Cerca

Vatican News
Prayer intention of November 2018 നവംബര്‍ 2018 പ്രാര്‍ത്ഥന നിയോഗം 

സമാധാനശ്രമങ്ങള്‍ അനുദിനം ആവശ്യമാണ്!

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗത്തെ അധികരിച്ച് പരിപാടിയുടെ ഡയറക്ടര്‍ ഫാദര്‍ ഫെദറിക് ഫോര്‍ണോസ് എസ്.ജെ.യുടം ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അയല്‍പക്കങ്ങളില്‍ തുടങ്ങേണ്ട സമാധാനം
സമാധാനം വളര്‍ത്താനുള്ള ശ്രമങ്ങള്‍ അനുദിനം ജനമദ്ധ്യത്തിലും ജീവിതപരിസരങ്ങളിലും തുടങ്ങണമെന്ന്, പാപ്പായുടെ പ്രതിമാസ പ്രാര്‍ത്ഥനാനിയോഗം പരിപാടിയുടെ ഡയറക്ടര്‍, ഫാദര്‍ ഫെദറിക് ഫോര്‍ണോസ് എസ്.ജെ. അഭിപ്രായപ്പെട്ടു. ജീവിതപരിസരങ്ങളില്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപഴകലിലാണ് സമാധാനം ആദ്യം വളര്‍ത്തിയെടുക്കേണ്ട്. അനുദിന ജീവിതചുറ്റുപാടുകളായ കുടുംബം, തെരുവ്, ജോലിസ്ഥലം, കലാലയം കാര്യാലയം, വിദ്യാലയം എന്നിവിടങ്ങളില്‍ അപരനെക്കുറിച്ചുള്ള ഭീതി അകറ്റി, അവനെയും അവളെയും അംഗീകരിച്ചു ജീവിക്കുന്നതായിരിക്കും സമാധാനത്തിന്‍റെ തുടക്കമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ നവംബര്‍ പ്രാര്‍ത്ഥനാനിയോഗത്തെ ആധാരമാക്കി നവംബര്‍ 6-Ɔο തിയതി ചൊവ്വാഴച ഇറക്കിയ പ്രസ്താവനയില്‍ ഫാദര്‍ ഫോര്‍ണോസ് വ്യക്തമാക്കി.

നവംബറിന്‍റെ പ്രാര്‍ത്ഥനാനിയോഗം
“അതിക്രമങ്ങളുടെ ലോകത്ത് സമാധാനം പ്രബലപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കാം” എന്നതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നവംബര്‍ മാസത്തിലെ നിയോഗം. കലഹിക്കുന്ന രണ്ടു വ്യക്തികള്‍ ചുറ്റുമുള്ള അതിക്രമങ്ങളുടെ അടയാളള്‍ കണ്ട് പരിഭ്രാന്തരായി നില്കുമ്പോള്‍ അവരുടെ മനസ്സില്‍ സമാധാനപ്രാവു പ്രതീകാത്മകമായി വിരിയുന്നതാണ്, പാപ്പായുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയ്ക്ക് “ലാ മാക്കി” എന്ന മാധ്യമ കമ്പനിയും വത്തിക്കാന്‍ മാധ്യമ വിഭാഗവും ചേര്‍ന്ന് ഒരുക്കിയ 3 മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്ക്കാരം.
Link for Video with English subtitles :  https://www.youtube.com/watch?v=IpwG_CCDTv8

 

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനാഭ്യാര്‍ത്ഥന
“എല്ലാവരും സമാധാനം ആഗ്രഹിക്കുന്നുണ്ട്. ‌എന്നാല്‍ ഇല്ലാത്തവരാണ്  അതിനായി ഏറ്റവും അധികം ആഗ്രഹിക്കുന്നത്.  ഭംഗിവാക്കുകൊണ്ടൊന്നും കാര്യമില്ല, ഹൃദയത്തില്‍ സമാധാനമില്ലെങ്കില്‍ ലോകത്തു സമാധാനമുണ്ടാവില്ല. അതിക്രമങ്ങളില്ലാതെ കാരുണ്യത്തിന്‍റെ നിറവിലും, ആരെയും ഒഴിവാക്കാതെയും സുവിശേഷവഴികളില്‍ സമാധാനം വളര്‍ത്തിയെടുക്കാം!  സംഘര്‍ഷങ്ങളില്ലാതെ സ്നേഹത്തിന്‍റെയും സംവാദത്തിന്‍റെയും രീതികള്‍ സമൂഹത്തില്‍ വളരുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം.” 
- പാപ്പാ ഫ്രാന്‍സിസ്.

