തിരയുക

നമ്മുടെ സമുദ്രം - ബാലിയിലെ  രാജ്യാന്തര സമ്മേളനം നമ്മുടെ സമുദ്രം - ബാലിയിലെ രാജ്യാന്തര സമ്മേളനം  

സമുദ്രസംരക്ഷണം മാനവികതയുടെ വ്യാപകമായ സുരക്ഷയ്ക്ക് അനിവാര്യം

സമുദ്രങ്ങളെ സംബന്ധിച്ച് ഇന്ത്യൊനേഷ്യയില്‍ യുഎന്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് പിയെര്‍ പ്യോപ്പോ ഒക്ടോബര്‍ 30-Ɔο തിയതി അവതരിപ്പിച്ച പ്രഭാഷണത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 29, 30 തിയതികളില്‍ ഇന്തൊനേഷ്യിലെ ബാലിയില്‍ അരങ്ങേറിയ “നമ്മുടെ സമുദ്രങ്ങള്‍” എന്ന രാജ്യാന്തര സമ്മേളനത്തിലാണ് സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതികൂടിയായ ആര്‍ച്ചുബിഷപ്പ് പിയെര്‍ പ്യോപ്പോ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.

മാനവികതയുടെ എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന സമുദ്രം
ഒറ്റനോട്ടത്തില്‍ സമുദ്രം അതില്‍ത്തന്നെ അത്ര പ്രാധാന്യം തോന്നിക്കുന്നില്ലെങ്കിലും കുടിയേറ്റം, ഉപായസാദ്ധ്യതകളും സമുദ്രോല്പന്നങ്ങളും, കടയല്‍യാത്ര, പരിസ്ഥിതി, കാലാവസ്ഥ രാജ്യാതിര്‍ത്തികളും തീരങ്ങളും എന്നിങ്ങനെ വ്യാപകവും വൈവിദ്ധ്യവുമാര്‍ന്ന മാനവികതയുടെ മേഖലകളെ സ്പര്‍ശിക്കുന്നതാകയാല്‍ സമുദ്രം അതിന്‍റേതായ ധാര്‍മ്മികതയില്‍ ഉപയോഗിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന് ആര്‍ച്ചുബിഷപ്പ് പ്യോപ്പോ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.  

സംരക്ഷിക്കപ്പെടേണ്ട മാനവികതയുടെ പൊതുസ്വത്ത് - സമുദ്രം
മാനുഷ്യകുലവും പരിസ്ഥിതിയും തമ്മില്‍ ധര്‍മ്മനിഷ്ഠമായ ഒരു ഉടമ്പടിയുണ്ടാവണം എന്ന് തന്‍റെ ചാക്രിക ലേഖനം “അങ്ങേയ്ക്കു സ്തുതി”യില്‍ (Laudato Si’) നിഷ്ക്കര്‍ഷിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ഈ ഉടമ്പടിയെക്കുറിച്ചും അതിന്‍റെ ധാര്‍മ്മകതയെക്കുറിച്ചും മനുഷ്യകുലത്തിന് പൂര്‍വ്വോപരി അവബോധം നല്കേണ്ടത് അടിയന്തരമാണെന്ന് ഉദ്ബോധിപ്പിക്കുന്നത്, തന്‍റെ പ്രബന്ധത്തിലൂടെ ആര്‍ച്ചുബിഷപ്പ് പ്യോപ്പോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

സുസ്ഥിതി വികസനലക്ഷ്യങ്ങളില്‍ ഒന്ന് സമുദ്രം
സമുദ്രസംരക്ഷണം ഐക്യരാഷ്ട്ര സംഘടയുടെ സുസ്ഥിതി വികസന ലക്ഷ്യങ്ങളില്‍ (Sustainable Development Goals) ഒന്നായിരിക്കെ സമുദ്രങ്ങളുടെയും അവയുടെ തീരങ്ങളുടെയും പരിരക്ഷണവും അവയുടെ ഗുണസമ്പന്നമായ ഉപയോഗവും 2030-ല്‍ സമാപിക്കേണ്ട പദ്ധതിക്ക് അനുയോജ്യവും കൃത്യമായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതവുമായിരിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തെ അനുസ്മരിപ്പിച്ചു. ഈ മേഖലയില്‍ എല്ലാ രാഷ്ട്രങ്ങളെയും ഉള്‍പ്പെടുത്തുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന സമാധാനപൂര്‍ണ്ണവും സമഗ്രവുമായ സമുദ്രങ്ങളുടെ സംരക്ഷണപദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പ്യോപ്പോ വ്യക്തമാക്കി.

സഭയ്ക്കു സമുദ്രത്തോടുള്ള ആഭിമുഖ്യം
കടല്‍ യാത്രികര്‍ക്ക് സഭ നല്കുന്ന അജപാലന ശുശ്രൂഷ, മത്സ്യത്തൊഴിലാളികളുടെ സമൂഹങ്ങള്‍ക്കു തയ്യാറാക്കിയിട്ടുള്ള വികസന പദ്ധതികള്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലുള്ള നീക്കങ്ങള്‍, കൂടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ള ചുവടുവയ്പ്പുകള്‍, സമുദ്രനിരപ്പ് വര്‍ദ്ധിക്കുന്നതു സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടികള്‍ എന്നിവ സഭ ഇന്ന് സജീവമായി വ്യാപൃതയായിരിക്കുന്ന ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം സമ്മേളനത്തെ ചൂണ്ടിക്കാടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2018, 10:35