ക്കു നല്കുന്ന ഒരു പ്രതീതി അതു ജനിപ്പിക്കുകയും ചെയ്യുന്നു. പ്രതിമ ഇരിക്കുന്ന ചെറിയ കപ്പേളയുടെ വലതുഭാഗത്തിനിന്നു മാത്രം ഉയരുന്നതാണ് രണ്ടാമത്തെ പ്രകാശസംവിധാനം. ശില്പത്തിന്‍റെ രൂപഭാവങ്ങളെ വ്യത്യസ്തമായി വിലയിരുത്താനും പ്രേക്ഷകരെ  ഇതു സഹായിക്കുന്നു.

പ്രകാശിക്കുന്ന ‘പിയെത്താ’
3. മൂന്നാമത്തെ  സംവിധാനത്തില്‍   'പിയത്താ' എന്ന അത്യപൂര്‍വ്വമായ  തൂവെള്ള മാര്‍ബിള്‍ ശില്പംതന്നെ പ്രകാശമാവുകയാണ്.
ഈ നവസംവിധാനത്തില്‍, ശില്പം പ്രതിഷ്ഠിച്ചിരിക്കുന്ന ചെറിയ കപ്പേളയുടെ അകത്തെ പ്രകാശത്തെ വെല്ലുന്ന ശോഭയോടെ മൈക്കിലാഞ്ചലോയുടെ കലാസൃഷ്ടി പുതിയ പ്രകാശധോരണയില്‍  തിളങ്ങിത്തെളിയുന്നു! “മരണത്തിന്‍റെ നിഴലിനെ ഭേദിച്ച് ഉത്ഥാനത്തിലേയ്ക്ക് ഉയരുന്ന…..” അല്ലെങ്കില്‍  മരണത്തില്‍നിന്ന് ഉയര്‍ത്ത ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭ  ശില്പത്തിനു ലഭിക്കുന്നതുപോലെ....!

ധാന്യാത്മകമായൊരു കാഴ്ചപ്പാട്
4. പുതിയ പ്രകാശസംവിധാനത്തിന്‍റെ നാലമാത്തെ പ്രകടനം, സന്ദര്‍ശകര്‍ നില്ക്കുന്ന ഭാഗമായ കപ്പേളയുടെ മുഖഭാഗത്തു നിന്നുമുള്ള പ്രകാശത്തിന്‍റെ  വിന്യസിപ്പിക്കലാണ്. വളരെ സാധാരണമെന്നു തോന്നാമെങ്കിലും, അത് ശില്പത്തിന്‍റെ എല്ലാഭാഗങ്ങളെയും തെളിയിക്കുന്നുണ്ട്. ഒപ്പം കപ്പേളയിലെ പൊതുവായ വെളിച്ചത്തില്‍നിന്നും ശില്പത്തെ വേറിട്ടുനിര്‍ത്തുന്നുമുണ്ട്. ക്രിസ്തുവിന്‍റെയും അവിടുത്തെ അമ്മയുടെയും വ്യാകുലങ്ങള്‍ക്കൊപ്പം, ജീവിത ദൗത്യനിര്‍വ്വഹണത്തിന്‍റെ പീഡകള്‍ ജനിപ്പിച്ച രണ്ടുപേരുടെയും ഗതകാല സമര്‍പ്പണ ജീവിതത്തിന്‍റെ  ചൈതന്യത്തിലേയ്ക്കും  ധ്യാനാത്മകമായി ഇറങ്ങിച്ചെല്ലാന്‍ ഈ വെളിച്ചം സഹായകമാകുന്നു.


വെളിച്ചം പോരെന്ന തോന്നല്‍...
കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തിന്‍റെ ഉത്ഘാടനദിനത്തില്‍, 2015 ഡിസംബര്‍ 8-ന് ജൂബിലകവാടം തുറന്ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ  അകത്തെത്തിയ പാപ്പാ ഫ്രാന്‍സിസ് ‘പിയത്താ’യെന്ന കാരുണ്യശില്പത്തിന്‍റെ മുന്നില്‍ അല്പസമയം മൗനമായി പ്രാര്‍ത്ഥിച്ചുനിന്നു. അതിനുശേഷം തന്‍റെ അടുത്തുണ്ടായിരുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ പ്രസി‍‍ഡന്‍റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയോടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ നീരീക്ഷണത്തില്‍  'പിയെത്താ'യുടെ പ്രകാശസംവിധാനം മെച്ചപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്കിയത്.

 പ്രകാശസംവിധാനത്തിന്‍റെ പ്രായോജകര്‍
സമയമെടുത്തു പഠിച്ചും, പരീക്ഷിച്ചും പൂര്‍ത്തിയാക്കിയ നവമായ പ്രകാശസംവിധാനം മൈക്കിളാഞ്ചലോയുടെ  മനസ്സിനോടു ചേരുമ്പടി മനോഹരമായിട്ടുണ്ട് എന്നാണ് കലാകാരന്മാരുടെ നിരീക്ഷണം. ഇറ്റാലിയന്‍ മാധ്യമക്കമ്പനി ഇഗുസ്സീനിയാണ് (iGuzzini) 'പിയത്താ'യുടെ കലാപരമായ പ്രകാശസംവിധാനത്തിന്‍റെ പിന്നിലെ പ്രായോജകര്‍.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2018, 19:44