തിരയുക

അമൃതസറിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു അമൃതസറിലെ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു 

അമൃതസറിലെ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു

വടക്കെ ഇന്ത്യയിലെ അമൃതസര്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 19-Ɔο തിയതി  വെള്ളിയാഴ്ച വൈകുന്നേരം 63-പേരുടെ മരണത്തിന് ഇടയാക്കുകയും 70 പേരെ മുറിപ്പെടുത്തുകയും ചെയ്ത ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് 21-Ɔο തിയതി ഞായറാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും ജലന്തറിലെ പ്രാദേശിക സഭ ആസ്ഥാനത്തേയ്ക്ക് ടെലിഗ്രാം സന്ദേശം അയച്ചത്.

അനുശോചന സന്ദേശം
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പാപ്പാ അനുശോചനം അറിയിച്ചു. അപകടത്തില്‍ മുറിപ്പെട്ടവര്‍ക്കും വേദനിക്കുന്നവര്‍ക്കും സമാശ്വാസവും പ്രാര്‍ത്ഥനയും നേര്‍ന്നു. ദാരുണമായി സാഹചര്യത്തില്‍ അടിയന്തിര സഹായത്തിന് ഓടിയെത്തിയ ജനങ്ങളെയും സര്‍ക്കാര്‍ സംഘത്തെയും പാപ്പാ അനുഭാവത്തോടെ ശ്ലാഘിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ വഴിയാണ് ജലന്തറിലെ സഭാധികാരികള്‍ക്ക് പാപ്പാ സന്ദേശം അയച്ചത്.

രാക്ഷസദാഹത്തില്‍ വന്ന ദുരന്തം
ദസറാ ആഘോഷത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം വെടിക്കെട്ടു പൊട്ടിച്ചു രാക്ഷസ രാവണന്‍റെ കോലം ദഹിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ച കണ്ട് റെയില്‍പ്പാളത്തില്‍ നിന്നിരുന്നവരാണ് അപകടത്തില്‍ പെട്ടത്. രണ്ടു ട്രാക്കുളില്‍നിന്നും വ്യത്യസ്ത ദിശകളില്‍ ഒന്നിനു പുറകെ ഒന്നായി വന്ന ട്രെയിനുകള്‍ പകച്ചുപോയവരുടെ രക്ഷപ്പെടാനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുകയും, കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

ദേശീയ മെത്രാന്‍ സമിതിയുടെ ദുഃഖം
ദസറായുടെ ആഘോഷത്തിമിര്‍പ്പില്‍ ആകസ്മികമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുമിത്രാദികളെ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയദോര്‍ മസ്ക്കരേനസും ഒക്ടോബര്‍ 20-Ɔο തിയതി ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.     

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 October 2018, 20:25