തെയ്സെയുടെ ഇപ്പോഴത്തെ ആത്മീയ നേതാവ്, ബ്രദര്‍ ഈലോയ് പാപ്പായ്ക്കൊപ്പം തെയ്സെയുടെ ഇപ്പോഴത്തെ ആത്മീയ നേതാവ്, ബ്രദര്‍ ഈലോയ് പാപ്പായ്ക്കൊപ്പം 

ക്ഷമിക്കാനാവാത്ത സമൂഹത്തിന് നിലനില്പില്ല!

ഫ്രാന്‍സിലെ തെയ്സെ സഭൈക്യ രാജ്യാന്തര പ്രാര്‍ത്ഥന സമൂഹത്തിന്‍റെ മേലധികാരി, ബ്രദര്‍ ഈലോയാണ് ഇങ്ങനെ പ്രസ്താവിച്ചത്. വത്തിക്കാന്‍ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്ക് ഒക്ടോബര്‍ 3-ന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പും സംബന്ധിച്ച മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തിലെ ക്ഷണിതക്കളുടെ കൂട്ടത്തില്‍ എത്തിയതാണ് തെയ്സെ സമൂഹത്തിന്‍റെ തലവന്‍, ബ്രദര്‍ ഈലോയ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കൂട്ടായ്മ ക്രൈസ്തവികതയുടെ അനിവാര്യത
ഫ്രാന്‍സിലെ തെയ്സേ സമൂഹത്തിലേയ്ക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നത് സഭയുടെ സാഹോദ്യക്കൂട്ടായ്മയാണ്. സംഘടനാപരമായി മാത്രം സഭ ജീവിക്കാതെ, അനുരഞ്ജനത്തിലൂടെ പരസ്പരബന്ധിയാകുന്ന ഒരു സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും സമഗ്രത ഉള്‍ക്കൊള്ളുമ്പോഴാണ് സമൂഹം ശ്രേഷ്ഠമാകുന്നത്. യുവജനങ്ങളെ വിശ്വസിക്കാനും, അവരെ ശുശ്രൂഷിക്കാനും, അവരെ കേള്‍ക്കാനും, അവരുടെ കാര്യങ്ങള്‍ക്കായി ലഭ്യമാകാനും തുറവുള്ള ഒരു സ്ഥാനമായിട്ടാണഅ അവര്‍ സഭയെ കാണുന്നത്. അവിടെ യുവജനങ്ങളെ സ്വീകരിക്കാനും കേള്‍ക്കാനും സംരക്ഷിക്കാനും ക്ഷമിക്കാനും കെല്പുള്ള സമഗ്രതയുണ്ടാവണം. അതിനാല്‍ സാഹോദര്യക്കൂട്ടായ്മ ക്രൈസ്തവജീവിതത്തിലെ ഒരു സാദ്ധ്യതയല്ല, അനിവാര്യമായ ഘടകമായെങ്കില്‍ മാത്രമേ യുവജനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്ന് ബ്രദര്‍ ഈലോയ് അഭിമുഖത്തില്‍ വ്യക്തമാക്കി.

യുവജനങ്ങള്‍ക്കാവശ്യമായ സന്തത സാമീപ്യം
യുവജനങ്ങളെ സഭ സെമിനാരിയിലെ രൂപീകരണത്തിലും വിവാഹാവസരത്തില്‍ ഒരുക്കുന്നതും മാത്രം മതിയാവില്ല. ജീവിതത്തിന്‍റെ എല്ലാമേഖലകളിലും അവരെ പിന്‍തുണയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. ദൈവവിളി പൊതുവെ ക്രിസ്തുവിനെ അനുഗമിക്കുന്നതിലുള്ള സന്തോഷകരമായ പ്രതികരണമാണെങ്കിലും, എന്നും നിലനില്ക്കുന്ന, ശാശ്വതമായ സ്നേഹമാണ് യുവജനങ്ങളുടെ ജീവിതസ്വപ്നം. ഭിന്നിപ്പുകളും തകര്‍ച്ചകളും കുടുംബങ്ങളിലെന്നപോലെ സഭയിലും യുവജനങ്ങള്‍ കാണുന്നതും അറിയുന്നതുമാണ്.

ബലഹീനതകളില്‍നിന്നെല്ലാം ഉയിര്‍ത്തെഴുന്നേല്ക്കാം!
യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളെക്കുറിച്ച് പറയുമ്പോള്‍, നവമായൊരു ജീവിതതിരഞ്ഞെടുപ്പിന്‍റെ സമീപനം, അത് ഏതു തരത്തിലുള്ള ജീവിതസമര്‍പ്പണവുമാകട്ടെ, അത് ഇന്നിന്‍റെ ആവശ്യമാണ്. ദൈവത്തിന്‍റെ വിളിയോടുള്ള സമ്മതം സത്യസന്ധമാണെങ്കില്‍ നമ്മുടെ ബലഹീനതകളിലും അനുരഞ്ജിതരായി, അതില്‍നിന്നെല്ലാം ഉയിര്‍ത്തെഴുന്നേറ്റ് ക്രിസ്തുവിനെ അനുഗമിക്കാന്‍ സാധിക്കുമെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.

ജീവിതതിരഞ്ഞെടുപ്പ് ഉത്തരവാദിത്ത്വവും അവകാശവും
യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പിനെ പിന്‍തുണയ്ക്കുക എന്ന ഉത്തരവാദിത്ത്വം സഭയില്‍നിന്നും വലിയ പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ട്. അത് ഇച്ഛയ്ക്കനുസൃതമായ, അല്ലെങ്കില്‍ ഐച്ഛികമായ തിരഞ്ഞെടുപ്പല്ല, മറിച്ച് അതൊരു ഉത്തരവാദിത്ത്വവും, അതിനാല്‍ അവരുടെ അവകാശവുമാണ്. ക്രിസ്തുവിലുള്ള ജീവിതതിരഞ്ഞെടുപ്പ്, അത് വിവാഹാവസ്ഥയിലേയ്ക്കോ സമര്‍പ്പണജീവിതത്തിലേയ്ക്കോ ഏതുമാവട്ടെ ശ്രദ്ധാപൂര്‍വ്വം അനുധാവനംചെയ്യേണ്ടതും നിലനിര്‍ത്താന്‍ എന്നും പിന്‍തുണയ്ക്കേണ്ടതുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2018, 10:15