അയല്‍ക്കാരെ ഭയപ്പെടരുത്!
തെരുവില്‍ കാണുന്ന അപരിചിതന്‍ കെട്ടിലും മട്ടിലും വ്യത്യസ്ഥനാണ്. വേറിട്ട ഭാഷയും സംസ്ക്കാരവും, പരിചയമില്ലാത്ത അയാളുടെ പെരുമാറ്റ രീതികള്‍... ഇവ തെളിയിക്കുന്നത് അയാള്‍ അന്യനാട്ടുകാരനാണ്, ഒരു കുടിയേറ്റക്കാരനാണ്, അഭയാര്‍ത്ഥിയാണ്! അങ്ങനെയുള്ള ഒരു വ്യക്തിയെ നാം ഇന്ന് ഭയപ്പെടുകയോ അകറ്റിനിര്‍ത്തുകയോ അല്ല വേണ്ടത്. ഭയപ്പെട്ട് തള്ളിമാറ്റുന്നതിനോ, പുറംതള്ളുന്നതിനോ പകരം, അയാളെ ഉള്‍ക്കൊള്ളകയും അംഗീകരിക്കയും ചെയ്യുന്നതാണ്, ഇന്നിന്‍റെ ആഗോളവത്കൃതമാകുന്ന സാമൂഹിക ചുറ്റുപാടില്‍ സമാധാനത്തിന്‍റെ ആദ്യപടിയെന്ന് ഫാദര്‍ ഫൊര്‍ണോസ് നവംബര്‍ 6-ന് ഇറക്കിയ പാപ്പായുടെ പ്രാര്‍ത്ഥന നിയോഗത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ ഉദാഹരിച്ചു.

വത്തിക്കാന്‍റെ മാധ്യമ വകുപ്പും “ലാ മാക്കി”യും
ഓരോ മാസത്തിലും പാപ്പായുടെ പ്രാര്‍ത്ഥന നിയോഗങ്ങള്‍ ഹ്രസ്വവീഡിയോ സന്ദേശമായിട്ടാണ് രണ്ടു വര്‍ഷത്തില്‍ അധികമായി പുറത്തിറക്കുന്നത്. ‘ലാ മാക്കി’ ( La Machi Communications, Barcelona) എന്ന സ്പാനിഷ് മാധ്യമ കമ്പനിയും വത്തിക്കാന്‍റെ മാധ്യമ വകുപ്പും കൈകോര്‍ത്താണ് എല്ലാമാസവും പാപ്പായുടെ പ്രാര്‍ത്ഥന നിയോഗങ്ങള്‍ പുറത്തിറക്കുന്നത്.

ലോകത്ത് ഏറ്റവും അധികം ജനങ്ങള്‍ ഉപയോഗിക്കുന്ന സ്പാനിഷ് ഭാഷയിലാണ് പാപ്പാ പ്രാര്‍ത്ഥന അഭ്യര്‍ത്ഥന നടത്തുന്നത്. “ഒറിജിനല്‍ ട്രാക്ക്” (Original Track) സ്പാനിഷിലാണെങ്കിലും മലായളം, ചൈനീസ്, അറബി, ഇംഗ്ലിഷ്... തുടങ്ങി ഒട്ടനവധി ഭാഷകളില്‍ പരിഭാഷപ്പെടുത്തിയ ഉപശീര്‍ഷകത്തോടെ നിയോഗത്തിന്‍റെ വീഡിയോ പിന്നെയും ലഭ്യമാക്കുന്നുണ്ട്.

08 November 2018, 09:34