വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധ നാടു സന്ദര്‍ശനവേളയില്‍   05-01-1964 വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധ നാടു സന്ദര്‍ശനവേളയില്‍ 05-01-1964 

ഏഴു വാഴ്ത്തപ്പെട്ടവര്‍ സഭയിലെവിശുദ്ധരുടെ ഗണത്തിലേക്ക്

വിശുപദ പ്രഖ്യാപനതിരുക്കര്‍മ്മം ഞായറാഴ്ച മാര്‍പ്പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പോള്‍ ആറാമന്‍ പാപ്പായുള്‍പ്പടെ ഏഴു വാഴ്ത്തപ്പെട്ടവര്‍ ഞായറാഴ്ച വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ ഞായറാഴ്ച (14/10/18) രാവിലെ, പ്രാദേശിക സമയം, 10.15 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.45 ന്, ആരംഭിക്കുന്ന സാഘോഷമായ തിരുക്കര്‍മ്മ മദ്ധ്യേ ഫ്രാന്‍സീസ് പാപ്പാ ഏഴു വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കും.

ഈ വാഴ്ത്തപ്പെട്ടവരില്‍ 4 പേര്‍ ഇറ്റലിക്കാരാണ്. മറ്റു മൂന്നു പേര്‍ എല്‍ സാല്‍വദോര്‍, ജര്‍മ്മനി, സ്പെയിന്‍ എന്നീ നാട്ടുകാരാണ്.

പോള്‍ ആറാമന്‍ പാപ്പാ, രൂപതാവൈദികനായിരുന്ന വിന്‍ചെന്‍സൊ റൊമാനൊ, ഏറ്റം പരിശുദ്ധ കൂദാശയുടെ ആരാധികകളായ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനായ രൂപതാവൈദികന്‍ ഫ്രാന്‍ചെസ്കൊ സ്പിനേല്ലി, വിശുദ്ധ കുര്‍ബ്ബാനയുടെയും പരിശുദ്ധകന്യകാമറിയത്തിന്‍റെയും പ്രത്യേക ഭക്തനും തന്നെ ബാധിച്ച മാറാരോഗത്തിന്‍റെതായ വേദനകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനവുമായി കടന്നുചെല്ലുകയും പത്തൊമ്പതാമത്തെ വയസ്സില്‍ മരണമടയുകയും ചെയ്ത യുവാവുമായിരുന്ന നുണ്‍ത്സിയൊ സുള്‍പ്രീത്സിയൊ എന്നീ വാഴ്ത്തപ്പെട്ടവരാണ് ഇവരില്‍ ഇറ്റലിക്കാര്‍.

പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്നവരില്‍,  രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ എല്‍ സാല്‍വദോര്‍ സ്വദേശിയും യേശുക്രിസ്തുവിന്‍റെ ദരിദ്രദാസികളുടെ സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മരിയ കാതറീന്‍ കാസ്പെര്‍ ജര്‍മ്മനിക്കാരിയും സഭയുടെ സംരക്ഷകകളായ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സഭയുടെ സ്ഥാപകയായ യേശുവിന്‍റെ  വിശുദ്ധ ത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ സ്പെയിന്‍ സ്വദേശിനിയുമാണ്.

ഈ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മത്തില്‍, മെത്രാന്മാരുടെ സിനഡിന്‍റെ വത്തിക്കാനില്‍ നടന്നുവരുന്ന പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന, സിനഡുപിതാക്കന്മാര്‍ സഹകാര്‍മ്മികരായിരിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2018, 12:44